Sunday, September 23, 2007

നാം മനുഷ്യജീവികള്‍.

ആദിയുടെ പൊട്ടി ത്തെറി തന്മാത്രകളുടെ രൂപം പകര്‍ന്ന്‌ തല മുറകളുടേയും മന്വന്തരങ്ങളുടേയും മുവുര യിട്ടു. മനുഷ്യനിലുദിച്ച വ്യത്യസ്തഭാവങ്ങള്‍ ആദിയിലുണ്ടായിരുന്ന ജീവനില്‍ ഉണ്ടായി രുന്നില്ല. തലമുറകള്‍ മുവുര ഇതിവൃത്തമാക്കി മാറ്റിയ വേളയിലായിരിക്കണം ഭാവമാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. തെറ്റും ശരിയും നേട്ടവും കോട്ടവും അപഗ്രഥിക്കാന്‍ കഴിവുള്ള മനുഷ്യ ജീവികള്‍. മനുഷരെ മറ്റു ജീവജാലങ്ങളില്‍ നിന്നും വേര്‍തിരിച്ചു കാണപ്പെടുന്നതും അവ രുടെ ചിന്തിക്കാനുള്ള ബുദ്ധിയുടെ കാതലും ഇതില്‍ നിന്നുമാണല്ലോ ഉദയം കൊണ്ടത്‌? മനുഷ്യര്‍ക്ക്‌ മറ്റു ജീവജാലങ്ങളേ ക്കാളുമുള്ള പ്രത്യേകത അല്ലെങ്കില്‍ ശ്രേഷ്ഠതയും ഇതുതന്നെ.

നാം മറ്റുള്ളവരെക്കാള്‍ എത്രമാത്രം വ്യത്യ സ്ഥരാണ്‌, അല്ലെങ്കില്‍ ഉയര്‍ന്നവരാണ്‌ ഉയരാന്‍പറ്റും എന്നതും ചിന്തിച്ചു നോക്കേണ്ടതാണ്‌. നമ്മെപ്പോലെ ദശലക്ഷം ജീവ ജാലങ്ങള്‍ ഈ ഭൂഗോള ത്തിലുണ്ട്‌. നാമൊക്കെ എന്തിനുവേണ്ടി ജനിച്ചു? ഈ ഭൂലോകം സൃഷ്ടിച്ചതാര്‌? എന്തിനുവേണ്ടി? ഒന്നും നമുക്കറിയില്ല. നാമൊക്കെ എവിടെയോനിന്നു വരുന്നു എങ്ങോട്ടോ പോയ്‌ മറയുന്നു.

നമ്മുടെ മനസ്സാണ്‌ നാം വലിയവരെന്നും പ്രത്യേകതയുള്ളവരെന്നുമൊക്കെ നമ്മെക്കൊണ്ട്‌ ചിന്തിപ്പി ക്കുന്നത്‌. വാസ്തവത്തില്‍ നമുക്ക്‌ മറ്റു ജീവജാലങ്ങളേക്കാള്‍ യാതൊരു പ്രത്യേകതയും ഇല്ല. മറ്റു ജീവജാ ലങ്ങളോടു സഹകരിച്ചു പോകാനല്ലാതെ, ലോകത്തിന്റെ, ഈശ്വരന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഭാഗമാകാനല്ലാതെ,നമുക്ക്‌ ഈ ലോകത്തില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനുമാവില്ല.

നാമെല്ലാം ദൈവത്തിന്റെ ശരീരത്തിലെ ഓരോ തന്മാത്രകള്‍ മാത്രമാണ്‌. നമ്മുടെ കടമ പ്രവൃത്തി ചെയ്യലാണ്‌. സ്വയം രക്ഷിക്കലാണ്‌, നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കലാണ്‌. ഒപ്പം നമ്മുടെ കടമയില്‍ പെട്ട മറ്റു ജീവജാലങ്ങളെയും പരിരക്ഷിക്കലാണ്‌. നമുക്ക്‌ പ്രത്യേകം നിലനില്‍പ്പില്ല. മറ്റ്‌ ജീവികളെ ആശ്രയിക്കാതെ നമുക്ക്‌ ഒരു ദിവസം കൂടി ജീവിക്കാനാവില്ല. ഭക്ഷണ ത്തിനു സസ്യ മൃഗാദികളെയും.. നിലനില്‍പ്പിനാവശയമായ മറ്റു കാര്യങ്ങള്‍ക്ക്‌ സഹജീവികളേയും ആശ്രയിക്കേണ്ടി വരുന്നു. അനേക ജീവന്‍മാത്രകള്‍ ചേര്‍ന്നതാണ്‌ ആ മഹാസത്തയുടെ ശരീരം. ചെടികളും മരങ്ങളും മൃഗങ്ങളും ഒക്കെ ജനിക്കുന്നത്‌ ആ ശരീരത്തിന്റെ ഭാഗമായാണ്‌. അവയുടെ കടമ ആ ശരീരത്തിനെ നിലനിര്‍ത്തുകയെന്നതാണ്‌. മറ്റു ജീവികളെ രക്ഷിക്കാന്‍, സ്വയം രക്ഷിക്കാന്‍, മറ്റു ജീവജാലങ്ങള്‍ക്ക്‌ ആഹാരമാകാന്‍. ചെടികള്‍ മൃഗങ്ങള്‍ക്കു ഭക്ഷണമാകുന്നു, മൃഗങ്ങള്‍ മറ്റൊരു മൃഗത്തിനും; നാം മരിക്കുമ്പോള്‍ നമ്മുടെ ശരീരം മറ്റു ചെറുജീവജാലങ്ങള്‍ക്കു ഭക്ഷണമാകുന്നു, മണ്ണോടു മണ്ണായി മാറി ചെടികള്‍ക്കും മരങ്ങള്‍ക്കും ഭക്ഷണമാകുന്നു. ഇങ്ങിനെ ജീവജാലങ്ങള്‍ ഇല്ലാതാകുന്നില്ല നാം മറ്റൊന്നായി പരിവര്‍ത്തനപ്പെടുക മാത്രമാണ്‌. പ്രകൃതിയാണ്‌ ദൈവം. ദൈവനിയമങ്ങളാണ്‌ പ്രകൃതിനിയമങ്ങള്‍. നമുക്ക്‌ ദൈവത്തിന്റെ പ്രകൃതിയെ അനുസരിക്കാനല്ലാതെ മാറ്റാനാവില്ല.

നമുക്ക്‌ നമ്മെ എങ്ങിനെ നന്നായി സംരക്ഷിക്കാനാകും എന്നാലോ ചിക്കാനാകും, നമ്മുടെ ദൈനംദിനാവശ്യ ങ്ങള്‍ എങ്ങിനെ ഭംഗിയായി നിര്‍വഹിക്കു ന്നത്‌ എന്ന്‌ ചിന്തിക്കാനാകും, നമ്മുടെ ജീവിതം കുറച്ചുകൂടി സുഖമാക്കുന്നതെ ങ്ങിനെ എന്നാലോചിക്കാനാകും, മക്കളെ നല്ലവരായി സുരക്ഷിതരായി വളര്‍ത്തുന്നതെങ്ങിനെ എന്നാലോചിക്കാനാകും, നമ്മെ സ്നേഹിക്കുന്ന ഇണയെ കണ്ടെത്താന്‍, നല്ലൊരു പാര്‍പ്പിടമുണ്ടാക്കാന്‍ ഒക്കെയായി നാം നമ്മുടെ ബുദ്ധി, പഠിപ്പ്‌ ഇവ വിനിയോഗിക്കുന്നു. പക്ഷെ, ഇതൊന്നും നമ്മുടെ മാത്രം പ്രത്യേകതകളല്ല. ഈ ലോകത്തിലെ സര്‍വ്വചരാചരങ്ങളളുടേയും ജീവിതോദ്ദേശ്യവും പ്രവൃത്തികളും ഇതൊക്കെതന്നെ യാണ്‌. സ്വന്തം നിലനില്‍പ്പ്‌ തന്റെ വംശത്തിന്റെ നിലനില്‍പ്പ്‌ ഇവ. മനുഷ്യനും ഭിന്നനല്ല.

പിന്നെ മനുഷ്യരായ നമുക്കുള്ള പ്രത്യേക തയെന്ത്‌? ഉന്നതകുലത്തില്‍ പിറന്നെന്നോ കുറച്ചു സൗന്ദര്യം കൂടെയുണ്ടെന്നോ പേരുകേട്ട തറവാട്ടില്‍ പിറന്നെന്നോ ഡോക്ട്ടറാ യെന്നോ മന്ത്രിയായെന്നോ ഇംഗ്ലീഷ്‌ സംസാരിച്ചെന്നോ മലയാളം സംസാരി ച്ചെന്നോ അമേരിക്കയില്‍ പിറന്നെന്നോ ഇന്‍ഡ്യയില്‍ പിറന്നെന്നോ പാട്ടുപാടിയെന്നോ ഡാന്‍സ്‌ കളിച്ചെന്നോ സാഹിത്യം രചിച്ചെന്നോ ഒക്കെ കരുതി നാം മറ്റു മനുഷ്യരെക്കാളും ഭിന്നരാകുന്നില്ല.

നമുക്ക്‌ നമ്മുടെ ശരീരത്തിനു ഒക്കെ പരിധികളുണ്ട്‌. വിശന്നുകൊണ്ട്‌ നമുക്കൊന്നും ചെയ്യാനാവില്ല. വെള്ളമില്ലാതെ ദാഹിച്ചുവലഞ്ഞ്‌ ഒന്നും ചെയ്യാനാവില്ല, ഒരല്‍പ്പം സ്നേഹം ഇല്ലാതെ ജീവിക്കാനാവില്ല. തണുപ്പേറിപ്പോയാല്‍ മരിച്ചുപോകും ചൂടേറിപ്പോയാല്‍ മരിച്ചു പോകും. (അതൊക്കെ സൂര്യഭഗവാന്‍ കൃത്യമായി നോക്കിക്കൊള്ളും! അതും നമ്മുടെ കയ്യിലല്ല). ഇങ്ങിനെ സകലതും സമയാ സമയങ്ങളില്‍ കിട്ടിക്കൊട്ടിണ്ടിരുന്നാല്‍ നമുക്ക്‌ ജീവിക്കാനാവും. എത്ര കാലംവരെ? അതും നമുക്കറിയില്ല. ഇന്നോ നാളെയോ രണ്ടു ദിവസം കഴിഞ്ഞോ രണ്ടു മാസം കഴിഞ്ഞോ ഒക്കെ എന്നെ ങ്കിലും ഒരിക്കല്‍ നാം ഈ രംഗത്തുനിന്ന്‌ വെറും കൈയ്യോടെ വിടപറയേണ്ടി വരുന്നു. എന്തു വിചിത്രം! നാം നമ്മുടേതെന്നു കരുതി സൂക്ഷിച്ച ഒരു വസ്തു പോലും നമ്മുടെ സ്വന്തമല്ല. നാം എല്ലാമായി കരുതി സൂക്ഷിച്ചു പരിപാലിച്ച ശരീരം പോലും നാമ്മുടെ സ്വന്തമല്ല. സ്വന്തം ശരീരം പണിമുടക്കിയാല്‍, ദൈവത്തിന്റെ ശരീരത്തിലെ ഒരു തന്മാത്രയെ നിലനിര്‍ത്താന്‍ നമുക്കു കഴിയാതെ വരുമ്പോള്‍ നാമില്ലാതാകുന്നു. നമ്മുടെ ശരീരത്തിനു നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ഒന്നും ചെയ്യാനാകാത്തതോടെ നമ്മുടെ വില ഇല്ലാതാകുന്നു. നാം നശിക്കുന്നു.

മരിച്ചു കഴിഞ്ഞ്‌ ഒരു ജീവിതമോ? സാധ്യതയേ കാണുന്നില്ല. ക്ലോണിങ്ങ്‌ വഴി ഇഷ്ടമുള്ള മനുഷരെ സ്രഷ്ടി ക്കാമെന്നു കണ്ടുപിടിച്ചു കഴിഞ്ഞു. അതുപോലെ, ജീവന്റെ ഉല്‍പ്പത്തി വെറും രാസപ്രയോഗം വഴിയാണെന്നും അതും കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ്‌ ശാസ്ത്രജ്ഞര്‍. അവര്‍ ഏറെക്കുറേ ആ സംരംഭത്തില്‍ വിജയിച്ചു വരുന്നു എന്നും ഈയ്യിടെ വായിച്ചു. അപ്പോള്‍ ഒരു മന്നുഷ്യന്‍ ജനിക്കാന്‍ ആത്മാവു വേണമെന്നില്ല. അതും കൃത്രിമമായി ഉണ്ടാക്കിക്കഴിയുമ്പോള്‍ 'ആത്മാവ്‌' 'പുനര്‍ജനനം' ഇവയൊക്കെ വെറും മിഥ്യയായി മാറുന്നു. നാം ഉണ്ടാകുന്നത്‌ വെറും രാസപ്രവര്‍ത്തന ഫലം മാത്രം. അല്ലാതെ കഴിഞ്ഞജന്മത്തിന്റെ ബാക്കി സുഖമോ ദു:ഖമോ അനുഭവിക്കാനല്ല. നമ്മുടെ ആത്മാവ്‌ എന്നു കരുതുന്ന തലച്ചോറിലെ ചില ചിന്തകളും മനസ്സും ഹൃദയവും ഒക്കെ കാലപരിധികഴിയുമ്പോള്‍ രാസ പദാര്‍ത്ഥ ങ്ങളായ്‌ വീണ്ടും മണ്ണില്‍ പോയി അടിയുന്നു. ഇത്രയേ ഉള്ളൂ ജീവിതം

നമുക്ക്‌ ചെയ്യാവുന്നതൊന്നുമാത്രമേ ഉള്ളൂ നമ്മുടെ കയ്യില്‍ കിട്ടിയ ജീവിതം സന്തോഷമായും മറ്റുള്ളവരെ സന്തോഷിപ്പിച്ചുംകഴിയുക. മറ്റുള്ളവരെ സ്നേഹിക്കുക. സ്നേഹിക്കുന്നത്‌ അവര്‍ക്കുവേണ്ടിയല്ല ന‍ക്കുവേണ്ടി തന്നെയാണ്‌. നാം അവരെ സ്നേഹിക്കുമ്പോള്‍ തിരിച്ചും സ്നേഹം കിട്ടുന്നു!. നഷ്ടമില്ലാത്തഒരു ബിസിനസ്സ്‌ ഈ ഒന്നേയുള്ളൂതാനും. പക്ഷെ മുതല്‍മുടക്കായ "അത്മാര്‍ത്ഥത" അത്‌ സ്വയം മനസ്സില്‍ തോന്നേണ്ടുന്ന ഒന്നാണെന്നു മാത്രം. അത്‌ ഉണ്ടാകുന്നത്‌ ഈശ്വരവിശ്വാസം വഴി സത്ചിന്തകള്‍ വഴി, സത്സംഗം വഴി. (ഈശ്വരവിശ്വാസവും ഒരു സത്സംഗമാണ്‌. കാരണം നമ്മുടെ മനസ്സിലെ ഈശ്വരന്‍ നാല്ലയാളാണ്‌. ഒരു തെറ്റും ചെയ്യാത്ത നമ്മുടെ തെറ്റുകളൊക്കെ ക്ഷമിക്കുന്ന സ്നേഹസ്വരൂപനായ ക്ഷമാശീലനായ ഈശ്വരന്‍. ഈശ്വരനെ ഓര്‍ക്കുകവഴി, സങ്കല്‍പ്പിക്കവഴി ആ ഈശ്വരന്റെ സ്വഭാവം നമ്മില്‍ അറിയാതെ നാം വളര്‍ത്തിയെടുക്കുന്നു. അങ്ങിനെ നമ്മില്‍ പരിശുദ്ധ സ്നേഹം വളരുകയും നമുക്കും അന്യന്റെ കുറ്റങ്ങള്‍ ക്ഷമിക്കാനും അവരെ സ്നേഹിക്കാനും സാധ്യമാവു കയുംചെയ്യുന്നു.})

നാം ഒരാളെ സ്നേഹിച്ചാല്‍ അവര്‍ നമ്മെതിരിച്ചു സ്നേഹിക്കും. നാം വെറുത്താല്‍ തീര്‍ച്ചയായും അവരും വെറുക്കും. നാം ഒരാളെ കുറ്റംപറയാനായി കൈചൂണ്ടുമ്പോള്‍ ഓര്‍ക്കുക മറ്റു നാലു വിരലും നമ്മെതിരിച്ചു കുറ്റപ്പെടുത്തി ക്കൊണ്ടിരിക്കയാണ്‌. ചുരുക്കം തെറ്റുകളില്ലാത്ത മനുഷ്യ രില്ല. തെറ്റുകള്‍ പൊറുത്ത്‌ അവരെ സ്നേഹിക്കവഴി നാംയധാര്‍ത്ഥമനുഷ്യരാകുകയാണ്‌. പകയും വിദ്വേഷവും വച്ചു പുലര്‍ത്തുക വഴി നാം നമ്മുടെ മനസ്സുഖവും ഒപ്പം മറ്റുള്ളവരുടെ ജീവിതവും ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. 'ഭയം' ഒന്നാണ്‌ നമ്മെ മറ്റുള്ളവരെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അവര്‍ നമുക്കു ദോഷമായി വരുമോ എങ്കില്‍ അവരെ എങ്ങിനെ നിര്‍മ്മാര്‍ജനം ചെയ്യാം എന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുന്നു. ഇവിടെ ഒരു ശത്രു ജനിക്കുകയായി. ആദ്യമായി ഭയം മനസ്സില്‍ നിന്ന്‌ അകറ്റുക. നമ്മുടെ ശത്രു നാം തന്നെയാണ്‌. നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ നല്ലതു ചിന്തിക്കയും ചെയ്യുമ്പോള്‍ നാം നമ്മുടെ ഉയര്‍ച്ചയ്ക്കു കാരണമാകുന്നു മറിച്ചാകുമ്പോള്‍ നാം നമ്മെതന്നെ നശിപ്പിക്കുന്ന നമ്മുടെ ശത്രുക്കളാകുന്നു .

നാം ഭയക്കേണ്ടത്‌ ഇല്ലാതാക്കേണ്ടത്‌ മറ്റുള്ളവരെയല്ല നമ്മുടെയുള്ളിലെ നമ്മുടെ ദുര്‍വ്വിചാരങ്ങളായ നമ്മുടെ ശത്രുക്കളേയാണ്‌. നമുക്ക്‌ സുഖം, സന്തോഷം അനുഭവിക്കാന്‍ ആഗ്രഹമുള്ളതുപോലെ മറ്റു ജീവജാലങ്ങള്‍ക്കും അവകാശമുണ്ട്‌ എന്നോര്‍ക്കുക. മറ്റുള്ളവര്‍ നമ്മെ വെറുക്കുന്നെങ്കില്‍ അതിനു കാരണം നമ്മുടെ പ്രവൃത്തി കൂടി കൊണ്ടാണെന്നു സ്വയം സമ്മതിച്ച്‌, തിരുത്താന്‍ ശ്രമിക്കുക. ശത്രുക്കളില്ല എന്നു സ്വയം കരുതുക. എല്ലാവരും മിത്രങ്ങളാണ്‌. നമ്മെപ്പോലെ സുഖ ദു:ഖങ്ങള്‍ അനുഭവിച്ച്‌ ഒരിക്കല്‍ തീരാവ്യാധിയാല്‍ ഈ ലോകത്തു നിന്നും വിടപറയേണ്ടുന്ന ജീവജാലങ്ങള്‍ മാത്രമാണെന്നോര്‍ക്കുക. അവര്‍ ജനിച്ചത്‌ നമ്മോട്‌ മത്സരിക്കാനോ നമ്മെ ഇല്ലാതാക്കാനോ അല്ല. സ്വയം ജീവിക്കാന്‍. അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നാം തടസ്സമുണ്ടാകുമ്പോള്‍ അവര്‍ക്കു നമ്മോടു വെറുപ്പുണ്ടാകുന്നു. നാം തന്നെയാണ്‌. അതിനു കാരണക്കാര്‍ എന്നോര്‍ക്കുക! നാം നമ്മെപ്പോലെ മറ്റുള്ളവരേയും ജീവിക്കാന്‍ അനുവദിക്കുക. അത്ര മതി. ഇന്നത്തെ ശത്രുക്കളൊക്കെ നാളത്തെ മിത്രങ്ങളാകാന്‍.

നമ്മുടെ പ്രവര്‍ത്തിയനുസരിച്ചാണ്‌ നമ്മുടെ ജീവിത വിജയവും. മറ്റൊരാള്‍ക്കു കൊടുക്കാന്‍ നല്ലതൊന്നുമില്ലെങ്കില്‍ വേണ്ട സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, സാന്ത്വനപ്പെടുത്തുന്ന ഒരു വാക്ക്‌ ഇതൊക്കെ വളരെ വിലയുള്ള വസ്തുവാണ്‌ ഈ ലോകത്തില്‍. കുറേ ബങ്ക്ബാലന്‍സ്‌ ഉണ്ടെന്നോ ഒരു വലിയ മാളിക കെട്ടിയെന്നോ വലിയ പദവി അലങ്കരിച്ചെന്നോ കരുതി മാത്രം ഒരു മനുഷ്യന്‍ മഹാനാവുന്നില്ല. അങ്ങിനെ ചെയ്യുന്നവര്‍ ചീത്ത മനുഷ്യരാണെന്നല്ല. അത്രയും ചെയ്‌തെന്നു കരുതി മറ്റുള്ളവരെ പുച്ഛത്തോടെ നോ ക്കാന്‍ പാടില്ല. അവര്‍ തങ്ങളുടെ ബുദ്ധിയും പ്രവര്‍ത്തിയും എല്ലാം സമ്പത്തുണ്ടാക്കനായി വിനിയോഗിച്ചു സാഹചര്യവും അനുകൂലനായപ്പോള്‍ അയാള്‍ സമ്പത്തികമായി സമ്പന്നനായി.

സാമ്പത്തികമായി സമ്പന്നനെന്നാല്‍ ലോകത്തിലുള്ള മറ്റു മനുഷ്യരെക്കാളൊക്കെ വലിയവനായി അന്നര്‍ദ്ധമില്ല. മറ്റൊരാള്‍ വിദ്യയാല്‍ സമ്പന്നനായിരിക്കാം ഇനിവേറൊരാള്‍ നല്ല സ്നേഹമുള്ള വിശാലഹൃദയത്താല്‍ സമ്പന്നനായിരിക്കാം. മറ്റുള്ളവരോടുള്ള കാരുണ്യത്താല്‍, പരോപകാരം ചെയ്യാനുള്ള കഴിവിനാല്‍, ഇതൊക്കെ പണത്തെപ്പോലെതന്നെ ഒരാളെ സമ്പന്നനാക്കുന്നു. ശ്രീബുദ്ധന്‍, ശ്രീയേശു, ശ്രീനാരായണഗുരു, മദര്‍ തെരേസ, നബി ശ്രീരാമകൃഷ്ണപരമഹംസര്‍ ഇവരൊന്നും പണത്താല്‍ സമ്പന്നരായവരല്ല. അവര്‍ അവരുടെ ജീവിതം, ബുദ്ധി, പ്രവൃത്തി, ചിന്തകള്‍ ഒക്കെ മനുഷ്യരുടെ നന്മക്കായി മാറ്റി വച്ചു. അന്ന്‌ ജീവിച്ചിരുന്ന പ്രഭുക്കന്മാരെക്കാള്‍ ജനം വാഴ്ത്തുന്നത്‌ അവരെയാണ്‌.

ഒന്നുകില്‍ ഒരു ലക്ഷപ്രഭുവോ അല്ലെങ്കില്‍ ഒരു മഹത്പുരുഷനോ ആയാലേ ജീവിത വിജയമാകൂ എന്ന്‌ ഇതിനര്‍ത്ഥമില്ല. എല്ലാവരും വിലയുള്ളവര്‍ തന്നെ. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈശ്വരന്റെ ശരീരത്തിനെ നിലനിര്‍ത്തുന്നവര്‍. എല്ലാ മനുഷ്യരും ദൈവത്തിന്റെ ശരീരത്തിലെ തന്മാത്രകള്‍ തന്നെ. ഒരേ ജീവിതമുള്ള, ഒരേ ശരീരമുള്ള, അല്‍പ്പായുസ്സുകളായ മനുഷ്യര്‍. എല്ലാവരുടെ വിലയും ഒന്നു തന്നെ. ഒരു ഭിക്ഷക്കാരനു പോലും മാന്യത നല്‍കാതെ സഹതാപശൂന്യമായി അഞ്ചു രൂപ എറിഞ്ഞു കൊടുത്താല്‍ മുഴുപട്ടിണിയാണെങ്കില്‍ കൂടി അയാള്‍ അതു തിരിഞ്ഞു നോക്കി എന്നു വരില്ല. അപ്പോള്‍ ദാനം കൊടുക്കു വാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും വേണം നല്ല മനസ്സ്‌. കോടിക്കണക്കിനു സ്വത്ത്സമ്പാദിച്ചവനേക്കാള്‍ സമ്പന്നമായിരിക്കും വിശാലഹൃദയനും സ്നേഹ സ്വരൂപനും ആയ ഒരാളുടെ ജീവിതം. തന്റെ കോടി സ്വത്തുക്കള്‍ കൊടുത്താലും അനുഭവിക്കാനാവാത്ത സുഖത്തോടും സന്തോഷവും മനസ്സമാധാനവും സ്നേഹ വാനായ ഒരു മനുഷ്യനു കിട്ടും. തന്റെ അവസാന കാലത്ത്‌ ഉള്ള ഏക നേട്ടവും അതുതന്നെയായിരിക്കും.

തീരാവ്യാധികളാലും മറ്റും തളര്‍ന്ന്‌ മരണത്തോട്‌ പോരാടുന്ന നേരം തന്റെ കോടി സ്വത്തുക്കള്‍ വന്ന്‌ ആശ്വസിപ്പിക്കില്ല. ആത്മാര്‍ത്ഥതയുള്ള ഒരാളുടെ തലോടല്‍ ഹൃദയം നിറഞ്ഞ സ്നേഹം ഇവയ്ക്കൊക്കെ രോ ഗിയെ സാന്ത്വനപ്പെടുത്താനാകും. ഒരുപക്ഷെ, വിലപിടിപ്പുള്ള മരുന്നുകള്‍ കൊണ്ട്‌ തീരാത്ത അസുഖങ്ങള്‍ കൂടി ആ സാമിപ്യത്താല്‍ ശമനമുണ്ടായേക്കും. ഒരിറ്റ്‌ സ്നേഹം, സഹതാപം, ഒരു സാന്ത്വന വാക്ക്‌, ഒരു തലോടല്‍ ഇതൊക്കെ അമൂല്യമായവയാണ്‌. അമ്മയുടെ കാരുണ്യം നിറഞ്ഞ സ്നേഹം; അച്ഛന്റെ സാന്ത്വനം, സുരക്ഷി തത്വം; കൂട്ടുകാരുടെ സ്നേഹം; സഹോദരരുടെ സ്നേഹം ഒക്കെയില്ലാതെ ഒരു മനുഷ്യനു ജീവിക്കാനാവില്ല. മുരടിച്ചു തളര്‍ന്നു വീഴും. നശിക്കും. മരിക്കും.

ഒരുകണക്കിന്‌ ഈ ലോകത്തില്‍ ഏറ്റവും വില കൃഷിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ആണ്‌. കൃഷിക്കാരര്‍ ഈ ലോകത്തിലുള്ള മറ്റു ബുദ്ധിജീവികള്‍ക്കൊക്കെ ആഹാരം വിളയിക്കുന്നു. വീട്ടമ്മ ആഹാരം പാകം ചെയ്യുന്നു, കുട്ടികളെ പ്രസവിച്ചു വളര്‍ത്തി വംശം നിലനിര്‍ത്തുന്നു. പിന്നീടുള്ള മനുഷ്യരെല്ലാം ജീവിതത്തെ കൂടുതല്‍ സുഖമാക്കാന്‍ പരിശ്രമിക്കുന്നവരാണ്‌, ഡോക്ടേര്‍സ്‌, എന്‍ജിനീയേര്‍സ്‌, അദ്ധ്യാപകര്‍, മന്ത്രി, വക്കീല്‍, പോലീസ്‌, സൈനീകര്‍ ഒക്കെ അവശ്യം വേണ്ടവര്‍ തന്നെ. അസുഖം വരുമ്പോള്‍ ശമനമുണ്ടാക്കുന്നു, ആയുസ്സു ഒരു പരിധിവരെ നീട്ടിത്തരുന്നു. ലൗകീകസുഖം പരമോന്നതമാക്കിത്തരുന്നു. നിയമം കാത്തു സൂക്ഷിക്കാന്‍, ജീവിക്കാന്‍ ആവശ്യം വേണ്ട അറിവു പകര്‍ന്നു തരാന്‍, നല്ല ഭദ്രമായ ജീവിതത്തിന്‌ ക്രമസമാധാനം പരിരക്ഷിക്കാന്‍; രാജ്യത്തെ, നമ്മെ ഒക്കെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ അവശ്യം വേണ്ടവര്‍. പണ്ട്‌ ശത്രുക്കള്‍ എന്നാല്‍ സിംഹം പുലി മുതലായ വന്യമൃഗങ്ങളാണ്‌. ഇന്ന്‌ മനുഷ്യന്റെ ശത്രുക്കള്‍ മറ്റുമനു ഷ്യര്‍ തന്നെ ഒരു രാജ്യത്തിന്റെ ശത്രു മറ്റൊരു രാജ്യം! ലോകം പുരോഗമിച്ചോ അധ:പ്പതിച്ചു കൊണ്ടിരിക്കയാ ണോ എന്നറിയില്ല. ലോകത്തെ മുഴുവന്‍ നശിപ്പിക്കാനാവുന്ന ആറ്റം ബോംബുകളുണ്ട്‌. വിവരമില്ലാത്ത ഒരുവന്റെ അധീനതയില്‍ അതു ചെന്നു ചേര്‍ന്നാല്‍ നാമെല്ലാം ഒരു നിമിഷം കൊണ്ട്‌ വെണ്ണീറാവും! അതു ശാസ്ര്തഞ്ജരുടെ ബുദ്ധിയുടെ പരിണിതഫലം. എന്‍ജിനീയേര്‍സ്‌ ചേര്‍ന്ന്‌ വലിയ അടുക്കുമാടി കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നു. നാമൊക്കെ അതിനകത്തു കിടന്ന്‌, ഭൂമിയുമായി അധികസമ്പര്‍ക്കമില്ലാതെ മറ്റുസഹജീവികളുമായി സമ്പര്‍ക്കമില്ലാതെ മുരടിക്കുന്നു. മനുഷ്യന്റെ സുഖം തേടിപോകലിന്റെ ഉച്ചകോടി. നിരാശ ഫലം. ഇവിടെ ചാനലുകള്‍ മാറി മാറി വച്ച്‌, ഫ്രിഡ്ജ്‌ തുറന്ന്‌ ഇടയ്ക്കിടെ ഇഷ്ടമുള്ളതൊക്കെ കഴിച്ച്‌ അലസരായി അനാര്യോഗ്യരായി ഒറ്റപ്പെടുമ്പോള്‍; പ്രകൃതിയുമായി ഇടകലര്‍ന്ന്‌, സ്വന്തം ഭൂമിയില്‍ വിളയിച്ച ആഹാരം കഴിച്ച്‌, ശുദ്ധജലം കുടിച്ച്‌ ജീവിക്കുന്ന യധാര്‍ദ്ധ മനുഷ്യരോട്‌ അസൂയതോന്നുന്നില്ലേ ചിലപ്പോഴെങ്കിലും.

ദൈവം ഉണ്ട്‌. നല്ലതു ചെയ്യുന്നവര്‍ക്ക്‌ നല്ലതു വരുത്തുകയും ചീത്ത ചെയ്യുന്നവര്‍ക്ക്‌ ചീത്ത ഫലവും കൊടു ക്കുന്ന പ്രകൃതി. മനുഷ്യരെ മനുഷ്യരായി കാണാന്‍ പഠിക്കണം, എല്ലാ മനുഷ്യരും ഒരേപോലെ ഇരുന്നാല്‍ ഈ ലോകം എന്തു ബോറാകുമായിരുന്നു. എല്ലാവരും മൗനികള്‍ ആയിരുന്നെങ്കില്‍ ചിരിയും ബഹളവുമൊ ന്നുമില്ലാതെ ബോറായേനെ. അല്ലെങ്കില്‍ എല്ലാവരും ബഹളക്കാര്‍. എങ്കില്‍ സബ്ദം സഹിക്കാനാകാതെ വന്നേനെ. എല്ലാത്തരത്തിലുള്ളവരും വേണം ഈ ലോകത്തില്‍. മറ്റൊരാള്‍ നമ്മെപ്പോലെയിരിക്കണമെന്നു ശഠിക്കാന്‍ പാടില്ല. അവരെ വേറേഉപയോഗത്തിനാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. എല്ലാവരും ഒരേ ജോലിതന്നെ ചെയ്‌തുകൊണ്ടിരുന്നാല്‍ ജീവിക്കുന്നതെങ്ങിനെ! വീട്ടമ്മ അവരുടെ ജോലിചെയ്യണം ബാങ്ക്‌ ഉദ്യോഗഥ അവ രുടെ ജോലി ഭംഗിയായി ചെയ്യണം അദ്ധ്യാപകര്‍ അവരുടെ പ്രവൃത്തി. അപ്പോള്‍ സ്വയം പുരോഗതി, രാജ്യ ത്തിന്റെ പുരോഗതി, ആകെമൊത്തത്തിലുള്ള പുരോഗതികള്‍ ഉണ്ടാകുന്നു.

ഒരാള്‍ സ്വയം മതിക്കുന്നതോടൊപ്പം മറ്റുള്ളവരേയും മതിക്കാന്‍ പഠിക്കണം എങ്കിലേ പൂര്‍ണ്ണത കൈവരുന്നുള്ളൂ. എനിക്കില്ലാത്ത ഗുണം നിങ്ങള്‍ക്കുണ്ട്‌. ഞാന്‍ നിങ്ങളെ മാനിക്കുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ നിങ്ങളെക്കാള്‍ മോശമല്ല എനിക്കു എന്റേതായ കഴിവുകളുണ്ട്‌ എന്ന്‌ മറ്റുള്ളവരെ പ്രശംസിക്കുന്നതോടൊപ്പം സ്വയം മതിക്കുകയും വേണം. സ്വയം തൃപ്തിപ്പെടണം. എങ്കിലേ ആത്മവിശ്വാസമുണ്ടാകൂ. അവരവരുടെ പ്രവൃത്തികള്‍ ഭംഗിയായി നിര്‍വഹിക്കാനാകൂ. മനസ്സിന്റെ ആരോഗ്യമാണ്‌ ശരീരത്തിന്റെ ആരോഗ്യം. മനസ്സല്ലെ നമ്മെക്കൊണ്ട്‌ പ്രവൃത്തി ചെയ്യിക്കുന്നതും. മനസ്സ്‌ ചീത്തയായാല്‍ അതു പിന്നീടുള്ള പ്രവൃത്തികളേയും സാരമായി ബാധിക്കും. അതുകൊണ്ട്‌ ആദ്യം നമുക്ക്‌ നമ്മുടെ മനസ്സിലെ ദുഷ്ചിന്തകള്‍ അകറ്റാന്‍ ശ്രമിക്കാം. നല്ല പ്രവൃത്തിക്ക്‌ നല്ല ഫലവും ചീത്ത പ്രവൃത്തികള്‍ക്ക്‌ ചീത്ത ഫലവും നിശ്ചയമാണ്‌. ഇതാണ്‌ പ്രകൃതിയുടെ (ഈശ്വരന്റെ) സ്വഭാവം.

നമുക്ക്‌ ജീവിക്കുന്ന കാലത്തോളം സന്തോഷമായി സമാധാനമായി ജീവിക്കാം. നമുക്ക്‌ വരാന്‍പോകുന്ന അസുഖങ്ങളെയോ മരണത്തേയോ ഒന്നും നമുക്ക്‌ തടുത്ത്‌ നില്‍ക്കാനാവില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്നു പറയാനേ നിവര്‍ത്തിയുള്ളൂ ഇന്ന്‌ മറ്റുള്ളവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ നാളെ നമുക്കും വന്നു കൂടായ്കയല്ല. നമ്മുടെ ചുറ്റിനും ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ നാളെ നമുക്കും ഉണ്ടാകാം. കാരണം നാമും 'മനുഷ്യര്‍' എന്നതുകൊണ്ടു തന്നെ. മനുഷ്യരായ നമുക്കൊക്കെ ദൈവം ഒരു നിയമമേ ഉണ്ടാക്കിയിട്ടുള്ളൂ. അത്‌ എല്ലാവര്‍ക്കും ഒരുപോലെ ബാധകവുമാണ്‌. ഒരു ഭൂമികുലുക്കമോ ഉരുള്‍പൊട്ടലോ ഒക്കെ ഉണ്ടായാല്‍ നാമൊക്കെ ഒരു നിമിഷം കൊണ്ട്‌ വലിപ്പച്ചെറുപ്പമില്ലാതെ മണ്ണിനടിയില്‍. 'രോഗം' 'മരണം' ഇവയുടെയൊക്കെ മുന്നില്‍ പണ്ഠിതനും പാമരനും പ്രഭുവും യാചകനും ഒക്കെ തുല്യര്‍. കാരണം എല്ലാവരും മനുഷ്യര്‍ എന്നതുതന്നെ. നാമെല്ലാം ദൈവത്തിന്റെ ശരീരത്തിലെ അനേകകോടി തന്മാത്രകളില്‍ ഒന്നുമാത്രമാണെന്നു കരുതി ഒന്നാകാന്‍ ശ്രമിക്കാം. നമ്മുക്ക്‌ പ്രത്യേകം നിലനില്‍പ്പില്ല. പരസ്പ്പരം മത്സരിച്ചാല്‍ നശിക്കുകയേ ഉള്ളൂ. ഒന്നു ചേരല്‍ വഴി നാം ബലവാന്മാരാ കുന്നു. ഒന്നായ ഒന്നിന്റെ ചെറിയ ചെറിയ ഒന്നുകളാണ്‌ നാം. നാം ഒന്നാകുമ്പോള്‍ വലിയ ഒന്നായി. ദൈവമായി.

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

ശ്രീനാരയണഗുരു

ശ്രീനാരയണഗുരുദേവനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ടൈപ്പു ചെയ്യാന്‍ അവസരം കിട്ടിയതുവഴിയാണ്‌ ഗുരുദേവനെപറ്റി എനിക്ക്‌ കൂടുതല്‍ അറിവുണ്ടായത്‌. ഇന്ത്യാവന്‍കരയില്‍നിന്നും കൊച്ചു സിംഗപ്പൂരില്‍ എത്തിയ ഇടയ്ക്ക്‌ ഗൃഹാതുരതയോടെ നടക്കുന്ന കാലം ഒരിക്കല്‍ അവിചാരിതമായി ഓള്‍ഡേഝോം കാണാനിടയായി. സാകൂതം നോക്കിനില്‍ക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കണ്ടു. വിശ്വസിക്കാനായില്ല. അധികവും ചീനവൃദ്ധജനങ്ങളുള്ള ഈ വൃദ്ധസദനം രക്ഷി ക്കാന്‍ മലയാളനാട്ടില്‍ നിന്നും മലയാളത്തില്‍ ചിന്തിക്കു കയും സംസാരിക്കുകയും ചെയ്‌തിരുന്ന ഒരു ഗുരുവോ!

ശ്രീനാരായണഗുരുവിനെപ്പറ്റി കൂടുതലായി അന്ന്‌ അറി യില്ലായിരുന്നുവെങ്കിലും, മലയാളികളുടെ, പ്രത്യേകിച്ച്‌ ഗുരുദേവന്റെ അനുയായികളുടെ ഒത്തൊരുമയെപ്പറ്റി മതിപ്പുതോന്നി. കൂട്ടത്തില്‍ "ഞാനും മലയാളിയാണു അങ്ങയുടെ നാട്ടില്‍നിന്നും ഇവിടെ എത്തപ്പെട്ട എന്നെ ക്കൂടി രക്ഷിക്കണമേ" എന്ന്‌ പ്രാര്‍ത്ഥിക്കാനാണ്‌ ആദ്യം തോന്നിയത്‌. അത്രയ്ക്കു ദൈവചൈതന്യം ആ മുഖത്തില്‍ കണ്ടു.

പണ്ട്‌ അറിവു കുറവായിരുന്ന കുറേ ജന്മിമാര്‍ പാവപ്പെട്ടവരെ ചൂഷണം ചെതിരുന്നു. അവരെ തങ്ങളു ടെ അടിമകളാക്കാന്‍ കീഴ്ജാതിക്കാരെന്നു പറഞ്ഞു തുല്യത നല്‍കാതിരുന്നു പീഡിി‍പ്പിച്ചു. ആ അവസരത്തി ലാണു ശ്രീനാരായണഗുരുദേവന്‍ അത്മീയമായി അറി വുനേടി ഈ ഉച്ചനീചത്വങ്ങള്‍ക്ക്‌ അറുതി വരുത്തിയത്‌. അദ്ദേഹം സമൂഹത്തിന്റെ പ്രശ്നം സ്വന്തം പ്രശ്ന മായെടുത്ത്‌ ധ്യാനനിരതനായി, അതിനുള്ള പ്രതിവിധി തേടി. അദ്ദേഹം തന്റെ ഉള്ളില്‍തന്നെയുള്ള ഈശ്വര ചൈതന്യത്തെ ദര്‍ശിച്ചു, സത്യത്തെ കണ്ടെത്തി. പിന്നീട്‌ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ഒരു കൂട്ടം ജന വിഭാഗത്തെ ഉദ്ധരിക്കാനായി അവരില്‍ ഈശ്വരവിശ്വാ സം ഉണ്ടാക്കാന്‍ ക്ഷേത്രങ്ങള്‍ പണിതു, അറിവുണ്ടാക്കാ ന്‍ സരസ്വതീ ക്ഷേത്രങ്ങളും. ആത്മീയമായ ഉയര്‍ച്ചയും ലൗകീകമായ അറിവും വളര്‍ത്തി അവരെ ഉയരത്തിലേ യ്ക്കുള്ള പടവുകള്‍ കാട്ടിക്കൊടുക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അന്ധകാരം നീക്കി, ഒളിതൂകി അദ്ദേഹം മറഞ്ഞു.

ഗുരുദേവന്റെ, "അവനവനാത്മസുഖത്തിനാചരി ക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം". എന്ന വരി കളും, "ശാന്തിയും സൗഖ്യവും സ്വസ്ഥമാം ചിത്തവും സന്തതം വേണമെന്നാശിക്കുന്നോര്‍.." എന്നു തുടങ്ങുന്ന ശാന്തിമന്ത്രവും ദൈവദശകത്തിലെ"ദൈവമേ കാത്തു കൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ.." തുടങ്ങുന്ന വരികളും അദ്ദേഹത്തിന്റെ ഈശോവാസ്യോപനിഷത്തിന്റ വിവര്‍ത്തനവും ഒക്കെ ഇന്നു വഴിയറിയാതെ കൂരിരുട്ടില്‍തപ്പിത്തടയുന്ന നമുക്ക്‌ വെളിച്ചം നല്‍കുന്നു.

നമ്മള്‍ കീഴ്ജാതിക്കാരാണ്‌ അല്ലെങ്കില്‍ മേല്‍ജാതിക്കാരാണ്‌ എന്ന്‌ സ്വയംതോന്നാതിരിക്കേണ്ടത്‌ നമ്മുടെ തന്നെ ധര്‍മ്മമാണ്‌. മേല്‍ജാതിക്കാരെന്ന്‌ തോന്നുന്ന വരെയോ കീഴ്ജാതിക്കാരെന്നു തോന്നുന്ന വരേയോ അധിക്ഷേപിച്ചതുകൊണ്ട്‌ ജാതി ഇല്ലാതാവില്ല. എല്ലാവരും ഒന്നാണെന്ന വിചാരം മനസ്സിന്റെ അടിത്തട്ടില്‍ നിന്നുണരണം.ജാതികൊണ്ട്‌ ആരും ഉയര്‍ന്നവരാകുന്നില്ല. കര്‍മ്മംകൊണ്ടു മാത്രം ഉയരുന്നു. അറിവുനേടുന്നതുവഴി, ക്ഷമ, സഹനശക്‌തി, മനുഷ്യസ്നേഹം വിട്ടുവീഴ്ച്ചകള്‍ ഇവയൊക്കെയാണ്‌ ഒരാളെ വലിയവനാക്കുന്നത്‌. അതാണു ശ്രീനാരായണഗുരു നമുക്കു കാട്ടിത്തന്നതും.

പണ്ട്‌ മഹാമുനികള്‍ മനുഷ്യരെ മൂടിയിരുന്ന അന്ധകാരം അകറ്റാനായി കൊടും കാട്ടിലും വന്‍ഗുഹക ളിലും പോയി ഏകാന്തമായി ആഹാരവും മറ്റ്‌ ലൗകീക സുഖങ്ങളും ഒക്കെ വെടിഞ്ഞ്‌ ധ്യാനിച്ചതിന്റെ ഫലമായാണ്‌ ഇന്നു നാമുക്ക്‌ വരദാനമായി കിട്ടിയ നാലു വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ. ഒരു മനുഷ്യായുസ്സു മുഴുവനും മതിയാകയുമില്ല അവയിലെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാവാന്‍. ധന ലാഭത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല അവര്‍ വേദങ്ങള്‍ രചിച്ചത്‌. അതിനെപ്പറ്റി അറിയണമെങ്കില്‍ ജ്ഞാനം തേടണമെന്ന ആഗ്രഹം ഉള്ളില്‍നിന്ന്‌ ഉടലെടുക്കണം. ശ്രീനാരായണഗുരുവിനും വിവേകാനന്ദനും ശ്രീരാമ കൃഷ്ണപരമഹംസര്‍ക്കും ഒക്കെ ഉണ്ടായ ആത്മബോധം ഉണ്ടാകണം. നമ്മെപ്പോലെ ലൗകീകജീവിതത്തില്‍ മുഴുകി കഴിയുന്നവര്‍ക്ക്‌ അസാദ്ധ്യം.

ശ്രീനാരായണഗുരു ആ അറിവു തേടിയാണു ധ്യാനത്തില്‍ മുഴുകിയത്‌. വേദങ്ങളും ശാസ്ര്തങ്ങളും ഹൃദിസ്‌തമാക്കിയത്‌. അദ്ദേഹം സത്യം ദര്‍ശിച്ചു. തന്റെ ഉള്ളില്‍ തിരഞ്ഞ്‌ ഈശ്വരനെ കണ്ടെത്തി. അറിവുനേടി, ജ്ഞാനിയായി. അങ്ങിനെ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ജനതയ്ക്ക്‌ (കീഴ്ജാതിക്കാരെന്നും മേല്‍ജാതിക്കാരെന്നും സ്വയം കരുതിവന്ന ജനങ്ങള്‍ക്ക്‌) മാര്‍ഗ്ഗ ദര്‍ശ്ശിയായി, വഴികാട്ടിയായി, ദൈവമായി, വെളിച്ചമായി.

പരസ്പരം മല്‍സരിക്കുന്നതും പഴിപറയുന്നതും മതിയാക്കി, അറിവുസമ്പാദിക്കാനും ഈശ്വരനെ പ്രാര്‍ത്ഥിക്കാനുമാണ്‌ അദ്ദേഹം ഉപദേശിച്ചത്‌. അതിനായാണ്‌ വിദ്യാലയങ്ങളും കോവിലുകളും കെട്ടിയതും. അന്ന്‌ കേരളത്തില്‍ നടമാടിയിരുന്ന അനീതിയ്ക്ക്‌ അദ്ദേഹത്തെപ്പോലെ ഒരു ദൈവചൈതന്യത്തിന്റെ ആവിര്‍ഭാവം ആവശ്യവുമായിരുന്നു.

"യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം"എന്ന്‌ ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയില്‍ പറയുന്നു ണ്ട്‌. "ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു വളര്‍ച്ച യും ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ അവതരിച്ചു കൊണ്ടി രിക്കുന്നു " എന്ന്‌.ശ്രീകൃഷ്ണനും ശ്രീയേശുവും ശ്രീബുദ്ധനും പോലെ അദ്ദേഹവും ധര്‍മ്മത്തെ നിലനിര്‍ത്താനായി അവത രിച്ചു, തന്റെ കടമകള്‍ പൂര്‍ത്തിയാക്കി മറഞ്ഞു.മറഞ്ഞു .

വളരെ വര്‍ഷങ്ങള്‍ക്കുശേഷവും താന്‍ തുടങ്ങി വച്ച സാധുജനസംരക്ഷണം, ധര്‍മ്മപരിപാലനം തുടങ്ങി യ സത്കര്‍മങ്ങള്‍ ഒരു മുടക്കവുമില്ലാതെ തുടരുവാന്‍ ഒരു മഹാത്മാവിന്റെ ആത്മാവിനേ കഴിയൂ. സിംഗപ്പൂര്‍ ശ്രീനാരായണമിഷന്‍ വൃദ്ധസദനം അതിനു ഉത്തമോദാഹരണമാണ്‌. ഇന്നും ആത്മീയഗുരുക്കള്‍ മനുഷ്യരുടെ ഇടയില്‍ ധര്‍മ്മം പുനസ്ഥാപിക്കാനായി ഉണ്ട്‌. അറിയേണ്ടവര്‍, ആവശ്യക്കാര്‍ അവരുടെ മാഹാത്മ്യമറിഞ്ഞ്‌ ആശ്രയിക്കുന്നു. ആശ്രയിക്കുന്നവര്‍ക്ക്‌ ആശ്വാസം കിട്ടുന്നു മുണ്ട്‌. പക്ഷെ, അവരൊക്കെ മനുഷ്യരെ രക്ഷിക്കാന്‍ അവതരിക്കുമ്പോള്‍ മനുഷ്യരെപ്പോലെ അന്യോന്യം പഴിപറയാനല്ല ശ്രമിച്ചത്‌. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും തെറ്റുകള്‍ ക്ഷമിക്കാനുമാണ്‌. അറിയേണ്ടവര്‍ അവരെ അറിയുന്നുമുണ്ട്‌. ശ്രീയേശുവിനെ കല്ലെറിയാനും കുറ്റം പറയാനും ആള്‍ക്കാരുണ്ടായിരുന്നപോലെ അവതാരങ്ങളെ തിരിച്ചറിയാനാവാത്ത കുറേ മനുഷ്യര്‍ അന്നും ഇന്നും എന്നും ഉണ്ടാകും. രണ്ടിലും പെടാതെ ഇന്നൊരു കൂട്ടരും.

ഇന്നു കോടിക്കണക്കിനു സ്വത്തു പൂഴ്ത്തിവച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളെകൊണ്ട്‌ ചെയ്യാന്‍ സാധി ക്കാത്ത എത്ര മഹത്കാര്യങ്ങളാണ്‌ യാതൊരു പ്രതിഫലേശ്ചയും കൂടാതെ അത്മീയഗുരുക്കള്‍ ചെയ്യുന്നത്‌. എത്രയെത്ര പാവപ്പെട്ടവന്റെ കണ്ണീര്‍ തുടയ്ക്കാന്‍, ആശ്രയമരുളാന്‍, വിശപ്പകറ്റാന്‍ അവര്‍ക്കു കഴിയുന്നു! അതൊന്നുതന്നെ അവരുടെ മഹത്വത്തിന്റെ തെളിവു കളാണ്‌.

മഹാത്മാക്കളെ മതിക്കാതെ അവരെ പഴിപറയുന്നവര്‍ എവറസ്റ്റ്‌ കീഴടക്കി ബഹുമതി നേടിയവനെ ക്കണ്ട്‌, അഭിനന്ദിക്കുന്നതിനുപകരം നമുക്ക്‌ കയറാതിരിക്കാനാണു എവറസ്റ്റിനു ഇത്രയും പൊക്കമുണ്ടാക്കിയിരിക്കുന്നത്‌, അല്ലെങ്കില്‍ ചന്ദ്രനില്‍പോയി വിജയം വരിച്ചവരെ നോക്കി, നമുക്ക്‌ അത്‌ സാദ്ധ്യമാകാതിരിക്കാനാണു ചന്ദ്രന്‍ ഇത്ര ദൂരത്തില്‍ നില്‍ക്കുന്നത്‌ എന്നു പറയും പോലെ ലജ്ജാവഹം.

ഭാരതീയാചാര്യന്മാര്‍ ധ്യാനത്തില്‍ മുങ്ങിത്തപ്പി നേടിത്തന്നതല്ലെ ഇന്ന്‌ ലോകമെങ്ങും ലൗകീകസുഖ ത്തിന്റെ പിന്നാലെ പരക്കംപാഞ്ഞ്‌ ഒടുവില്‍ പലരും ആശ്രയിക്കുന്ന; മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്ന; ധ്യാനവും (മെടിറ്റേഷന്‍) 'യോഗ' യും. ഭാരതീയാചര്യന്മാര്‍ നമുക്കു എന്നെന്നും ഭാരതത്തെപ്പറ്റി ഓര്‍ത്ത്‌ അഭിമാനിക്കാന്‍ തന്ന മുത്തുകളല്ലേ അവയെല്ലാം.

ഭാരതീയരായ നാം ഭാരതത്തിന്റെ മഹിമ മനസ്സിലാക്കാന്‍ ഒരു നല്ല ഇംഗ്ലീഷുകാരനോടു ചോദിച്ചാല്‍ മതിയാകും. ഭാരതത്തിന്റെ ആത്മീയശുദ്ധി, ഭാരതസ്ര്തീകളുടെ ഭാവവിശുദ്ധി ഒക്കെ അവര്‍ പറഞ്ഞു തരും.

ഇന്ന്‌ രാജാവു തെറ്റുചെയ്‌താലും മന്ത്രി തെറ്റു ചെയ്‌താലും തെറ്റു തെറ്റുതന്നെ. കൊലപാതകിയ്ക്ക്‌ തൂക്കുശിക്ഷ. മോഷ്ടാവിനു കഠിനതടവ്‌ എന്നിങ്ങനെ. അത്‌ പ്രധാനമന്ത്രിയായാലും കൂലിവേലക്കാരനായാലും ഒരുപോലെ അനുഭവിക്കയും വേണം. ഇന്ന്‌ തെറ്റും ശരിയും വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞു. തെറ്റിനു തക്കതായ ശിക്ഷയും ശരികള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരവും കിട്ടുന്ന ഇന്നത്തെ യുഗത്തിലും വേണോ ജാതിയെപ്പറ്റി ഇനിയും ചര്‍ച്ചകള്‍. എങ്കില്‍ അത്‌ പണ്ടെങ്ങോ പാടി പുകഴ്പെറ്റ പാട്ടിന്റെ പുനരാവര്‍ത്തനം മാത്രം. പുത്തന്‍ തലമുറയ്ക്ക്‌ അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രം.

പുത്തന്‍ തലമുറയ്ക്ക്‌ കയ്പ്പുള്ള ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കാനല്ല ശ്രീനാരായണഗുരുദേവന്‍ അവത രിച്ചത്‌. അവരില്‍ ആത്മവിശ്വാസവും ഈശ്വരവിശ്വാസവും അറിവും പകരാനാണു എന്നോര്‍ക്കുക. ജാതിയേയും മതത്തേയും പിടിച്ചു നിര്‍ത്താനല്ല, കൈവിടാനാണു നാം ശ്രമിക്കേണ്ടത്‌. ഓര്‍മ്മിക്കാനല്ല മറക്കാനാണു നാം ശ്രമിക്കേണ്ടത്‌.പണ്ട്‌ ജാതി വ്യവസ്ഥിതിയാല്‍ ഉണ്ടായിരുന്ന വേര്‍തിരിവ്‌ ഇന്നില്ല. ഇന്ന്‌ വേര്‍തിരിവ്‌ പണത്താലും പദവിയാലും ഉണ്ടാകുന്നതു മാത്രം. പണക്കാരന്‍ പാവപ്പെട്ടവന്‍ ഈ രണ്ടു വര്‍ഗ്ഗങ്ങള്‍. പണമാണു ഇന്ന്‌ മനു ഷ്യനെ ഭരിക്കുന്നത്‌. ജാതിയും മതവും അല്ല. 70% ലേറേ ഹിന്ദുക്കളുള്ള ഭാരതത്തില്‍ ജാതിക്കോയ്മ്മ ഉണ്ടായിരുന്നെങ്കില്‍, ഏവര്‍ക്കും ആരാധ്യരായി യേശുദാസും പ്രേംനസീറും മമ്മൂട്ടിയും ഷാരൂഖാനും ഒന്നും ഉണ്ടാകുമായിരുന്നില്ല. യേശുദാസ്‌ ഭക്‌തിനിര്‍ഭരമായി വായിക്കുന്ന ഗായത്രിയും ഗുരുവായൂരപ്പസ്തുതിയും അയ്യപ്പസ്തുതിയും ഏതു ഹിന്ദുഭക്‌തന്റേയും കരളു കുളിര്‍പ്പിക്കുന്നു. ഏവര്‍ക്കും പ്രിയപ്പെട്ടവനായി മമ്മൂട്ടി എത്രയോ ഹിന്ദു കഥാപാത്രങ്ങള്‍ക്ക്‌ ജന്മമേകി മനസ്സില്‍ മായാമുദ്ര പതിപ്പിച്ചിരിക്കുന്നു! ഇതൊക്കെത്തന്നെ കേരളീയ ജനതയില്‍ ജാതിമതങ്ങള്‍ മണ്ണടിഞ്ഞതിന്റെ തെളിവല്ലേ? കഴിവിനു മാത്രമേ അംഗീകാരമുള്ള എന്നതിനു തെളിവല്ലേ?

ഇന്ന്‌ ലോകത്തിന്റെ (കേരളത്തിന്റെ) ദുഃഖം മറ്റു പലതാണ്‌. ദാരിദ്ര്യം, സ്ര്തീധനം, പെണ്‍ഭ്രൂണഹത്യ തുടങ്ങി പാവപ്പെട്ടവനെ വരിഞ്ഞുമുറുക്കുന്ന എത്രയോ ചതിക്കെണികള്‍. അവയ്ക്കൊക്കെ എതിരെ ശബ്ദമുയര്‍ത്തുക. പണം മനുഷ്യന്റെ മനുഷ്യത്വം കെടുത്താതിരിക്കാന്‍ ശബ്ദമുയര്‍ത്തുക. പാവപ്പെട്ടവനെ രക്ഷിക്കാന്‍ പണിപ്പെടുക. വിശന്നുവലയുന്നവരെ രക്ഷിക്കാം, അനാധരായി അനാധാലയങ്ങളില്‍ ചെന്നടിയുന്ന പിഞ്ചു ഹൃദയങ്ങളെ രക്ഷിക്കാം, സാമ്പത്തിക പരാധീനതകള്‍ക്കും മറ്റ്‌ കുടുംബച്ഛിദ്രങ്ങള്‍ക്കും ഇടയില്‍പെട്ട്‌ പഠിച്ചു മുന്നേറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ, വൃദ്ധ സദനങ്ങളില്‍ കണ്ണീരോടെ ദിവസങ്ങളെണ്ണിക്കഴിയുന്ന നമ്മുടെ മുന്‍ഗാമികളുടെ കണ്ണീരൊപ്പാം, സ്ര്തീധനപ്പിശാചിന്റെ കയ്യില്‍ പിടഞ്ഞ്‌ ഒടുവില്‍ കൈക്കുഞ്ഞുങ്ങളേയും കൊണ്ട്‌ ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഹതഭാഗ്യമാരെ, പെണ്ണായി പിറന്നു എന്ന ഒറ്റ കുറ്റംചുമത്തി മുളയിലേ ജീവന്‍ നുള്ളപ്പെടുന്ന കുരുന്നു ജീവനുകളെ ഒക്കെ സ്നേഹിക്കാന്‍, രക്ഷിക്കാന്‍ പഠിക്കാം.

ജാതി നിര്‍മ്മാര്‍ജ്ജനംചെയ്‌തു എന്ന സംതൃപ്തിയോടെ ശ്രീനാരായണഗുരുദേവന്‍ വിശ്രമിച്ചോട്ടെ. ഗുരു ദേവന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്‌തു കഴിഞ്ഞ ജാതിയെപ്പറ്റി വീണ്ടും കുത്തിപ്പൊക്കി അദ്ദേഹത്തിന്റെ ആത്മാവിനു അശാന്തിയുണ്ടാക്കാതെ, ഇല്ലാതായിക്കഴിഞ്ഞ ജാതി മതങ്ങളെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്ന സമയംകൊണ്ട്‌ കഴിവുള്ളവര്‍ സമൂഹത്തില്‍ നടമാടുന്ന മറ്റ്‌ പല അനീതികള്‍ക്കും എതിരായി ശബ്ദമുയര്‍ത്താനും പ്രയത്നിക്കാനും ശ്രമിക്കുമാറാകട്ടെ എന്നും, ശ്രീനാരയണമിഷന്‌ വൃദ്ധസദനം നന്നായി നടത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ മറ്റു ദുഃഖങ്ങള്‍ക്കും പരിഹാരം കണ്ടെ ത്താന്‍ കഴിയുമാറാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ

['വര്‍ത്തമാനം' ദിനപത്രത്തില്‍പ്ര്സിദ്ധീകരിച്ചു, ശ്രീനാരായണ മിഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു]