Sunday, September 23, 2007

നാം മനുഷ്യജീവികള്‍.

ആദിയുടെ പൊട്ടി ത്തെറി തന്മാത്രകളുടെ രൂപം പകര്‍ന്ന്‌ തല മുറകളുടേയും മന്വന്തരങ്ങളുടേയും മുവുര യിട്ടു. മനുഷ്യനിലുദിച്ച വ്യത്യസ്തഭാവങ്ങള്‍ ആദിയിലുണ്ടായിരുന്ന ജീവനില്‍ ഉണ്ടായി രുന്നില്ല. തലമുറകള്‍ മുവുര ഇതിവൃത്തമാക്കി മാറ്റിയ വേളയിലായിരിക്കണം ഭാവമാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. തെറ്റും ശരിയും നേട്ടവും കോട്ടവും അപഗ്രഥിക്കാന്‍ കഴിവുള്ള മനുഷ്യ ജീവികള്‍. മനുഷരെ മറ്റു ജീവജാലങ്ങളില്‍ നിന്നും വേര്‍തിരിച്ചു കാണപ്പെടുന്നതും അവ രുടെ ചിന്തിക്കാനുള്ള ബുദ്ധിയുടെ കാതലും ഇതില്‍ നിന്നുമാണല്ലോ ഉദയം കൊണ്ടത്‌? മനുഷ്യര്‍ക്ക്‌ മറ്റു ജീവജാലങ്ങളേ ക്കാളുമുള്ള പ്രത്യേകത അല്ലെങ്കില്‍ ശ്രേഷ്ഠതയും ഇതുതന്നെ.

നാം മറ്റുള്ളവരെക്കാള്‍ എത്രമാത്രം വ്യത്യ സ്ഥരാണ്‌, അല്ലെങ്കില്‍ ഉയര്‍ന്നവരാണ്‌ ഉയരാന്‍പറ്റും എന്നതും ചിന്തിച്ചു നോക്കേണ്ടതാണ്‌. നമ്മെപ്പോലെ ദശലക്ഷം ജീവ ജാലങ്ങള്‍ ഈ ഭൂഗോള ത്തിലുണ്ട്‌. നാമൊക്കെ എന്തിനുവേണ്ടി ജനിച്ചു? ഈ ഭൂലോകം സൃഷ്ടിച്ചതാര്‌? എന്തിനുവേണ്ടി? ഒന്നും നമുക്കറിയില്ല. നാമൊക്കെ എവിടെയോനിന്നു വരുന്നു എങ്ങോട്ടോ പോയ്‌ മറയുന്നു.

നമ്മുടെ മനസ്സാണ്‌ നാം വലിയവരെന്നും പ്രത്യേകതയുള്ളവരെന്നുമൊക്കെ നമ്മെക്കൊണ്ട്‌ ചിന്തിപ്പി ക്കുന്നത്‌. വാസ്തവത്തില്‍ നമുക്ക്‌ മറ്റു ജീവജാലങ്ങളേക്കാള്‍ യാതൊരു പ്രത്യേകതയും ഇല്ല. മറ്റു ജീവജാ ലങ്ങളോടു സഹകരിച്ചു പോകാനല്ലാതെ, ലോകത്തിന്റെ, ഈശ്വരന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഭാഗമാകാനല്ലാതെ,നമുക്ക്‌ ഈ ലോകത്തില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനുമാവില്ല.

നാമെല്ലാം ദൈവത്തിന്റെ ശരീരത്തിലെ ഓരോ തന്മാത്രകള്‍ മാത്രമാണ്‌. നമ്മുടെ കടമ പ്രവൃത്തി ചെയ്യലാണ്‌. സ്വയം രക്ഷിക്കലാണ്‌, നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കലാണ്‌. ഒപ്പം നമ്മുടെ കടമയില്‍ പെട്ട മറ്റു ജീവജാലങ്ങളെയും പരിരക്ഷിക്കലാണ്‌. നമുക്ക്‌ പ്രത്യേകം നിലനില്‍പ്പില്ല. മറ്റ്‌ ജീവികളെ ആശ്രയിക്കാതെ നമുക്ക്‌ ഒരു ദിവസം കൂടി ജീവിക്കാനാവില്ല. ഭക്ഷണ ത്തിനു സസ്യ മൃഗാദികളെയും.. നിലനില്‍പ്പിനാവശയമായ മറ്റു കാര്യങ്ങള്‍ക്ക്‌ സഹജീവികളേയും ആശ്രയിക്കേണ്ടി വരുന്നു. അനേക ജീവന്‍മാത്രകള്‍ ചേര്‍ന്നതാണ്‌ ആ മഹാസത്തയുടെ ശരീരം. ചെടികളും മരങ്ങളും മൃഗങ്ങളും ഒക്കെ ജനിക്കുന്നത്‌ ആ ശരീരത്തിന്റെ ഭാഗമായാണ്‌. അവയുടെ കടമ ആ ശരീരത്തിനെ നിലനിര്‍ത്തുകയെന്നതാണ്‌. മറ്റു ജീവികളെ രക്ഷിക്കാന്‍, സ്വയം രക്ഷിക്കാന്‍, മറ്റു ജീവജാലങ്ങള്‍ക്ക്‌ ആഹാരമാകാന്‍. ചെടികള്‍ മൃഗങ്ങള്‍ക്കു ഭക്ഷണമാകുന്നു, മൃഗങ്ങള്‍ മറ്റൊരു മൃഗത്തിനും; നാം മരിക്കുമ്പോള്‍ നമ്മുടെ ശരീരം മറ്റു ചെറുജീവജാലങ്ങള്‍ക്കു ഭക്ഷണമാകുന്നു, മണ്ണോടു മണ്ണായി മാറി ചെടികള്‍ക്കും മരങ്ങള്‍ക്കും ഭക്ഷണമാകുന്നു. ഇങ്ങിനെ ജീവജാലങ്ങള്‍ ഇല്ലാതാകുന്നില്ല നാം മറ്റൊന്നായി പരിവര്‍ത്തനപ്പെടുക മാത്രമാണ്‌. പ്രകൃതിയാണ്‌ ദൈവം. ദൈവനിയമങ്ങളാണ്‌ പ്രകൃതിനിയമങ്ങള്‍. നമുക്ക്‌ ദൈവത്തിന്റെ പ്രകൃതിയെ അനുസരിക്കാനല്ലാതെ മാറ്റാനാവില്ല.

നമുക്ക്‌ നമ്മെ എങ്ങിനെ നന്നായി സംരക്ഷിക്കാനാകും എന്നാലോ ചിക്കാനാകും, നമ്മുടെ ദൈനംദിനാവശ്യ ങ്ങള്‍ എങ്ങിനെ ഭംഗിയായി നിര്‍വഹിക്കു ന്നത്‌ എന്ന്‌ ചിന്തിക്കാനാകും, നമ്മുടെ ജീവിതം കുറച്ചുകൂടി സുഖമാക്കുന്നതെ ങ്ങിനെ എന്നാലോചിക്കാനാകും, മക്കളെ നല്ലവരായി സുരക്ഷിതരായി വളര്‍ത്തുന്നതെങ്ങിനെ എന്നാലോചിക്കാനാകും, നമ്മെ സ്നേഹിക്കുന്ന ഇണയെ കണ്ടെത്താന്‍, നല്ലൊരു പാര്‍പ്പിടമുണ്ടാക്കാന്‍ ഒക്കെയായി നാം നമ്മുടെ ബുദ്ധി, പഠിപ്പ്‌ ഇവ വിനിയോഗിക്കുന്നു. പക്ഷെ, ഇതൊന്നും നമ്മുടെ മാത്രം പ്രത്യേകതകളല്ല. ഈ ലോകത്തിലെ സര്‍വ്വചരാചരങ്ങളളുടേയും ജീവിതോദ്ദേശ്യവും പ്രവൃത്തികളും ഇതൊക്കെതന്നെ യാണ്‌. സ്വന്തം നിലനില്‍പ്പ്‌ തന്റെ വംശത്തിന്റെ നിലനില്‍പ്പ്‌ ഇവ. മനുഷ്യനും ഭിന്നനല്ല.

പിന്നെ മനുഷ്യരായ നമുക്കുള്ള പ്രത്യേക തയെന്ത്‌? ഉന്നതകുലത്തില്‍ പിറന്നെന്നോ കുറച്ചു സൗന്ദര്യം കൂടെയുണ്ടെന്നോ പേരുകേട്ട തറവാട്ടില്‍ പിറന്നെന്നോ ഡോക്ട്ടറാ യെന്നോ മന്ത്രിയായെന്നോ ഇംഗ്ലീഷ്‌ സംസാരിച്ചെന്നോ മലയാളം സംസാരി ച്ചെന്നോ അമേരിക്കയില്‍ പിറന്നെന്നോ ഇന്‍ഡ്യയില്‍ പിറന്നെന്നോ പാട്ടുപാടിയെന്നോ ഡാന്‍സ്‌ കളിച്ചെന്നോ സാഹിത്യം രചിച്ചെന്നോ ഒക്കെ കരുതി നാം മറ്റു മനുഷ്യരെക്കാളും ഭിന്നരാകുന്നില്ല.

നമുക്ക്‌ നമ്മുടെ ശരീരത്തിനു ഒക്കെ പരിധികളുണ്ട്‌. വിശന്നുകൊണ്ട്‌ നമുക്കൊന്നും ചെയ്യാനാവില്ല. വെള്ളമില്ലാതെ ദാഹിച്ചുവലഞ്ഞ്‌ ഒന്നും ചെയ്യാനാവില്ല, ഒരല്‍പ്പം സ്നേഹം ഇല്ലാതെ ജീവിക്കാനാവില്ല. തണുപ്പേറിപ്പോയാല്‍ മരിച്ചുപോകും ചൂടേറിപ്പോയാല്‍ മരിച്ചു പോകും. (അതൊക്കെ സൂര്യഭഗവാന്‍ കൃത്യമായി നോക്കിക്കൊള്ളും! അതും നമ്മുടെ കയ്യിലല്ല). ഇങ്ങിനെ സകലതും സമയാ സമയങ്ങളില്‍ കിട്ടിക്കൊട്ടിണ്ടിരുന്നാല്‍ നമുക്ക്‌ ജീവിക്കാനാവും. എത്ര കാലംവരെ? അതും നമുക്കറിയില്ല. ഇന്നോ നാളെയോ രണ്ടു ദിവസം കഴിഞ്ഞോ രണ്ടു മാസം കഴിഞ്ഞോ ഒക്കെ എന്നെ ങ്കിലും ഒരിക്കല്‍ നാം ഈ രംഗത്തുനിന്ന്‌ വെറും കൈയ്യോടെ വിടപറയേണ്ടി വരുന്നു. എന്തു വിചിത്രം! നാം നമ്മുടേതെന്നു കരുതി സൂക്ഷിച്ച ഒരു വസ്തു പോലും നമ്മുടെ സ്വന്തമല്ല. നാം എല്ലാമായി കരുതി സൂക്ഷിച്ചു പരിപാലിച്ച ശരീരം പോലും നാമ്മുടെ സ്വന്തമല്ല. സ്വന്തം ശരീരം പണിമുടക്കിയാല്‍, ദൈവത്തിന്റെ ശരീരത്തിലെ ഒരു തന്മാത്രയെ നിലനിര്‍ത്താന്‍ നമുക്കു കഴിയാതെ വരുമ്പോള്‍ നാമില്ലാതാകുന്നു. നമ്മുടെ ശരീരത്തിനു നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ഒന്നും ചെയ്യാനാകാത്തതോടെ നമ്മുടെ വില ഇല്ലാതാകുന്നു. നാം നശിക്കുന്നു.

മരിച്ചു കഴിഞ്ഞ്‌ ഒരു ജീവിതമോ? സാധ്യതയേ കാണുന്നില്ല. ക്ലോണിങ്ങ്‌ വഴി ഇഷ്ടമുള്ള മനുഷരെ സ്രഷ്ടി ക്കാമെന്നു കണ്ടുപിടിച്ചു കഴിഞ്ഞു. അതുപോലെ, ജീവന്റെ ഉല്‍പ്പത്തി വെറും രാസപ്രയോഗം വഴിയാണെന്നും അതും കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ്‌ ശാസ്ത്രജ്ഞര്‍. അവര്‍ ഏറെക്കുറേ ആ സംരംഭത്തില്‍ വിജയിച്ചു വരുന്നു എന്നും ഈയ്യിടെ വായിച്ചു. അപ്പോള്‍ ഒരു മന്നുഷ്യന്‍ ജനിക്കാന്‍ ആത്മാവു വേണമെന്നില്ല. അതും കൃത്രിമമായി ഉണ്ടാക്കിക്കഴിയുമ്പോള്‍ 'ആത്മാവ്‌' 'പുനര്‍ജനനം' ഇവയൊക്കെ വെറും മിഥ്യയായി മാറുന്നു. നാം ഉണ്ടാകുന്നത്‌ വെറും രാസപ്രവര്‍ത്തന ഫലം മാത്രം. അല്ലാതെ കഴിഞ്ഞജന്മത്തിന്റെ ബാക്കി സുഖമോ ദു:ഖമോ അനുഭവിക്കാനല്ല. നമ്മുടെ ആത്മാവ്‌ എന്നു കരുതുന്ന തലച്ചോറിലെ ചില ചിന്തകളും മനസ്സും ഹൃദയവും ഒക്കെ കാലപരിധികഴിയുമ്പോള്‍ രാസ പദാര്‍ത്ഥ ങ്ങളായ്‌ വീണ്ടും മണ്ണില്‍ പോയി അടിയുന്നു. ഇത്രയേ ഉള്ളൂ ജീവിതം

നമുക്ക്‌ ചെയ്യാവുന്നതൊന്നുമാത്രമേ ഉള്ളൂ നമ്മുടെ കയ്യില്‍ കിട്ടിയ ജീവിതം സന്തോഷമായും മറ്റുള്ളവരെ സന്തോഷിപ്പിച്ചുംകഴിയുക. മറ്റുള്ളവരെ സ്നേഹിക്കുക. സ്നേഹിക്കുന്നത്‌ അവര്‍ക്കുവേണ്ടിയല്ല ന‍ക്കുവേണ്ടി തന്നെയാണ്‌. നാം അവരെ സ്നേഹിക്കുമ്പോള്‍ തിരിച്ചും സ്നേഹം കിട്ടുന്നു!. നഷ്ടമില്ലാത്തഒരു ബിസിനസ്സ്‌ ഈ ഒന്നേയുള്ളൂതാനും. പക്ഷെ മുതല്‍മുടക്കായ "അത്മാര്‍ത്ഥത" അത്‌ സ്വയം മനസ്സില്‍ തോന്നേണ്ടുന്ന ഒന്നാണെന്നു മാത്രം. അത്‌ ഉണ്ടാകുന്നത്‌ ഈശ്വരവിശ്വാസം വഴി സത്ചിന്തകള്‍ വഴി, സത്സംഗം വഴി. (ഈശ്വരവിശ്വാസവും ഒരു സത്സംഗമാണ്‌. കാരണം നമ്മുടെ മനസ്സിലെ ഈശ്വരന്‍ നാല്ലയാളാണ്‌. ഒരു തെറ്റും ചെയ്യാത്ത നമ്മുടെ തെറ്റുകളൊക്കെ ക്ഷമിക്കുന്ന സ്നേഹസ്വരൂപനായ ക്ഷമാശീലനായ ഈശ്വരന്‍. ഈശ്വരനെ ഓര്‍ക്കുകവഴി, സങ്കല്‍പ്പിക്കവഴി ആ ഈശ്വരന്റെ സ്വഭാവം നമ്മില്‍ അറിയാതെ നാം വളര്‍ത്തിയെടുക്കുന്നു. അങ്ങിനെ നമ്മില്‍ പരിശുദ്ധ സ്നേഹം വളരുകയും നമുക്കും അന്യന്റെ കുറ്റങ്ങള്‍ ക്ഷമിക്കാനും അവരെ സ്നേഹിക്കാനും സാധ്യമാവു കയുംചെയ്യുന്നു.})

നാം ഒരാളെ സ്നേഹിച്ചാല്‍ അവര്‍ നമ്മെതിരിച്ചു സ്നേഹിക്കും. നാം വെറുത്താല്‍ തീര്‍ച്ചയായും അവരും വെറുക്കും. നാം ഒരാളെ കുറ്റംപറയാനായി കൈചൂണ്ടുമ്പോള്‍ ഓര്‍ക്കുക മറ്റു നാലു വിരലും നമ്മെതിരിച്ചു കുറ്റപ്പെടുത്തി ക്കൊണ്ടിരിക്കയാണ്‌. ചുരുക്കം തെറ്റുകളില്ലാത്ത മനുഷ്യ രില്ല. തെറ്റുകള്‍ പൊറുത്ത്‌ അവരെ സ്നേഹിക്കവഴി നാംയധാര്‍ത്ഥമനുഷ്യരാകുകയാണ്‌. പകയും വിദ്വേഷവും വച്ചു പുലര്‍ത്തുക വഴി നാം നമ്മുടെ മനസ്സുഖവും ഒപ്പം മറ്റുള്ളവരുടെ ജീവിതവും ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. 'ഭയം' ഒന്നാണ്‌ നമ്മെ മറ്റുള്ളവരെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അവര്‍ നമുക്കു ദോഷമായി വരുമോ എങ്കില്‍ അവരെ എങ്ങിനെ നിര്‍മ്മാര്‍ജനം ചെയ്യാം എന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുന്നു. ഇവിടെ ഒരു ശത്രു ജനിക്കുകയായി. ആദ്യമായി ഭയം മനസ്സില്‍ നിന്ന്‌ അകറ്റുക. നമ്മുടെ ശത്രു നാം തന്നെയാണ്‌. നല്ല പ്രവൃത്തി ചെയ്യുമ്പോള്‍ നല്ലതു ചിന്തിക്കയും ചെയ്യുമ്പോള്‍ നാം നമ്മുടെ ഉയര്‍ച്ചയ്ക്കു കാരണമാകുന്നു മറിച്ചാകുമ്പോള്‍ നാം നമ്മെതന്നെ നശിപ്പിക്കുന്ന നമ്മുടെ ശത്രുക്കളാകുന്നു .

നാം ഭയക്കേണ്ടത്‌ ഇല്ലാതാക്കേണ്ടത്‌ മറ്റുള്ളവരെയല്ല നമ്മുടെയുള്ളിലെ നമ്മുടെ ദുര്‍വ്വിചാരങ്ങളായ നമ്മുടെ ശത്രുക്കളേയാണ്‌. നമുക്ക്‌ സുഖം, സന്തോഷം അനുഭവിക്കാന്‍ ആഗ്രഹമുള്ളതുപോലെ മറ്റു ജീവജാലങ്ങള്‍ക്കും അവകാശമുണ്ട്‌ എന്നോര്‍ക്കുക. മറ്റുള്ളവര്‍ നമ്മെ വെറുക്കുന്നെങ്കില്‍ അതിനു കാരണം നമ്മുടെ പ്രവൃത്തി കൂടി കൊണ്ടാണെന്നു സ്വയം സമ്മതിച്ച്‌, തിരുത്താന്‍ ശ്രമിക്കുക. ശത്രുക്കളില്ല എന്നു സ്വയം കരുതുക. എല്ലാവരും മിത്രങ്ങളാണ്‌. നമ്മെപ്പോലെ സുഖ ദു:ഖങ്ങള്‍ അനുഭവിച്ച്‌ ഒരിക്കല്‍ തീരാവ്യാധിയാല്‍ ഈ ലോകത്തു നിന്നും വിടപറയേണ്ടുന്ന ജീവജാലങ്ങള്‍ മാത്രമാണെന്നോര്‍ക്കുക. അവര്‍ ജനിച്ചത്‌ നമ്മോട്‌ മത്സരിക്കാനോ നമ്മെ ഇല്ലാതാക്കാനോ അല്ല. സ്വയം ജീവിക്കാന്‍. അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നാം തടസ്സമുണ്ടാകുമ്പോള്‍ അവര്‍ക്കു നമ്മോടു വെറുപ്പുണ്ടാകുന്നു. നാം തന്നെയാണ്‌. അതിനു കാരണക്കാര്‍ എന്നോര്‍ക്കുക! നാം നമ്മെപ്പോലെ മറ്റുള്ളവരേയും ജീവിക്കാന്‍ അനുവദിക്കുക. അത്ര മതി. ഇന്നത്തെ ശത്രുക്കളൊക്കെ നാളത്തെ മിത്രങ്ങളാകാന്‍.

നമ്മുടെ പ്രവര്‍ത്തിയനുസരിച്ചാണ്‌ നമ്മുടെ ജീവിത വിജയവും. മറ്റൊരാള്‍ക്കു കൊടുക്കാന്‍ നല്ലതൊന്നുമില്ലെങ്കില്‍ വേണ്ട സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി, സാന്ത്വനപ്പെടുത്തുന്ന ഒരു വാക്ക്‌ ഇതൊക്കെ വളരെ വിലയുള്ള വസ്തുവാണ്‌ ഈ ലോകത്തില്‍. കുറേ ബങ്ക്ബാലന്‍സ്‌ ഉണ്ടെന്നോ ഒരു വലിയ മാളിക കെട്ടിയെന്നോ വലിയ പദവി അലങ്കരിച്ചെന്നോ കരുതി മാത്രം ഒരു മനുഷ്യന്‍ മഹാനാവുന്നില്ല. അങ്ങിനെ ചെയ്യുന്നവര്‍ ചീത്ത മനുഷ്യരാണെന്നല്ല. അത്രയും ചെയ്‌തെന്നു കരുതി മറ്റുള്ളവരെ പുച്ഛത്തോടെ നോ ക്കാന്‍ പാടില്ല. അവര്‍ തങ്ങളുടെ ബുദ്ധിയും പ്രവര്‍ത്തിയും എല്ലാം സമ്പത്തുണ്ടാക്കനായി വിനിയോഗിച്ചു സാഹചര്യവും അനുകൂലനായപ്പോള്‍ അയാള്‍ സമ്പത്തികമായി സമ്പന്നനായി.

സാമ്പത്തികമായി സമ്പന്നനെന്നാല്‍ ലോകത്തിലുള്ള മറ്റു മനുഷ്യരെക്കാളൊക്കെ വലിയവനായി അന്നര്‍ദ്ധമില്ല. മറ്റൊരാള്‍ വിദ്യയാല്‍ സമ്പന്നനായിരിക്കാം ഇനിവേറൊരാള്‍ നല്ല സ്നേഹമുള്ള വിശാലഹൃദയത്താല്‍ സമ്പന്നനായിരിക്കാം. മറ്റുള്ളവരോടുള്ള കാരുണ്യത്താല്‍, പരോപകാരം ചെയ്യാനുള്ള കഴിവിനാല്‍, ഇതൊക്കെ പണത്തെപ്പോലെതന്നെ ഒരാളെ സമ്പന്നനാക്കുന്നു. ശ്രീബുദ്ധന്‍, ശ്രീയേശു, ശ്രീനാരായണഗുരു, മദര്‍ തെരേസ, നബി ശ്രീരാമകൃഷ്ണപരമഹംസര്‍ ഇവരൊന്നും പണത്താല്‍ സമ്പന്നരായവരല്ല. അവര്‍ അവരുടെ ജീവിതം, ബുദ്ധി, പ്രവൃത്തി, ചിന്തകള്‍ ഒക്കെ മനുഷ്യരുടെ നന്മക്കായി മാറ്റി വച്ചു. അന്ന്‌ ജീവിച്ചിരുന്ന പ്രഭുക്കന്മാരെക്കാള്‍ ജനം വാഴ്ത്തുന്നത്‌ അവരെയാണ്‌.

ഒന്നുകില്‍ ഒരു ലക്ഷപ്രഭുവോ അല്ലെങ്കില്‍ ഒരു മഹത്പുരുഷനോ ആയാലേ ജീവിത വിജയമാകൂ എന്ന്‌ ഇതിനര്‍ത്ഥമില്ല. എല്ലാവരും വിലയുള്ളവര്‍ തന്നെ. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഈശ്വരന്റെ ശരീരത്തിനെ നിലനിര്‍ത്തുന്നവര്‍. എല്ലാ മനുഷ്യരും ദൈവത്തിന്റെ ശരീരത്തിലെ തന്മാത്രകള്‍ തന്നെ. ഒരേ ജീവിതമുള്ള, ഒരേ ശരീരമുള്ള, അല്‍പ്പായുസ്സുകളായ മനുഷ്യര്‍. എല്ലാവരുടെ വിലയും ഒന്നു തന്നെ. ഒരു ഭിക്ഷക്കാരനു പോലും മാന്യത നല്‍കാതെ സഹതാപശൂന്യമായി അഞ്ചു രൂപ എറിഞ്ഞു കൊടുത്താല്‍ മുഴുപട്ടിണിയാണെങ്കില്‍ കൂടി അയാള്‍ അതു തിരിഞ്ഞു നോക്കി എന്നു വരില്ല. അപ്പോള്‍ ദാനം കൊടുക്കു വാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും വേണം നല്ല മനസ്സ്‌. കോടിക്കണക്കിനു സ്വത്ത്സമ്പാദിച്ചവനേക്കാള്‍ സമ്പന്നമായിരിക്കും വിശാലഹൃദയനും സ്നേഹ സ്വരൂപനും ആയ ഒരാളുടെ ജീവിതം. തന്റെ കോടി സ്വത്തുക്കള്‍ കൊടുത്താലും അനുഭവിക്കാനാവാത്ത സുഖത്തോടും സന്തോഷവും മനസ്സമാധാനവും സ്നേഹ വാനായ ഒരു മനുഷ്യനു കിട്ടും. തന്റെ അവസാന കാലത്ത്‌ ഉള്ള ഏക നേട്ടവും അതുതന്നെയായിരിക്കും.

തീരാവ്യാധികളാലും മറ്റും തളര്‍ന്ന്‌ മരണത്തോട്‌ പോരാടുന്ന നേരം തന്റെ കോടി സ്വത്തുക്കള്‍ വന്ന്‌ ആശ്വസിപ്പിക്കില്ല. ആത്മാര്‍ത്ഥതയുള്ള ഒരാളുടെ തലോടല്‍ ഹൃദയം നിറഞ്ഞ സ്നേഹം ഇവയ്ക്കൊക്കെ രോ ഗിയെ സാന്ത്വനപ്പെടുത്താനാകും. ഒരുപക്ഷെ, വിലപിടിപ്പുള്ള മരുന്നുകള്‍ കൊണ്ട്‌ തീരാത്ത അസുഖങ്ങള്‍ കൂടി ആ സാമിപ്യത്താല്‍ ശമനമുണ്ടായേക്കും. ഒരിറ്റ്‌ സ്നേഹം, സഹതാപം, ഒരു സാന്ത്വന വാക്ക്‌, ഒരു തലോടല്‍ ഇതൊക്കെ അമൂല്യമായവയാണ്‌. അമ്മയുടെ കാരുണ്യം നിറഞ്ഞ സ്നേഹം; അച്ഛന്റെ സാന്ത്വനം, സുരക്ഷി തത്വം; കൂട്ടുകാരുടെ സ്നേഹം; സഹോദരരുടെ സ്നേഹം ഒക്കെയില്ലാതെ ഒരു മനുഷ്യനു ജീവിക്കാനാവില്ല. മുരടിച്ചു തളര്‍ന്നു വീഴും. നശിക്കും. മരിക്കും.

ഒരുകണക്കിന്‌ ഈ ലോകത്തില്‍ ഏറ്റവും വില കൃഷിക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും ആണ്‌. കൃഷിക്കാരര്‍ ഈ ലോകത്തിലുള്ള മറ്റു ബുദ്ധിജീവികള്‍ക്കൊക്കെ ആഹാരം വിളയിക്കുന്നു. വീട്ടമ്മ ആഹാരം പാകം ചെയ്യുന്നു, കുട്ടികളെ പ്രസവിച്ചു വളര്‍ത്തി വംശം നിലനിര്‍ത്തുന്നു. പിന്നീടുള്ള മനുഷ്യരെല്ലാം ജീവിതത്തെ കൂടുതല്‍ സുഖമാക്കാന്‍ പരിശ്രമിക്കുന്നവരാണ്‌, ഡോക്ടേര്‍സ്‌, എന്‍ജിനീയേര്‍സ്‌, അദ്ധ്യാപകര്‍, മന്ത്രി, വക്കീല്‍, പോലീസ്‌, സൈനീകര്‍ ഒക്കെ അവശ്യം വേണ്ടവര്‍ തന്നെ. അസുഖം വരുമ്പോള്‍ ശമനമുണ്ടാക്കുന്നു, ആയുസ്സു ഒരു പരിധിവരെ നീട്ടിത്തരുന്നു. ലൗകീകസുഖം പരമോന്നതമാക്കിത്തരുന്നു. നിയമം കാത്തു സൂക്ഷിക്കാന്‍, ജീവിക്കാന്‍ ആവശ്യം വേണ്ട അറിവു പകര്‍ന്നു തരാന്‍, നല്ല ഭദ്രമായ ജീവിതത്തിന്‌ ക്രമസമാധാനം പരിരക്ഷിക്കാന്‍; രാജ്യത്തെ, നമ്മെ ഒക്കെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ അവശ്യം വേണ്ടവര്‍. പണ്ട്‌ ശത്രുക്കള്‍ എന്നാല്‍ സിംഹം പുലി മുതലായ വന്യമൃഗങ്ങളാണ്‌. ഇന്ന്‌ മനുഷ്യന്റെ ശത്രുക്കള്‍ മറ്റുമനു ഷ്യര്‍ തന്നെ ഒരു രാജ്യത്തിന്റെ ശത്രു മറ്റൊരു രാജ്യം! ലോകം പുരോഗമിച്ചോ അധ:പ്പതിച്ചു കൊണ്ടിരിക്കയാ ണോ എന്നറിയില്ല. ലോകത്തെ മുഴുവന്‍ നശിപ്പിക്കാനാവുന്ന ആറ്റം ബോംബുകളുണ്ട്‌. വിവരമില്ലാത്ത ഒരുവന്റെ അധീനതയില്‍ അതു ചെന്നു ചേര്‍ന്നാല്‍ നാമെല്ലാം ഒരു നിമിഷം കൊണ്ട്‌ വെണ്ണീറാവും! അതു ശാസ്ര്തഞ്ജരുടെ ബുദ്ധിയുടെ പരിണിതഫലം. എന്‍ജിനീയേര്‍സ്‌ ചേര്‍ന്ന്‌ വലിയ അടുക്കുമാടി കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നു. നാമൊക്കെ അതിനകത്തു കിടന്ന്‌, ഭൂമിയുമായി അധികസമ്പര്‍ക്കമില്ലാതെ മറ്റുസഹജീവികളുമായി സമ്പര്‍ക്കമില്ലാതെ മുരടിക്കുന്നു. മനുഷ്യന്റെ സുഖം തേടിപോകലിന്റെ ഉച്ചകോടി. നിരാശ ഫലം. ഇവിടെ ചാനലുകള്‍ മാറി മാറി വച്ച്‌, ഫ്രിഡ്ജ്‌ തുറന്ന്‌ ഇടയ്ക്കിടെ ഇഷ്ടമുള്ളതൊക്കെ കഴിച്ച്‌ അലസരായി അനാര്യോഗ്യരായി ഒറ്റപ്പെടുമ്പോള്‍; പ്രകൃതിയുമായി ഇടകലര്‍ന്ന്‌, സ്വന്തം ഭൂമിയില്‍ വിളയിച്ച ആഹാരം കഴിച്ച്‌, ശുദ്ധജലം കുടിച്ച്‌ ജീവിക്കുന്ന യധാര്‍ദ്ധ മനുഷ്യരോട്‌ അസൂയതോന്നുന്നില്ലേ ചിലപ്പോഴെങ്കിലും.

ദൈവം ഉണ്ട്‌. നല്ലതു ചെയ്യുന്നവര്‍ക്ക്‌ നല്ലതു വരുത്തുകയും ചീത്ത ചെയ്യുന്നവര്‍ക്ക്‌ ചീത്ത ഫലവും കൊടു ക്കുന്ന പ്രകൃതി. മനുഷ്യരെ മനുഷ്യരായി കാണാന്‍ പഠിക്കണം, എല്ലാ മനുഷ്യരും ഒരേപോലെ ഇരുന്നാല്‍ ഈ ലോകം എന്തു ബോറാകുമായിരുന്നു. എല്ലാവരും മൗനികള്‍ ആയിരുന്നെങ്കില്‍ ചിരിയും ബഹളവുമൊ ന്നുമില്ലാതെ ബോറായേനെ. അല്ലെങ്കില്‍ എല്ലാവരും ബഹളക്കാര്‍. എങ്കില്‍ സബ്ദം സഹിക്കാനാകാതെ വന്നേനെ. എല്ലാത്തരത്തിലുള്ളവരും വേണം ഈ ലോകത്തില്‍. മറ്റൊരാള്‍ നമ്മെപ്പോലെയിരിക്കണമെന്നു ശഠിക്കാന്‍ പാടില്ല. അവരെ വേറേഉപയോഗത്തിനാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. എല്ലാവരും ഒരേ ജോലിതന്നെ ചെയ്‌തുകൊണ്ടിരുന്നാല്‍ ജീവിക്കുന്നതെങ്ങിനെ! വീട്ടമ്മ അവരുടെ ജോലിചെയ്യണം ബാങ്ക്‌ ഉദ്യോഗഥ അവ രുടെ ജോലി ഭംഗിയായി ചെയ്യണം അദ്ധ്യാപകര്‍ അവരുടെ പ്രവൃത്തി. അപ്പോള്‍ സ്വയം പുരോഗതി, രാജ്യ ത്തിന്റെ പുരോഗതി, ആകെമൊത്തത്തിലുള്ള പുരോഗതികള്‍ ഉണ്ടാകുന്നു.

ഒരാള്‍ സ്വയം മതിക്കുന്നതോടൊപ്പം മറ്റുള്ളവരേയും മതിക്കാന്‍ പഠിക്കണം എങ്കിലേ പൂര്‍ണ്ണത കൈവരുന്നുള്ളൂ. എനിക്കില്ലാത്ത ഗുണം നിങ്ങള്‍ക്കുണ്ട്‌. ഞാന്‍ നിങ്ങളെ മാനിക്കുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ നിങ്ങളെക്കാള്‍ മോശമല്ല എനിക്കു എന്റേതായ കഴിവുകളുണ്ട്‌ എന്ന്‌ മറ്റുള്ളവരെ പ്രശംസിക്കുന്നതോടൊപ്പം സ്വയം മതിക്കുകയും വേണം. സ്വയം തൃപ്തിപ്പെടണം. എങ്കിലേ ആത്മവിശ്വാസമുണ്ടാകൂ. അവരവരുടെ പ്രവൃത്തികള്‍ ഭംഗിയായി നിര്‍വഹിക്കാനാകൂ. മനസ്സിന്റെ ആരോഗ്യമാണ്‌ ശരീരത്തിന്റെ ആരോഗ്യം. മനസ്സല്ലെ നമ്മെക്കൊണ്ട്‌ പ്രവൃത്തി ചെയ്യിക്കുന്നതും. മനസ്സ്‌ ചീത്തയായാല്‍ അതു പിന്നീടുള്ള പ്രവൃത്തികളേയും സാരമായി ബാധിക്കും. അതുകൊണ്ട്‌ ആദ്യം നമുക്ക്‌ നമ്മുടെ മനസ്സിലെ ദുഷ്ചിന്തകള്‍ അകറ്റാന്‍ ശ്രമിക്കാം. നല്ല പ്രവൃത്തിക്ക്‌ നല്ല ഫലവും ചീത്ത പ്രവൃത്തികള്‍ക്ക്‌ ചീത്ത ഫലവും നിശ്ചയമാണ്‌. ഇതാണ്‌ പ്രകൃതിയുടെ (ഈശ്വരന്റെ) സ്വഭാവം.

നമുക്ക്‌ ജീവിക്കുന്ന കാലത്തോളം സന്തോഷമായി സമാധാനമായി ജീവിക്കാം. നമുക്ക്‌ വരാന്‍പോകുന്ന അസുഖങ്ങളെയോ മരണത്തേയോ ഒന്നും നമുക്ക്‌ തടുത്ത്‌ നില്‍ക്കാനാവില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്നു പറയാനേ നിവര്‍ത്തിയുള്ളൂ ഇന്ന്‌ മറ്റുള്ളവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ നാളെ നമുക്കും വന്നു കൂടായ്കയല്ല. നമ്മുടെ ചുറ്റിനും ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ നാളെ നമുക്കും ഉണ്ടാകാം. കാരണം നാമും 'മനുഷ്യര്‍' എന്നതുകൊണ്ടു തന്നെ. മനുഷ്യരായ നമുക്കൊക്കെ ദൈവം ഒരു നിയമമേ ഉണ്ടാക്കിയിട്ടുള്ളൂ. അത്‌ എല്ലാവര്‍ക്കും ഒരുപോലെ ബാധകവുമാണ്‌. ഒരു ഭൂമികുലുക്കമോ ഉരുള്‍പൊട്ടലോ ഒക്കെ ഉണ്ടായാല്‍ നാമൊക്കെ ഒരു നിമിഷം കൊണ്ട്‌ വലിപ്പച്ചെറുപ്പമില്ലാതെ മണ്ണിനടിയില്‍. 'രോഗം' 'മരണം' ഇവയുടെയൊക്കെ മുന്നില്‍ പണ്ഠിതനും പാമരനും പ്രഭുവും യാചകനും ഒക്കെ തുല്യര്‍. കാരണം എല്ലാവരും മനുഷ്യര്‍ എന്നതുതന്നെ. നാമെല്ലാം ദൈവത്തിന്റെ ശരീരത്തിലെ അനേകകോടി തന്മാത്രകളില്‍ ഒന്നുമാത്രമാണെന്നു കരുതി ഒന്നാകാന്‍ ശ്രമിക്കാം. നമ്മുക്ക്‌ പ്രത്യേകം നിലനില്‍പ്പില്ല. പരസ്പ്പരം മത്സരിച്ചാല്‍ നശിക്കുകയേ ഉള്ളൂ. ഒന്നു ചേരല്‍ വഴി നാം ബലവാന്മാരാ കുന്നു. ഒന്നായ ഒന്നിന്റെ ചെറിയ ചെറിയ ഒന്നുകളാണ്‌ നാം. നാം ഒന്നാകുമ്പോള്‍ വലിയ ഒന്നായി. ദൈവമായി.

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

ശ്രീനാരയണഗുരു

ശ്രീനാരയണഗുരുദേവനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ടൈപ്പു ചെയ്യാന്‍ അവസരം കിട്ടിയതുവഴിയാണ്‌ ഗുരുദേവനെപറ്റി എനിക്ക്‌ കൂടുതല്‍ അറിവുണ്ടായത്‌. ഇന്ത്യാവന്‍കരയില്‍നിന്നും കൊച്ചു സിംഗപ്പൂരില്‍ എത്തിയ ഇടയ്ക്ക്‌ ഗൃഹാതുരതയോടെ നടക്കുന്ന കാലം ഒരിക്കല്‍ അവിചാരിതമായി ഓള്‍ഡേഝോം കാണാനിടയായി. സാകൂതം നോക്കിനില്‍ക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കണ്ടു. വിശ്വസിക്കാനായില്ല. അധികവും ചീനവൃദ്ധജനങ്ങളുള്ള ഈ വൃദ്ധസദനം രക്ഷി ക്കാന്‍ മലയാളനാട്ടില്‍ നിന്നും മലയാളത്തില്‍ ചിന്തിക്കു കയും സംസാരിക്കുകയും ചെയ്‌തിരുന്ന ഒരു ഗുരുവോ!

ശ്രീനാരായണഗുരുവിനെപ്പറ്റി കൂടുതലായി അന്ന്‌ അറി യില്ലായിരുന്നുവെങ്കിലും, മലയാളികളുടെ, പ്രത്യേകിച്ച്‌ ഗുരുദേവന്റെ അനുയായികളുടെ ഒത്തൊരുമയെപ്പറ്റി മതിപ്പുതോന്നി. കൂട്ടത്തില്‍ "ഞാനും മലയാളിയാണു അങ്ങയുടെ നാട്ടില്‍നിന്നും ഇവിടെ എത്തപ്പെട്ട എന്നെ ക്കൂടി രക്ഷിക്കണമേ" എന്ന്‌ പ്രാര്‍ത്ഥിക്കാനാണ്‌ ആദ്യം തോന്നിയത്‌. അത്രയ്ക്കു ദൈവചൈതന്യം ആ മുഖത്തില്‍ കണ്ടു.

പണ്ട്‌ അറിവു കുറവായിരുന്ന കുറേ ജന്മിമാര്‍ പാവപ്പെട്ടവരെ ചൂഷണം ചെതിരുന്നു. അവരെ തങ്ങളു ടെ അടിമകളാക്കാന്‍ കീഴ്ജാതിക്കാരെന്നു പറഞ്ഞു തുല്യത നല്‍കാതിരുന്നു പീഡിി‍പ്പിച്ചു. ആ അവസരത്തി ലാണു ശ്രീനാരായണഗുരുദേവന്‍ അത്മീയമായി അറി വുനേടി ഈ ഉച്ചനീചത്വങ്ങള്‍ക്ക്‌ അറുതി വരുത്തിയത്‌. അദ്ദേഹം സമൂഹത്തിന്റെ പ്രശ്നം സ്വന്തം പ്രശ്ന മായെടുത്ത്‌ ധ്യാനനിരതനായി, അതിനുള്ള പ്രതിവിധി തേടി. അദ്ദേഹം തന്റെ ഉള്ളില്‍തന്നെയുള്ള ഈശ്വര ചൈതന്യത്തെ ദര്‍ശിച്ചു, സത്യത്തെ കണ്ടെത്തി. പിന്നീട്‌ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ഒരു കൂട്ടം ജന വിഭാഗത്തെ ഉദ്ധരിക്കാനായി അവരില്‍ ഈശ്വരവിശ്വാ സം ഉണ്ടാക്കാന്‍ ക്ഷേത്രങ്ങള്‍ പണിതു, അറിവുണ്ടാക്കാ ന്‍ സരസ്വതീ ക്ഷേത്രങ്ങളും. ആത്മീയമായ ഉയര്‍ച്ചയും ലൗകീകമായ അറിവും വളര്‍ത്തി അവരെ ഉയരത്തിലേ യ്ക്കുള്ള പടവുകള്‍ കാട്ടിക്കൊടുക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അന്ധകാരം നീക്കി, ഒളിതൂകി അദ്ദേഹം മറഞ്ഞു.

ഗുരുദേവന്റെ, "അവനവനാത്മസുഖത്തിനാചരി ക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം". എന്ന വരി കളും, "ശാന്തിയും സൗഖ്യവും സ്വസ്ഥമാം ചിത്തവും സന്തതം വേണമെന്നാശിക്കുന്നോര്‍.." എന്നു തുടങ്ങുന്ന ശാന്തിമന്ത്രവും ദൈവദശകത്തിലെ"ദൈവമേ കാത്തു കൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ.." തുടങ്ങുന്ന വരികളും അദ്ദേഹത്തിന്റെ ഈശോവാസ്യോപനിഷത്തിന്റ വിവര്‍ത്തനവും ഒക്കെ ഇന്നു വഴിയറിയാതെ കൂരിരുട്ടില്‍തപ്പിത്തടയുന്ന നമുക്ക്‌ വെളിച്ചം നല്‍കുന്നു.

നമ്മള്‍ കീഴ്ജാതിക്കാരാണ്‌ അല്ലെങ്കില്‍ മേല്‍ജാതിക്കാരാണ്‌ എന്ന്‌ സ്വയംതോന്നാതിരിക്കേണ്ടത്‌ നമ്മുടെ തന്നെ ധര്‍മ്മമാണ്‌. മേല്‍ജാതിക്കാരെന്ന്‌ തോന്നുന്ന വരെയോ കീഴ്ജാതിക്കാരെന്നു തോന്നുന്ന വരേയോ അധിക്ഷേപിച്ചതുകൊണ്ട്‌ ജാതി ഇല്ലാതാവില്ല. എല്ലാവരും ഒന്നാണെന്ന വിചാരം മനസ്സിന്റെ അടിത്തട്ടില്‍ നിന്നുണരണം.ജാതികൊണ്ട്‌ ആരും ഉയര്‍ന്നവരാകുന്നില്ല. കര്‍മ്മംകൊണ്ടു മാത്രം ഉയരുന്നു. അറിവുനേടുന്നതുവഴി, ക്ഷമ, സഹനശക്‌തി, മനുഷ്യസ്നേഹം വിട്ടുവീഴ്ച്ചകള്‍ ഇവയൊക്കെയാണ്‌ ഒരാളെ വലിയവനാക്കുന്നത്‌. അതാണു ശ്രീനാരായണഗുരു നമുക്കു കാട്ടിത്തന്നതും.

പണ്ട്‌ മഹാമുനികള്‍ മനുഷ്യരെ മൂടിയിരുന്ന അന്ധകാരം അകറ്റാനായി കൊടും കാട്ടിലും വന്‍ഗുഹക ളിലും പോയി ഏകാന്തമായി ആഹാരവും മറ്റ്‌ ലൗകീക സുഖങ്ങളും ഒക്കെ വെടിഞ്ഞ്‌ ധ്യാനിച്ചതിന്റെ ഫലമായാണ്‌ ഇന്നു നാമുക്ക്‌ വരദാനമായി കിട്ടിയ നാലു വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ. ഒരു മനുഷ്യായുസ്സു മുഴുവനും മതിയാകയുമില്ല അവയിലെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാവാന്‍. ധന ലാഭത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല അവര്‍ വേദങ്ങള്‍ രചിച്ചത്‌. അതിനെപ്പറ്റി അറിയണമെങ്കില്‍ ജ്ഞാനം തേടണമെന്ന ആഗ്രഹം ഉള്ളില്‍നിന്ന്‌ ഉടലെടുക്കണം. ശ്രീനാരായണഗുരുവിനും വിവേകാനന്ദനും ശ്രീരാമ കൃഷ്ണപരമഹംസര്‍ക്കും ഒക്കെ ഉണ്ടായ ആത്മബോധം ഉണ്ടാകണം. നമ്മെപ്പോലെ ലൗകീകജീവിതത്തില്‍ മുഴുകി കഴിയുന്നവര്‍ക്ക്‌ അസാദ്ധ്യം.

ശ്രീനാരായണഗുരു ആ അറിവു തേടിയാണു ധ്യാനത്തില്‍ മുഴുകിയത്‌. വേദങ്ങളും ശാസ്ര്തങ്ങളും ഹൃദിസ്‌തമാക്കിയത്‌. അദ്ദേഹം സത്യം ദര്‍ശിച്ചു. തന്റെ ഉള്ളില്‍ തിരഞ്ഞ്‌ ഈശ്വരനെ കണ്ടെത്തി. അറിവുനേടി, ജ്ഞാനിയായി. അങ്ങിനെ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ജനതയ്ക്ക്‌ (കീഴ്ജാതിക്കാരെന്നും മേല്‍ജാതിക്കാരെന്നും സ്വയം കരുതിവന്ന ജനങ്ങള്‍ക്ക്‌) മാര്‍ഗ്ഗ ദര്‍ശ്ശിയായി, വഴികാട്ടിയായി, ദൈവമായി, വെളിച്ചമായി.

പരസ്പരം മല്‍സരിക്കുന്നതും പഴിപറയുന്നതും മതിയാക്കി, അറിവുസമ്പാദിക്കാനും ഈശ്വരനെ പ്രാര്‍ത്ഥിക്കാനുമാണ്‌ അദ്ദേഹം ഉപദേശിച്ചത്‌. അതിനായാണ്‌ വിദ്യാലയങ്ങളും കോവിലുകളും കെട്ടിയതും. അന്ന്‌ കേരളത്തില്‍ നടമാടിയിരുന്ന അനീതിയ്ക്ക്‌ അദ്ദേഹത്തെപ്പോലെ ഒരു ദൈവചൈതന്യത്തിന്റെ ആവിര്‍ഭാവം ആവശ്യവുമായിരുന്നു.

"യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം"എന്ന്‌ ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയില്‍ പറയുന്നു ണ്ട്‌. "ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു വളര്‍ച്ച യും ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ അവതരിച്ചു കൊണ്ടി രിക്കുന്നു " എന്ന്‌.ശ്രീകൃഷ്ണനും ശ്രീയേശുവും ശ്രീബുദ്ധനും പോലെ അദ്ദേഹവും ധര്‍മ്മത്തെ നിലനിര്‍ത്താനായി അവത രിച്ചു, തന്റെ കടമകള്‍ പൂര്‍ത്തിയാക്കി മറഞ്ഞു.മറഞ്ഞു .

വളരെ വര്‍ഷങ്ങള്‍ക്കുശേഷവും താന്‍ തുടങ്ങി വച്ച സാധുജനസംരക്ഷണം, ധര്‍മ്മപരിപാലനം തുടങ്ങി യ സത്കര്‍മങ്ങള്‍ ഒരു മുടക്കവുമില്ലാതെ തുടരുവാന്‍ ഒരു മഹാത്മാവിന്റെ ആത്മാവിനേ കഴിയൂ. സിംഗപ്പൂര്‍ ശ്രീനാരായണമിഷന്‍ വൃദ്ധസദനം അതിനു ഉത്തമോദാഹരണമാണ്‌. ഇന്നും ആത്മീയഗുരുക്കള്‍ മനുഷ്യരുടെ ഇടയില്‍ ധര്‍മ്മം പുനസ്ഥാപിക്കാനായി ഉണ്ട്‌. അറിയേണ്ടവര്‍, ആവശ്യക്കാര്‍ അവരുടെ മാഹാത്മ്യമറിഞ്ഞ്‌ ആശ്രയിക്കുന്നു. ആശ്രയിക്കുന്നവര്‍ക്ക്‌ ആശ്വാസം കിട്ടുന്നു മുണ്ട്‌. പക്ഷെ, അവരൊക്കെ മനുഷ്യരെ രക്ഷിക്കാന്‍ അവതരിക്കുമ്പോള്‍ മനുഷ്യരെപ്പോലെ അന്യോന്യം പഴിപറയാനല്ല ശ്രമിച്ചത്‌. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും തെറ്റുകള്‍ ക്ഷമിക്കാനുമാണ്‌. അറിയേണ്ടവര്‍ അവരെ അറിയുന്നുമുണ്ട്‌. ശ്രീയേശുവിനെ കല്ലെറിയാനും കുറ്റം പറയാനും ആള്‍ക്കാരുണ്ടായിരുന്നപോലെ അവതാരങ്ങളെ തിരിച്ചറിയാനാവാത്ത കുറേ മനുഷ്യര്‍ അന്നും ഇന്നും എന്നും ഉണ്ടാകും. രണ്ടിലും പെടാതെ ഇന്നൊരു കൂട്ടരും.

ഇന്നു കോടിക്കണക്കിനു സ്വത്തു പൂഴ്ത്തിവച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളെകൊണ്ട്‌ ചെയ്യാന്‍ സാധി ക്കാത്ത എത്ര മഹത്കാര്യങ്ങളാണ്‌ യാതൊരു പ്രതിഫലേശ്ചയും കൂടാതെ അത്മീയഗുരുക്കള്‍ ചെയ്യുന്നത്‌. എത്രയെത്ര പാവപ്പെട്ടവന്റെ കണ്ണീര്‍ തുടയ്ക്കാന്‍, ആശ്രയമരുളാന്‍, വിശപ്പകറ്റാന്‍ അവര്‍ക്കു കഴിയുന്നു! അതൊന്നുതന്നെ അവരുടെ മഹത്വത്തിന്റെ തെളിവു കളാണ്‌.

മഹാത്മാക്കളെ മതിക്കാതെ അവരെ പഴിപറയുന്നവര്‍ എവറസ്റ്റ്‌ കീഴടക്കി ബഹുമതി നേടിയവനെ ക്കണ്ട്‌, അഭിനന്ദിക്കുന്നതിനുപകരം നമുക്ക്‌ കയറാതിരിക്കാനാണു എവറസ്റ്റിനു ഇത്രയും പൊക്കമുണ്ടാക്കിയിരിക്കുന്നത്‌, അല്ലെങ്കില്‍ ചന്ദ്രനില്‍പോയി വിജയം വരിച്ചവരെ നോക്കി, നമുക്ക്‌ അത്‌ സാദ്ധ്യമാകാതിരിക്കാനാണു ചന്ദ്രന്‍ ഇത്ര ദൂരത്തില്‍ നില്‍ക്കുന്നത്‌ എന്നു പറയും പോലെ ലജ്ജാവഹം.

ഭാരതീയാചാര്യന്മാര്‍ ധ്യാനത്തില്‍ മുങ്ങിത്തപ്പി നേടിത്തന്നതല്ലെ ഇന്ന്‌ ലോകമെങ്ങും ലൗകീകസുഖ ത്തിന്റെ പിന്നാലെ പരക്കംപാഞ്ഞ്‌ ഒടുവില്‍ പലരും ആശ്രയിക്കുന്ന; മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്ന; ധ്യാനവും (മെടിറ്റേഷന്‍) 'യോഗ' യും. ഭാരതീയാചര്യന്മാര്‍ നമുക്കു എന്നെന്നും ഭാരതത്തെപ്പറ്റി ഓര്‍ത്ത്‌ അഭിമാനിക്കാന്‍ തന്ന മുത്തുകളല്ലേ അവയെല്ലാം.

ഭാരതീയരായ നാം ഭാരതത്തിന്റെ മഹിമ മനസ്സിലാക്കാന്‍ ഒരു നല്ല ഇംഗ്ലീഷുകാരനോടു ചോദിച്ചാല്‍ മതിയാകും. ഭാരതത്തിന്റെ ആത്മീയശുദ്ധി, ഭാരതസ്ര്തീകളുടെ ഭാവവിശുദ്ധി ഒക്കെ അവര്‍ പറഞ്ഞു തരും.

ഇന്ന്‌ രാജാവു തെറ്റുചെയ്‌താലും മന്ത്രി തെറ്റു ചെയ്‌താലും തെറ്റു തെറ്റുതന്നെ. കൊലപാതകിയ്ക്ക്‌ തൂക്കുശിക്ഷ. മോഷ്ടാവിനു കഠിനതടവ്‌ എന്നിങ്ങനെ. അത്‌ പ്രധാനമന്ത്രിയായാലും കൂലിവേലക്കാരനായാലും ഒരുപോലെ അനുഭവിക്കയും വേണം. ഇന്ന്‌ തെറ്റും ശരിയും വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞു. തെറ്റിനു തക്കതായ ശിക്ഷയും ശരികള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരവും കിട്ടുന്ന ഇന്നത്തെ യുഗത്തിലും വേണോ ജാതിയെപ്പറ്റി ഇനിയും ചര്‍ച്ചകള്‍. എങ്കില്‍ അത്‌ പണ്ടെങ്ങോ പാടി പുകഴ്പെറ്റ പാട്ടിന്റെ പുനരാവര്‍ത്തനം മാത്രം. പുത്തന്‍ തലമുറയ്ക്ക്‌ അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രം.

പുത്തന്‍ തലമുറയ്ക്ക്‌ കയ്പ്പുള്ള ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കാനല്ല ശ്രീനാരായണഗുരുദേവന്‍ അവത രിച്ചത്‌. അവരില്‍ ആത്മവിശ്വാസവും ഈശ്വരവിശ്വാസവും അറിവും പകരാനാണു എന്നോര്‍ക്കുക. ജാതിയേയും മതത്തേയും പിടിച്ചു നിര്‍ത്താനല്ല, കൈവിടാനാണു നാം ശ്രമിക്കേണ്ടത്‌. ഓര്‍മ്മിക്കാനല്ല മറക്കാനാണു നാം ശ്രമിക്കേണ്ടത്‌.പണ്ട്‌ ജാതി വ്യവസ്ഥിതിയാല്‍ ഉണ്ടായിരുന്ന വേര്‍തിരിവ്‌ ഇന്നില്ല. ഇന്ന്‌ വേര്‍തിരിവ്‌ പണത്താലും പദവിയാലും ഉണ്ടാകുന്നതു മാത്രം. പണക്കാരന്‍ പാവപ്പെട്ടവന്‍ ഈ രണ്ടു വര്‍ഗ്ഗങ്ങള്‍. പണമാണു ഇന്ന്‌ മനു ഷ്യനെ ഭരിക്കുന്നത്‌. ജാതിയും മതവും അല്ല. 70% ലേറേ ഹിന്ദുക്കളുള്ള ഭാരതത്തില്‍ ജാതിക്കോയ്മ്മ ഉണ്ടായിരുന്നെങ്കില്‍, ഏവര്‍ക്കും ആരാധ്യരായി യേശുദാസും പ്രേംനസീറും മമ്മൂട്ടിയും ഷാരൂഖാനും ഒന്നും ഉണ്ടാകുമായിരുന്നില്ല. യേശുദാസ്‌ ഭക്‌തിനിര്‍ഭരമായി വായിക്കുന്ന ഗായത്രിയും ഗുരുവായൂരപ്പസ്തുതിയും അയ്യപ്പസ്തുതിയും ഏതു ഹിന്ദുഭക്‌തന്റേയും കരളു കുളിര്‍പ്പിക്കുന്നു. ഏവര്‍ക്കും പ്രിയപ്പെട്ടവനായി മമ്മൂട്ടി എത്രയോ ഹിന്ദു കഥാപാത്രങ്ങള്‍ക്ക്‌ ജന്മമേകി മനസ്സില്‍ മായാമുദ്ര പതിപ്പിച്ചിരിക്കുന്നു! ഇതൊക്കെത്തന്നെ കേരളീയ ജനതയില്‍ ജാതിമതങ്ങള്‍ മണ്ണടിഞ്ഞതിന്റെ തെളിവല്ലേ? കഴിവിനു മാത്രമേ അംഗീകാരമുള്ള എന്നതിനു തെളിവല്ലേ?

ഇന്ന്‌ ലോകത്തിന്റെ (കേരളത്തിന്റെ) ദുഃഖം മറ്റു പലതാണ്‌. ദാരിദ്ര്യം, സ്ര്തീധനം, പെണ്‍ഭ്രൂണഹത്യ തുടങ്ങി പാവപ്പെട്ടവനെ വരിഞ്ഞുമുറുക്കുന്ന എത്രയോ ചതിക്കെണികള്‍. അവയ്ക്കൊക്കെ എതിരെ ശബ്ദമുയര്‍ത്തുക. പണം മനുഷ്യന്റെ മനുഷ്യത്വം കെടുത്താതിരിക്കാന്‍ ശബ്ദമുയര്‍ത്തുക. പാവപ്പെട്ടവനെ രക്ഷിക്കാന്‍ പണിപ്പെടുക. വിശന്നുവലയുന്നവരെ രക്ഷിക്കാം, അനാധരായി അനാധാലയങ്ങളില്‍ ചെന്നടിയുന്ന പിഞ്ചു ഹൃദയങ്ങളെ രക്ഷിക്കാം, സാമ്പത്തിക പരാധീനതകള്‍ക്കും മറ്റ്‌ കുടുംബച്ഛിദ്രങ്ങള്‍ക്കും ഇടയില്‍പെട്ട്‌ പഠിച്ചു മുന്നേറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ, വൃദ്ധ സദനങ്ങളില്‍ കണ്ണീരോടെ ദിവസങ്ങളെണ്ണിക്കഴിയുന്ന നമ്മുടെ മുന്‍ഗാമികളുടെ കണ്ണീരൊപ്പാം, സ്ര്തീധനപ്പിശാചിന്റെ കയ്യില്‍ പിടഞ്ഞ്‌ ഒടുവില്‍ കൈക്കുഞ്ഞുങ്ങളേയും കൊണ്ട്‌ ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഹതഭാഗ്യമാരെ, പെണ്ണായി പിറന്നു എന്ന ഒറ്റ കുറ്റംചുമത്തി മുളയിലേ ജീവന്‍ നുള്ളപ്പെടുന്ന കുരുന്നു ജീവനുകളെ ഒക്കെ സ്നേഹിക്കാന്‍, രക്ഷിക്കാന്‍ പഠിക്കാം.

ജാതി നിര്‍മ്മാര്‍ജ്ജനംചെയ്‌തു എന്ന സംതൃപ്തിയോടെ ശ്രീനാരായണഗുരുദേവന്‍ വിശ്രമിച്ചോട്ടെ. ഗുരു ദേവന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്‌തു കഴിഞ്ഞ ജാതിയെപ്പറ്റി വീണ്ടും കുത്തിപ്പൊക്കി അദ്ദേഹത്തിന്റെ ആത്മാവിനു അശാന്തിയുണ്ടാക്കാതെ, ഇല്ലാതായിക്കഴിഞ്ഞ ജാതി മതങ്ങളെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്ന സമയംകൊണ്ട്‌ കഴിവുള്ളവര്‍ സമൂഹത്തില്‍ നടമാടുന്ന മറ്റ്‌ പല അനീതികള്‍ക്കും എതിരായി ശബ്ദമുയര്‍ത്താനും പ്രയത്നിക്കാനും ശ്രമിക്കുമാറാകട്ടെ എന്നും, ശ്രീനാരയണമിഷന്‌ വൃദ്ധസദനം നന്നായി നടത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ മറ്റു ദുഃഖങ്ങള്‍ക്കും പരിഹാരം കണ്ടെ ത്താന്‍ കഴിയുമാറാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ

['വര്‍ത്തമാനം' ദിനപത്രത്തില്‍പ്ര്സിദ്ധീകരിച്ചു, ശ്രീനാരായണ മിഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു]

Saturday, July 14, 2007

ദുരൂഹത

ഞാനൊരു നിമിഷം കണ്ണടച്ചു കിടന്നു മനസ്സ്‌ സ്വസ്ഥമാവാന്‍. പെട്ടെന്നു ഞാന്‍ നക്ഷത്ര രാജ്യത്തെ ത്തപ്പെട്ടതുപോലെ. ചുറ്റിനും നക്ഷത്രങ്ങള്‍. ഞാനും അതിലൊരു നക്ഷത്രമെന്നപോലെ സഞ്ചരിക്കുന്നു. എനിക്ക്‌ ആത്മാവുമാത്രമേ ഉള്ളോ, ഞാന്‍ മരിച്ചു കഴിഞ്ഞോ എന്നൊരു നിമിഷം ശങ്കിച്ചു. എന്റെ ശരീരം നഷ്ടപ്പെട്ടോ എന്നു നോക്കുമ്പോള്‍ എന്തോ ഒന്നു ചുറ്റിനും ഉണ്ട്‌. പക്ഷെ ഈ ശരീരമല്ലായിരുന്നു.

പിന്നീട്‌ ഞാന്‍ കരുതി, മരണശേഷം ജീവിതമുണ്ട്‌. ഭൂമിയിലെ മനുഷ്യര്‍ക്ക്‌ കാണാനാകാത്ത ബന്ധ പ്പെടാനാകാത്ത ഒരിടത്ത്‌. ഇവിടെതന്നെ ഉദാഹരണങ്ങളുണ്ടല്ലോ. ഞാന്‍ അന്യനാട്ടില്‍ ജീവിക്കുന്നു. എന്റെ ഒപ്പം ജീവിച്ചിരുന്നവരൊക്കെ ജന്മനാട്ടിലും. ഫോണ്‍ കണ്ടുപിടിക്കപ്പെട്ടതുകൊണ്ട്‌ എനിക്ക്‌ അവിടത്തെ വിശേഷങ്ങള്‍ അറിയാം. അല്ലെങ്കില്‍ തപാലിലൂടെ. ഇതൊന്നുമില്ലായിരുന്നെങ്കില്‍ എനിക്ക്‌ അവരുടെ ലോകവും അവര്‍ക്ക്‌ എന്റെ ലോകവും അപരിചിതം.

ഒരുപക്ഷെ മരിച്ചവരും ഈ ആഗ്രഹവുമായി അങ്ങകലെയെങ്ങോ ജീവിക്കുന്നുണ്ടാകാം. അവിടേയ്ക്കുള്ള ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്തതുകൊണ്ട്‌, സാറ്റലൈറ്റ് ടി. വി. കള്‍ ഇല്ലാത്തിടത്തോളം, അവരും നാമും ആ ഓര്‍മ്മകളുമായി സമാധാനമായി ജീവിക്കും. ഒരിക്കല്‍ കണക്ഷന്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, എരിയുന്ന ഹൃദയവുമായി, നഷ്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്‌ , ഒരിക്കലും ഒന്നിക്കാനോ, നഷ്ടപ്പെട്ടതു തിരിച്ചു കിട്ടാനോ കഴിയാതെ നോക്കി നെടുവീര്‍പ്പിടാം.

ത്രിശ്ശങ്കു

നമ്മള്‍ ആളുകളെ അവര്‍ക്കു സാധിക്കാത്ത കാര്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍ കളിയാക്കാറുണ്ട്‌, "ത്രിശ്ശങ്കു സ്വര്‍ ഗ്ഗത്തില്‍ പോയപോലാവരുതേ" എന്ന്‌. 'ത്രിശ്ശങ്കു സ്വര്‍ ഗ്ഗ'ത്തിന്റെ കഥയാണ്‌ അടുത്തത്‌. അതിപ്രകാരമാണ്‌.ത്രിശ്ശങ്കു സ്വന്തം ശരീരസൗന്ദര്യത്തില്‍ വളരെ അഹങ്കരിച്ചിരുന്ന ഒരു അസുര രാജാവായിരുന്നു. തന്റെ അതിസുന്ദരമായ ഉടലോടെ തന്നെ സ്വര്‍ ഗ്ഗത്തില്‍ പോകണ മെന്നു ത്രിശ്ശങ്കുവിനു അതിയായ ആഗ്രഹം. ആഗ്രഹം മൂത്തുമൂത്ത്‌ അടക്കാന്‍വയ്യാ തായ പ്പോള്‍ തന്റെ ആഗ്രഹവുമായി അദ്ദേഹം വസിഷ്ഠമഹര്‍ഷിയെ ചെന്നുകണ്ടു. വസിഷ്ഠമഹര്‍ഷി നടക്കാത്ത ഈ അഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ ത്രിശ്ശങ്കുവിനെ ഉപദേശിച്ചു. ത്രിശ്ശങ്കു പിന്മാറിയില്ല. വസിഷ്ഠമഹര്‍ഷിയുടെ പുത്രന്മാരെ ചെന്നുകണ്ട്‌ തന്റെ അഭിമതം അറിയിച്ചു. തങ്ങളുടെ അച്ഛന്‍ വിചാരിച്ചാല്‍ സാധിക്കാത്ത കാര്യത്തില്‍ ഇടപെടുന്ന പ്രശ്നമേ ഇല്ലെന്നു മക്കളും. നിരാശനായി ത്രിശ്ശങ്കു "കഴിവില്ലാത്തവര്‍. എന്റെ ആഗ്രഹം സാധിച്ചുതരാന്‍ കഴിവില്ലാത്തവര്‍" എന്ന്‌ അച്ഛനേയും മക്കളേയും അസഭ്യം പറഞ്ഞു.ഇതുകേട്ടു കുപിതരായ വസിഷ്ഠമക്കള്‍ ത്രിശ്ശങ്കുവിനെ "വിരൂപനായ ചണ്ടാളനായി മാറട്ടെ" എന്നു ശപിച്ചു. ശാപം ഫലിച്ചു. പിറ്റേന്ന്‌ ഉറക്കമുണര്‍ന്ന ത്രിശ്ശങ്കു അതിസുന്ദ രമായിരുന്ന തന്റെ രൂപം കൊട്ടാരവാസികള്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധം വികൃതമായി മാറിയിരിക്കുന്നതു കണ്ടു ഭയന്നു. ആകെ നിരാശനായ ത്രിശ്ശങ്കു എന്നിട്ടും "ഉടലോടെ സ്വര്‍ഗ്ഗം പൂകണം" എന്ന തന്റെ ആഗ്രഹം കൈവിട്ടില്ല. തന്റെ ആഗ്രഹവുമായി ത്രിശ്ശങ്കു നേരെ വിശ്വാ മിത്രന്റെ അടുത്തെത്തി. അതിസുന്ദരനായ ത്രിശ്ശങ്കുവിനുണ്ടായ രൂപമാറ്റത്തെപ്പറ്റി വിശ്വാമിത്രന്‍ അന്വേക്ഷിച്ചു. നിരപരാധിയും ധര്‍മ്മിഷ്ടനും ഗുണവാനുമായ രാജാവാ യിരുന്ന എന്നെ ഈ വിധമാക്കിയത്‌ വസിഷ്ഠമക്കളാണെന്ന്‌ ത്രിശ്ശങ്കു വേദനയോടെ അറിയിച്ചു. ഞാന്‍ ഇതിനുതക്ക ഒരു പാപവും ചെയ്‌തിട്ടില്ലെന്നും വിശ്വാമിത്രന്റെ കാലില്‍വീണ്‌ പറഞ്ഞു. വിശ്വാമിത്രനു തിശ്ശങ്കുവിനോട്‌ സഹതാപം തോന്നി. പെട്ടെന്നു വികാരഭരിതനാവുക എന്ന ദോഷം വിശ്വാമിത്രന്റെ ഒരു ദൗര്‍ബ്ബല്യമാണല്ലൊഅദ്ദേഹം ത്രിശ്ശങ്കുവിനെ സമാധാനിപ്പിച്ചു. എന്നിട്ടു പറഞ്ഞു ഏതിനും "ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകാനല്ലെ താങ്കള്‍ ആഗ്രഹിച്ചുള്ളു, അത്‌ ഞാന്‍ സാധിച്ചുതരാം. സമാധാനിക്കുക. ഇതേ ചണ്ടാളവേഷത്തില്‍ തന്നെ താങ്കളെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അയക്കും" എന്ന്‌ പറഞ്ഞ്‌ സമാസ്വസിപ്പിച്ചു, അതിനുവേണ്ടി യാഗംചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തന്റെ ശിഷ്യരെവിട്ടു എല്ലാ മുനിമാരേയും ശിഷ്യഗണ ങ്ങളേയും ക്ഷണിച്ചു. വിശ്വാമിത്രന്റെ ക്ഷണം ആജ്ഞയെന്നപോലെ ഭയന്ന്‌ എല്ലാ ഋഷിമാരും വന്നെത്തി. എന്നാല്‍ വസിഷ്ഠന്റെ മക്കള്‍മാത്രം ക്ഷണം നിരസിക്കയും കൂടാതെ വിശ്വാമിത്രനെ 'ക്ഷ്‌ത്രിയ'നെന്നും ത്രിശ്ശങ്കുവിനെ 'ചണ്ടാള'നെന്നും പറഞ്ഞു കളിയാ ക്കുകയും ചെയ്‌തു. ക്ഷത്രിയരാജാവായിരുന്ന വിശ്വാമിത്രന്‍ വസിഷ്ഠനോടുള്ള മാത്സര്യബുദ്ധിയാല്‍, വസിഷ്ഠനെപ്പോലെ ബ്രഹ്മഋഷിയാവണമെന്ന വാശിയാലാണ്‌ കഠിനതപസ്സിലൂടെ ഋഷിപദം നേടിയത്‌. ഇത്രയും കഷ്ടപ്പാടിലൂടെ ഋഷീപദം നേടിയ തന്നെ വീണ്ടും ക്ഷത്രിയന്‍ എന്നു വിളിച്ചത്‌ അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു. അദ്ദേഹത്തിനും വാശിയായി. ഏതിനും ത്രിശ്ശങ്കുവിനെ സ്വര്‍ഗ്ഗത്തില്‍ അയച്ചിട്ടുതന്നെ മേല്‍ക്കാര്യം എന്നു മനസ്സില്‍ ഉറപ്പിക്കയും, മൂത്തവരെ അന്യായമായി കളിയാക്കിയതിനു ശിക്ഷയായി വസിഷ്ഠമക്കളെ "മരണശേഷം പട്ടികളുടെ മാംസം ഭുജിക്കുന്ന കാട്ടുവര്‍ഗ്ഗക്കാരുടെ ഇടയില്‍ ജനിക്കട്ടെ" എന്നും ശപിച്ചു. യാഗം തുടങ്ങി. ക്ഷണിച്ചുവരുത്തിയവരെല്ലാവരും അനുകൂലമായി സ്തുതിച്ചു. ദേവന്മാര്‍ താഴെ വന്ന്‌ ഹവിസ്സ്‌ (അര്‍ച്ചന) സ്വീകരിക്കേണ്ടുന്ന സന്ദര്‍ഭം വന്നു. വളരെ നേരം കാത്തിട്ടും ഒരു ദേവനും പ്രത്യക്ഷപ്പെട്ടില്ല. യാഗം പരാജയമാകുമെന്ന സ്ഥിതി യിലായി വിശ്വാമിത്രന്‍ തോറ്റുകൊടുക്കാനൊട്ടു ഭാവവുമില്ല. അദ്ദേഹം തന്റെ അന്നുവരെ സിദ്ധിച്ച തപോബലം എല്ലാം ഉപയോഗിച്ചു ത്രിശ്ശങ്കുവിനെ സ്വയം സ്വര്‍ഗ്ഗ ത്തിലേക്കു ഉയര്‍ത്തി. ത്രിശ്ശങ്കു തന്റെ ചണ്ടാളവേഷത്തോടെ തന്നെ സ്വര്‍ഗ്ഗത്തിലേ യ്ക്കുയരുന്നത്‌ കണ്ട്‌ കൂടിയിരുന്നവര്‍ അതിശയിച്ചു. എന്നാല്‍, സ്വര്‍ഗ്ഗകവാടത്തില്‍ ചെന്ന ത്രിശ്ശങ്കുവിനെ കണ്ട്‌ "അനുവാദമില്ലാതെ ചണ്ടാളവേഷത്തില്‍ വന്ന നീ ആരു" എന്നു പറഞ്ഞ്‌ ഇന്ദ്രന്‍ വീണ്ടും താഴേയ്ക്കു തള്ളി. "അല്ലയോ വിശ്വാമിത്രാ, എന്നെ രക്ഷിക്കൂ..." എന്നു നിലവിളിച്ചുംകൊണ്ട്‌ ത്രിശ്ശങ്കു താഴേയ്ക്കു വന്നു. അതുകണ്ട്‌ വളരെ കോപത്തില്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നു കരുതി, വിശ്വാമിത്രന്‍ പറഞ്ഞു "അവിടെ നില്‍ക്കുക" എന്ന്‌. എല്ലാവരേയും വീണ്ടും അതിശയിപ്പിച്ചുകൊണ്ട്‌ ത്രിശ്ശങ്കു അതാ, സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കും ഇടയ്ക്ക്‌, ഒരു നക്ഷത്രം കണക്കെ തിളങ്ങിക്കൊണ്ട്‌ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു! വാശിയോടെ വിശ്വാമിത്രന്‍ ത്രിശ്ശങ്കു വിനുചുറ്റും പുതിയൊരു സ്വര്‍ഗ്ഗം പണിയാന്‍തുടങ്ങി. ഇതുകണ്ട്‌ ഭയചകിതരായി, ദേവ ന്മാരെല്ലാവരും കൂടി വന്ന്‌ അപേക്ഷിച്ചു, "ദയവായി മറ്റൊരു സ്വര്‍ഗ്ഗം പണിയുന്നതില്‍ നിന്നും പിന്മാറുക, ത്രിശ്ശങ്കു അവിടെതന്നെ നിന്നോട്ടെ. അങ്ങയുടെ പ്രതാപത്തിനും കീര്‍ത്തിക്കും തിലകമായി അങ്ങുനിര്‍മ്മിച്ച മറ്റു താരാഗണങ്ങളും അടുത്തായി തന്നെ തിളങ്ങിനില്‍ക്കട്ടെ. ദയവുചെയ്‌ത്‌ അങ്ങയുടെ കോപം അടക്കുക" എന്ന്‌. സംപ്രീത നായി വിശ്വാമിത്രന്‍ തന്റെ സംരംഭം നിര്‍ത്തിവച്ചു. ത്രിശ്ശങ്കു സ്വര്‍ഗ്ഗ ത്തിലുമല്ല ഭൂമിയിലുമല്ല എന്നപോലെ അന്തരീക്ഷത്തിലും. അങ്ങിനെ ത്രിശ്ശങ്കുവിനു വേണ്ടി വിശ്വാമിത്രന്‍ ഉണ്ടാക്കിയ സ്വര്‍ഗ്ഗമാണ്‌ 'ത്രിശ്ശങ്കു സ്വര്‍ഗ്ഗ'മായി അറിയപ്പെടുന്നത്‌.ഇന്നും നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയം കൈവരിക്കാത്തപ്പോഴും, അത്യാ ഗ്രഹത്താല്‍ അധികം ആഗ്രഹിച്ചു പരാജയമടയുമ്പോഴും 'ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തില്‍ പോയപോലെ' എന്നു പറഞ്ഞ്‌ കളിയാക്കാറുണ്ട്‌വിശ്വാമിത്രനാകട്ടെ, ഭ്രഹ്മഋഷീ പദം നേടാനായി തപസ്സിലൂടെ സംഭരിച്ചുവച്ച ശക്‌തിയെല്ലാം ആവശ്യമില്ലാത്ത കാര്യത്തിനായി ചിലവഴിച്ചും അനാവശ്യമായി കോപപ്പെട്ടതിനാലും നഷ്ടമായതില്‍ പശ്ചാത്തപിച്ച്‌ വീണ്ടും ഹിമാലയത്തില്‍ പോയി കഠിനതപസ്സു തുടര്‍ന്നു, ഒടുവില്‍ വസിഷ്ഠനൊപ്പം 'ബ്രഹ്മഋഷി' പദം നേടുകതന്നെ ചെയ്‌തു. ആ കഥ പിന്നീടൊരിക്കല്‍...

മുന്ന

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

വേര്‍പാട്

രാത്രിതന്‍ യാമങ്ങളൊന്നില്‍

നിദ്രയെ വേര്‍ പെട്ടു

ഞാനുണര്‍ന്നു നോക്കുമ്പോള്‍-

അറിയില്ലെനിക്കെന്നാത്മാവു മേവുന്ന--

തേതൊരു ദിക്കിലാണെന്ന്‌

നിറമുള്ള മണമുള്ള ഭൂവിലാണോ;

നിറയെ മുഖങ്ങളുള്ള ഭൂവിലാണോ;

പിരിഞ്ഞു കഴിഞ്ഞോ;

പിരിയേണ്ടതിനിയോ;

ഒന്നുമെനിക്കു മനസ്സിലായില്ല

പതിയെപ്പതിയെ ഞാന്‍ നിദ്രയെ വേര്‍പെട്ടു

നിജത്തിലേക്കെത്തി നില്‍ക്കുമ്പോള്‍

അറിയുന്നു ഞാനേറെ വേദനയോടെ,

വിടപറഞ്ഞൊരുനാള്‍ കഴിയുന്നു!

ഇനിയുള്ളൊരു വര്‍ഷം താണ്ടേണം ഞാനെന്‍,

ആത്മാവു മേവുന്ന;

സ്നേഹം നിറഞ്ഞൊരാ

നാടുകാണാന്‍

മലയാള മാതൃ

മണ്ണുകാണാന്‍.

കവിത

മൌനങ്ങളില്‍, എന്‍
മനസ്സു നിറയുന്നു;
കവിതയുണരുന്നു;
കൈവിരല്‍-
പേപ്പര്‍ തേടുന്നു;
പേന തേടുന്നു;
ഹൃദയം-
ഓര്‍മകള്‍ പരതുന്നു;
കൈവിരല്‍-
പേനയോടൊത്തെന്റെ;
പേപ്പറില്‍-
രചിക്കുന്നെന്‍,
ഹൃദയത്തിന്‍ ഭാഷ-
കവിതയാവുന്നു

പുണ്യവതി

വാടിവീണു തറയില്‍ കിടക്കിലും

വാനോളം ചൊരിയുന്നു നല്‍പ്രഭ

കരിയാന്‍ തുടങ്ങുന്ന നിങ്ങള്‍ക്ക്‌

ആശകള്‍ മോഹങ്ങളൊന്നുമിനിയില്ല

ജീവിച്ചു കൊതിതീര്‍ന്ന സംതൃപ്തി

ജനിച്ചു ചെടിയായ്‌ വളര്‍ന്നു

പ്രകൃതിതന്‍ ചൂടേറ്റു, മഴയേറ്റു,

കാറ്റേറ്റു തണലേറ്റു കുളിരേറ്റു

പൂത്തു മരമായ്‌ പരിമളം വീശി

പുത്തന്‍ പുലരിയെ പാടി പുകഴ്ത്തി

മണ്ണായി മാറി പുനര്‍ജനിക്കാനായ്

‍നിര്‍വൃതിയോടെ പുല്‍കീടുന്നു മണ്ണിനെ

പഴയ വസ്ത്രമുപേക്ഷിച്ചു-

പുതിയെന്നു തേടാനെന്നപോലെ

പുണ്യവതികള്‍ നിങ്ങളെന്‍ പൂക്കളേ

പുളകം ചൊരിയാന്‍ വിരിഞ്ഞവരേ

പലജന്മം ചെയ്‌ത പുണ്യഫലം

പൂത്തമരങ്ങളായ്‌ പിറന്നു പാരില്‍

ഞാനോ തളര്‍ന്നോരു പഥിക

നിന്‍ ചോട്ടിലിരിക്കുന്നിറ്റു തണലിനായ്‌

സൂര്യതാപമെന്നെ വരട്ടുന്നു

താതന്റെ കോപം കണക്കെ

Tuesday, July 10, 2007

മായ

എനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മില്
‍വേര്‍തിരിച്ചറിയാന്‍ പ്രയാസമായിരിക്കുന്നു.
ജീവിച്ചിരിക്കെ തന്നെ മരിച്ച്‌വരായി, അന്യാധീനപ്പെട്ട
ഉറ്റോരും ബന്ധുക്കളും മിത്രങ്ങളും അങ്ങകലെ
ഒരു നക്ഷത്രം പോലെതിളങ്ങി നില്‍ക്കുന്നു
മിന്നിയും മറഞ്ഞും പ്രകാശം പരത്തിക്കൊണ്ട്‌.
അതില്‍ ചിലര്‍ ഇടയ്ക്ക്‌ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍
ഒരു ഞടുക്കം
മരണത്തിനുള്ളിലും മറ്റൊരു മരണമോ?
അതിശയിച്ചുപോകുന്നു
ജീവിച്ചിരിക്കെതന്നെ ഞാന്‍ ഉപേക്ഷിച്ച
എന്നാല്‍ ഉപേക്ഷിക്കപ്പെട്ട മനുഷ്യര്‍
ആരില്‍ നിന്നൊക്കെയാണോ ഓടി അകലണമെന്നു കരുതിയത്‌
അവരെയൊക്കെ തന്നെ ശിഷ്ടകാലം മുഴുവന്‍ മനസ്സില്‍ ധ്യാനിച്ച്‌
എന്തു ജയം കൊയ്യണമെന്നു കരുതിയോ
ആ ജയം തന്നെ തോല്‍വിയായി പല്ലിളിച്ചു കാട്ടുന്നു
ജീവിച്ചിരിക്കെ മരിച്ചവര്‍ ഞങ്ങള്‍ പ്രവാസികള്‍

Tuesday, June 26, 2007

നക്ഷത്രങ്ങള്‍


നക്ഷത്രങ്ങള്‍ തമ്മില്‍ ഒരു നിശ്ചിത അകലം ഉണ്ട്‌. ചില നക്ഷത്രങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാലും എത്രനാള്‍ നോക്കിനിന്നാലും അടുക്കാനാവില്ല. കാരണം അത്ര അകലമേ പാടുള്ളു എന്നതുതന്നെ. തന്നിഷ്ടപ്രകാരം അടുക്കാന്‍ ചെന്നെന്നിരിക്കട്ടെ, നാശമായിരിക്കും ഫലം. ചില നക്ഷത്രങ്ങള്‍ കണ്ട മാത്രയില്‍ തന്നെ ഒന്നാകുന്നു. അവ ഒന്നു ചേരേണ്ടവയാണു എന്നതുതന്നെ കാരണം. ഓരോ നക്ഷത്ര ങ്ങള്‍ തമ്മിലും ഓരോ നിശ്ചിത അകലം ഉണ്ട്‌. മനുഷ്യരും അതുപോലെ തന്നെ. വര്‍ഷങ്ങളായി പ്രകാശം പരത്തിക്കൊണ്ട്‌ എത്ര നക്ഷത്രങ്ങള്‍ നമ്മുടെ ഒട്ടു ദൂരത്തല്ലാതെ തിളങ്ങി നില്‍ക്കുന്നുണ്ട്‌. അരികത്തായിട്ടും പ്രകാശം പരത്താത്തവയും, അല്ലെങ്കില്‍, ആ പ്രകാശം നമ്മുടെ ദൃഷ്ടിയില്‍ പെടാത്തവയും ഉണ്ട്. ഒരു ചെറിയ ദര്‍ശനത്തില്‍ തന്നെ ജീവിതമാകെ പ്രഭാപൂരിതമാക്കുന്ന നക്ഷത്ര ങ്ങളും ഉണ്ട്‌. അവ നമ്മുടെ ഉള്ളിലെ പ്രകാശത്തെ തിരിച്ചറിയുന്നു. അവ ഇരട്ടിപ്പിക്കുന്നു.

വിഢ്ഢികള്‍


ചിലകാര്യങ്ങളൊക്കെ വേദനയോടെയാണെങ്കിലും അംഗീകരിച്ചാലേ ജീവിക്കാനാവൂ. ചിലരില്‍ നിന്നും ആത്മാര്‍ഥത പ്രതീക്ഷിക്കും, പക്ഷെ ഒരു തരിപോലും ഉണ്ടാവില്ല. ചിലരില്‍ നിന്നും നീതി പ്രതീക്ഷിക്കും പക്ഷെ ഒരു തുള്ളിപോലും ഉണ്ടാവില്ല. സ്നേഹം ഭാവിക്കുന്നവരില്‍ നിന്നും ഒരു തുള്ളി സ്നേഹം പ്രതീക്ഷിച്ച്‌ വര്‍ഷങ്ങളോളം കാത്തിരിക്കും, ഒടുവില്‍ അറിയുന്നു, അവര്‍ക്ക്‌ സ്നേഹിക്കാനേ അറിയില്ലെന്നു. സത്യസന്ധരെന്ന്‌ ഭാവിച്ച്‌ നടക്കുന്ന ചിലരില്‍ നിന്ന്‌, ശുദ്ധരെന്നു തോന്നുന്ന ചിലരില്‍ നിന്നും, രക്ഷിക്കാമെന്ന്‌ വാഗ്ദാനവുമായി, കൂടെയുണ്ടാകുമെന്നു പറഞ്ഞു നടക്കുന്നവര്‍ ‍വെറും പൊയ്‌വേഷക്കാരാണെന്നു മനസ്സിലാകും. നമ്മുടെ ആത്മാര്‍ഥമായ കര്‍മ്മങ്ങള്‍ക്ക്‌ അവരൊരു കൂലി നിശ്ചയിച്ചിട്ടുണ്ട്‌. അതു തന്നു കഴിഞ്ഞാല്‍ അവര്‍ക്ക്‌ നമ്മോട്‌ ഒരു കടപ്പാടുമില്ല. അവര്‍ മറ്റു ചിലരുടെ താല്‍പ്പര്യസംരക്ഷണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണെന്ന്‌ വേദനയോടെ മനസ്സിലാക്കുന്നു. നാം ജീവിതകാലം മുഴുവന്‍ പണിയെടുക്കുന്നതു നമ്മുടെ ശ്രേയസ്സിനുവേണ്ടി, സന്തോഷത്തിനുവേണ്ടി, ഒരു നിമിഷംപോലും പാഴാക്കാന്‍ മടിക്കുന്നവര്‍ക്കാണെന്നു വേദനയോടെ തിരിച്ചറിയുന്നു. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ ചവിട്ടിമെതിക്കപ്പെടുമെന്നറിഞ്ഞിട്ടും അവരോടൊപ്പം നാം സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍ പിടിവാശിയുമായി നില്‍ക്കുന്നു. നാമല്ലേ വിഢ്ഢികള്‍?. ഒരിക്കല്‍ വീണാല്‍, അല്ലെങ്കില്‍ രണ്ടോ മൂന്നോ തവണ വീണാലെങ്കിലും നടക്കാന്‍ പഠിക്കണ്ടേ? ജീവിത കാലം മുഴുവനും വീണു വീണു ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ നടക്കൂ എന്ന പിടിവാശിയുമായി നടക്കുന്ന നാമല്ലേ വിഢ്ഢികള്‍!

Sunday, June 10, 2007

വിദുരര്‍

(ധര്‍മ്മദേവന്‍ വിദുരരായി ജനിക്കാനിടയായ കഥ )‍

നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പാപങ്ങള്‍ക്കെല്ലാം ഫലം അനുഭവി ക്കേണ്ടി വരുമെന്നതിനു ഉദാഹരണമായി ഒരു കഥപറയാം. ധര്‍മ്മദേവന്‍ എങ്ങിനെ മാണ്ഡവ്യശാപത്താല്‍ വിദുരരായി ജനിച്ചു എന്ന കഥ.ധര്‍മ്മം കാത്തുരക്ഷിക്കുന്ന ധര്‍മ്മദേവനു എങ്ങിനെ മാണ്ഡവ്യശാപമേറ്റു എന്നല്ലേ? അതിപ്രകാരമായിരുന്നു;മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുക യാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല. ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്ത്രനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി. മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങ ള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം എന്നതായിരുന്നു ശാപം.അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലി കയുടെ ദാസി, ശൂദ്രസ്തീയില്‍ വിദുരരായി ജനിച്ചു. മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട്‌ ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക്‌ പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ്‌ ഈ കഥ.

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

Saturday, May 26, 2007

ദൈവാന്വേക്ഷണം..


ഒരറ്റത്ത്‌ ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ ഓരോ സംഭവങ്ങളേയും കോര്‍ത്തിണക്കി, ഇതില്‍ എത്രമാത്രം ദൈവത്തിന്റെ സ്വാധീനം ഉണ്ട്‌ എന്നു പരിശോധിക്കല്‍. മറ്റൊരറ്റത്ത്‌ 'പിന്നേ, ഈ ലോകത്തിലെ കോടാനുകോടി ജീവികളുടെയും ശരിയും തെറ്റും നോക്കലല്ലേ ദൈവത്തിനുപണി' എന്ന സംശയം. ഒരറ്റത്ത് ദൈവത്തെ വിശ്വസിക്കാന്‍ തുടിക്കുന്ന ആത്മാവ്‌. മറ്റൊരറ്റത്ത് ‌ അവിശ്വസി ക്കാനും. ഇതിനിടയില്‍ വഴിയറിയാതെ ജീവിക്കുന്ന ഒരു മനുഷ്യജീവി.




ഇപ്പോള്‍, ,'ബില്‍ ബ്രൈസണ്‍' ന്റെ 'എ ഷോര്‍ട്ട്‌ ഹിസ്റ്ററി ഓഫ്‌ എവരിതിങ്ങ്‌' എന്ന ബുക്ക്‌ വായിക്കുന്നു. അതില്‍ നാം എത്രയോ ദശല‍ക്ഷമായി ഉരുത്തിരിഞ്ഞു വന്ന ഒരു ആറ്റം ആണെന്നും, പല പരിണാമങ്ങള്‍ കഴിഞ്ഞെങ്കിലും നമ്മെ നാമാക്കുന്ന ആറ്റം നമ്മില്‍ മാത്രം കുടികൊണ്ടിരിക്കുന്നു എന്നുമൊക്കെ. ‘സോഫീസ് വേള്‍ഡും’ ഇടയ്ക്കിടെ വായിക്കുന്നുണ്ട്. അതിലും മനുഷ്യന്റെ ഉല്‍പ്പത്തി തന്നെ വിഷയം.

വൈകിട്ട്‌ 'ഭഗവത്‌ ഗീത'യില്‍ ‘ജ്ഞാനമാണ്‌ എല്ലാം, ജ്ഞാനം മനുഷ്യനെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു’ എന്നും വായിച്ചു. ‘എസ്. രാധാകൃഷ്ണന്‍’ , ‘മനുഷ്യനില്‍ എന്തോ ദൈവീകത കുടികൊള്ളുന്നു എന്നും, അതുകൊണ്ട്‌ വീണ്ടുവിചാരത്തോടെ ജീവിക്കാം എന്നതൊഴിച്ചാല്‍ മറ്റൊന്നും മനുഷ്യനു ചെയ്യാനാവില്ലെന്നും, ചെയ്തിട്ട് കാര്യമില്ലെന്നു’മൊക്കെ...



തീര്‍ന്നില്ല, ‘ഗോഡ്‌ ഓഫ്‌ സ്മാള്‍ തിങ്ങ്സ്‌’ഒരാവര്‍ത്തികൂടി വായിക്കുകയാണു. അതില്‍ ഒരു മനുഷ്യന്‍, തനിക്കു സംഭവിച്ച ഓരോ അനുഭവങ്ങളും ഏറ്റവും ലോലമായെടുത്ത്‌, വികാരതീവ്രതയോടെ തന്റെ വിഷമങ്ങള്‍ക്കപ്പുറം മറ്റൊന്നില്ലെന്നാക്കി, വീണ്ടും മനുഷ്യതലത്തിലെത്തിക്കുന്നു. ഇതില്‍ ആരാണു ശരി കണ്ടെത്തിയത്‌? ഏതാണു ശരി? ദൈവം എന്നെ പരീക്ഷിക്കുന്നതോ? ഈ ബുക്ക്കളെല്ലാം കൂടി ഒരേ സമയം വായിപ്പിക്കാന്‍ തോന്നിയതും അദൃശ്യനായ ദൈവമാണോ?

(ദാ തുടങ്ങി വീണ്ടും ദൈവാന്വേക്ഷണം...)



ഇതിനിടെയാണു , “എന്നോടാരും നീതികാണിക്കുന്നില്ലല്ലോ ദൈവമേ” എന്നുള്ള് വിചാരവുമായി നിത്യജീവിതം...

Wednesday, May 23, 2007

മോക്ഷം വേണോ? ഭാരതസ്ത്രീയായി ജനിക്കൂ....


ന്യായാകാന്‍ തലമുണ്ഡനം ചെയ്യണമെന്നോ, കാശിരാമേശ്വരം പോകണമെന്നോ, കാവിവസ്ത്ര- മുടുക്കണമെന്നോ ഒന്നും വേണ്ട. ഭാരത സ്ത്രീകളായി ജനിച്ചാല്‍ മാത്രം മതി. മോഹങ്ങളില്‍ നിന്നും ആശാപാശങ്ങളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും ഒക്കെ മുക്‌തി നേടാന്‍.



പെണ്‍കുഞ്ഞ്, ഒരു ഫ്രൂണഹത്യയെ അതിജീവിച്ചോ, മറ്റോ കഷ്ടിച്ച്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെട്ടു പുറത്തു വന്നു എന്നിരിക്കട്ടെ, (ചുരുക്കം ചില എക്സപ്ഷന്‍ ഉണ്ട്‌ ട്ടൊ, രണ്ടുമൂന്നാണ്‍-

മക്കള്‍ക്കു ശേഷം ഉണ്ടായ പെണ്ണ്‌, കുട്ടികളുണ്ടാകാതിരുന്ന്‌ കിട്ടിയ നിധിയായ പെണ്ണ്‌, തുടങ്ങിയവ) ആദ്യം കേള്‍ക്കുന്നത്‌, ‘അയ്യോ പെണ്‍കുട്ടിയാണല്ലോ!’ എന്നുള്ള ഗുരുക്കന്‍മാരുടെ ആധിപുരണ്ട വാക്കുകളായിരിക്കും. ഒളിക്കാനും മറക്കാനുമൊന്നും പറ്റില്ല. ഇനി വളര്‍ത്തിയേ പറ്റു, = കര്‍മ്മഫലം

ബാല്യകാലം, വലിയ സുഖലാളനകള്‍ കിട്ടിയെന്നു വരില്ല മിക്കവര്‍ക്കും. ബാല്യകാലത്ത്‌ ഒരു അടിമയ്ക്കുവേണ്ട ശിക്ഷണങ്ങള്‍ കൊടുത്ത്‌ വളര്‍ത്തുകയായി. ‘നീ പെണ്‍കുട്ടിയാണു ട്ടൊ’, ‘അധികം ഉച്ചത്തില്‍ ചിരിക്കണ്ട’, ‘മരം കയറണ്ട’, ‘ ഓടരുത്‌’, ‘ചാടരുത്‌‘,
‘ഉറക്കെ തുമ്മരുത്‌‘, എക്സട്ര എക്സട്ര... = മിതഭാക്ഷണം, വിനയം...

കൌമാരം യൌവ്വനവുമൊക്കെ കുട്ടിയ്ക്കും അമ്മയ്ക്കും ഒരു പേടി സ്വപ്നമാണു. നേരത്തെ വീട്ടിലെത്തുക, ആണ്‍പിള്ളേരടുത്ത്‌ സംസാരിക്കരുത്‌ (അന്യഗൃഹജീവികളാണു ആണുങ്ങളെന്ന പോലെ) വീട്ടുജോലികള്‍ ചെയ്യുക. സന്യാസിക്കു വേണ്ടത്‌ തലക്കനം കളയുക എന്നല്ലേ, = ഞാനെന്ന ഭാവം കളയുക.

യൌവ്വനം
ആണുങ്ങളോട്‌ സംസാരിക്കണ്ട, അടുക്കണ്ട തുടങ്ങി. അതും സന്യാസത്തിലുണ്ടല്ലോ, = പരിപൂര്‍ണ്ണ ബ്രഹ്മചര്യം
വിവാഹം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. നിനക്കു സ്വന്തമായി ഒന്നും ഇല്ല, നിന്റെ ശരീരം പോലും. നീ ജനിച്ചു വളര്‍ന്ന വീടുകൂടി നിനക്ക്‌ സ്വന്തമല്ല. -പെണ്‍കുട്ടികള്‍ എന്നായാലും അന്യവീട്ടില്‍ പോകേണ്ടവരല്ലേ!-‘ലോകമേ തറവാട്‌‘. സന്യാസിക്ക്‌ ആരും അന്യരല്ല. അപരിചിതനായ ഒരു പുരുഷന്റെ കൂടെ അങ്ങു പോവുകയാണു. ഇന്നലെവരെ സ്വന്തമായി കാത്തുസൂക്ഷിച്ച ശരീരമ്പോലും തനിക്കു സ്വന്തമല്ലാ എന്നു തിരിച്ചറിയുന്നു. പിന്നെ, ആര്‍ക്കോ വേണ്ടി ജീവിക്കുകയാണു. അന്യന്റെ വീട്ടില്‍- എത്രയായാലും വന്നുകയറിയോളല്ലേ...!, = നിസ്സംഗമായി ജീവിക്കുക.

പ്രസവം
കുട്ടികളെ പ്രസവിക്കുക, വളര്‍ത്തുക. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ തങ്ങള്‍ക്കുള്ളതല്ല എന്ന നിസ്സംഗതയോടെ കാണുക.

ആരോഗ്യമുള്ളകാലത്തോളം

എല്ലുമുറിയെ പണിയെടുക്കുക. അത്‌ വീട്ടിലോ, വെളിയിലോ ആകാം. ജോലിയുള്ളവളായാലും സ്വന്ത ഇഷ്ടപ്രകാരം പണം ചിലവാക്കാന്‍ പാടില്ല. തന്റേടിയെന്നു മുദ്രകുത്തും. = ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക.

വാര്‍ദ്ധക്ക്യം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. ഒരുപാടു‌ വൃദ്ധസ്ത്രീകളെക്കാണാം ചുറ്റിനും, ആരുമില്ലാതെ, പെന്‍ഷനും ആശ്രയവുമില്ലാതെ, മോക്ഷവും കാത്ത്‌.

എല്ലാം കഴിയുമ്പോള്‍ നൂറുവര്‍ഷം കഠിന തപസ്സ്‌ ചെയ്‌ത്‌ നിസ്സംഗത വരുത്തിയ സന്യാസി ശ്രേഷ്ഠനെക്കാളും അതി കഠിനമല്ലേ നുമ്മുടെ ഭാരതസ്ത്രീകളുടെ മനസ്സ്‌. അവരല്ലേ ശരിക്കും മോക്ഷത്തിനു അര്‍ഹതയുള്ളവര്‍?

Saturday, May 19, 2007

വ്യത്യസ്ഥമായ ഒരു ചിന്ത


മറ്റു ജീവികളെപ്പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അരല്‍പ്പം ബുദ്ധിശക്‌തിയും ശബ്ദാനുകരണവുംകൂടി കൊടുത്തെന്നേ ഉള്ളു. ബാക്കി, മറ്റു ജീവജാലങ്ങളെപ്പോലെ വശം നിലനിര്‍ത്താന്‍ പരസ്പ്പരം ആകര്‍ഷിക്കുന്നു,ആഹാരത്തിനും പാര്‍പ്പിടത്തിനുമുള്ള അലച്ചിലില്‍ പരസ്പ്പരം സഹായിക്കയും കടിപിടികൂടുകയും ഒക്കെ ചെയ്യുന്ന വെറും ജീവികള്‍..

മനുഷ്യന്‍ സ്വയം സൃഷ്ടിച്ചതാണു നാം ഇന്നു കാണുന്ന ലോകം മുഴുവന്‍. ‘ഞാന്‍ അച്ഛന്‍, നീ അമ്മ, ഇതു നമ്മുടെ മക്കള്‍, നാം പരസ്പ്പരം മാത്രം സ്നേഹിക്കുക, നമ്മുടെ മക്കളെ മാത്രം സ്നേഹിച്ച്‌, നമുക്കുമാത്രമുള്ള ആഹാരം തേടി, നമുക്കുമാത്രം പാര്‍ക്കാന്‍ ഒരിടം കണ്ടെത്തി, മറ്റുള്ളവരെക്കാളൊക്കെ കേമനായിട്ട്‌ ജീവിക്കണം‘ എന്നതില്‍ നിന്നും ഉടലെടുത്ത സ്വാര്‍ത്ഥ വിചാരങ്ങള്‍. അവ നിലനിര്‍ത്താനായി, ഓരോ ബന്ധങ്ങള്‍. നമുക്കാവസ്യത്ത്തിലും അധികം സ്വരുക്കൂട്ടി വച്ച്, അതനുഭവിക്കാനാകാതെ, മറ്റുള്ളവരെയും അനുഭവിക്കാനനുവധിക്കാതെ, എന്തൊക്കെയോ നേടി എന്ന
മിഥ്യയോടെ ഈ ഭൂമിയില്‍ നിന്നും വിട പറയുന്നു.


മറ്റു ജീവജാലങ്ങള്‍ സ്വയം ഇരതേടാറായാല്‍ സ്വന്തംമക്കളെപ്പോലും തിരിച്ചറിയുന്നില്ല. അറിയേണ്ട ആവശ്യവും വരുന്നില്ല. ജനിച്ചു മരിക്കുന്നതുവരെ തങ്ങളെപ്പോലെയുള്ള ജീവികളോടൊപ്പം ജീവിക്കുന്നു. അത് സര്‍വൈവലിനു അവശ്യം.

മനുഷ്യനും ഇത്രയൊക്കെ ആവശ്യങ്ങളേ ഉള്ളു. ബാക്കിയൊക്കെ മനുഷ്യന്‍ സ്വയം സൃഷ്ടിച്ചെടുത്ത മായകള്‍. തങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ മറ്റുള്ളവര്‍ ചലിക്കുന്നില്ലെങ്കില്‍ പരിതപിച്ച്‌ ഇരവനെ പഴിച്ച്‌ ഇല്ലാത്ത മനോദുഃഖങ്ങളുമുണ്ടാക്കി. ‘ഇതു ഭൂമിയേ അല്ല നരകമാണെ’ന്നു പരിതപിച്ച്, മരിക്കുന്നു. ‘അയ്യോ ആര്‍ക്കും നന്ദിയില്ല, സ്നേഹമില്ല, കൊടുക്കുന്നപോലെ തിരിച്ചുകിട്ടിയില്ല, അവന്‍ വഞ്ചിച്ചു, അവന്‍ സ്നേഹിച്ചു, അവന്‍ സ്നേഹിച്ചില്ല’... എന്നൊക്കെ പരിതപിച്ച്‌, പരിതപിച്ച്‌... നാം മനുഷ്യജീവികള്‍...

Wednesday, May 16, 2007

ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം.


നമുക്കുചുറ്റിനും നടക്കുന്ന ഓരോ സംഭവങ്ങളും എത്രമാത്രം നിസ്സംഗതയോടെ നോക്കിക്കാണു വാനാകുമോ, അത്രയ്ക്കും സമാധാനവും സ്വസ്ഥതയും നമുക്കുണ്ടാകും.


ചെളിവെള്ളത്തില്‍ കിടന്നു മറിയുന്നവരെകണ്ട്‌, കരയില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമ്പോലെ. ‘ആ സന്തോഷം വേണ്ട’ എന്നു നിനയ്ക്കുക. സ്വഛമായ, സുഗന്ധം പറത്തുന്ന, ഇളം തെന്നല്‍ വീശും, ഒരു കുയിലിന്റെ നാദം ഇടയ്ക്കിടെ, ഒക്കെ കേള്‍ക്കാം, കാണാം, ആസ്വദിക്കാം, പിന്നീട്‌ യാത്ര തുടരാം.

വഴിയാത്രക്കാരായ നമ്മള്‍ , പോകും വഴി വഴക്കടിച്ചുകൊണ്ടു നടന്നാലോ? എങ്ങിനെയിരിക്കും? എല്ലാവര്‍ക്കും എത്തേണ്ടിടം ഒരിടം. കാണാനുള്ളത്‌ ഒരാളെ. അവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരെയും തുല്യരായി കാണും. വഴക്കില്‍ ജയിച്ചെന്നു കരുതി സമ്മാനമോ, തോറ്റെന്നു കരുതി തലോടലോ ഒന്നും കാണില്ല.

സുഗമമായ പാത നമ്മുടെ ഓരോരുത്തരുടെയും മുന്നിലുണ്ട്‌. അതിലൂടെ സ്വച്ഛന്തം നടക്കാനുമാവും. എങ്കിലും അതിനാവാതെ, കൂടെ യാത്രചെയ്യുന്നവന്റെ മേക്കിട്ടുകേറി, വഴക്കുണ്ടാക്കിയിട്ട്‌, പിന്നെ, ‘അയ്യോ അവന്‍ എന്നെ ദ്രോഹിച്ചേ, അവന്‍ ദ്രോഹിയാണേ, ഞാന്‍ പാവമാണേ’ എന്നൊക്കെ പരിതപിക്കാം. അല്ലാതെ തോളത്തു കയ്യുമിട്ട്‌, അരികില്‍ കാണുന്ന സുന്ദര ദൃശ്യങ്ങളും കണ്ട്‌, സുഖവും ദ്‌ഃഖവും ഒക്കെ പങ്കിട്ട്‌ , ഒരു ഉല്ലാസയാത്രപോലെ യാത്ര ചെയ്യുകയുമാവാം.

നമ്മില്‍ അധികവും ആദ്യം പറഞ്ഞവരെപ്പോലെയാണു. കാരണമില്ലാതെ കാര്യമുണ്ടാക്കുന്നു.




ജീവിതത്തിലെ സൌന്ദര്യം ആശ്വദിക്കുന്നവരും, അതിന്റെ വിശിഷ്‌ത മനസ്സിലാക്കി, തനിക്കു കിട്ടിയ ജീവിതംകൊണ്ട്‌ തൃപ്തിപ്പെട്ട്‌, തന്റെ വഴിയിലൂടെ തന്റെ വിധിക്കനുകൂലമായി നീങ്ങുന്നവനു ഇഹ ലോകവും സ്വര്‍ഗ്ഗം തന്നെ.




പ്രകൃതിയോടെതിര്‍ക്കുമ്പോള്‍ അശാന്തി ഉയരുന്നു. എതിര്‍ത്തിട്ടു കാര്യമില്ല. കീഴടുങ്ങുക. നമ്മുടെ മുന്നില്‍ പ്രകൃതി നമുക്കായി നീട്ടുന്നതെന്തായാലും അത്‌ സ്വീകരിക്കാന്‍ തലകുനിയ്ക്കുക. അതുമാത്രമേ വേണ്ടു.

Monday, May 14, 2007

ധ്രുവന്‍

അങ്ങ്‌ അനന്തവിഹായസ്സില്‍ ഒരു നക്ഷത്രം പ്രഭതൂകി നില്‍ക്കുന്നുണ്ട്‌. സത്യത്തിന്റേ യും നീതിയുടേയും തീവ്രഭക്‌തിയുടേയും പ്രതീകമായി. അതാണ്‌ ധ്രുവനക്ഷത്രം. ആ ധ്രൂവ നക്ഷത്രവുമായി ബന്ധപ്പെട്ടതാണ്‌ ധ്രുവരാജകുമാരന്റെ കഥ,ബ്രഹ്മാവിന്റെ വലത്‌ പകുതിയില്‍ നിന്നും ഉണ്ടായ സ്വയംഭൂമനുവിന്റെ (ആദ്യ മനു) മകന്‍ ഉത്താനപാദമഹാരാജാവിന്‌ രണ്ടുഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും. (അന്നത്തെ ക്കാലത്ത്‌ രാജവംശത്തിന്റെ നിലനില്‍പ്പിന്‌ വേണ്ടി രാജാക്കന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുമായിരുന്നു.) സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനും.മക്കള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ വാണിരുന്നെങ്കിലും. അമ്മമാര്‍ അത്ര രസത്തിലാ യിരുന്നില്ല. സുരുചിയുടെ അഹങ്കാരമായിരുന്നു അതിനു കാരണം. സുരുചിയക്ക്‌ സ്വതവേ താന്‍ മികച്ചവളാണെന്ന ഒരഹങ്കാരം, ഉണ്ടായിരുന്നു. ആ വിചാരം കൂടിക്കൂടി അത്‌ ആപത്തിലെത്തുംവരെ തുടര്‍ന്നു. സുരുചിയക്ക്‌ രാജാവിന്റെ സ്നേഹം മുഴുവനും വേണം, സുനീതിയുടെ മകനെക്കാള്‍ തന്റെ മകനെ രാജാവ്‌ ഇഷ്ടപ്പെടണം എന്നു തുടങ്ങിയ ദുര്‍വാശി കള്‍ ഉണ്ടായി.ഒരിക്കല്‍ രാജാവിന്റ അടുത്ത്‌ സുരുചിയും മകനും ഇരുന്നപ്പോള്‍ കേവലം അഞ്ചു വയസ്സുമാത്രം പ്രായമായ ധ്രുവരാജകുമാരനും അവിടെ വരാനിടയായി. ഉത്തമന്‍ അച്ഛന്റെ മടിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തനിക്കും പിതൃവാത്സല്യം അനുഭവിക്കാന്‍ ആഗ്രഹമുണ്ടായി ധുവനും അടുത്തുചെന്നു. രാജാവ്‌ ധ്രുവനെക്കൂടി മടിയിലേറ്റി ലാളിക്കാന്‍ തുടങ്ങി. ഇത്‌ സുരുചിയ്ക്ക്‌ ഇഷ്ടമായില്ല. അവളില്‍ അസൂയ മുഴുത്തു. അവള്‍ ആക്രോശിച്ചു. "നീ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു കടന്നു വന്നത്‌ ? . ഞാനും എന്റെ മകനുമല്ലേ ഇവിടെ ഇരുന്നിരുന്നത്‌. സ്വസ്ഥത നശിപ്പിക്കനായി നീ എന്തിനു വന്നു ? . നിന്റെ അമ്മയുടെ വയറ്റില്‍ പിറന്ന കുറ്റത്താല്‍ നീ അമ്മയുടെ അടുത്തു തന്നെ നിന്നോളു. അതല്ല രാജാവിന്റെ മടിയില്‍ ഇരിക്കണമെങ്കില്‍ മഹാവിഷ്ണുവിനെ തപം ചെയ്‌ത്‌ എന്റെ മകനായി ജനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക" എന്നു പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. ധ്രുവരാജകുമാരന്റെ കണ്‍കളില്‍ നിന്നു കണ്ണുനീര്‍ അടര്‍ന്നു വീണു, രാജാവ്‌ ഇതികര്‍ത്തവ്യാമൂഢനായി, സഹോദരന്റെ കണ്‍കളിലും കണ്ണൂനീര്‍ നിറഞ്ഞു. ഇതൊന്നും അഹങ്കാരതിമിരം ബാധിച ¸ുരുചി കാണുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. പരിഹാസ്യനായ ധ്രുവരാജകുമാരന്‍ കണ്ണീരോടെ അമ്മ സുനീതിയുടെ അടുത്തേയ്ക്കോടി. മകന്റെ കണ്ണീരിന്റെ കാരണം അന്വേക്ഷിച്ചറിഞ്ഞ സുനീതിക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞുപോയി. "ദുര്‍ഭാഗ്യയായ എന്റെ ഉദരത്തില്‍ പിറന്നതുകൊണ്ടായിരിക്കാം നിനക്കീഗതിവരാന്‍ കാരണം. മോന്‍ മഹാവിഷ്ണുവിനെ ഭജിക്കുക. അദ്ദേഹം കനിഞ്ഞാല്‍ എല്ലാം നേരേയാകും" . എന്നു പറഞ്ഞു സമാധാനിപ്പിച്ചു.ധ്രുവരാജകുമാരന്‌തനിക്കേറ്റ അപമാനം, നീതികേട്‌ സഹിക്കാനാവുന്നതായിരുന്നില്ല. മഹാവിഷ്ണു മാത്രമേ തനിക്കു ശരണമായുള്ളു എന്ന്‌ ആ പിഞ്ചു മനസ്സ്‌ ഉറച്ചു, ധ്രുവന്‍ അമ്മയോടു പറഞ്ഞു, "അമ്മേ ഞാന്‍ മഹാവിഷ്ണുവിനെ തപസ്സു ചെയ്‌തു പ്രീതിപ്പെടുത്തി, എന്റെ ദുഖനിവാരണ മാര്‍ഗ്ഗം ആരായുവാന്‍ പോകയാണു". അത്‌ സുരുചിക്ക്‌ അതിലും വലിയ ദുഖഭാരമായി. ഇത്ര ഇളം വയസ്സിലേ തപസ്സുചെയ്യാന്‍ പോകയോ അതും! സിംഹങ്ങളും പുലികളും മറ്റു ക്രൂരജന്തു ക്കളും നിറഞ്ഞ ഘോരവനത്തില്‍. സുനീതിയ്ക്കത്‌ ഉള്‍ക്കൊള്ളാ നായില്ല." എനിക്ക്‌ ഒരാപത്തും വരില്ലമ്മേ, അമ്മയും ഞാനും ദിനവും കുമ്പിടുന്ന നാരായണന്‍ എന്നെ രക്ഷിച്ചുകൊള്ളും" എന്നുപറഞ്ഞ്‌ അമ്മയുടെ മൗനാനുവാദവും വാങ്ങി ആ ബാലന്‍ വനത്തിലേയ്ക്കു യാത്രയായി. ധ്രുവന്റെ കണ്ണുകളില്‍ അപ്പോഴും കണ്ണുനീര്‍ തളംകെട്ടി കിടന്നിരുന്നു.വഴിയില്‍ വച്ച്‌ ധ്രുവന്‍ നാരദമുനിയെ കണ്ടുമുട്ടി. അദ്ദേഹം കാരണമാരാഞ്ഞറിഞ്ഞു. ധ്രുവനെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാന്‍ ധ്രുവന്‍ കൂട്ടാക്കിയില്ല . ഇത്ര ചെറുതിലേ ഇത്ര വൈരാഗ്യ ഭക്‌തിയുള്ള ധ്രുവന്റെ ഭക്‌തി സാക്ഷാത്കരിക്കുക തന്നെ ചെയ്യപ്പെടണമെന്നു നാരദമുനിക്കും തോന്നി. അദ്ദേഹം ധ്രുവനെ സമാധാനിപ്പിച്ച്‌ തപസ്സിനു വേണ്ട മന്ത്രങ്ങളും സുരക്ഷിതമായിരുന്ന്‌ - തപസ്സുചെയ്യാന്‍ ഒരിടവും കാട്ടിക്കൊടുത്തു മറഞ്ഞു.ധ്രുവന്‍ തപസ്സുതുടങ്ങി. വിശപ്പും ദാഹവും, വെയിലും മഴയും, കാറ്റും പിശറും ഒന്നും ധ്രുവന്‍ അറിഞ്ഞില്ല. അത്രയ്ക്കായിരുന്നു ധ്രുവനിലുള്ള ഭക്‌തി. ആദ്യ ദിവസങ്ങളില്‍ മൂന്നുദിവസം കൂടുമ്പോള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു, പിന്നീട്‌ ആറു ദിവസങ്ങളിലൊരിക്കല്‍ ഇലവര്‍ഗ്ഗങ്ങള്‍ പിന്നെ വെള്ളം മാത്രമായി, പിന്നെ വായുമാത്രമായി. പിന്നെ ഒന്നുമില്ലാതെ. വായുവിന്റെ ചലനം നിന്നു. വായുവിന്റെ ഗതിയാകെ നിന്നു. ജീവജാലങ്ങളൊക്കെ വിഷമിക്കാന്‍ തുടങ്ങി. ധ്രുവന്റെ ഭക്‌തികണ്ട്‌ മഹാവിഷ്ണുവിന്റെ മനസ്സു നിറഞ്ഞു. അദ്ദേഹം ആ പിഞ്ചുബാലന്റെ അരികിലെത്തി. ധ്രുവനെ തന്റെ മടിയിലിരുത്തി. ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും ധ്രുവന്റെ ആദ്യ ആഗ്രഹം തന്റെ സ്വന്തംപിതാവിന്റെ മടിയില്‍ അവകാശത്തോടെ ഇരിക്കണം എന്നതുതന്നെയായിരുന്നു. പിന്നീട്‌ ജീവിതാഭിലാഷമായ മഹാവിഷ്ണുവിനോടുള്ള തീവ്ര ഭക്‌തിയും വരമായി ചോദിച്ചു. അദ്ദേഹം പറഞ്ഞു, " നീ നിഷ്കാസിതനായിടത്ത്‌ നിന്നും പൂര്‍വ്വാധികം സ്നേഹം നിനക്കു കിട്ടും, നീ ആ രാജ്യം അനേകവര്‍ഷം ഭരിക്കും. എന്നില്‍ വന്നണയും. ഉത്തരപര്‍വ്വത്തിലുള്ള ധ്രുവപദത്തില്‍ എത്തി ധ്രുവനക്ഷത്രമായി ലോകാവസാനം വരെ പ്രഭതൂകി നില്‍ക്കും" , എന്നു പറഞ്ഞു മറഞ്ഞു.ധ്രുവന്റെ ഉള്ളം കുളിര്‍ത്തു. രാജകുമാരന്‍ നേരേ കൊട്ടാരത്തിലെയ്ക്ക്‌ നടന്നു. അവിടെ ധ്രുവനെ വരവേല്‍ക്കാന്‍ കണ്ണീരോടെ സുനീതിയും സ്വന്തം പ്രവൃത്തിയില്‍ പശ്ച്ഛാത്തപിച്ചു തുടങ്ങിയ സുരുചിയും ഉത്താനപാദനും ഉത്തമനും നിന്നിരുന്നു. അവര്‍ അവനെ വാരിപ്പുണര്‍ന്നു. രാജാവു മടിയിലിരുത്തി ലാളിച്ചു. അതുകണ്ട്‌ ഉത്തമന്‍ കൈകൊട്ടി ചിരിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. സുരുചിയും സുനീതിയും നിര്‍വൃതിയോടെ നോക്കിനിന്നു. ! പ്രായപൂര്‍ത്തി എത്തിയപ്പോള്‍ രാജാവ്‌ ധ്രുവനെ രാജഭരണം ഏല്‍പ്പിച്ചു. ധ്രുവരാജകുമാരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടരാജാവായി പലവര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം പൂര്‍വ്വാധികം അഭിവൃദ്ധിപ്പെട്ടു. എങ്ങും സന്തോഷവും സുഭിഷതയും തിങ്ങി നിന്നു. ഇഹലോകത്തില്‍ തന്റെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ധ്രുവരാജാവ്‌ സംതൃപ്തിയോടെ സ്വര്‍ഗ്ഗലോകം പൂകി. അദ്ദേഹത്തിന്റെ തീവൃഭക്‌തിയുടെ പ്രതിഫലമായി മഹാവിഷ്ണൂ അദ്ദേഹത്തിനെ നക്ഷത്രരാജ്യത്ത്ധ്രുവപദത്തില്‍ പ്രത്യേക ഇടം കൊടുത്തു. ലോകാവസാനംവരെ ഈശ്വരനെ വാഴ്ത്തിക്കൊണ്ട്‌ ഭക്‌തിയുടെ പ്രതീകമായി സത്യത്തിനും നീതിയ്ക്കും പ്രതീകമായി ധ്രുവരാജകുമാരന്റെ ആത്മാവ്‌ ഉത്തരഭാഗത്ത്‌ നമ്മെ നോക്കി നില്‍ക്കുന്നു. ധ്രുവനക്ഷത്രമായി പ്രഭതൂകിക്കൊണ്ട്‌..

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

*

Wednesday, May 9, 2007

കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍

ഞാന്‍ നോക്കിയിട്ട്‌ ലോകത്തില്‍ സത്യമായത്‌ ഒന്നുമാത്രം 'സര്‍വൈവല്‍ ഒാ‍ഫ്‌ ദി ഫിറ്റസ്റ്റ്‌'. മിടുക്കു ള്ളവര്‍ മുന്നേറുന്നു. സ്വന്ത നിലനില്‍പ്പിനായി അന്യജീവികളെ കൊന്നും, തിന്നും നശിപ്പിച്ചും ഉപയോ ഗപ്പെടുത്തിയും, ജീവികള്‍ ജീവിക്കുന്നു. മുന്നേറാന്‍ സാധ്യമല്ലാത്തവര്‍ നശിക്കുന്നു.

ചിന്തിക്കാന്‍ കഴിവുള്ള നമുക്ക് , മറ്റു ജീവികളെ ആഹരിക്കുന്നവര്‍ ക്രൂരരും വെജിറ്റേറിയന്‍കാര്‍ നല്ല വരെന്നും വിവേചിക്കാം. എന്നാല്‍ മൃഗങ്ങളിലിലും ഉണ്ടല്ലൊ വെജിറ്റേറിയന്‍കാരും നോണ്‍വെജി റ്റേറിയന്‍കാരുമൊക്കെ. ആനയും ജിറാഫ്ഫും ഒക്കെ വെജിറ്റേറിയന്‍കാരായത് അവരും നല്ലവരാകാ നാവുമോ? അവരൊക്കെ മൃഗങ്ങളിലെ ബ്രാഹ്മണരോ!

അവിടെയും പ്രകൃതി തന്റെ സംതുലിതാവസ്ത നിലനിര്‍ത്താനായി എല്ലാ ജീവജാലങ്ങളിലും ഈ വേര്‍ തിരിവ്‌ വരുത്തിയിരിക്കുന്നു.

എല്ലാം സഹിക്കുന്നത്‌ നമ്മെ താങ്ങിയിരിക്കുന്ന ഭൂമീദേവിയമ്മ മാത്രം.കൊല്ലുന്നവരെയും വെല്ലുന്നവ രെയും കൊല്ലപ്പെടുന്നവരും തോല്‍ക്കുന്നവരും ഒക്കെ അമ്മയ്ക്ക്‌ മക്കള്‍ തന്നെ. തന്റെ മാറിലേറ്റി സാന്ത്വനിപ്പിക്കുന്നു.

പിന്നെ ഭൂമികുലുക്കമോ! അത്‌ അമ്മയ്ക്ക്‌ ഇടയ്ക്കിടെ തളര്‍ച്ചയുണ്ടാകുന്നതോ, അമ്മയേയുടെമേല്‍ ആധിപത്യമുള്ള ഏതോ ശക്‌തി ചെയ്യിക്കുന്നതാകുമോ? ഭൂമികുലുക്കത്തിലും മറ്റു ഭൂമികോപങ്ങളിലും പെട്ടു പിടഞ്ഞു മരിക്കുന്നവരെ നോക്കി അമ്മയും കണ്ണീരൊഴുക്കുന്നുണ്ടാകും.

Monday, May 7, 2007

കഞ്ഞിയും കറിയും

ചെറുതിലേ നമ്മള്‍ കഞ്ഞിയും കറിയും വച്ചു കളിച്ചിട്ടില്ലേ. ഓരോരുത്തര്‍ക്ക്‌ ഓരോ റോളുകള്‍. ‘നീ അച്ഛന്‍ ഞാന്‍ അമ്മ, നിങ്ങള്‍ മക്കള്‍’ എന്നൊക്കെ പറഞ്ഞ്‌. എന്നിട്ട്‌ ചിരട്ടകളിലും ഇലകളിലും ഒക്കെ ചോറും കറിയും വച്ച്‌ മക്കള്‍ക്കും ഭര്‍ത്താവിനുമൊക്കെ കൊടുത്ത്‌ സംതൃപ്തിയടയുന്ന അമ്മ. പിന്നീട്‌ കളിച്ച്‌ മുഷിയുമ്പോള്‍ എല്ലാം തട്ടിത്തെറിപ്പിച്ച്‌ മറ്റൊരു കളിയിലേയ്ക്ക്‌, അല്ലെങ്കില്‍ അവരവരുടെ വീടുകളിലേയ്ക്ക്‌...



ചിലപ്പോഴൊക്കെ തോന്നും, ഈ ജീവിതവും അതുപോലെ ഒരു കഞ്ഞിയും കറിയുംവച്ചു കളിക്കലല്ലേ എന്ന്‌. നാമൊക്കെ ഓരോ റോളുകള്‍ അഭിനയിക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിനനുസരിച്ച്‌ ഓരോന്ന്‌ ഉണ്ടാക്കാന്‍ശ്രമിക്കുന്നു. വീട്ടിലെ ഷൊ കേസ്‌, അടുക്കള സാധനങ്ങള്‍ ഒക്കെ നമ്മുടെ രുചിയ്ക്കും ഭാവനയ്ക്കും അനുസരിച്ച്‌ നാം ചിട്ടപ്പെടുത്തുന്നു...

ഒരു ദിവസം അടുക്കിവച്ചില്ലെങ്കില്‍ അലങ്കോലപ്പെട്ടുപോകുന്ന ചിട്ടവട്ടങ്ങള്‍, താളം തെറ്റുന്ന ജീവിത ങ്ങള്‍. കളി തീരുംവരെ എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുക എന്നത്‌ കളിയുടെ വിജയത്തിനു ആവശ്യം. അതുകഴിഞ്ഞാല്‍ ഒന്നും ശേഷിക്കില്ല. എല്ലാം തട്ടിത്തെറിപ്പിച്ച്‌ വിധി നമ്മെ നോക്കി പല്ലിളിക്കുന്നുണ്ടാകും അപ്പോള്‍...

Sunday, April 29, 2007

അവരവരുടെ കര്‍മ്മങ്ങള്‍


അവരവരുടെ കര്‍മ്മങ്ങള്‍ ചെറുതെങ്കിലും അവ ചെയ്‌തു കഴിയുമ്പോള്‍ കിട്ടുന്ന സംതൃപ്തി, മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ പിടിച്ചു വാങ്ങി ചെയ്‌തു തീര്‍ക്കുന്നവര്‍ക്ക്‌ കിട്ടുമോ? ഇല്ലേ ഇല്ല. ഒരിക്കലുമില്ല.


Tuesday, April 17, 2007

കല


മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ ചേക്കാറാനുള്ള വ്യഗ്രത. സ്വന്തം ചിന്തകളില്‍ നിന്നുദിക്കുന്ന ആശയങ്ങള്‍ തന്റെ സഹജീവികളോടൊപ്പം പങ്കിടാനുള്ള ആഗ്രഹം. താന്‍ കണ്ടെത്തിയ പ്രകൃതിസത്യങ്ങള്‍ മായാതെ കുറിച്ചു വയ്ക്കാനുള്ള ത്വര. താന്‍ തരണം ചെയ്‌ത ജീവിത പാതകള്‍, വൈതരണികള്‍, അതിനിടയില്‍ കണ്ടെത്തിയ ജീവിത രഹസ്യങ്ങള്‍ ഒക്കെ മറ്റുള്ളവരെക്കൂടി അറിയിക്കാന്‍, അതുവഴി, അവര്‍ക്ക്‌ ആ പാത പരിചയപ്പെടുത്താനുള്ള വിശാലമനസ്കത. എല്ലാറ്റിലുമുപരി, ഒരു മനുഷ്യനു മറ്റുള്ള മനുഷ്യരുമായി തന്റെ ജീവിതം പങ്കിടാനുള്ള പ്രകൃതിസഹജമായ വാസന. ഒറ്റപ്പെടുന്നവര്‍, ഏകാന്തതകളില്‍ വിരാജിക്കുന്നവര്‍, അന്തര്‍മുഖര്‍ ഒക്കെയാണു കല എന്ന മാധ്യമത്തിലൂടെ അന്യരുമായി സമ്പര്‍ക്കം പുലര്‍ത്താനാഗ്രഹിക്കുന്നത്‌.

Sunday, April 15, 2007

നിന്നെ ഞാന്‍ സ്നേഹിച്ചോട്ടെ

നിന്നെ ഞാന്‍ സ്നേഹിച്ചോട്ടെ,
എനിക്കു എന്നെ മൂടിയിരിക്കുന്ന ഏകാന്തത അകറ്റാന്‍;
എന്നെ പുനര്‍ജീവിപ്പിക്കാന്‍;
നിന്റെ സ്നേഹം ആവശ്യമാണു

ജീവിതത്തോടു മുഴുവന്‍ വിരക്‌തിയും,
ഇവിടെ ജീവിക്കുന്നവരോടു നിറയെ പകയുമായി,
ആരെയും സ്നേഹിക്കാനാകാതെ,
ആരെയും വിശ്വസിക്കാനാകാതെ
സ്വയം നശിച്ചുകൊണ്ടിരുന്ന
ഒറ്‌റപ്പെട്ട ഒരു വ്യക്‌തി
അതു ഞാനായിരുന്നു

നീ എന്നില്‍ പ്രേമം നിറച്ചു
നീ എന്നില്‍ ജീവന്റെ വെളിച്ചം കൊളുത്തിവച്ചു.
നിന്റെ സ്നേഹം എന്റെ പ്രാണവായുവാണു
നിന്റെ സ്നേഹം എന്നെ ഉയിര്‍ത്തെണീപ്പിക്കുന്നു
നിന്റെ സ്നേഹം എന്നെ ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നു
നീയാണെന്റെ വെളിച്ചം;
നീയാണെന്റെ പ്രതിബിംബം

നീയാണെന്നെ കണ്ടെത്തിയത്.
കുറെ ചവറുകളുടെ കൂമ്പാരത്തില്‍ നിന്നും-
ചീഞ്ഞു നശിക്കാന്‍ തുടങ്ങിയ എന്നെ നീ കണ്ടെടുത്തു.
നിന്നോടു ഞാന്‍ എന്നും സ്നേഹമുള്ളവനായിരിക്കും.
എന്റെ സ്നേഹം എന്നും പരിശുദ്ധവുമായിരിക്കും

[ഒരു ആത്മഹത്യാമുനമ്പില്‍ നിന്നുകൊണ്ട് (സഡണ്‍ ഡെത്ത് അല്ല-സ്ലോ ഡെത്ത്) ഒരാള്‍ മുന്‍പില്‍ കാണുന്ന ഭയാനകവും അജ്ഞാ‍തവുമായ അഗാധ ഗര്‍ത്തത്തിലേയ്ക്കും, പിറകില്‍ കാണുന്ന അനന്തസാധ്യതകളുള്ള ഭൂമിയേയും നോക്കിനില്‍ക്കുന്നു, ഒടുവില്‍, രണ്ടും തമ്മിലുള്ള വ്യത്യാ‍സം ബോധ്യം വന്ന് ജീവിതത്തെ സ്നേഹിച്ചു തുടങ്ങുമ്പോള്‍, ജീവിതത്തോട് തോന്നില്ലേ ഒരു സ്നേഹം. ആ സ്നേഹത്തെയാണ് എഴുത്തുകാരന്‍ ഉദ്ദേശിച്ചത്. ആദ്യം ജീവിതത്തെ സ്നേഹിച്ചുതുടങ്ങിയാലല്ലെ പിന്നെ അവിടെയുള്ള മനുഷ്യരെ സ്നേഹിക്കാനാവൂ]

Saturday, April 14, 2007

മൃഗയാവിനോദം

സഹയാത്രികന്റെ തോല്‍വി തന്‍ നിണം
വാര്‍ന്നൊഴുകുന്നതില്‍ നിന്നൊരു
ചിന്തെടുത്തൊരു വിജക്കുറിചാര്‍ത്തി
ഉന്മത്തനായി ചിരിക്കുന്നു
വിജയി! വിജയമോ ഇത്‌?
മിഥ്യ തന്‍ പൊന്നൊളിക്കൂട്ടില്‍ വിരാജിക്കുന്ന മര്‍ത്ത്യര്‍
ഒന്നുമേ അറിയുന്നില്ലവനീ യാത്രയില്‍,
സ്വന്തം ഹൃദയത്തിന്‍ വിതുമ്പലല്ലാതെ‌‌-
ശ്രവിക്കുന്നില്ലവന്‍ മറ്റൊരു നൊമ്പരവും തെല്ലും.
നോവുന്ന, മുറിവേറ്റു പിടയുന്ന, ഹൃദയങ്ങളുണ്ടു-
പതിനായിരക്കണക്കിനു ചുറ്റിനും!
തിരിഞ്ഞു നോക്കുന്നോനോ,
ചുവടുപിഴച്ചു താഴെവീണുപോകുന്നു-
ദയനീയമായ്‌.
നിയതിയല്ലല്ലൊ നാമാരും.
ജീവിതം തന്നെ ഒരു പടപൊരുതലല്ലേ;
ഒന്നോര്‍ക്കുകില്‍ ഇരവന്നീ ജീവികളെ ശ്രിഷ്ടിച്ചതുതന്നെ-
ക്രൂരമാം ഒരു വിനോദത്തിനായിരുന്നിരിക്കണം തീര്‍ച്ച
സ്വന്തം ജീവനെ സ്നേഹിക്കുന്നു ജീവികള്‍;
ഇരയായി കാണുന്നതിനെ മറ്റു ജീവികള്‍.
ഇങ്ങിനെ അന്യോന്യം കൊന്നുതിന്നാന്‍, നശിപ്പിക്കാനാശിക്കുന്നീ-
ജീവികളെയെല്ലാം
ഭൂമിയെന്നുള്ളൊരു ഗോളത്തിനു ചുറ്റും വിതറി ,
ക്രൂരമാം വിനോദം കാണാന്‍
ഇരവന്നിരിക്കുന്നകലെയെങ്ങോ
പാവമാം ജീവികള്‍ തന്നുയിര്‍ കാക്കാന്‍,
വിളിക്കുന്നാ ഇരവനെത്തന്നെ
കേള്‍ക്കുമോ വിളിയങ്ങു ?
മറ്റൊരു മൃഗയാ വിനോദം പാര്‍ക്കാനിരിക്കുന്നാ ഇരവന്റെ
ചെവികളിലിതുമൊരു നര്‍മ്മത്തിന്‍ ഗീതമാകാം!

Friday, April 6, 2007

ജീവന്റെ ഉല്‍പത്തി


നമ്മുടെയൊക്കെ ജീവന്റെ ഉറവിടം ഭൂമിയായി സങ്കല്‍പ്പിച്ചു നോക്കൂ. നാം കാണുന്ന സത്യങ്ങളിലൊന്ന്‌. സസ്യലതാതികള്‍, ജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന ആഹാരം (പ്രൈമറിഫുഡ്‌) ചെടി കളില്‍നിന്നല്ലേ, അവ എവിടെ നിന്നു വരുന്നു? ഭൂമിക്കടിയില്‍, വിത്തുകളില്‍ നിന്ന്‌. ഭൂമീദേവി സൂര്യന്റേയും മഴയുടെയും സഹായത്താല്‍ അവയെല്ലാം വിളയിച്ചെടുത്ത്‌ മറ്റു ജീവജാലങ്ങള്‍ക്ക്‌ ആഹാരമായി നല്‍കുന്നു.


നാം ഭൂമിയില്‍ ക്കൂടി ചലിക്കാനാവുന്ന ജീവികള്‍. ഭക്ഷണം തേടി ബഹു ദൂരങ്ങളില്‍ അലഞ്ഞ്‌ മുന്നേറി..

ഭൂമീ ദേവി ചെടികളുടെ പെറ്റമ്മയാണെങ്കില്‍ നമ്മുടേയും ആവില്ലേ?



നാമെന്തിനു ജീവന്റെ ഉറവിടം തേടി ഉയരങ്ങളിലേയ്ക്കു നോക്കുന്നു? അനന്ത വിഹായസ്സിലേയ്ക്ക്‌ സംശയനിവാരണത്തിനായി അലയുന്നു, താഴേയ്ക്ക്‌ നോക്കൂ, ഒരുപക്ഷെ, പ്രപഞ്ചരഹസ്യങ്ങളുമായി ഒരമ്മ അവിടെ ക്ഷമയോടെ നമ്മെ തോളിലേറ്റി നടക്കുന്നുണ്ടാവും. തളര്‍ന്നു വീഴുമ്പോള്‍ പുതു ഉടല്‍ പ്രദാനം ചെയ്‌ത്‌ വീണ്ടും നമ്മെ അമ്മയുടെ മേല്‍ മേയാന്‍ വിടുവാന്‍ കാത്ത്‌..


ഒരു ഉടലിന്റെ കാലാവധി തീരുമ്പോള്‍, നമ്മുടെ ഉടല്‍ അടിയുന്നത്‌ ഈ മണ്ണിലല്ലേ? തീയില്‍ എരിച്ചാലും വെള്ളത്തില്‍ മുങ്ങിയാലും, ആകാശത്തില്‍ വച്ചു മരിച്ചാലും ഒക്കെ ഉടല്‍ ഒടുവില്‍ അടിയുന്നത്‌ അടിയില്‍, മണ്ണിലല്ലേ? എന്നിട്ടുമെന്തേ സംശയം?

Thursday, April 5, 2007

ഇരുള്‍

ദു:ഖത്തിന്റെ നിറം കറുപ്പത്രെ!
സന്തോഷത്തിനു പല നിറങ്ങളും.
ഒരേ ഒരു നിറമേ ഉള്ളു എന്നതത്രെ
ദു:ഖത്തിന്റെ മേന്‍മയും.
സന്തോഷം നമ്മെ ചപലരാക്കി
പല പല നിറങ്ങളിലേയ്ക്കടുപ്പിക്കുന്നു;
ഒടുവില്‍പുറം തള്ളി ഇരുട്ടിലാക്കുന്നു.
ഇരുളോ സര്‍വ്വം സഹിക്കുന്ന പെറ്റമ്മ;
കൈനീട്ടി നമ്മെ പുണര്‍ന്നീടുന്നു;
കാര്യം നിസ്സാരമെന്നോതീടുന്നു;
കനിവിന്റെ ചാറു പകര്‍ന്നീടുന്നു.
ഇരുട്ടിന്‍ നിറമോ കറുപ്പുമാത്രം

കൃഷ്ണ തുളസി

ഒരു കൃഷ്ണ തുളസി ഞാന്‍
എന്‍ ജന്‍മനാട്ടിന്റെ കുളിര്‍ക്കാറ്റുമേറ്റു
സ്വപ്നങ്ങളൊത്തിരി കണ്ടു പരിലസിക്കേ
പിഴുതെറിയപ്പെട്ടൊരുനാള്‍
സുകൃതമെന്നും സുകൃതയഷയമെന്നും ചിലര്‍
വേദനയോടെ വിഷമത്തോടെ
വേരുകള്‍ പൊട്ടിയ വിങ്ങലോടെ
ഏകയായ്‌ മൂകയായ്‌ വന്നുവീണിങ്ങു
ആരോരുമില്ലെനിക്കൊരിത്തിരി ദാഹനീരേകാന്‍
പൊട്ടിയ വേരിന്റെ നൊമ്പരം തീര്‍ക്കാന്‍
പൊയ്പോയ നാളിന്റെ സങ്കടം കേള്‍ക്കാന്‍
സൊല്ലയൊഴിക്കുവാനെന്നോണമാരോ
വാന്‍ കുഴിയൊന്നിലിറക്കിവച്ചു
നനവില്ല;മണ്ണിനിളകമില്ല
ദാഹനീരൊട്ടും തരാനാരുമില്ല
എങ്ങിനെ ഞാന്‍ ജീവിപ്പൂ
ജീവിക്കേവേണ്ടെന്നോ?
എങ്കിലെന്തിനെന്നെ പിഴുതെടുത്തു?
മണമില്ല നിറമില്ലെന്നറിഞ്ഞിട്ടും
പതിയെപ്പതിയെ നശിച്ചു പോകാനോ?
അതിനായി മാത്രമോ
ശ്രീകൃഷ്ണതുളസിയായ്ത്തന്നെ
ദൈവമെനിക്കേകി ജീവന്‍?

മുതുകില്‍ കൂനേന്തിയ വീട്ടാമ്മമാര്‍

എന്റെ മുന്നിലൂടെ അവര്‍ കടന്നു പൊയ്കൊണ്ടിരുന്നു
മുതുകില്‍ കൂനേന്തിയ വീട്ട്മ്മമാര്
‍പ്രരാബ്ദങ്ങളുടെ കൂനേന്തിയവീട്ടമ്മമാര്‍
ചായം പൂശാത്ത ചുണ്ടുകളോടെ
ചീകിയൊതുക്കാത്ത മുടിയോടെ
അലസമായ വേഷവിധാനങ്ങളോടെ
ഭംഗിയറ്റ ചലനങ്ങളോടെ
അവര്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു

അവര്‍ പരിസരങ്ങളെപ്പറ്റിതെല്ലും
ബോധവതികളായിരുന്നില്ല
അവരുടെ ഉള്ളില്‍ നിറച്ചു ഉല്‍ക്കണ്ഠകളായിരുന്നു
മക്കളെ വളര്‍ത്തി വലുതാക്കേണ്ടതിനെപ്പറ്റിയുള്ള
ഭര്‍ത്താവിനു തങ്ങളോടുള്ള സ്നേഹത്തെപ്പറ്റിയുള്ള ,
തീര്‍ത്താല്‍ തീരാത്ത ജോലികളെപ്പറ്റിയുള്ള
ഉല്‍ക്കണ്ഠകള്‍

പതിവ്രതകാളായ ഭാര്യമാരാകാന്‍ വേണ്ടി ,
കുലീനയായ വീട്ടമ്മയാകാന്‍ വേണ്ടി,
അവര്‍ അനാകര്‍ഷമ്മയി വസ്ത്രം ധരിച്ചു
അവര്‍ വലുതായി അണിഞ്ഞൊരുങ്ങാതിരുന്നു
അവര്‍ തങ്ങളുടെ ശരീരം ത്ടിച്ചു വികൃതമാക്കി
ഒരു നല്ല കുടുമ്പത്തിനു വേണ്ടി
അവര്‍ സ്വയം ഹോമിച്ചു

അവര്‍ വളര്‍ത്തി വലുതാക്കുന്ന മക്കള്‍
ഒരുപക്ഷെ നാളെഅവരെ ഉപേക്ഷിച്ചു പോയെന്നിരിക്കാം
ഏക അശ്രയമായി കരുതുന്ന ഭര്‍ത്താവ്‌ഒരു പക്ഷെ
നാളെഅവരെ ഉപേക്ഷിചു എന്നുവരാം

രക്ഷപ്പെടാനാകാത്ത അസുങ്ങളില്
‍ഏകാന്തയില്
‍നിരാശയില്‍ ‍പെട്ടുഴലുമ്പോള്‍ ,
മുതുകില്‍ കൂനേന്തിയവീട്ടമ്മമാര്‍ കരയുന്നു
വിലയില്ലാത്ത കണ്ണീര്‍ പൊഴിക്കുന്നു
ആരും കാണാനില്ലാത്തപാഴ്ക്കണ്ണീര്‍

Wednesday, April 4, 2007

കാലം


അങ്ങയുടെ അറിവോടെയല്ലാതെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ഒരു പുല്‍ക്കൊടിപോലും അനങ്ങു ന്നില്ല. എന്റെ ശ്വാസോച്ച്വാസത്തില്‍ പോലും അങ്ങയുടെ നിയന്ത്രണമുണ്ട്‌. അങ്ങയുടെ നിയമങ്ങള്‍ മറികടന്ന്‌ ആര്‍ക്കും ഒന്നും ചെയ്യാനുമാകില്ല. ഒഴികിക്കൊണ്ടിരിക്കുന്ന ഈ കാലപ്രവാഹത്തില്‍ വീണലിയാം‍, എരിഞ്ഞമരാം.

Monday, April 2, 2007

സമ്മതിക്കേണ്ട സത്യങ്ങളിലൊന്ന്‌.




മകളുടെ കൂട്ടുകാരിയുടെ വീട്ടില്‍, അവളുടെ അമ്മയുടെ അടുത്ത്‌ സുരക്ഷിതയായി ഇരുന്നു. ആ സ്ത്രീയില്‍ ഗ്രാമീണത കണ്ടു. കളഞ്ഞുപോയ, നഷ്ടമായ എന്തൊക്കെയോതിരിച്ചുകിട്ടിയ പ്രതീതി. അവരുടെ സല്‍ക്കാരം ഹൃദയം നിറച്ചു. മക്കള്‍ക്കുവേണ്ടി, ഭര്‍ത്താവിനുവേണ്ടി, കുടുമ്പത്തിനുവേണ്ടി, ജീവിക്കുന്ന ഒരു വീട്ടമ്മ. രാവിലെ 5 മണിയ്ക്കെണീറ്റു ഭര്‍ത്താവിനും മകള്‍ക്കും പ്രാതലൊരുക്കി, ലഞ്ച്‌ ഒരുക്കി, പാത്രത്തിലാക്കി, അവരെ യാത്രയാക്കിയിട്ട്‌, മാര്‍ക്കെറ്റില്‍ പോക്ക്‌, വീടു വൃത്തിയാക്കല്‍, ചായക്കു മകള്‍ക്കായി പലഹാര‍മുണ്ടാക്കുന്നു, ഡിന്നറിനു ഭര്‍ത്താവിനു ഓരോ ദിവസവും ഓരോന്ന്‌ ഒരുക്കി വച്ച്‌ കാത്തിരിക്കുന്നു...

അമ്മാവന്റെ മകനെ വിവാഹം കഴിച്ചവള്. ‍എസ്‌. എസ്‌. എല്‍. സി. കഴിഞ്ഞ്‌ പെണ്ണിനെ പഠിപ്പിക്കാന്‍ വിമുഖത കാട്ടിയ വീട്ടുകാര്‍(പഠിച്ച്‌ കുറച്ചു കാശു സമ്പാദിച്ച്‌ സ്വാതന്ത്രം പ്രഖ്യാപിച്ചുനടക്കുന്ന മോഡേര്‍ണിസ്റ്റുകളേക്കാള്‍ എത്ര വലിയ ത്യാഗവും ധീരതയുംആവശ്യമാണു ഇവരുടെ ജീവിതത്തിനന്!

മറ്റേതുരാജ്യത്തു പോയാല്‍ ഭാരതീയ സ്ത്രീയുടെ പവിത്രതും പാതിവൃത്യവുംകാണാന്‍ കഴിയും! ഭാരതം കഴിഞ്ഞാല്‍ പിന്നെ, ഭാരതീയര്‍ കുടിയേറിപാര്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ മാത്രം.

ഭാരതീയര്‍ കമ്പ്യൂട്ടറില്‍ മാത്രമല്ല വിജ്ഞാനികള്‍. ഭാരതീയരുടെ പല നന്മകളും ഇന്ന്‌ ലോകമെമ്പാടും വിതയ്ക്കപ്പെടുകയാണു. പല വിദേശികളും ഭാരതെ സ്ത്രീയെ അറിയാന്‍ തുടങ്ങുന്നു, അല്‍ഭുതപ്പെടുന്നു. അറിയാതെ ശിരസ്സു കുനിയ്ച്ചുപോകുന്നു. ഇതാണു ഭാരതത്തിന്റെ മേല്‍ക്കോയ്മ.

ദൈവത്തിന്റെ സ്വന്ത നാട്‌ എന്ന്‌ നാം വിളിയ്ക്കുന്ന നമ്മുടെനാട്ടില്‍ നാം പോലും തിരിച്ചറിഞ്ഞിട്ടി ല്ലാത്ത നന്മകള്‍ ഉണ്ട്‌. അതിന്റെ അംശവും പേറിയാണുനാം ദൂരദേശങ്ങളില്‍ പോയി ചേക്കേറിയിരി ക്കുന്നു. ആ നന്മകള്‍ നാമറിയാതെ, നമ്മെ ചുറ്റിയിരിക്കുന്ന സമൂഹത്തില്‍ പ്രഭ പരത്തുക തന്നെ ചെയ്യും. വൈകിയെങ്കിലും ഒരിക്കല്‍ സമ്മതിക്കേണ്ട സത്യങ്ങളിലൊന്ന്‌.

അറിവ്‌



പണ്ട്‌ മനുഷ്യന്റെ അറിവ്‌ ഉള്ളിലേയ്ക്കാണ്‌ വളര്‍ന്നിരുന്നത്‌. അവര്‍ ആത്മീയമായി മനസ്സിന്റെ പ്രകൃതി രഹസ്യങ്ങളുടെ ഉള്ളിലേയ്ക്ക്‌ ഊളിയിട്ട്‌, പല സത്യങ്ങളും കണ്ടെത്തി.


ഇന്നത്തെ യുഗത്തില്‍, അറിവ്‌ ലൌകീക സുഖങ്ങളുടെ പിന്നാലേ പോയി, വളര്‍ന്ന്‌ വളര്‍ന്ന്‌ ആകാശം മുട്ടുന്ന കെട്ടിടങ്ങളും, ലോകം നശിപ്പിക്കുന്ന അണുബോംബിലും മനുഷ്യന്റെ സമാധാനവും സ്വകാര്യത കളും നശിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ലോകത്തിലും ചെന്നെത്തിയിരിക്കുന്നു



പണ്ട്‌ ആത്മീയതയിലൂടെ നാം നമ്മിലുള്ള ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു, ദൈവവും നാമും തമ്മിലുള്ള ദൂരം കുറച്ച്‌ കുറച്ച്‌ ഒടുവില്‍ ദൈവസന്നിധില്‍ എത്തിയപ്പോള്‍ ഇന്ന്‌, നാം ദൈവത്തില്‍ നിന്ന്‌ ഒട്ടുദൂരം പോയി നില്‍ക്കുന്നു.ഇനി എവിടേയ്ക്ക്‌? എന്ന ചോദ്യവുമായി മധുരം കഴിക്കാനാവാതെ കൊഴുപ്പു കഴിക്കാനാവാതെ ഗുളിക കളും വിഴുങ്ങി നടക്കുന്ന ദ്ധ്യവയസ്ക്കര്‍.കഞ്ചാവിനും മയക്കു മരുന്നിനിമടിമപ്പെട്ട്‌ നടക്കുന്ന യുവ തലമുറ. കമ്പ്യൂട്ടര്‍ ഗയിമിലും ടി വി സ്ക്രീനിലും ബാല്യം തുലയ്ക്കുന്ന കുട്ടികള്‍. ഒറ്റപ്പെടലിലും അരക്ഷിത ത്വത്തിലും പെട്ട്‌ തവിക്കുന്ന വൃദ്ധര്‍.പണം ആവശ്യത്തിലേറെ കരുതിവച്ച്‌ അത്‌ അനുഭവിക്കാനറിയാതെ , ശാന്തിയും പരസ്പ്പര വിശ്വാസവും ന‍ഷ്ടപ്പെട്ട്‌, ആരേയും സ്നേഹിക്കാനാവാതെസംശയവും അശാന്തിയിലും പെട്ടുഴ റുന്ന പണക്കാരന്‍. പണം ഇല്ലെന്ന കാരണത്താല്‍ പട്ടിണിയും ദുരിതവുമായി ഇനിയൊരു കൂട്ടര്‍.ഇതാണ്‌ ഇന്നത്തെ അറിവ്‌ വളര്‍ന്ന്‌ വളര്‍ന്നെത്തിയിരിക്കുന്നത്‌

കാലം തെളിയിക്കുന്ന സത്യങ്ങള്‍



നമ്മുടെ അച്ഛനമ്മമാര്‍ പറയുന്നത്‌ കേട്ട്‌ നടന്നിരുന്നെങ്കില്‍ വഴി എത്ര എളുപ്പമായിരുന്നേനെ. ചില അച്ഛനമ്മമാര്‍ക്ക്‌ വഴി പറഞ്ഞു കൊടുക്കാനുള്ള ക്ഷമ തീരെയില്ല. വഴി തെറ്റുമ്പോള്‍ കുറ്റപ്പെടുത്താനും അറപ്പിക്കാനും മാത്രം രംഗത്തുണ്ടാവും. മറ്റു ചിലയിടത്ത്‌ മാതാപിതാക്കള്‍ തെളിച്ചുകൊടുക്കുന്ന വഴിയേ പോകാന്‍ വിസമ്മതിക്കുന്ന സാമൂഹ്യ വിരുദ്ധ മനസ്സുമായി മക്കള്‍. വഴിതെറ്റി ഒട്ടുദൂരം സഞ്ചരിച്ചു കഴിയുമ്പോള്‍ മാത്രം പരിതപിക്കുന്നു.. അന്ന അച്ചനമ്മമാര് ‍പറഞ്ഞപോലെ ചെയ്‌തിരുന്നെങ്കില്‍.. ചെറുപ്പത്തിലെ ചോരതിളപ്പില്‍ നാം പഴയ തലമുറയെ പുശ്ചിച്ചു തള്ളുമ്പോള്‍ ഓര്‍ക്കുക, വിലമതിക്കാനാവാത്ത അനുഭവ സമ്പത്തുണ്ട്‌ അവരുടെ കയ്യില്‍. നമ്മുടെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ ത്തിനോ പണത്തിനോ പദവിക്കോ ഒന്നും തരാനാവാത്ത സുരക്ഷിതത്വമുണ്ട്‌ അവരുടെ കയ്യി ചങ്ങല പൊട്ടിച്ച്‌ വെളിയില്‍ വരുമ്പോള്‍ നമ്മുടെ ബലം ക്ഷയിക്കുന്നു.സ്വയം പാത കണ്ടെത്തി വിജയിച്ചവര്‍ പോലും ഒരിക്കല്‍ ഇത്‌ മനസ്സിലാക്കുന്നു. കാലം തെളിയിക്കുന്ന സത്യങ്ങള്‍ കാലത്തിനേ തെളിയി ക്കാനാകൂ.മക്കളെ കുറ്റം പറയേണ്ട. വെള്ളം താഴേയ്ക്കേ ഒഴുകൂ എന്നതുപോലെ മാതാപിതാക്കളുടെ സ്നേഹ വാലസല്യം നമ്മിലേയ്ക്ക്‌ ഒഴികിക്കൊണ്ടിരിക്കുന്നു. നാം അറിയുന്നില്ലെന്നു മാത്രം വാര്‍ദ്ധ ക്ക്യത്തിലും ഒറ്റപ്പെടലിലും പെട്ട്‌ നരകിക്കുമ്പോള്‍ പോലും അന്യനാട്ടില്‍ മക്കള്‍ സുഖമായിരിക്കണേ എന്നു പ്രാര്‍ദ്ധിക്കുന്നു നമ്മുടെ അച്ഛനമ്മമാര്‍. അവര്‍ മാത്രമേ ഉള്ളു താനും ഈ ഭൂമിയില്‍ നമുക്കുവേണ്ടി പ്രാര്‍ദ്ധിക്കാന്‍ അവര്‍ മാത്രമേ നേര്‍ വഴി കാട്ടുവാനും ശാസിച്ചു നേരേയാക്കാനും വെമ്പല്‍ കാട്ടൂഅവര്‍ മാത്രമേ തെറ്റു തിരുത്തി ശുദ്ധരാക്കാന്‍ മുന്നോട്ടു വരൂഅവര്‍ മാത്രമേ അസുഖം വരുമ്പോള്‍ അടുത്തിരുന്ന്‌ ശുശ്രൂഷിക്കൂഎന്നിട്ടും പലരും പിന്നോട്ടു നോക്കാന്‍ അലസത കാട്ടുന്നു??? അജ്ഞത കാട്ടുന്നു???

അറിയുന്നില്ലാ.. ഭവാന്‍ അറിയുന്നില്ലാ..


ആത്മാവിനു പ്രായമില്ല, ലിംഗവ്യത്യാസമില്ല, അത്‌ തീയില്‍ വീണാലും വെള്ളത്തില്‍ വീണാലും ഇല്ലാതാ കില്ല. അതിനെ മുറിപ്പെടുത്താനാവില്ല, ഇല്ലാതാക്കാനുമാവില്ല. അത്‌ ശാശ്വതമായ ഒരു സത്യമാണ്‌.


അതെ, നമ്മുടെ ഉള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും ചിന്തിച്ചും ചിന്തിക്കാതെയും ഒക്കെ പതിയിരിക്കുന്ന ഒരാത്മാവുണ്ട്‌. അതിനെ വഹിക്കുന്ന വെറും പേടകങ്ങളാണു നമ്മുടെ പുറമേ കാണുന്ന ഈ ശരീരം. ശരീരത്തിന്റെ ദാഹവും, മോഹവും, വിശപ്പും, വിശപ്പില്ലായ്മയും, ആഗ്രഹവും, അത്യാഗ്രഹവും, സത്ചിന്ത യും, ദുര്‍ചിന്തയും ഒന്നും ആത്മാവിലേല്‍ക്കുന്നില്ല. കാരണം ആത്മാവ്‌ നിത്യമായതും മറ്റേതെല്ലാം നീര്‍ ക്കുമിളപോലെ തോന്നി മറയുന്നതുമാകുന്നു എന്നൊക്കെ എല്ലാവര്‍ക്കും അറിയാമെങ്കിലും അറിയാ ന്‍ വിസമ്മതിക്കുന്നു . സത്യത്തെ കാണാന്‍ അറപ്പാണു. വെറുപ്പാണു. ഇന്നിന്റെ മാസ്മരികതയില്‍ മയങ്ങി ആണിന്റെ ശരീരം പേറുന്നവര്‍ പെണ്വര്‍ഗ്ഗത്തെ അധിഷേപിച്ചും പണം കൈവശമുള്ളവന്‍ പാവങ്ങ ളെ ദ്രോഹിച്ചും അറിവു കൈവശമുള്ളവന്‍ അറിവില്ലാത്തവരെ അവഹേളിച്ചും അങ്ങിനെ ആടി തിമിര്‍ ‍ത്ത്‌ മുന്നോട്ട്‌ പോകുന്നു. ഉള്ളില്‍ എല്ലാം അറിയുന്ന ഒരാത്മാവുണ്ടെന്നും. അത്‌ എല്ലാവര്‍ക്കും ഒരേപോ ലെയാണെന്നും ആരും അറിയാന്‍ വിസമ്മതിക്കുന്നു. കാരണം നാം തുഴയുന്ന തോണിയുടെ അടിയില്‍ നിലകിട്ടാത്ത വളരെ വളരെ താഴ്ച്ചയുള്ള വെള്ളമാണെന്നു ഓര്‍ത്തുകൊണ്ടിരുന്നാല്‍ കപ്പല്‍ യാത്ര ആസ്വദിക്കാന്‍ പറ്റില്ല്ലല്ലോ. വിമാനം എന്‍ജിന്‍ തകര്‍ന്നാലും വളരെ താഴെ...കീഴ്പ്പോട്ട്‌. അതും, പ്ലയിനുള്ളിലെ സുഖ സൌകര്യങ്ങളില്‍ മുങ്ങുമ്പോള്‍ നാം മറക്കുന്നു. അതുപോലെ തന്നെ ജീവിത യാത്രയും. പക്ഷെ, എല്ലാ യാത്രകള്‍ക്കും ഒരന്ത്യം കാണും. അത്‌ വെറും തറയിലായിരിക്കയും ചെയ്യും. അത്‌ മറക്കാതിരിക്കുന്നവര്‍ക്ക്‌, ഒടുവില്‍ നിലം തൊടുബോള്‍ വിഷമിക്കേണ്ടിവരില്ല എന്നുമാത്രം.

Sunday, April 1, 2007

ഇണ


തനിയേ യാത്ര ചെയ്യുമ്പോള്‍ ഏകാന്തത, വഴിയിലെ അപകടങ്ങള്‍ ഒക്കെ ഒറ്റയ്ക്ക്‌ തരണം ചെയ്യണം. കൂടെ ഒരാളെ തുണയ്ക്ക്‌ കൂട്ടിയാലോ? പുലി വരുമ്പോള്‍ ഒന്നിച്ചു പൊരുതാം സംസാരിച്ചും പറഞ്ഞും വഴക്കു കൂടിയും ഒക്കെ വിരസതയില്ലാതെ യാത്ര പൂര്‍ത്തിയാക്കാം. പക്ഷെ ഒരാളുടെ 'തുണ' മാത്രം കിട്ടില്ലല്ലോ, ഹിതങ്ങളും കൂടി നോക്കണ്ടേ...അല്‍പ്പം വിട്ടു കൊടുക്കുകയും അഡ്ജസ്റ്റ്‌ ചെയ്യുകയും ഒക്കെ വേണം.

കൂടെ ഒരാളുള്ളപ്പോള്‍ ഏകാന്തത മോഹിക്കുകയും;ഏകാന്തതയില്‍ കൂട്ടിനൊരാളെയും തേടുന്നു നമ്മള്‍

Thursday, March 22, 2007

ചിന്താ തരംഗങ്ങള്‍


അന്തരീക്ഷത്തിലെങ്ങും ചിന്താ തരംഗങ്ങള്‍ വ്യാപിച്ചു കിടക്കുകയാണു. നമ്മള്‍ നല്ലതു ചിന്തിക്കുമ്പോള്‍‍ നല്ല ചിന്തകള്‍ നമ്മുടെ ചിന്തകളുമായി ഏറ്റുമുട്ടി നമ്മെ അതിലും നല്ല ചിന്തകളിലേയ്ക്ക്‌ നയിക്കുന്നു. ചീത്ത കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍‍ അന്തരീക്ഷത്തില്‍ പണ്ടുമുതലേ കിടക്കുന്ന ചീത്ത ചിന്താ തരംഗങ്ങളുമായി ഇടകലര്‍ന്ന് നമ്മെ കുറച്ചുകൂടി അധ:പതിപ്പിക്കുന്നു, ഇത്‌ വിവേകാനന്ദ സാമിയുടെ ബൂക്കില്‍ വായിച്ചിട്ടുണ്ട്‌.

നമ്മള്‍ തുടങ്ങിവയ്ക്കുകയേ വേണ്ടു. നല്ലതായാലും ചീത്തയായാലും അത് വളരും. സന്തോഷമായാലും സന്താപമായാലും, അലസതയായാലും, സുഖഭോഗാ‍ാസക്തിയായാലും, ആത്മീയതയായാലും, വിരക്തി യായാലും, സത്യാന്വേക്ഷണമായാലും, അത് തുടങ്ങിക്കഴിഞ്ഞാല്‍ വളരാനെളുപ്പം. അതുകൊണ്ട് എപ്പോഴും നമുക്ക് ഉതകുന്ന ഒരു ഭാവം ഉള്‍ക്കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കാം.മനസ്സിനെ കടിഞ്ഞാ ണിട്ട് നിയന്ത്രിക്കാന്‍ പറ്റുന്ന ദൂരം മാത്രം സഞ്ചരിക്കാം.

Wednesday, March 14, 2007

മര്‍ത്ത്യജന്മം

ആരായ്‌ നിനക്കു ജനിക്കേണമിനിയെന്നു
ദൈവമൊരുനാള്‍ ചോദിക്കുമെങ്കില്‍
‍സംശയം കൂടാതെ ഞാനുത്തരമേകും
മര്‍ത്ത്യ ജന്മമെനിക്കിനി വേണ്ടേ വേണ്ട
കാരണം ചോദിക്കില്‍ പലതുണ്ടെനിക്കു ചൊല്ലാന്‍;


ഒന്നാമതായ്‌, അമ്മതന്‍ വയറ്റില്‍ കിടന്നു തന്നെ
ക്രൂരമായ്‌വധിക്കപ്പെടേണ്ടതില്ലാ തന്നെ;
പിന്നെ,അമ്മിഞ്ഞപ്പാലു കുടിച്ചു വളരാം,
അമ്മതന്നരികിലായോടിക്കളിക്കാം;
രണ്ടാം വയസ്സില്‍ ഡേകെയറില്‍ പോകണ്ട,
അമ്മക്കു പകരമായായ വേണ്ട;

ബാല്യത്തില്‍,ഓടിക്കളിച്ചിടാമാവോളം
പുസ്തകപ്പുഴുവായ്‌, ഹോംവര്‍ക്കിനുള്ളില്‍ തളച്ചിടില്ലാരും,
തൊണ്ണൂറില്‍ കൂടുതല്‍-മാര്‍ക്കു വാങ്ങീടില്ലെങ്കില്‍ ജീവിതമേ ഇല്ലെന്നില്ല;


യൌവ്വനത്തിലോ,സ്വപ്നങ്ങളേറെ എനിക്കു കാണാം
ജാതിയുമില്ല, മതവുമില്ല;
സ്ത്രീധനം കാണില്ല,
ജ്യോതിഷമെന്നൊരു ജാലവും കാണില്ലെന്‍
‍സ്വപ്നങ്ങള്‍ക്കു കുറുക്കു നില്‍ക്കാന്‍
എന്നെ സ്നേഹിക്കുമൊരിണയോടൊപ്പം
നിര്‍ഭയമെന്നുമെനിക്കു വാഴാം.

അമ്മയാകാനും ഭയമേറെവേണ്ട;
ജന്മാന്തരങ്ങളായ്‌ എന്നെയും തേടി,
എന്നോടൊപ്പമെന്‍ മരണം വരെ
എന്‍ തുണയ്ക്കായ്‌ വരുമൊരു ജീവനെ
പെറ്റുവളര്‍ത്താന്‍ ഭയക്കേണ്ട തെല്ലും.



ആണ്മക്കളില്ലാത്തോര്‍ക്കു ഭ്രഷ്ടു കാണില്ലവിടെ,
പെണ്മക്കളെ പെറ്റു വളര്‍ത്തുവോള്‍ അമ്മയല്ലാതാവില്ല;
അതിപാവനമായൊരാ മാതൃപദം പങ്കിലമാകില്ല.
ആണിനും പെണ്ണിനും തുല്യ വിലയയുണ്ടാമവിടെ
ഈശ്വനുണ്ടാമോ തന്‍ മക്കളില്‍ ഭേദബുദ്ധി?

വാര്‍ദ്ധക്ക്യത്തിലും കൂടി; കുറ്റബോധമൊട്ടില്ലാതെ,
അങ്ങു വിളിക്കുമ്പോള്‍ തിരിച്ചു വന്നീടാം
ഇന്റെന്‍സീവ്കെയറില്‍ പിടിച്ചിടില്ലാരും,
ഓള്‍ഡേജുഹോമിലും പോകേണ്ടതില്ല;
ആരുടെ സമ്പാദ്യങ്ങളും സമയങ്ങളും
കണ്ണീരും കൂടി എനിക്കായ്‌ തുലയ്ക്കേണ്ട;
അങ്ങു തരുന്ന അസുഖങ്ങള്‍ വാറണ്ടുകളായെണ്ണി
പെട്ടെന്നു തന്നെ തിരിച്ചു വന്നീടാം.

ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍


ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നവര് ‍

എന്റെ കൂട്ടുകാര്‍
ഒരുമിച്ചോടിക്കളിച്ചു വളര്‍ന്നവര്‍

ഒരുമിച്ചുണ്ടുമദിച്ചു വളര്‍ന്നവര്‍
ഒരുമിച്ചുറങ്ങി ഉണര്‍ന്നവര്‍ഒ

രുമിച്ചാടി ത്തിമിര്‍ത്തവര്‍
ഒരുമിച്ചു നടന്നു തളര്‍ന്നു വലഞ്ഞവര്‍
ഒരുമിച്ചൊരരയാലിന്‍ ചുവട്ടിന്‍ തണലിലിരുന്നവര്‍
‍ഒരുമിച്ചേറെ സ്വപ്നങ്ങള്‍ കണ്ടോര്‍
ഇന്നവര്‍ വെറുമപരിചിതര്‍ മാത്രം

താവളം മാറിപ്പിരിഞ്ഞുപോയോര്‍
‍സ്ഥാനമാനങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍
‍ഭാര്യായായ്, അച്ഛനായ്, അമ്മയായ്‌,
വേഷങ്ങളേറെയായ്‌
നേരില്‍ കാണാതെ കരഞ്ഞ പകലുകള്‍
വര്‍ഷങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍
‍അന്ന്യരായിന്നു നാമന്യോന്യം എങ്കിലും
ഓര്‍മ്മയിലിന്നുമവരെന്‍ കളിത്തോഴര്‍ തന്നെ
ഇന്നൊരുപക്ഷെ വഴിവക്കില്‍
ഏറെയായ്‌ വിടവുകളിന്നിടയില്‍നാം കണ്ടുമുട്ടീടുകില്‍
അപരിചിതരെപ്പോല്‍ നടന്നു നീങ്ങും
വര്‍ഷങ്ങള്‍ സൃഷ്ടിച്ച വിടവില്‍
നമ്മുടെശരീരവും കൂടി നമുക്കന്യമാകിലും
എങ്കിലും ഓര്‍മ്മയിലിന്നും
എന്റെ മനസ്സില്‍നീയുണ്ട്‌
നിന്റെ മനസ്സില്‍ ഞാനും.
ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്ന
എന്റെ കൂട്ടുകാര്‍

Sunday, March 11, 2007

കൃഷ്ണതുളസി

കൃഷ്ണ അന്ന്‌ പതിവിലേറെ സന്തോഷ ത്തോടെയാണ്‌ ഉറക്കമുണര്‍ന്നത്‌ രാവിലത്തെ കുളിര്‍ക്കാറ്റും പുലര്‍കാലത്തിലെ ഇളവെയിലും തുളസിയെ വല്ലാതെ സന്തോഷവതിയാക്കി. ചുറ്റും പൂത്തു വിടര്‍ന്നു പരിലസിച്ചു നിന്നിരുന്ന കൂട്ടുകാരികളും സന്തോഷത്താല്‍ ഇളകി യാടുകയാണ്‌. എത്ര സുന്ദരികളാണ വരെന്ന്‌ തുളസി അഭിമാനത്തോടെ ഓര്‍ത്തു. അതെ തങ്ങളെല്ലാം ഒരു കുടുംബത്തില്‍ പെട്ടവരാണ്‌. ഒരാളുടെ സന്തോഷം മറ്റുള്ളവരേയും സന്താഷിപ്പിക്കുന്നു. ഒരാളുടെ വിജയം മറ്റുള്ളവരേ യും അഭിമാനം കൊള്ളിക്കുന്നു. ഒരാളുടെ പരി ശുദ്ധി മറ്റുള്ളവരിലും പടരുന്നു. ഒരാളുടെ വേദന മറ്റുള്ളവരേയും വേദനി പ്പിക്കുന്നു മൂകരാക്കുന്നു.തൂമണം വീശുന്ന പിച്ചിയും, നിറവും മണവും കൊണ്ടനുഗ്രഹീതയായ റോസയും പലവര്‍ണ്ണ ങ്ങളില്‍ പൂത്തു വിടര്‍ന്നു നില്‍ക്കുന്ന മറ്റനേകം ചെടികളും തന്റെ സഹോദരിമാരാണ്‌. താന്‍ അവരെപ്പോലെയൊന്നും വലിയ സുന്ദരിയല്ലെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത പരിശുദ്ധിയും ഗുണവും തനിക്കുണ്ട്‌. ഭഗവാനര്‍ച്ചിക്കപ്പെടുന്നത്‌ തന്നെയാണ്‌. അത്‌ മറ്റുള്ളവര്‍ക്കൊക്കെ അറിയുകയും ചെയ്യാം അവരെല്ലാം തന്നെ അംഗീകരിക്കുന്നും ഉണ്ട്‌. തനിക്കതുമതി. മണത്തേക്കാളേറെ. നിറത്തേക്കാളേറെ.

തുളസി പെട്ടെന്ന്‌ ഒരുശബ്ദം കേട്ടു. ഒരപരിചിതന്‍ തന്റെ വീട്ടുടമസ്ഥനോടു സംസാരിച്ചുകൊണ്ട്‌ തോട്ട ത്തിലേക്കു നടന്നടുക്കുകയാണ്‌.ആളെ കണ്ടാ ലറിയാം മാന്യനാണെന്ന്‌. വിദ്ശിയാണെങ്കിലും ഗര്‍വ്വ്‌ തീരെയില്ലാത്ത, പെറ്റനാടിനെ മതിക്കുന്ന ഒരു നല്ലമനുഷ്യന്‍.അദ്ദേഹം പറയുന്നകേട്ടു, "ഇപ്രാവശ്യം തിരിച്ചു പോകുമ്പോള്‍ എനിക്കൊരു തുളസിത്തൈ കൊണ്ടുപോ യെങ്കില്‍ കൊള്ളാമായി രുന്നു, ഡയറക്റ്റ്‌ ഫളൈറ്റ്‌ ഉള്ളതുകൊണ്ട്‌ പെട്ടെ ന്നവിടെ എത്തിക്കാം."അതിന്‌ തന്റെ ഗൃഹനാഥന്‍ മറുപടി പറയുന്നതും കേട്ടു. "അതിനെന്താ ഇവിടെ നല്ല ഒരു തൈ നില്‍പ്പു ണ്ട്‌, അങ്ങു തിരിച്ചു പോകുമ്പോള്‍ പിഴുതെടുത്ത്‌ ഭദ്രമായി കെട്ടി തരാം."കൃഷ്ണ ഞെട്ടിപ്പോയി. 'ദൈവമേ, താന്‍ സ്വപ്നത്തില്‍ കൂടി ഭാവനകണ്ടിട്ടില്ലാത്ത ഒരെതിര്‍കാലമോ തനിക്ക്‌.'! ഓര്‍ത്തപ്പോള്‍ തന്നെ നടുങ്ങിപ്പോയി.

കൃഷ്ണ അച്ഛന്റേയും അമ്മയുടേയും മുഖത്തു നോക്കി. അവരും അപ്രതീക്ഷിതമായ ആ വാര്‍ത്തകേട്ടു തരിച്ചു നില്‍ക്കുകയാണ്‌. പക്ഷെ മുഖം കണ്ടാലറിയാം ആ വാര്‍ത്ത അവര്‍ തങ്ങള്‍ ക്കു കിട്ടിയ ഒരു ബഹുമതിയോ അംഗീകാരമോ ആയി കണക്കാക്കുകയാണ്‌. തന്നെ വിട്ടുപിരിയുന്ന തിലേറെ അവരില്‍ ഗൃഹസ്ഥനോടുള്ള നന്ദിയും, വിദേശിയോടുള്ള ബഹുമാനവും തെളിഞ്ഞു കണ്ടു.

കൃഷ്ണക്കു പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. തന്റെ വിധി ഇതാകും. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത്‌. എന്നും പറിച്ചു നടേണ്ടവരല്ലെ ചെടി കള്‍. പിരിച്ചുമാറ്റപ്പെടേണ്ടവരല്ലെ ചെടികള്‍. തന്റെ വിധി ഇതാകും. നിശ്ശബ്ദം സഹിക്കുക. തനിക്കും വിലയുണ്ടെന്ന ഒരു തോന്നല്‍ അറിയാതെ മനസ്സില്‍ എപ്പോഴോ കടന്നു കൂടി.

കൃഷ്ണയുടെ വിദേശയാത്രയില്‍ ആശ്ചര്യപ്പെട്ടു ചിലര്‍. തങ്ങള്‍ക്കൊന്നു മുണ്ടാകാത്ത വലിയ ഉയ ര്‍ച്ച. അവര്‍ കൃഷ്ണയോടു പറഞ്ഞു "നീ ഭാഗ്യ വതിയാണ്‌ പ്ലയിനിലൊക്കെ കയറി അങ്ങു ദൂരെ പോകാം. നല്ലയാള്‍ക്കാരും വളരെ സുഖസൗകര്യ ങ്ങളുള്ള സമ്പന്ന നാട്ടില്‍ പോകുമ്പോള്‍ ഞങ്ങളെ യൊന്നും മറക്കരുതേ". കൃഷ്ണ അഭിമാനത്തോടെ തലകുലുക്കി. തെല്ല്‌ അഹംഭാവത്തോടും.

പക്ഷെ ദിവസം അടുക്കുംതോറും മനസ്സാകെ ഉത്ക്കണ്ഠകൊണ്ട്‌ മൂടപ്പെട്ടു. താനെവിടെ പോകു ന്നു? യാതൊരു പരിചയവുമില്ലാത്ത നാട്‌! ഒന്നും ഓര്‍ക്കാതിരിക്കാന്‍ കൃഷ്ണ മനസ്സിനെ വിലക്കി. കല്ലാക്കി. എന്തും സഹിക്കണം. എല്ലാം ഒരുപക്ഷെ നല്ലതിനായിരിക്കും എന്ന നേരിയ പ്രതീക്ഷ. ഒന്നു മല്ലേലും താന്‍ ദൈവത്തിന്‍ പ്രിയപ്പെട്ടവളാണല്ലോ എന്ന ചിന്ത തുളസിക്ക്‌ ധൈര്യം നല്‍കി. എവിടെ പോയാലും താന്‍ നശിക്കില്ലെന്ന വിശ്വാസം. ഏതു പ്രതിസന്ധിി‍ലും താന്‍ ജീവിക്കും എന്ന ഒരാത്മ ധൈര്യം.

തുളസി തന്റെ പ്രിയപ്പെട്ട തെച്ചിയോടു മാത്രം മനസ്സു തുറന്നു പറഞ്ഞു "എന്റെ തെറ്റീ, സ്വപ്ന ത്തില്‍ പോലും ഇങ്ങിനെ ഒരു ഭാവി ഇല്ലായിരുന്നു ഞാന്‍ എന്തുചെയ്യട്ടെ? നല്ലതിനോ ചീത്തയ്ക്കോ?"തെച്ചി ധൈര്യപ്പെടുത്തി, "എല്ലാം നല്ലതിനു വേണ്ടി ആണെന്നു കരുതൂ. നീ നല്ലതല്ലെ ചെയ്‌തിട്ടുള്ളു. പരിശുദ്ധിു‍ടെ പ്രതീകമായ നിനക്കു നല്ലതേ വരൂ. നീ ദൈവത്തിനു പ്രിയപ്പെട്ടവളല്ലെ."

കൃഷ്ണ ധൈര്യം സംഭരിക്കാന്‍ തുടങ്ങി. പക്ഷെ സംഭരിക്കുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ. കടല്‍മണലില്‍ എഴുതിയ കവിതപോലെ. തിരകള്‍ മായ്ച്ചുകൊണ്ടിരുന്നു. തന്നെ വേണമെന്നു പറഞ്ഞു വന്നിരിക്കുന്ന മാന്യനോടു ഒരല്‍പ്പം ദേഷ്യം തോന്നാതിരുന്നില്ല. "എന്തേ ഒന്നു തന്റെ മുന്നില്‍ വന്ന്‌ തന്നെ ധൈര്യവതിയാക്കുന്നില്ല?" എല്ലാവരേയും പിരിഞ്ഞു കൂടെ ചെല്ലുന്നതല്ലെ? എല്ലാം തന്റെ തലവിധി. അല്ലാതെന്തു പറയാന്‍. കൃഷ്ണ എല്ലാ സങ്കടങ്ങളും ദൈവത്തോടു പറഞ്ഞു കരഞ്ഞു.കൃഷ്ണ അച്ഛനോട ചോദിച്ചു "അച്ഛാ കൃഷ്ണ പോകുമ്പോള്‍ ഇവിടുന്ന്‌ കുറച്ചു മണ്ണു കൂടി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകട്ടെ?അച്ഛന്‍ ചിരിച്ചു, "കൊള്ളാം ആസമ്പന്നഭൂമിയി ലേയ്ക്ക്‌ ഇവിടെ നിന്നും മണ്ണോ! വേണ്ട. നിനക്ക വിടെ എല്ലാം ഉണ്ടാവും. നീ വിഷമിക്കണ്ട.". "അവര്‍ നല്ലവരാണ്‌. ഈശ്വരവിശ്വാസികളും നമ്മുടെ സംസ്ക്കാരം മറക്കാത്തെ കുലീനരുമാണ്‌. നിനക്ക വിടെ ഒരു വിഷമവും ഉണ്ടാകില്ല".

പിരിയേണ്ട ദിവസം അടുക്കുംതോറും. കൃഷ്ണ കൂടുതല്‍ മൂകയായി. താന്‍ ഇത്‌ ആഗ്രഹിച്ചിരു ന്നോ? ഇത്ര വലിയ ഒരു വേര്‍പിരിവ്‌! ഉറ്റോരെ മാത്രമല്ല. പെറ്റമണ്ണിനെ,നാട്ടാരെ എല്ലാംവിട്ട്‌, അങ്ങ കലെ. കൃഷ്ണ ചിന്തിക്കാന്‍കൂടി അശക്‌തയായി.അങ്ങിനെ കൃഷ്ണതുളസിയുടെ വിധിനിര്‍ണ്ണായക ദിവസം അടുത്തു. കൃഷ്ണ തന്റെ മനസ്സിനെ കല്ലാക്കി. നിര്‍വ്വികാരതയോടെ എന്തും സഹിക്കാ നുള്ള പാകതയോടെ കണ്ണടച്ചുനിന്നു.

കൃഷ്ണ യെ പിഴുതെടുത്തപ്പോള്‍ ജീവിക്കാനാവശ്യമായ ഒരല്‍പ്പം മണ്ണുമാത്രമേ ഉടമസ്ഥന്‍ കവറിലാക്കി യുള്ളൂ. കൃഷ്ണ അതില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ശ്രദ്ധിച്ചു. എങ്കിലൂം പിഴുതെടുക്കുമ്പോള്‍ വേരുകള്‍ ചിലത്‌ പൊട്ടിപ്പോയ വേദനയും, പ്ലയിന്‍ യാത്രയും എല്ലാം കൂടി കൃഷ്ണ വല്ലാതെ തളര്‍ന്നിരുന്നു.

കൃഷ്ണ കാറില്‍കയറി വീണ്ടും യാത്രയായി. വെളി യിലേയ്ക്കു നോക്കി മനോഹരമായി നട്ടുപിടിപ്പിച്ച ചെടികള്‍. കൃത്രിമസൗന്ദര്യം അതിന്റെ പരമോന്ന തയില്‍. കുറേ നേരം നോക്കിയിരുന്നപ്പോള്‍ തുള സിക്കു തലചുറ്റുന്നതുപോലെ. ഹൃദയം കവരുന്ന ഒരു മനോഹാരിതയും അവയ്ക്കൊന്നും ഇല്ല. ആരൊക്കെയോ കുടി പിഴുതെടുത്ത്‌ അടുക്കി വച്ചിരിക്കുന്ന ജീവനില്ലാത്ത പ്ലാസ്റ്റിക്‌ ചെടിയെ ഓര്‍മ്മിപ്പിക്കുന്ന ചെടികള്‍. വിനയാന്വിതരായി തന്റെ യജമാനന്റെ കല്‍പ്പനയും കാത്തു, അനു സരണയോടെ നില്‍ക്കുന്ന കാവല്‍ഭടന്മാരെപ്പോലെ തോന്നിച്ചു അവര്‍. പുഷ്പ്പിക്കാന്‍ പറയുമ്പോള്‍ പുഷ്പ്പിക്കണം, മാറ്റാന്‍ തോന്നുമ്പോള്‍ പിഴുതു മാറ്റി മറ്റൊരിടത്തേടത്തേയ്ക്ക്‌. ഭംഗികൂടാന്‍ വേണ്ടി ശിഖരങ്ങള്‍ വെട്ടുക, വളര്‍ച്ച നിയന്ത്രിക്കാന്‍ വേണ്ടി വേരുകളില്‍ ചിലത്‌ വെട്ടിമാറ്റുക, ദൈവമേ ഇതൊരു ജീവിതമാണോ! കൃഷ്ണയ്ക്കവയോടു സഹതാപം തോന്നി. ശരിക്കും ഉള്ള ജീവിതം എന്തെന്നറിഞ്ഞുകൂടാത്ത, ഒരിക്കലും അറിയപ്പെടാ നിടയില്ലാതെ മണ്ണടിയേണ്ടുന്ന പാവങ്ങള്‍. യ്ക്ക്‌. ഭംഗികൂട്ടാന്‍ വേണ്ടി, ശിഖരങ്ങള്‍ വെട്ടുക, വളര്‍ച്ചയെ നിയന്ത്രിക്കാന്‍ വേരുകളില്‍ ചിലത്‌ പിഴുതു മാറ്റപ്പെടുക. ദൈവമേ ഇതൊരു ജീവിത മാണോ. കൃഷ്ണക്കവയോടു സഹതാപം തോന്നി. ശരിക്കും ഉള്ള ജീവിതം എന്തെന്ന റിഞ്ഞു കൂടാത്ത, ഒരിക്കലും അറിയപ്പെടാ നിടയില്ലാതെ. പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷാദം കൃഷ്ണ യെ മൂടി.ഒരല്‍പ്പം തണലിനായി, ഒരിത്തിരി വെള്ള ത്തിനായി അവള്‍ കൊതിച്ചു. തനിക്കു വേരോടാ നുള്ള മണ്ണെവിടെ? കൃഷ്ണ ആകാംഷയോടെ വെളിയില്‍ നോക്കി. തനിക്ക്‌ ശിഷ്ടകാലം ജീവി ക്കേണ്ടുന്ന വീട്‌. തനിക്ക്‌ വേരോടേണ്ടുന്ന മണ്ണ്‌, ഒക്കെ കാണാനുള്ള ആകാംഷ. തനിക്ക്‌ വെള്ളം തന്ന്‌ ശുശ്രൂഷിക്കാന്‍ തന്റെ നന്ദിനിചേച്ചിയെ പോലെ ഒരു ചേച്ചി ഇവിടേയും ഉണ്ടാകുമോ?

തള ര്‍ന്നു വീഴാറായ ഒരു സമയം കൃഷ്ണ വീടെത്തി.പത്തുനൂറു തീപ്പെട്ടിക്കൂടുകള്‍ അടുക്കി വയ്ച്ച പോലെ ഒരു പടുകൂറ്റന്‍ കെട്ടിടം. അതില്‍ ഒരു തീപ്പെട്ടിയാണ്‌ തന്റെ ഉടമസ്ഥന്റെ വീട്‌. എല്ലാ വീടിനും മുന്നിലും ചെടിച്ചട്ടികളിലായി കുറേ ചെടി കള്‍ ഉണ്ട്‌. ആവശ്യത്തിനു വേരോടാന്‍ മണ്ണില്ലാ തെ, ചുറ്റും കോണ്‍ക്രീറ്റിന്റെ ചൂടില്‍ ഇത്ര ഭംഗി യായി ചിരിച്ചുകൊണ്ടു നില്‍ക്കാനുള്ള അവരുടെ കഴിവിനെ കൃഷ്ണ മനസ്സാ സ്തുതിച്ചു.അതിനിടയില്‍ ആരോ തന്നെ പൊക്കിയെടു ക്കുന്നത്‌ കൃഷ്ണ അറിഞ്ഞു. തന്നെയും ഒരു ചെട്ടിക്കുള്ളിലാക്കാനുള്ള ശ്രമമാണ്‌. പക്ഷെ അതി നു മുന്‍പ്‌ അവര്‍ കൃഷ്ണയെ ആകെ ഒന്നു കുലു ക്കി, അവശേഷിച്ചിരുന്ന ഇന്ത്യന്‍ മണ്ണുകൂടി കള ഞ്ഞിട്ടാണ്‌ അവര്‍ ചട്ടിക്കുള്ളില്‍ പൂഴ്ത്തിവച്ചത്‌. ഒരല്‍പ്പം വെള്ളവും തളിച്ചു ദൈവത്തിനു സ്തോത്രം. കൃഷ്ണ ദാഹം തീര്‍ത്തു.പക്ഷെ, വേരു പൊട്ടിയ വേദന, പുതിയ മണ്ണിന്റെ പ്രത്യേക ഗന്ധം, എല്ലാംകൂടി കൃഷ്ണ നന്നെ തളര്‍ന്നുപോയി.

ഒന്നു മയങ്ങി എണീറ്റു ചുറ്റിനും നോക്കി. പുതുമണ്ണില്‍ വേരോടാനുള്ള മടി. എങ്കിലും ഓടിയേ പറ്റൂ .നല്ല വൃത്തിയു ള്ള പുതുമണ്ണ്‌ കാണും തോറും കൃഷ്ണയ്ക്ക്‌, തന്റെ അച്ഛനും അമ്മയും സഹോദരരോടും കൂട്ടുകാരോടും നിന്ന സ്വന്തം മണ്ണിനെപറ്റിയുള്ള ഓര്‍മ്മ വല്ലാതെ നൊമ്പരപ്പെടുത്തി. അതിനി ഒരി ക്കലും തന്റെ സ്വന്തമല്ലെന്ന ചിന്ത വല്ലാത്ത നഷ്ട ബോധം സൃഷ്ടിച്ചു. ഈ നൊമ്പരവും നഷ്ടബോധവും പേറി താനിനി ഈ ജന്മം മുഴുവനും ഇവിടെ. ദൈവമേ ഓര്‍ക്കാന്‍ കൂടി കൃഷ്ണ അശക്‌തയായി.കൃഷ്ണ നാലുവശവും നോക്കി. ചുറ്റിനും അധിക വും താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചെടികളാ ണ്‌. വലിയ മരങ്ങളുടെ ആകൃതിയില്‍ നില്‍ക്കുന്ന കൊച്ചു മരങ്ങളാണ്‌. ബോണ്‍സായി എന്നാണത്രെ അവയുടെ പേര്‍. കൃഷ്ണക്കവയോടു സഹതാപം തോന്നി. വളര്‍ച്ച നിഷേധിച്ച പാവങ്ങള്‍. എന്നാല്‍ അവരില്‍ ഒരു വിഷമവും കണ്ടില്ല. മറിച്ച്‌ വലിയ ഗര്‍വ്വിഷ്ഠരായാണ്‌ നില്‍പ്പ്‌. കൃഷ്ണക്കു പറയണ മെന്നു തോന്നി "വലിയ ഗര്‍വ്വൊന്നും കാട്ടണ്ട ട്ടോ നിങ്ങളുടെ വേരുകളൊക്കെ തോണ്ടിയെടുത്ത്‌ മുറിച്ച്‌, വളരാനനുവദിക്കാതെ കുള്ളന്മാരാക്കി നിര്‍ത്തിയിരിക്കയാണ്‌.ഞങ്ങളുടെ നാട്ടിലായിരുന്നെ ങ്കില്‍ നിങ്ങള്‍ക്ക്‌ മാനംമുട്ടെ വളര്‍ന്നു നില്‍ക്കാ മായിരുന്നു" പക്ഷെ, തന്നെ അവര്‍ വളരെ താഴ്‌ന്ന രീതിയില്‍ നോക്കുന്നതു കണ്ടപ്പോള്‍, കൃഷ്ണക്ക്‌ ഒന്നും പറയാന്‍ തോന്നിയില്ല. നിനക്കെന്തു യോഗ്യതയാണ്‌. ഞങ്ങളുടെ സമ്പന്നഭൂമിയിലേ യ്ക്കു വരാന്‍ എന്ന അര്‍ത്ഥം നിറഞ്ഞ നോട്ടം. പുച്ഛമായ നോട്ടം കൃഷ്ണ ചൂളിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

പിന്നീടു കൃഷ്ണ കണ്ടത്‌ കുറെ ഓര്‍ക്കിഡിനെ യാണ്‌. അവയ്ക്ക്‌ വളരാന്‍ മണ്ണൊന്നും വേണ്ട. കുറെ കരിക്കട്ട മതി. എന്തു സന്തോഷത്തോടെ യാണ്‌ പൂത്തുലഞ്ഞു നില്‍ക്കുന്നത്‌! അതും പല വിധ വര്‍ണ്ണങ്ങളില്‍. മാസങ്ങളോളം അവയ്ക്ക ങ്ങിനെ പൂത്തുലഞ്ഞു നില്‍ക്കാന്‍ കഴിയുമത്രെ. കൃഷ്ണയ്ക്ക വയോടൊരല്‍പ്പം ഇഷ്ടം തോന്നി കാണാന്‍ മാത്രം. മാനസികമായി ഒരടുപ്പവും തോന്നിയില്ല. തന്റെ നാട്ടിലെ പിച്ചിയ്ക്കും മുല്ല യ്ക്കും ചെമ്പകത്തിനും ഉള്ള ഹൃദയ വിശുദ്ധിയോ, നിഷ്ക്കളങ്കതയോ നൈര്‍മ്മല്യമോ ഒന്നും അതിനു ള്ളതായി തോന്നിയില്ല.

കൃഷ്ണയ്ക്കൊരല്‍പ്പം ആശാസം തോന്നിയത്‌ അവിടെ കണ്ട തെച്ചിയെ കണ്ടപ്പോഴാണ്‌. പക്ഷെ അവയ്ക്കും സ്വാഭാവികതയില്ല കൃത്രിമ സൗന്ദര്യ മാണ്‌. ആരോ വെട്ടി നുറുക്കി, ചിട്ടപ്പെടുത്തിയിട്ട്‌, പൂത്തു നില്‍ക്കാന്‍ കല്‍പ്പനയിട്ടപ്പോള്‍ പൂത്തു നില്‍ക്കുന്നപോലെ. എങ്കിലും ഒരു തെച്ചിയല്ലെ, തന്നെപ്പോലെ ഭഗവാന്‌ അര്‍ച്ചിക്കപ്പെടേണ്ടവള്‍. തന്റെ സ്ഥാനം അതിനടുത്തായിരുന്നെങ്കില്‍ എന്നുകൂടെ അവള്‍ ആശിച്ചു. അവള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കയാണ്‌.അവള്‍ തന്നെനോക്കി ചിരിച്ചപ്പോള്‍ എന്തോ നിധി കിട്ടിയ സന്തോഷം.

കൃഷ്ണയ്ക്കു വീണ്ടും ദാഹം തോന്നി. തളര്‍ച്ചയും. ഒരല്‍പ്പം ദാഹജലം കിട്ടിയിരുന്നെങ്കില്‍. കൃഷ്ണ തന്റെ നന്ദിനിചേച്ചിയെ ഓര്‍ത്തു. കൃത്യസമയ ത്തില്‍ പതിവുതെറ്റാതെ, തനിക്കു വെള്ളമൊഴിച്ചു പരിപാലിച്ചിരുന്ന നന്ദിനി ചേച്ചി.വളരെനേരം കഴിഞ്ഞപ്പോള്‍ അകത്ത്‌ ആരോ വിളിച്ചു പറയുന്നതു കേട്ടു. "എടീ വെള്ളമൊഴി ക്കേണ്ടുന്ന സമയം കഴിഞ്ഞു' എന്ന്‌. അല്‍പ്പം കഴി ഞ്ഞ്‌ ആരോ വന്ന്‌ ജോലി ഒഴിക്കാനെന്ന മട്ടില്‍ നിരത്തിപ്പിടിച്ച്‌, ഓസ്‌ കൊണ്ടോ മറ്റോ ധൃതിയില്‍ വെള്ളമൊഴിച്ചു. കൃഷ്ണയ്ക്ക്‌ ആ ശക്‌തിയോടെ യുള്ള വെളളമടിയേറ്റു, താന്‍ വേരോടെ താഴെ വീണു പോകുമെന്നു തോന്നി. പിടിച്ചുനില്‍ക്കാന്‍ ആവുന്നത്ര നോക്കി. എന്നിട്ടും കുഴഞ്ഞു വീണു. പിന്നെ, എപ്പോഴോപതുക്കെ നിവര്‍ന്നു ഒരു രാത്രി മുഴുവനുമെടുത്തു നിവരാന്‍. ദൈവമേ ഇതു പോ ലെ രണ്ടു പ്രാവശ്യം കൂടിയായാല്‍ തന്റെ കഥ കഴിഞ്ഞതുതന്നെ ആരോടാണ്‌. സങ്കടം പറയുക

പിറ്റേ ദിവസം തോട്ടമുടമയെ കാണാന്‍ കുറേ പരിചയക്കാര്‍ വന്നു. അവര്‍ ചോദിച്ചു." ചേട്ടന്‍ നാട്ടില്‍ നിന്നു കൊണ്ടുവന്ന തുളസി. കൊള്ളാം പക്ഷെ പുതിയ മണ്ണില്‍ വേരു പിടിക്കുമോ എന്ന്‌ സംശയമാണ്‌. പക്ഷെ, പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വേറെ നല്ല തുളസിതൈ കൊണ്ടു തരുമായി രുന്നല്ലോ. ഇവിടെ അടുത്തൊരിടത്ത്‌ നല്ല തുളസി ത്തൈ ഉണ്ടായിരുന്നല്ലോ. ഏതിനും ഇതു മൂടു പിടിക്കുമോ എന്നു നോക്കട്ടെ. ഇല്ലെങ്കില്‍ ഞാന്‍ വേറേ കൊണ്ടുത്തരാം." "ആവട്ടെ" എന്നു തലകു ലുക്കുന്നതും കൃഷ്ണ കണ്ടു. കൃഷ്ണയ്ക്കു തല ചുറ്റുന്നതു പോലെ തോന്നി. ഈശ്വരാ നിന്ന നില്‍ പ്പില്‍ ഭൂമി പിളര്‍ന്ന്‌ താഴെ പോയെങ്കില്‍. താന്‍ ഒന്നുമല്ലാതായ ഒരവസ്ഥ. തന്റെ ജീവനു പോലും ഇവിടെ വിലയില്ല. പിന്നല്ലെ അഭിമാനത്തിന്‌.ഇല ചെന്നു മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും ഇലയ്ക്കുതന്നെ ദോഷം. തന്റെ മാത്രമല്ല, എല്ലാ ചെടികളുടേയും അവസ്ഥ ഇതു തന്നെയാണ്‌. പെണ്ണായി പിറന്നതിന്റെ ശിക്ഷ. പിറന്നുവീഴുന്ന മണ്ണും ജനിച്ചു വളരുന്ന വീടും മാതാപിതാക്കളും ഒക്കെ അവള്‍ക്കുമാത്രം അന്യമാവുന്നു ഒരുകണക്കിനു പ്രത്യേകതകളൊന്നു മില്ലാത്ത കാട്ടുതുളസികളാണ്‌ ഭാഗ്യവതികള്‍തന്നെ ഇവിടെ കൊണ്ടുവന്ന മാന്യദേഹം കൊണ്ടു വന്നതോടെ കടമ തീര്‍ന്നമട്ടില്‍ പിന്നെ തന്നെ ഒന്നു നോക്കിയിട്ടുകൂടിയില്ല. ഇതാണോ ഇവര്‍ കൃഷ്ണതുളസിയ്ക്കു കൊടുക്കുന്ന മര്യാദ. .പിന്നെ എന്തിനു കൊണ്ടുവന്നു എന്ന്‌ ഒരിക്കല്‍ ചോദിച്ച പ്പോള്‍ "അച്ഛനു ഇഷ്ടമായതിനാല്‍" ആണ ത്രെ. (വീട്ടില്‍ ഒരു കൃഷ്ണ തുളസിയുള്ളത്‌ ഐശ്വര്യമാണത്രെ) അതു ശരിയായിരിക്കും കാര ണം അച്ഛന്‍ തനിക്ക്‌ സമയത്തിനു വെള്ള മൊഴിക്കുന്നുണ്ടോ എന്നൊക്കെ വല്ലപ്പോഴുമെങ്കി ലും അന്വേഷിക്കുന്നതു കണ്ടിട്ടുണ്ട്‌. തന്നോടുള്ള ഇഷ്ടമല്ല, മറിച്ച്‌ ദൈവത്തിനോടുള്ള പേടിയാണെ ന്നു തോന്നുന്നു അദ്ദേഹത്തെക്കൊണ്ട്‌ അതു ചെയ്യിക്കുന്നത്‌. ഏതിനും തന്റെ കാണപ്പെട്ട ദൈവം അദ്ദേഹം തന്നെ. ഈ അന്യനാട്ടില്‍ വന്നിട്ടും പാരമ്പര്യം മറക്കാത്ത യാധാസ്ഥിതികന്‍പക്ഷെ തന്റെ രക്ഷകനെന്നു ഭാവിക്കുന്ന മാന്യനു അതൊന്നും ഇല്ല. തന്നെ ഇഷ്ടമല്ലെന്നു മുഖഭാവം കണ്ടപ്പോള്‍ തോന്നി. പക്ഷെ കൃഷ്ണക്ക്‌ ഇഷ്ടം തോന്നി തന്റെ ഉണ്ണിക്കണ്ണനെപ്പോലെ. അദ്ദേഹം തോട്ടത്തിന്റെ അടുത്തൂടെ പോകുമ്പോള്‍ ഓര്‍ക്കിഡിനേയും കുള്ളന്‍ മരത്തിനേയും ഒക്കെ വാത്സല്യവും ശൃംഗാരവും കലര്‍ന്ന മട്ടില്‍ നോക്കുന്നതു കണ്ടിട്ടുണ്ട്‌. കൃഷ്ണക്ക്‌ അപ്പോള്‍ അസഹനീയമായ വിഷമം, തോന്നും. സഹിക്കും. അല്ലെങ്കില്‍ ദേഷ്യം വന്നാലോ. (പക്ഷെ മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തകരുന്നത്‌ കൃഷ്ണ അറിഞ്ഞു. ഒരു സ്വപ്നംപോലും താലോലിക്കാ നില്ലാതെ മുരടിക്കാനോ തനിക്കു വിധി! അതിനോ താന്‍ ഇതുവരെ സ്വപ്നങ്ങളൊന്നും കാണാതെ കാത്തുനിന്നത്‌. കൂടുതല്‍ നല്ലവളാകാന്‍ ശ്രമിച്ചതിന്റെ ശിക്ഷയാവും) ഒരിക്കല്‍ അറിയാതെ കളയാണെന്നു കരുതി തന്നെ പിഴുതെറിയാന്‍ തുടങ്ങിയതാണ്‌. ഭാഗ്യത്തിനു മുത്തശ്ശി കണ്ടു കൊണ്ട്‌ "അയ്യോ എന്റെ തുളസി" എന്നൊരു വിളി. അതു കൊണ്ട്‌ വലിയ പരുക്കുകൂടാതെ അന്നു രക്ഷപ്പെട്ടു. അതില്‍ പിന്നെ രക്ഷകന്റെ സ്നേഹത്തിനു വേണ്ടി കേണിട്ടില്ല. മറിച്ച്‌, അടു ത്തുവരുമ്പോള്‍ പേടികൂടിയാണ്‌. അതു കാണു മ്പോള്‍ ഓര്‍ക്കിഡും, കുട്ടിമരവും അടക്കി ചിരിക്കും. അവരുടെ നല്ലകാലം അല്ലാതെന്തു പറയാന്‍.

തനിക്കു വന്നുപിടിച്ച അവ്സ്ഥ തുളസിക്കു ശരിക്കും മനസ്സിലായത്‌ അപ്പോഴാണ്‌. ഒരറ്റത്ത്‌ ഉറ്റവരെ വേര്‍പെട്ട ദുഖം. മറ്റൊരറ്റത്ത്‌ പുതു മണ്ണില്‍ വേരോടാനുള്ള മടി. അതിനിടയി തനിക്കേറ്റ ഈ അപമാനം എല്ലാം കൂടി താന്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു ഇനിയൊരിക്കലും കരകയറാനാകാത്ത വിധം. നിലനില്‍പ്പിന്റെ പ്രശ്നം. ഈശ്വരാ തന്റെ അന്ത്യം ഇതാകുമോ! ഇവിടെയാകുമോ ഈ അപരിചിതരുടെ ഇടയില്‍. തനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ആരുമില്ലാ ത്ത ഇവിടെ! തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ അച്ഛനമ്മമാര്‍ക്കെന്തു വിഷമമാകും. താനായിട്ട്‌ നല്ല പേരുണ്ടാക്കിയില്ലെങ്കിലും ദുഷ്‌ പേരുണ്ടാക്കണ്ട. തന്നെ ഇത്രയും വളര്‍ത്തി വലു താക്കിയതിനു അവര്‍ക്കു മരണംവരെ കണ്ണീര്‍ സമ്മാനിക്കണ്ട. ഒരു പറിച്ചുനടല്‍ കഴിഞ്ഞു മുറിവുണങ്ങുന്നതിനു മുന്‍പ്‌ മറ്റൊന്നോ! തനി ക്കതിനു കഴിയുമോ? ജീവിതത്തില്‍ തോറ്റ്‌ തിരിച്ചു ചെല്ലുന്ന തന്നെനോക്കി സഹതാപിക്കാനും പരിഹ സിക്കാനും ആള്‍ക്കാര്‍ കാണും. അഭിമാനിയായ മനുഷ്യന്‌ മരണമാണ്‌ അപമാനത്തേക്കാള്‍ ഭേദം. കൃഷ്ണയുടെ കണ്ണുകളാകെ കണ്ണീരാല്‍ മൂടി. കൃഷ്ണ ദൂരെ നില്‍ക്കുന്ന തെച്ചിയെ നോക്കി അവളും കേട്ടിരിക്കണം തോട്ടമുടമയുടേയും കൂട്ടു കാരുടേയും സംസാരം. പക്ഷെ അവള്‍ ഒന്നും അറിയാത്ത മട്ട്‌. ഓര്‍ക്കിഡുകള്‍ അല്‍പ്പം സഹതാ പമട്ടില്‍ നോക്കുന്നു. ബോണ്‍സായി പരിഹസി ക്കയും. ദൈവമേ! തന്റെ നാടും വീടും ഉപേക്ഷി ച്ചു വന്നതിനുള്ള ശിക്ഷയാണോ ഇത്‌. കൃഷ്ണക്ക്‌ വല്ലാത്ത ആത്മനിന്ദ തോന്നി. അതുപിന്നെ അപകര്‍ഷതയായി മാറുന്നതും അവളറിഞ്ഞു. തനി ക്കും ഒരു ഓര്‍ക്കിഡോ ബോണ്‍സായിയോ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്നുപോലും അവളാ ഗ്രഹിച്ചു. ഒരിക്കലും സാധിക്കാത്ത ആ മോഹം അവള്‍ മുളയോടെ നുളളിക്കളഞ്ഞു. എന്നിട്ടവള്‍ അല്‍പ്പം ആത്മവിശ്വാസമാര്‍ജജിച്ചു.

ഒരിക്കല്‍ അവള്‍ അറിയാതെ നോണ്‍സായിയോടു പറഞ്ഞു, "നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ നിങ്ങള്‍ക്കിവിടെ കിട്ടുന്നതു പോലുള്ള നല്ല വിലയും നിലയും എനിക്ക്‌ കിട്ടിയിരുന്നു നല്ല തിട്ടയൊക്കെ കെട്ടി, ഞാനും നല്ല അന്തസ്സില്‍ ആഭിജാത്യത്തില്‍ കഴിഞ്ഞതാണ്‌". അതുകേട്ടു ബോണ്‍സായി വളരെ ഉച്ചത്തില്‍ പരിഹസിച്ചു ചിരിച്ചു. എന്നിട്ടു പറഞ്ഞു, "ഓ ഇന്ത്യാക്കാര്‍ അതും മലയാളികള്‍, അവര്‍ അതും പറയും അതിലപ്പുറവും ചെയ്‌തില്ലെങ്കിലേ അല്‍ഭുതമുള്ളൂ". നിറവും മണവുമൊന്നുമില്ലാത്ത നിനക്കോ തിട്ട കെട്ടി.. അവരെല്ലാവരുംകൂടി ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. എല്ലാം അറിയുന്ന തെച്ചികൂടി ആ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍ തനിക്കവളോടാദ്യ മായി പുച്ഛം തോന്നി. തന്റെ നാട്ടിനെ, നാട്ടാരെ മറന്നവള്‍. അവളും ഒരുങ്ങിയിരിക്കുന്നു. വെട്ടി നിര്‍ത്തിയ മോഡേണ്‍ ചെടികളെപ്പോലെ കുറ്റി ച്ചെടിയായി നിറയെ പൂത്തുലഞ്ഞു കൊണ്ട്‌. അന്യ നാട്ടിനു ചേര്‍ന്ന പരിവേഷം. ബോണ്‍സായിക്കും ഓര്‍ക്കിഡിനും ഒപ്പം എത്താന്‍ വേണ്ടിയുള്ള പരിവ ര്‍ത്തനം. പിന്നെ, പതിയെ, അവളോടുള്ള പുച്ഛം അലിഞ്ഞലിഞ്ഞില്ലാതായി. അവളെ കുറ്റം പറ ഞ്ഞിട്ട്‌ കാര്യമില്ല. ഈ നാട്ടിനു ചേര്‍ന്ന പരി വര്‍ത്തനം. നിലനില്‍പ്പിന്റെ പ്രശ്നം. താനും മറേണ്ടിയിരിക്കുന്നു. ഇവര്‍ക്കു ചേര്‍ന്ന വിധത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറേണ്ടിയിരി ക്കുന്നു "കൃഷ്ണാ നീ തന്നെ തുണ. ഒരിറ്റ്‌ ധൈര്യം തരൂ, ഒരിറ്റ്‌ ആത്മവിശ്വാസം തരൂ, ഒരിട്ടു സ്നേഹം തരൂ"കൃഷ്ണ വേദനയോടെ ഓര്‍ത്തുപോയി.......സ്വന്തനാട്ടില്‍ ജീവിക്കുമ്പോള്‍ അതു നമുക്കു തരു ന്ന സുരക്ഷിതത്ത്വം സ്വാതത്ര്യം ഒന്നും നാം അറി യുന്നില്ല അക്കരപച്ചകള്‍ തേടി അന്യനാടുകളില്‍ വന്നടിയുമ്പോഴാണ്‌. നഷ്ടപ്പെട്ടത്‌ വളരെ വലുതാ യിരുന്നു എന്നറിയുന്നത്‌. തന്റെ പൂര്‍വ്വികര്‍ എത്ര ഭാഗ്യവാന്മാര്‍ അവര്‍ അന്യനാടു കണ്ടിട്ടില്ല ആരുടേയും അടിമയായില്ല, അവര്‍ സ്വന്തം ഭൂമിയില്‍ ജീവിച്ചു, ചുറ്റുമുള്ളവരെ സ്നേഹിച്ചു, സഹായിച്ചു അവരോടൊപ്പം ഇണങ്ങിയു പിണങ്ങിയും ജീവിച്ചു മരിച്ചു. അവര്‍ മരിച്ചപ്പോള്‍ കരയാന്‍ ബന്ധുക്കള്‍ മാത്രമല്ല, വളരെപ്പേരു ണ്ടായിരുന്നു ചുറ്റിനും. താനോ? തീപ്പെട്ടിക്കൂടി നകത്ത്‌ ഒരിക്കല്‍ പുഴുവിനെപ്പോലെ ചത്തിരിക്കു മ്പോള്‍ കരയാന്‍ സ്വന്തം മക്കള്‍ കൂടി കാണുമോ! ഒരുപക്ഷെ അവരും ഇതുപോലെ മറ്റു ക്കൂടുകളില്‍ ജീവിതം ചിട്ടപ്പെടുത്തുന്ന തിരക്കി ലായിരിക്കും അപ്പോള്‍... കൃഷ്ണ മനോഗദത്തില്‍ നിന്നുണര്‍ന്നു.ഓരോ നാട്ടില്‍ ചെന്നാല്‍ അവരെപ്പോലെയാകാന്‍ ശ്രമിക്കണം പഴംപുരാണവും പറഞ്ഞോണ്ടിരുന്നാല്‍ അവ രോടടുക്കാനാ വില്ല. നന്മയും സ്നേഹവും എല്ലാവ രിലും കാണും എന്തോ ഒന്നു തമ്മില്‍ അകറ്റുന്ന താണ്‌ ആ എന്തോ ഒന്ന്‌ എന്താണെന്ന്‌ കണ്ടുപിടിക്കാനായി അടുത്ത ശ്രമം. ഭാക്ഷ യാണോ? ഒരു ഭാക്ഷ ഉടലെടുക്കുന്നതുതന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ക്ക്‌ മനസ്സു തുറന്ന്‌ ആശയ വിനിമയം നടത്താനും ഒന്നാകാനുമലേ.്ല‍ അന്യോന്യ മുള്ള അല്‍പ സ്വല്‍പ്പം ഭിന്നതകള്‍ (തെറ്റുകള്‍) സഹിച്ച്‌ ഇരു കൂട്ടരും അന്യോന്യം മതിച്ചാല്‍ സ്നേഹം വളരും ഒന്നാണെന്ന ഭാവം വളരും കൃഷ്ണയ്ക്കങ്ങിനെയൊന്നും പറയാനവകാശമില്ല. ഉള്ളിലെ ആശയാണ്‌. ആശമാത്രമാണ്‌. എന്നെ ങ്കിലും ഒരിക്കല്‍ എല്ലാവരും ഒന്നാകുന്ന കാലം ഒരു സ്വപ്നമായി കൃഷ്ണ മനസ്സില്‍ താലോ ലിച്ചു,കൃഷ്ണ ഒഴുക്കിനെതിരെ നീന്താതെ ഒഴുക്കിനൊത്ത്‌ നീന്താന്‍ കിണഞ്ഞ്‌ പരിശ്രമിച്ചു കൊണ്ട്‌ ആ യാത്ര തുടര്‍ന്നുകൃഷ്ണ ഓര്‍ക്കിന്റെ ക്ഷമാശക്‌തിയും ബോണ്‍ സായിയുടെ ത്യാഗവും മതിക്കാന്‍ പഠിച്ചു. അവ രുടെ ആ നല്ല ഗുണങ്ങള്‍കൊണ്ടല്ലെ അവര്‍ക്കി വിടെ ജീവിക്കാനാവുന്നത്‌! അവരുടെ ക്ഷമാശക്‌തി യും വിട്ടുവീഴ്ചാമനോഭാവവും കൊണ്ടല്ലേ പലേ ഇന ചെടികള്‍ വാഴുന്ന ഇവിടെ ഒത്തൊരുമയോടെ മുന്നോട്ടു പോകാനാവുന്നത്‌. അവര്‍ അന്യനാടിനെ പെറ്റനാടായിക്കണ്ട്‌ ഒത്തൊരുമയോടെ ജീവിക്കാന്‍ ശ്രമിക്കയാണ്‌ താന്‍ അവരെ കുറ്റപ്പെടുത്തുന്ന തിലും ഭേദം സഹതപിക്കുകയായിരുന്നു വേണ്ടത്‌ എന്ന്‌ കൃഷ്ണയ്ക്കു തോന്നി. അവരവര്‍ക്കുള്ളതു കൊണ്ടല്ലേ അഥിതികളെ സല്‍ക്കരിക്കാനാവൂ. അവര്‍ക്കും ഇവിടെ ഇത്രയ്ക്കേ പരിഗണനയും സ്നേഹവും കിട്ടിയിട്ടുണ്ടാവൂ. തന്നെപ്പോലെ വന്ന കൃഷ്ണതുളസിമാരും ഉണ്ട്‌. ഇനിമുതല്‍ ഒരു പക്ഷെ, താനും അവരെപ്പോലെ, ഒരു തീപ്പെട്ടി ക്കൂടിനുള്ളില്‍ തന്റെ ലോകം പണിയണം. പിന്നെ താനും വിശാലമായ മറ്റു ഭൂമിയില്‍നിന്നു വിശാല മായ മനസ്സും ചിന്തകളുമായി വരുന്നവരെ പുശ്ചി ക്കുമായിരിക്കും. അറിയാതെ തനിക്കുള്ള മേല്‍ക്കോ യ്മകള്‍കൊണ്ട്‌ അവരെ നിര്‍വീര്യരാക്കാന്‍ ശ്രമി ക്കുമായിരിക്കും. വേരുകള്‍പൊട്ടി അനാധരെപ്പോലെ വന്നുനില്‍ക്കുന്ന അവരുടെ നിലനില്‍പ്പിനുവേണ്ടി യുള്ള പിടച്ചില്‍കണ്ട്‌ കൈപിടിച്ചു കരകയറ്റുന്ന തിനു പകരം നോക്കിനിന്നു രസിക്കുമായിരിക്കും പുതുതായി വരുന്ന തുളസിമാരെ കരുക്കളാക്കി ചൂതുകളിച്ച്‌ രസിക്കുമായിരിക്കും. സനാധരായി രുന്ന അവരെ അനാധരാക്കിയിട്ട്‌ കൈകഴുകുമായി രിക്കും. അനാധരായ അവര്‍ എല്ലാം നഷ്ടപ്പെട്ടവരാ യി മുന്നോട്ടുള്ള പാതയിലൂടെ തനിയേ ഗമിക്കു മ്പോള്‍ ഉള്ള വെട്ടംകൂടി അണച്ചു രസിക്കുമായി രിക്കും.

കൃഷ്ണ തന്റെ വിചാരങ്ങള്‍ക്ക്‌ കടിഞ്ഞാ ണിട്ടു. അങ്ങിനെയൊന്നു മുണ്ടാവില്ല, എല്ലാം തന്റെ മനസ്സിലെ ഭയങ്ങള്‍ മാത്രമാണെന്നു പറഞ്ഞു വിലക്കി. 'എല്ലാം മറന്ന്‌ തന്റെ മനസ്സിനെ കൃഷ്ണഭക്‌തിയില്‍ മുഴുകി കൃഷ്ണനെ മനസ്സില്‍ ധ്യാനിച്ച്‌ ജീവിക്കാന്‍ കഴിയുമാറാക ണേ.'കൃഷ്ണ പ്രാര്‍ദ്ധിച്ചു.കൃഷ്ണ തലയെത്തി നോക്കി. ഒരോ തീപ്പെട്ടി ക്കൂടിന്റെവെളിയിലും പാറാവുകാരെപ്പോലെ കുറേ ചെടികള്‍. ചൈനീസുകാര്‍ക്കു മാതളം, മലാ യ്ക്കാര്‍ക്ക്‌ കറിലീഫ്‌. ചിലര്‍ അല്‍പ്പം പഴകി യാല്‍ തൂക്കിയെറിയും ചിലര്‍ ഒരു കാരണവുമില്ലാ തെ വര്‍ഷാ വര്‍ഷം പഴയചെടികള്‍ കൊണ്ടു കള ഞ്ഞ്‌ പുതിയവ വാങ്ങി വയ്ക്കും. ചിലര്‍ സഹതാ പാദ്രം അല്‍പ്പം ദാഹജലം ഒഴിച്ചു കൊടുക്കുമ്പോള്‍ മറ്റു ചിലര്‍ പട്ടുപോകുന്നെങ്കില്‍ പോകട്ടെ എന്നു കരുതി കണ്ടില്ലെന്നു നടിച്ചു കണ്ണടയ്ക്കും. വേറൊരു കൂട്ടര്‍ സ്വന്തം ചെടികള്‍ക്ക്‌ ഉപദ്രവമു ണ്ടാകാതിരിക്കാനായി പിഴുതു മാറ്റാന്‍ ശ്രമി യ്ക്കയും. കളയെന്നു കരുതി പിഴുതുമാറ്റും ഇന്നൊ രു കൂട്ടര്‍. അതിനിടയില്‍ താന്‍ ഭാഗ്യവതിയാണ്‌. ഒന്നുമില്ലേലും ഇരിക്കാനൊരിടം കിട്ടി. വേരോടാന്‍ ഒരിത്തിരി മണ്ണും. തനിക്കതുമതി. ബാക്കിയുള്ള കാലം കൃഷ്ണനെയും സ്മരിച്ച്‌ ജീവിക്കാന്‍..

ക്രൃഷ്ണ തന്റെ നിഴല്‍പോലും മറ്റുള്ളവര്‍ക്കു ശല്യമാകാതിരിക്കാന്‍ ശ്രദ്ധിച്ച്‌ ജീവിച്ചു. കല്ലെടു പക്കിയെപ്പോലെ കല്ലെടുക്കാന്‍ പഠിച്ചു. "കല്ലെടു പക്കീ കല്ലെടു" എന്നു പറയുമ്പോള്‍ പക്കി കല്ലെ ടുക്കും. "മിടുക്കന്‍ പക്കി, കണ്ടോ കല്ലെടുക്കുന്ന ത്‌" പക്ഷെ, ആരും അറിയുന്നില്ല പ്രാണരക്ഷാര്‍ ത്ഥം പക്കി കല്ലില്‍ അള്ളിപ്പിടിക്കുമ്പോള്‍ കല്ല്‌ അറിയാതെ ഉയരുന്നതാണെന്ന്‌. കൃഷ്ണയുടെ പിടച്ചില്‍ കാണുമ്പോഴൊക്കെ കൃഷ്ണയെ സൃഷ്ടി ച്ച ഈശ്വരന്‍ മുകളിലിരുന്ന്‌ അവളെ നോക്കി മന്ദ സ്മിതം തൂകും "എനിക്ക്‌ എല്ലാവരും ഒരേപോലെ യാണു കുട്ടീ, നിനക്കും ഞാനുണ്ട്‌. വിഷമിക്കേണ്ട" എന്ന്‌ ആശ്വസിപ്പിക്കും. അപ്പോള്‍ കൃഷ്ണയുടെ ഹൃദയം കൃതജ്ഞതയാല്‍ നിറയും. അവള്‍ തന്റെ കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അപമാനങ്ങള്‍ ഒക്കെ മറ ക്കും. കൃഷ്ണ ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ, തന്റെ കടമകള്‍ മാത്രം ചെയ്‌ത്‌ ജീവിച്ചു. അവസാനം ഒരുദിനം കൃഷ്ണപാദത്തില്‍ വീണു ജീവന്മുക്‌തി പ്രാപിച്ചു. കൃഷ്ണനില്‍ അലിഞ്ഞു ചേര്‍ന്നു..