Wednesday, August 27, 2008

കടംവീട്ടല്‍

എത്രയോ ദേവയാനി ശര്‍മിഷ്ടകള്‍
ജനിച്ചു മരിക്കുന്നു.
ജനിക്കുന്നു വെവ്വേറിടങ്ങളില്‍
കണ്ടുമുട്ടീടുന്നൊരു ദിനം തമ്മില്‍
പഴയ കടം തീര്‍ക്കാന്‍,
പുരു രാജാവിനെ പങ്കുവയ്ക്കാന്‍,
ജീവിതമൊരു സമരാങ്ങണമാക്കുന്നു
ദേവയാനി ശര്‍മിഷ്ടമാര്‍ തമ്മില്‍ പടപൊരുന്നു
ശീത സമരത്തില്‍ അന്യോന്യം
നശിപ്പിക്കുന്നു.
സ്വയം നശിക്കുന്നു
ഇതികര്‍ത്തവ്യാ മൂഢനായ്‌ പുരു നില്‍ക്കുന്നു
തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നിക്കഥ
അന്നുമിന്നും
അനേകം ദേവയാനി ശര്‍മിഷ്ടകള്‍ ജനിക്കുന്നു
കാണുന്നവരൊരുദിനംതമ്മില്‍
അന്യോന്യം പടവെട്ടാനായ്‌, അവര്‍,
ഒരു പുരുവിനെ സൃഷ്ടിക്കുന്നു
പടപൊരുതി ജീവിതം ദുസ്സഹമാക്കി-
യൊരു ദിനം മരിച്ചു വീഴുന്നു.
2000

Monday, August 25, 2008

അന്യോന്യപൂരകം

സന്തോഷം ദുഃഖത്തിലും
ദുഃഖം സന്തോഷത്തിലും
അവസാനിക്കുന്നു

മഴ വരൾച്ചയിലും
വരൾച്ച മഴയിലും
അവസാനിക്കുന്നു

വെയിൽ തണലിലും
തണൽ വെയിലിലും
കലാശിക്കുന്നു

രാത്രി പകലിനും
പകൽ രാത്രിയ്ക്കും
വഴിമാറിക്കൊടുക്കുന്നു

മരം പൂവിനെയും
പൂവ്‌ മരത്തെയും സൃഷ്ടിക്കുന്നു

വസന്തം ശലഭങ്ങളേയും
ശലഭങ്ങൾ വസന്തത്തേയും
വരവേല്‍ക്കുന്നു

പ്രേമം പ്രേമഭംഗത്തിലും
പ്രേമഭംഗം മറ്റൊരു പ്രേമത്തിലും
കലാശിക്കുന്നു

സൗന്ദര്യം വൈരൂപ്യത്തെ ഭയപ്പെടുമ്പോൾ
വൈരൂപ്യം സൗന്ദര്യത്തെ ആരാധിക്കുന്നു

തോൽവി വിജയത്തെ സ്വപ്നം കാണുമ്പോൾ
വിജയം തോൽവിയെ ഭയപ്പെടുന്നു

ദാരിദ്രൻ പണത്തിനായി കൊതിക്കുമ്പോൾ
പണക്കാരൻ ദരിദ്രത്തെ ഭയപ്പെടുന്നു

യൌവ്വനം വാർദ്ധ്യക്ക്യത്തെ ഭയപ്പെടുമ്പോൾ
വാർദ്ധക്ക്യം യൗവ്വനത്തെ ആരാധിക്കുന്നു

തീ വെള്ളത്തെ ബാഷ്പീകരിച്ചു മറയ്ക്കുമ്പോൾ
വെള്ളം തീയെയും ഇല്ലാതാക്കുന്നു

ദൈവവിശ്വാസം സ്നേഹം വളർത്തുമ്പോൾ
അവിശ്വാസം സ്നേഹത്തെ തളർത്തുന്നു

ജിവിതം മരണത്തിലും
മരണം ജീവിതത്തിലും
കലാശിക്കുന്നു

മണ്ണിലെല്ലാമന്യോന്യ പൂരകം

Wednesday, August 20, 2008

സ്വപ്നങ്ങളില്ലാതെ...

സ്വപ്നങ്ങള്‍ കാണാനനുവാദമില്ലെങ്കില്‍
എന്തിന്നു ഭൂമിയീ സ്വപ്നങ്ങള്‍ നിര്‍മിച്ചു?
മനുഷ്യനെ വെറുതേ വ്യാമോഹിപ്പിക്കാനോ?
സ്വപ്നങ്ങളേറെയീ ഭൂമിയിലുണ്ടേലും
ഒന്നുപോലുമിന്നു സ്വന്തമല്ലെന്നു ചിലര്‍
പിന്നാര്‍ക്കാണീ സ്വപ്നങ്ങള്‍?
യുവതീ യുവാക്കള്‍ക്കുള്ളതാണെല്ലാം.
സ്വപ്നങ്ങളെന്നും ഒരിടത്തു നില്‍ക്കുന്നു.
നാമാണതിനെ കടന്നു പോകുന്നത്‌.
യവ്വനത്തില്‍ നാമതിനടുത്തെത്തും,
ചുറ്റും വലം വയ്ക്കും, തഴുകിത്തലോടും,
സ്വന്തമാക്കാന്‍ കൊതിക്കും,
ഒരുനുള്ളെടുക്കും ചിലര്‍,
പിന്നോമനിക്കായ്‌ സൂക്ഷിച്ചു വയ്ക്കും,
പിന്നെപ്പതുക്കെ വിടപറയും
അന്നവര്‍ കാണാനറക്കുന്ന സ്വപ്നങ്ങള്‍
പിന്നീടൊരിക്കലും അവര്‍ക്കുള്ളതല്ല.
നഷ്ടമാകുന്നതോ?
സ്വപ്നങ്ങളില്ലാത്തൊരു
മുഴു ജന്‍മവും.
2001

Saturday, August 16, 2008

ദൈവം ചിരിക്കുന്നത്

ദൈവം വസിക്കുന്നത് മനുഷ്യന്റെ ഹൃദയങ്ങളില്‍...

പാവങ്ങളുടെയിടയില്‍ ദൈവം വസിക്കുന്നു,

കഷ്ടപ്പെടുന്നവരുടെ കൂടെ ദൈവം വസിക്കുന്നു

ദുഃഖിക്കുന്നവരോടും ക്രൂശിക്കപ്പെടുന്നവരോടും ഒപ്പം ദൈവം വസിക്കുന്നു.

സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെടുന്നവരുടെയും ഉള്ളില്‍

ദൈവം വസിക്കുന്നു.

വിശ്വാസം ചതിക്കപ്പെടുമ്പോള്‍ ദൈവം കരയുന്നു

മനുഷ്യര്‍ നന്ദിയും മനുഷ്യത്വവും മറക്കുമ്പോള്‍ ദൈവം കരയുന്നു

മനുഷ്യര്‍ സ്വാര്‍ദ്ധരാകുമ്പോള്‍ ദൈവം ലജ്ജിക്കുന്നു.

മനുഷ്യര്‍ കപടത കാട്ടുമ്പോള്‍ ദൈവം ലജ്ജിക്കുന്നു.

മനുഷ്യര്‍ ലാഭനഷ്ടങ്ങളെയും വലിപ്പച്ചെറുപ്പങ്ങളെയും

ത്രാസില്‍ വയ്ക്കുമ്പോള്‍ , കണക്കെടുക്കുമ്പോള്‍

ദൈവം ലജ്ജിക്കുന്നു

മനുഷ്യന്‍ കഷ്ടപ്പെട്ട് വിജയം കൊയ്യുമ്പോള്‍ ദൈവം ആനന്ദിക്കുന്നു

മനുഷ്യര്‍ നിസ്വാര്‍ദ്ധരായി സേവനം ചെയ്യുമ്പോള്‍ ദൈവം അഭിമാനിക്കുന്നു.

വിജയിച്ചവന്റെ ചെവിയില്‍ ഇതല്ല യധാര്‍ത്ഥ വിജയമെന്നും;

തോറ്റവനോട് ഇതല്ല യധാര്‍ത്ഥത്തിലുള്ള തോല്‍ വിയെന്നും;

മനുഷ്യര്‍ കാണുന്ന വിജയം ദൈവത്തിന്റെ മുന്നില്‍ വിജയമേ അല്ലെന്നും

മനുഷ്യര്‍ തോല്‍ വിയെന്നു കരുതി കണ്ണീരൊഴുക്കുന്നത്

ദൈവത്തിന്റെ കണ്ണില്‍ തോല്‍ വിയേ അല്ല എന്നും

വെളിപ്പെടുത്തുന്നു.

മനുഷ്യര്‍ സ്വാര്‍ദ്ധരായി കുന്നുകൂട്ടി വയ്ക്കുന്നതൊന്നും വിജയമല്ലെന്നും

അത് മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടവ കയ്യടക്കല്‍ മാത്രമാണെന്നും

മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവരും മറ്റുള്ളവരുടെ കണ്ണീര്‍ തുടയ്ക്കുന്നവരുമാണ്

യധാര്‍ഥ വിജയികളെന്നും വെളിപ്പെടുത്തുന്നു.

മനുഷ്യര്‍ മറ്റുള്‍ലവരോട് ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുമ്പോള്‍

ദൈവം വിജയിക്കുന്നു

മനുഷ്യര്‍ അന്യോന്യം വെറുക്കുമ്പോള്‍ ദൈവം തോല്‍ക്കുന്നു.

അന്യോന്യം ചതിക്കുമ്പോള്‍ ദൈവം തോല്‍ക്കുന്നു.

അന്യോന്യം പടപൊരുതുമ്പോഴും പകപോക്കുമ്പോഴും

ദൈവം തോല്‍ക്കുന്നു.

ഒടുവില്‍ ഒരുവന്റെ ഉള്‍ലില്‍ മറ്റുള്ളവരോടുള്‍ല വെറുപ്പും

പകയും മാത്രമാകുമ്പോള്‍;

സത്യത്തിന്റെ കണികപോലുമില്ലാതാകുമ്പോള്‍;

ഉള്ളിലെ ദൈവം ശ്വാസം മുട്ടി മരിക്കുന്നു.

സ്നേഹമാണു ജീവന്റെ ഉറവിടമെന്നുന്‍

സ്നേഹമാണു ജീവന്റെ ഉല്പത്തിയെന്നും

സ്നേഹമാണു ഭൂമിയുടെ മുന്നോട്ടുള്ള പ്രയാണം തന്നെ,

എന്നും, ദൈവം വെളിപ്പെടുത്തുന്നു.

ഭൂമിയ്ക്ക് സൂര്യനോടുള്ള സ്നേഹം,

നക്ഷത്രങ്ങള്‍ക്ക് ആകാശത്തോടുള്ള പ്രണയം

പുഴയ്ക്ക് മഴയോടുള്ള പ്രണയം

വസന്തത്തിനു പൂക്കളോടുള്ള പ്രണയം

മനുഷ്യനു മനുഷ്യനോടുള്ള സ്നേഹം

അതാണു, ഭൂമിയുടെ നിലനില്‍പ്പിനു ആധാരം എന്നും

ദൈവം വെളിപ്പെടുത്തുന്നു.

[ ഇതൊക്കെ ഗുരുജിയുടെ മാത്രം ചിന്തകളാണേ...]

Thursday, August 14, 2008

പ്രേമം

അവരുടെ പ്രേമത്തിന്റെ ഓരോ ഘട്ടത്തിലും അവള്‍
അവരുടെ അടഞ്ഞു കിടന്ന വാതിലില്‍ മുട്ടിവിളിച്ചു ചോദിച്ചു(മനസ്സിന്റെ വാതിലില്‍)
ഇതു ന്യായമാണോ?
ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ?
താലി കെട്ടിയ ഭാര്യയെക്കാള്‍ മറ്റൊരുവളെ സ്നേഹിക്കുന്നത്‌ പാപമല്ലെ?
പക്ഷെ-
ഓരോ തവണയും അവര്‍ അവളെ ചവിട്ടിപ്പുറത്താക്കി,
വാതിലടച്ചു.
അടഞ്ഞു കിടന്ന ആ വാതിലിനു വെളിയിലിരുന്ന്‌
അവള്‍ അലമുറയിട്ടു കരഞ്ഞു
അവള്‍ക്കു കടക്കാനാവാത്തആ വാതിലിനു വെളിയില്‍നിന്നവളപേക്ഷിച്ചു;
നിങ്ങളല്ലാതെ എനിക്കാരുമില്ല;
ഞാന്‍ നിങ്ങളെ അത്രക്കു സ്നേഹിച്ചുപോയി;
അത്രക്ക്‌ ആശ്രയിച്ചുപോയി;
പക്ഷെ-
താലികെട്ടിയവനെ ദൈവമായിക്കരുതിയ-
പതിവ്രതയുടെ ആത്മാവ്‌ അന്ന് പമാനിക്കപ്പെട്ടു;
അന്ന്‌ അവഹേളിക്കപ്പെട്ടു;
കരുവാളിച്ച മുഖവും
അടര്‍ന്നു വീഴാന്‍ ഭയന്ന കണ്ണീര്‍ തുള്ളികളുമായി
അവള്‍ അവളുടെ പുറംതോടിനുള്ളില്‍ കയറിയൊളിച്ചു
പുറത്തെ ലോകം അവള്‍ക്കന്യമായി;
അവിടത്തെ പ്രകാശം അവളെ കൂടുതല്‍ വേദനിപ്പിച്ചു
അവളുടെ വര്‍ണ്ണങ്ങള്‍ കൊണ്ട്‌ അവര്‍-
പുതു പുതു ചിത്രങ്ങള്‍ വരയ്ക്കുന്നത്‌
അവള്‍ കണ്ടു
വര്‍ണ്ണങ്ങളെ ഇഷ്ടപ്പെടാന്‍ അവള്‍ ഭയന്നു
പ്രേമത്തിന്റെ സ്വാര്‍ദ്ധത അവളെ തളര്‍ത്തി;
പ്രേമത്തിന്റെ ചപലത അവളേ ലജ്ജിപ്പിച്ചു;
പ്രേമത്തിന്റെ അന്ധത അവളെ ഭയപ്പെടുത്തി
നിസ്സഹായയായി അവള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു
അദ്ദേഹം അവളുടെ അരികിലെത്തി
വെളിച്ചത്തില്‍ അവളെ നിര്‍ത്തി
നിറങ്ങളുടെ ലോകം അവള്‍ക്കു കാട്ടിക്കൊടുത്തു
ത്യാഗത്തിന്റെ പരിശുദ്ധിയും
വേദനക്കുള്ള പാരിതോഷികവും
നിനക്കുള്ളതാണെന്നു പറഞ്ഞു
(എല്ലാം അവളുടെ മനസ്സിന്റെ വിഭ്രാന്തി മാത്രമായിരുന്നെന്നും)