Saturday, May 26, 2007

ദൈവാന്വേക്ഷണം..


ഒരറ്റത്ത്‌ ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ ഓരോ സംഭവങ്ങളേയും കോര്‍ത്തിണക്കി, ഇതില്‍ എത്രമാത്രം ദൈവത്തിന്റെ സ്വാധീനം ഉണ്ട്‌ എന്നു പരിശോധിക്കല്‍. മറ്റൊരറ്റത്ത്‌ 'പിന്നേ, ഈ ലോകത്തിലെ കോടാനുകോടി ജീവികളുടെയും ശരിയും തെറ്റും നോക്കലല്ലേ ദൈവത്തിനുപണി' എന്ന സംശയം. ഒരറ്റത്ത് ദൈവത്തെ വിശ്വസിക്കാന്‍ തുടിക്കുന്ന ആത്മാവ്‌. മറ്റൊരറ്റത്ത് ‌ അവിശ്വസി ക്കാനും. ഇതിനിടയില്‍ വഴിയറിയാതെ ജീവിക്കുന്ന ഒരു മനുഷ്യജീവി.




ഇപ്പോള്‍, ,'ബില്‍ ബ്രൈസണ്‍' ന്റെ 'എ ഷോര്‍ട്ട്‌ ഹിസ്റ്ററി ഓഫ്‌ എവരിതിങ്ങ്‌' എന്ന ബുക്ക്‌ വായിക്കുന്നു. അതില്‍ നാം എത്രയോ ദശല‍ക്ഷമായി ഉരുത്തിരിഞ്ഞു വന്ന ഒരു ആറ്റം ആണെന്നും, പല പരിണാമങ്ങള്‍ കഴിഞ്ഞെങ്കിലും നമ്മെ നാമാക്കുന്ന ആറ്റം നമ്മില്‍ മാത്രം കുടികൊണ്ടിരിക്കുന്നു എന്നുമൊക്കെ. ‘സോഫീസ് വേള്‍ഡും’ ഇടയ്ക്കിടെ വായിക്കുന്നുണ്ട്. അതിലും മനുഷ്യന്റെ ഉല്‍പ്പത്തി തന്നെ വിഷയം.

വൈകിട്ട്‌ 'ഭഗവത്‌ ഗീത'യില്‍ ‘ജ്ഞാനമാണ്‌ എല്ലാം, ജ്ഞാനം മനുഷ്യനെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു’ എന്നും വായിച്ചു. ‘എസ്. രാധാകൃഷ്ണന്‍’ , ‘മനുഷ്യനില്‍ എന്തോ ദൈവീകത കുടികൊള്ളുന്നു എന്നും, അതുകൊണ്ട്‌ വീണ്ടുവിചാരത്തോടെ ജീവിക്കാം എന്നതൊഴിച്ചാല്‍ മറ്റൊന്നും മനുഷ്യനു ചെയ്യാനാവില്ലെന്നും, ചെയ്തിട്ട് കാര്യമില്ലെന്നു’മൊക്കെ...



തീര്‍ന്നില്ല, ‘ഗോഡ്‌ ഓഫ്‌ സ്മാള്‍ തിങ്ങ്സ്‌’ഒരാവര്‍ത്തികൂടി വായിക്കുകയാണു. അതില്‍ ഒരു മനുഷ്യന്‍, തനിക്കു സംഭവിച്ച ഓരോ അനുഭവങ്ങളും ഏറ്റവും ലോലമായെടുത്ത്‌, വികാരതീവ്രതയോടെ തന്റെ വിഷമങ്ങള്‍ക്കപ്പുറം മറ്റൊന്നില്ലെന്നാക്കി, വീണ്ടും മനുഷ്യതലത്തിലെത്തിക്കുന്നു. ഇതില്‍ ആരാണു ശരി കണ്ടെത്തിയത്‌? ഏതാണു ശരി? ദൈവം എന്നെ പരീക്ഷിക്കുന്നതോ? ഈ ബുക്ക്കളെല്ലാം കൂടി ഒരേ സമയം വായിപ്പിക്കാന്‍ തോന്നിയതും അദൃശ്യനായ ദൈവമാണോ?

(ദാ തുടങ്ങി വീണ്ടും ദൈവാന്വേക്ഷണം...)



ഇതിനിടെയാണു , “എന്നോടാരും നീതികാണിക്കുന്നില്ലല്ലോ ദൈവമേ” എന്നുള്ള് വിചാരവുമായി നിത്യജീവിതം...

Wednesday, May 23, 2007

മോക്ഷം വേണോ? ഭാരതസ്ത്രീയായി ജനിക്കൂ....


ന്യായാകാന്‍ തലമുണ്ഡനം ചെയ്യണമെന്നോ, കാശിരാമേശ്വരം പോകണമെന്നോ, കാവിവസ്ത്ര- മുടുക്കണമെന്നോ ഒന്നും വേണ്ട. ഭാരത സ്ത്രീകളായി ജനിച്ചാല്‍ മാത്രം മതി. മോഹങ്ങളില്‍ നിന്നും ആശാപാശങ്ങളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും ഒക്കെ മുക്‌തി നേടാന്‍.



പെണ്‍കുഞ്ഞ്, ഒരു ഫ്രൂണഹത്യയെ അതിജീവിച്ചോ, മറ്റോ കഷ്ടിച്ച്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെട്ടു പുറത്തു വന്നു എന്നിരിക്കട്ടെ, (ചുരുക്കം ചില എക്സപ്ഷന്‍ ഉണ്ട്‌ ട്ടൊ, രണ്ടുമൂന്നാണ്‍-

മക്കള്‍ക്കു ശേഷം ഉണ്ടായ പെണ്ണ്‌, കുട്ടികളുണ്ടാകാതിരുന്ന്‌ കിട്ടിയ നിധിയായ പെണ്ണ്‌, തുടങ്ങിയവ) ആദ്യം കേള്‍ക്കുന്നത്‌, ‘അയ്യോ പെണ്‍കുട്ടിയാണല്ലോ!’ എന്നുള്ള ഗുരുക്കന്‍മാരുടെ ആധിപുരണ്ട വാക്കുകളായിരിക്കും. ഒളിക്കാനും മറക്കാനുമൊന്നും പറ്റില്ല. ഇനി വളര്‍ത്തിയേ പറ്റു, = കര്‍മ്മഫലം

ബാല്യകാലം, വലിയ സുഖലാളനകള്‍ കിട്ടിയെന്നു വരില്ല മിക്കവര്‍ക്കും. ബാല്യകാലത്ത്‌ ഒരു അടിമയ്ക്കുവേണ്ട ശിക്ഷണങ്ങള്‍ കൊടുത്ത്‌ വളര്‍ത്തുകയായി. ‘നീ പെണ്‍കുട്ടിയാണു ട്ടൊ’, ‘അധികം ഉച്ചത്തില്‍ ചിരിക്കണ്ട’, ‘മരം കയറണ്ട’, ‘ ഓടരുത്‌’, ‘ചാടരുത്‌‘,
‘ഉറക്കെ തുമ്മരുത്‌‘, എക്സട്ര എക്സട്ര... = മിതഭാക്ഷണം, വിനയം...

കൌമാരം യൌവ്വനവുമൊക്കെ കുട്ടിയ്ക്കും അമ്മയ്ക്കും ഒരു പേടി സ്വപ്നമാണു. നേരത്തെ വീട്ടിലെത്തുക, ആണ്‍പിള്ളേരടുത്ത്‌ സംസാരിക്കരുത്‌ (അന്യഗൃഹജീവികളാണു ആണുങ്ങളെന്ന പോലെ) വീട്ടുജോലികള്‍ ചെയ്യുക. സന്യാസിക്കു വേണ്ടത്‌ തലക്കനം കളയുക എന്നല്ലേ, = ഞാനെന്ന ഭാവം കളയുക.

യൌവ്വനം
ആണുങ്ങളോട്‌ സംസാരിക്കണ്ട, അടുക്കണ്ട തുടങ്ങി. അതും സന്യാസത്തിലുണ്ടല്ലോ, = പരിപൂര്‍ണ്ണ ബ്രഹ്മചര്യം
വിവാഹം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. നിനക്കു സ്വന്തമായി ഒന്നും ഇല്ല, നിന്റെ ശരീരം പോലും. നീ ജനിച്ചു വളര്‍ന്ന വീടുകൂടി നിനക്ക്‌ സ്വന്തമല്ല. -പെണ്‍കുട്ടികള്‍ എന്നായാലും അന്യവീട്ടില്‍ പോകേണ്ടവരല്ലേ!-‘ലോകമേ തറവാട്‌‘. സന്യാസിക്ക്‌ ആരും അന്യരല്ല. അപരിചിതനായ ഒരു പുരുഷന്റെ കൂടെ അങ്ങു പോവുകയാണു. ഇന്നലെവരെ സ്വന്തമായി കാത്തുസൂക്ഷിച്ച ശരീരമ്പോലും തനിക്കു സ്വന്തമല്ലാ എന്നു തിരിച്ചറിയുന്നു. പിന്നെ, ആര്‍ക്കോ വേണ്ടി ജീവിക്കുകയാണു. അന്യന്റെ വീട്ടില്‍- എത്രയായാലും വന്നുകയറിയോളല്ലേ...!, = നിസ്സംഗമായി ജീവിക്കുക.

പ്രസവം
കുട്ടികളെ പ്രസവിക്കുക, വളര്‍ത്തുക. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ തങ്ങള്‍ക്കുള്ളതല്ല എന്ന നിസ്സംഗതയോടെ കാണുക.

ആരോഗ്യമുള്ളകാലത്തോളം

എല്ലുമുറിയെ പണിയെടുക്കുക. അത്‌ വീട്ടിലോ, വെളിയിലോ ആകാം. ജോലിയുള്ളവളായാലും സ്വന്ത ഇഷ്ടപ്രകാരം പണം ചിലവാക്കാന്‍ പാടില്ല. തന്റേടിയെന്നു മുദ്രകുത്തും. = ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക.

വാര്‍ദ്ധക്ക്യം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. ഒരുപാടു‌ വൃദ്ധസ്ത്രീകളെക്കാണാം ചുറ്റിനും, ആരുമില്ലാതെ, പെന്‍ഷനും ആശ്രയവുമില്ലാതെ, മോക്ഷവും കാത്ത്‌.

എല്ലാം കഴിയുമ്പോള്‍ നൂറുവര്‍ഷം കഠിന തപസ്സ്‌ ചെയ്‌ത്‌ നിസ്സംഗത വരുത്തിയ സന്യാസി ശ്രേഷ്ഠനെക്കാളും അതി കഠിനമല്ലേ നുമ്മുടെ ഭാരതസ്ത്രീകളുടെ മനസ്സ്‌. അവരല്ലേ ശരിക്കും മോക്ഷത്തിനു അര്‍ഹതയുള്ളവര്‍?

Saturday, May 19, 2007

വ്യത്യസ്ഥമായ ഒരു ചിന്ത


മറ്റു ജീവികളെപ്പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അരല്‍പ്പം ബുദ്ധിശക്‌തിയും ശബ്ദാനുകരണവുംകൂടി കൊടുത്തെന്നേ ഉള്ളു. ബാക്കി, മറ്റു ജീവജാലങ്ങളെപ്പോലെ വശം നിലനിര്‍ത്താന്‍ പരസ്പ്പരം ആകര്‍ഷിക്കുന്നു,ആഹാരത്തിനും പാര്‍പ്പിടത്തിനുമുള്ള അലച്ചിലില്‍ പരസ്പ്പരം സഹായിക്കയും കടിപിടികൂടുകയും ഒക്കെ ചെയ്യുന്ന വെറും ജീവികള്‍..

മനുഷ്യന്‍ സ്വയം സൃഷ്ടിച്ചതാണു നാം ഇന്നു കാണുന്ന ലോകം മുഴുവന്‍. ‘ഞാന്‍ അച്ഛന്‍, നീ അമ്മ, ഇതു നമ്മുടെ മക്കള്‍, നാം പരസ്പ്പരം മാത്രം സ്നേഹിക്കുക, നമ്മുടെ മക്കളെ മാത്രം സ്നേഹിച്ച്‌, നമുക്കുമാത്രമുള്ള ആഹാരം തേടി, നമുക്കുമാത്രം പാര്‍ക്കാന്‍ ഒരിടം കണ്ടെത്തി, മറ്റുള്ളവരെക്കാളൊക്കെ കേമനായിട്ട്‌ ജീവിക്കണം‘ എന്നതില്‍ നിന്നും ഉടലെടുത്ത സ്വാര്‍ത്ഥ വിചാരങ്ങള്‍. അവ നിലനിര്‍ത്താനായി, ഓരോ ബന്ധങ്ങള്‍. നമുക്കാവസ്യത്ത്തിലും അധികം സ്വരുക്കൂട്ടി വച്ച്, അതനുഭവിക്കാനാകാതെ, മറ്റുള്ളവരെയും അനുഭവിക്കാനനുവധിക്കാതെ, എന്തൊക്കെയോ നേടി എന്ന
മിഥ്യയോടെ ഈ ഭൂമിയില്‍ നിന്നും വിട പറയുന്നു.


മറ്റു ജീവജാലങ്ങള്‍ സ്വയം ഇരതേടാറായാല്‍ സ്വന്തംമക്കളെപ്പോലും തിരിച്ചറിയുന്നില്ല. അറിയേണ്ട ആവശ്യവും വരുന്നില്ല. ജനിച്ചു മരിക്കുന്നതുവരെ തങ്ങളെപ്പോലെയുള്ള ജീവികളോടൊപ്പം ജീവിക്കുന്നു. അത് സര്‍വൈവലിനു അവശ്യം.

മനുഷ്യനും ഇത്രയൊക്കെ ആവശ്യങ്ങളേ ഉള്ളു. ബാക്കിയൊക്കെ മനുഷ്യന്‍ സ്വയം സൃഷ്ടിച്ചെടുത്ത മായകള്‍. തങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ മറ്റുള്ളവര്‍ ചലിക്കുന്നില്ലെങ്കില്‍ പരിതപിച്ച്‌ ഇരവനെ പഴിച്ച്‌ ഇല്ലാത്ത മനോദുഃഖങ്ങളുമുണ്ടാക്കി. ‘ഇതു ഭൂമിയേ അല്ല നരകമാണെ’ന്നു പരിതപിച്ച്, മരിക്കുന്നു. ‘അയ്യോ ആര്‍ക്കും നന്ദിയില്ല, സ്നേഹമില്ല, കൊടുക്കുന്നപോലെ തിരിച്ചുകിട്ടിയില്ല, അവന്‍ വഞ്ചിച്ചു, അവന്‍ സ്നേഹിച്ചു, അവന്‍ സ്നേഹിച്ചില്ല’... എന്നൊക്കെ പരിതപിച്ച്‌, പരിതപിച്ച്‌... നാം മനുഷ്യജീവികള്‍...

Wednesday, May 16, 2007

ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം.


നമുക്കുചുറ്റിനും നടക്കുന്ന ഓരോ സംഭവങ്ങളും എത്രമാത്രം നിസ്സംഗതയോടെ നോക്കിക്കാണു വാനാകുമോ, അത്രയ്ക്കും സമാധാനവും സ്വസ്ഥതയും നമുക്കുണ്ടാകും.


ചെളിവെള്ളത്തില്‍ കിടന്നു മറിയുന്നവരെകണ്ട്‌, കരയില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമ്പോലെ. ‘ആ സന്തോഷം വേണ്ട’ എന്നു നിനയ്ക്കുക. സ്വഛമായ, സുഗന്ധം പറത്തുന്ന, ഇളം തെന്നല്‍ വീശും, ഒരു കുയിലിന്റെ നാദം ഇടയ്ക്കിടെ, ഒക്കെ കേള്‍ക്കാം, കാണാം, ആസ്വദിക്കാം, പിന്നീട്‌ യാത്ര തുടരാം.

വഴിയാത്രക്കാരായ നമ്മള്‍ , പോകും വഴി വഴക്കടിച്ചുകൊണ്ടു നടന്നാലോ? എങ്ങിനെയിരിക്കും? എല്ലാവര്‍ക്കും എത്തേണ്ടിടം ഒരിടം. കാണാനുള്ളത്‌ ഒരാളെ. അവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരെയും തുല്യരായി കാണും. വഴക്കില്‍ ജയിച്ചെന്നു കരുതി സമ്മാനമോ, തോറ്റെന്നു കരുതി തലോടലോ ഒന്നും കാണില്ല.

സുഗമമായ പാത നമ്മുടെ ഓരോരുത്തരുടെയും മുന്നിലുണ്ട്‌. അതിലൂടെ സ്വച്ഛന്തം നടക്കാനുമാവും. എങ്കിലും അതിനാവാതെ, കൂടെ യാത്രചെയ്യുന്നവന്റെ മേക്കിട്ടുകേറി, വഴക്കുണ്ടാക്കിയിട്ട്‌, പിന്നെ, ‘അയ്യോ അവന്‍ എന്നെ ദ്രോഹിച്ചേ, അവന്‍ ദ്രോഹിയാണേ, ഞാന്‍ പാവമാണേ’ എന്നൊക്കെ പരിതപിക്കാം. അല്ലാതെ തോളത്തു കയ്യുമിട്ട്‌, അരികില്‍ കാണുന്ന സുന്ദര ദൃശ്യങ്ങളും കണ്ട്‌, സുഖവും ദ്‌ഃഖവും ഒക്കെ പങ്കിട്ട്‌ , ഒരു ഉല്ലാസയാത്രപോലെ യാത്ര ചെയ്യുകയുമാവാം.

നമ്മില്‍ അധികവും ആദ്യം പറഞ്ഞവരെപ്പോലെയാണു. കാരണമില്ലാതെ കാര്യമുണ്ടാക്കുന്നു.




ജീവിതത്തിലെ സൌന്ദര്യം ആശ്വദിക്കുന്നവരും, അതിന്റെ വിശിഷ്‌ത മനസ്സിലാക്കി, തനിക്കു കിട്ടിയ ജീവിതംകൊണ്ട്‌ തൃപ്തിപ്പെട്ട്‌, തന്റെ വഴിയിലൂടെ തന്റെ വിധിക്കനുകൂലമായി നീങ്ങുന്നവനു ഇഹ ലോകവും സ്വര്‍ഗ്ഗം തന്നെ.




പ്രകൃതിയോടെതിര്‍ക്കുമ്പോള്‍ അശാന്തി ഉയരുന്നു. എതിര്‍ത്തിട്ടു കാര്യമില്ല. കീഴടുങ്ങുക. നമ്മുടെ മുന്നില്‍ പ്രകൃതി നമുക്കായി നീട്ടുന്നതെന്തായാലും അത്‌ സ്വീകരിക്കാന്‍ തലകുനിയ്ക്കുക. അതുമാത്രമേ വേണ്ടു.

Monday, May 14, 2007

ധ്രുവന്‍

അങ്ങ്‌ അനന്തവിഹായസ്സില്‍ ഒരു നക്ഷത്രം പ്രഭതൂകി നില്‍ക്കുന്നുണ്ട്‌. സത്യത്തിന്റേ യും നീതിയുടേയും തീവ്രഭക്‌തിയുടേയും പ്രതീകമായി. അതാണ്‌ ധ്രുവനക്ഷത്രം. ആ ധ്രൂവ നക്ഷത്രവുമായി ബന്ധപ്പെട്ടതാണ്‌ ധ്രുവരാജകുമാരന്റെ കഥ,ബ്രഹ്മാവിന്റെ വലത്‌ പകുതിയില്‍ നിന്നും ഉണ്ടായ സ്വയംഭൂമനുവിന്റെ (ആദ്യ മനു) മകന്‍ ഉത്താനപാദമഹാരാജാവിന്‌ രണ്ടുഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും. (അന്നത്തെ ക്കാലത്ത്‌ രാജവംശത്തിന്റെ നിലനില്‍പ്പിന്‌ വേണ്ടി രാജാക്കന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുമായിരുന്നു.) സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനും.മക്കള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ വാണിരുന്നെങ്കിലും. അമ്മമാര്‍ അത്ര രസത്തിലാ യിരുന്നില്ല. സുരുചിയുടെ അഹങ്കാരമായിരുന്നു അതിനു കാരണം. സുരുചിയക്ക്‌ സ്വതവേ താന്‍ മികച്ചവളാണെന്ന ഒരഹങ്കാരം, ഉണ്ടായിരുന്നു. ആ വിചാരം കൂടിക്കൂടി അത്‌ ആപത്തിലെത്തുംവരെ തുടര്‍ന്നു. സുരുചിയക്ക്‌ രാജാവിന്റെ സ്നേഹം മുഴുവനും വേണം, സുനീതിയുടെ മകനെക്കാള്‍ തന്റെ മകനെ രാജാവ്‌ ഇഷ്ടപ്പെടണം എന്നു തുടങ്ങിയ ദുര്‍വാശി കള്‍ ഉണ്ടായി.ഒരിക്കല്‍ രാജാവിന്റ അടുത്ത്‌ സുരുചിയും മകനും ഇരുന്നപ്പോള്‍ കേവലം അഞ്ചു വയസ്സുമാത്രം പ്രായമായ ധ്രുവരാജകുമാരനും അവിടെ വരാനിടയായി. ഉത്തമന്‍ അച്ഛന്റെ മടിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തനിക്കും പിതൃവാത്സല്യം അനുഭവിക്കാന്‍ ആഗ്രഹമുണ്ടായി ധുവനും അടുത്തുചെന്നു. രാജാവ്‌ ധ്രുവനെക്കൂടി മടിയിലേറ്റി ലാളിക്കാന്‍ തുടങ്ങി. ഇത്‌ സുരുചിയ്ക്ക്‌ ഇഷ്ടമായില്ല. അവളില്‍ അസൂയ മുഴുത്തു. അവള്‍ ആക്രോശിച്ചു. "നീ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു കടന്നു വന്നത്‌ ? . ഞാനും എന്റെ മകനുമല്ലേ ഇവിടെ ഇരുന്നിരുന്നത്‌. സ്വസ്ഥത നശിപ്പിക്കനായി നീ എന്തിനു വന്നു ? . നിന്റെ അമ്മയുടെ വയറ്റില്‍ പിറന്ന കുറ്റത്താല്‍ നീ അമ്മയുടെ അടുത്തു തന്നെ നിന്നോളു. അതല്ല രാജാവിന്റെ മടിയില്‍ ഇരിക്കണമെങ്കില്‍ മഹാവിഷ്ണുവിനെ തപം ചെയ്‌ത്‌ എന്റെ മകനായി ജനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക" എന്നു പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. ധ്രുവരാജകുമാരന്റെ കണ്‍കളില്‍ നിന്നു കണ്ണുനീര്‍ അടര്‍ന്നു വീണു, രാജാവ്‌ ഇതികര്‍ത്തവ്യാമൂഢനായി, സഹോദരന്റെ കണ്‍കളിലും കണ്ണൂനീര്‍ നിറഞ്ഞു. ഇതൊന്നും അഹങ്കാരതിമിരം ബാധിച ¸ുരുചി കാണുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. പരിഹാസ്യനായ ധ്രുവരാജകുമാരന്‍ കണ്ണീരോടെ അമ്മ സുനീതിയുടെ അടുത്തേയ്ക്കോടി. മകന്റെ കണ്ണീരിന്റെ കാരണം അന്വേക്ഷിച്ചറിഞ്ഞ സുനീതിക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞുപോയി. "ദുര്‍ഭാഗ്യയായ എന്റെ ഉദരത്തില്‍ പിറന്നതുകൊണ്ടായിരിക്കാം നിനക്കീഗതിവരാന്‍ കാരണം. മോന്‍ മഹാവിഷ്ണുവിനെ ഭജിക്കുക. അദ്ദേഹം കനിഞ്ഞാല്‍ എല്ലാം നേരേയാകും" . എന്നു പറഞ്ഞു സമാധാനിപ്പിച്ചു.ധ്രുവരാജകുമാരന്‌തനിക്കേറ്റ അപമാനം, നീതികേട്‌ സഹിക്കാനാവുന്നതായിരുന്നില്ല. മഹാവിഷ്ണു മാത്രമേ തനിക്കു ശരണമായുള്ളു എന്ന്‌ ആ പിഞ്ചു മനസ്സ്‌ ഉറച്ചു, ധ്രുവന്‍ അമ്മയോടു പറഞ്ഞു, "അമ്മേ ഞാന്‍ മഹാവിഷ്ണുവിനെ തപസ്സു ചെയ്‌തു പ്രീതിപ്പെടുത്തി, എന്റെ ദുഖനിവാരണ മാര്‍ഗ്ഗം ആരായുവാന്‍ പോകയാണു". അത്‌ സുരുചിക്ക്‌ അതിലും വലിയ ദുഖഭാരമായി. ഇത്ര ഇളം വയസ്സിലേ തപസ്സുചെയ്യാന്‍ പോകയോ അതും! സിംഹങ്ങളും പുലികളും മറ്റു ക്രൂരജന്തു ക്കളും നിറഞ്ഞ ഘോരവനത്തില്‍. സുനീതിയ്ക്കത്‌ ഉള്‍ക്കൊള്ളാ നായില്ല." എനിക്ക്‌ ഒരാപത്തും വരില്ലമ്മേ, അമ്മയും ഞാനും ദിനവും കുമ്പിടുന്ന നാരായണന്‍ എന്നെ രക്ഷിച്ചുകൊള്ളും" എന്നുപറഞ്ഞ്‌ അമ്മയുടെ മൗനാനുവാദവും വാങ്ങി ആ ബാലന്‍ വനത്തിലേയ്ക്കു യാത്രയായി. ധ്രുവന്റെ കണ്ണുകളില്‍ അപ്പോഴും കണ്ണുനീര്‍ തളംകെട്ടി കിടന്നിരുന്നു.വഴിയില്‍ വച്ച്‌ ധ്രുവന്‍ നാരദമുനിയെ കണ്ടുമുട്ടി. അദ്ദേഹം കാരണമാരാഞ്ഞറിഞ്ഞു. ധ്രുവനെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാന്‍ ധ്രുവന്‍ കൂട്ടാക്കിയില്ല . ഇത്ര ചെറുതിലേ ഇത്ര വൈരാഗ്യ ഭക്‌തിയുള്ള ധ്രുവന്റെ ഭക്‌തി സാക്ഷാത്കരിക്കുക തന്നെ ചെയ്യപ്പെടണമെന്നു നാരദമുനിക്കും തോന്നി. അദ്ദേഹം ധ്രുവനെ സമാധാനിപ്പിച്ച്‌ തപസ്സിനു വേണ്ട മന്ത്രങ്ങളും സുരക്ഷിതമായിരുന്ന്‌ - തപസ്സുചെയ്യാന്‍ ഒരിടവും കാട്ടിക്കൊടുത്തു മറഞ്ഞു.ധ്രുവന്‍ തപസ്സുതുടങ്ങി. വിശപ്പും ദാഹവും, വെയിലും മഴയും, കാറ്റും പിശറും ഒന്നും ധ്രുവന്‍ അറിഞ്ഞില്ല. അത്രയ്ക്കായിരുന്നു ധ്രുവനിലുള്ള ഭക്‌തി. ആദ്യ ദിവസങ്ങളില്‍ മൂന്നുദിവസം കൂടുമ്പോള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു, പിന്നീട്‌ ആറു ദിവസങ്ങളിലൊരിക്കല്‍ ഇലവര്‍ഗ്ഗങ്ങള്‍ പിന്നെ വെള്ളം മാത്രമായി, പിന്നെ വായുമാത്രമായി. പിന്നെ ഒന്നുമില്ലാതെ. വായുവിന്റെ ചലനം നിന്നു. വായുവിന്റെ ഗതിയാകെ നിന്നു. ജീവജാലങ്ങളൊക്കെ വിഷമിക്കാന്‍ തുടങ്ങി. ധ്രുവന്റെ ഭക്‌തികണ്ട്‌ മഹാവിഷ്ണുവിന്റെ മനസ്സു നിറഞ്ഞു. അദ്ദേഹം ആ പിഞ്ചുബാലന്റെ അരികിലെത്തി. ധ്രുവനെ തന്റെ മടിയിലിരുത്തി. ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും ധ്രുവന്റെ ആദ്യ ആഗ്രഹം തന്റെ സ്വന്തംപിതാവിന്റെ മടിയില്‍ അവകാശത്തോടെ ഇരിക്കണം എന്നതുതന്നെയായിരുന്നു. പിന്നീട്‌ ജീവിതാഭിലാഷമായ മഹാവിഷ്ണുവിനോടുള്ള തീവ്ര ഭക്‌തിയും വരമായി ചോദിച്ചു. അദ്ദേഹം പറഞ്ഞു, " നീ നിഷ്കാസിതനായിടത്ത്‌ നിന്നും പൂര്‍വ്വാധികം സ്നേഹം നിനക്കു കിട്ടും, നീ ആ രാജ്യം അനേകവര്‍ഷം ഭരിക്കും. എന്നില്‍ വന്നണയും. ഉത്തരപര്‍വ്വത്തിലുള്ള ധ്രുവപദത്തില്‍ എത്തി ധ്രുവനക്ഷത്രമായി ലോകാവസാനം വരെ പ്രഭതൂകി നില്‍ക്കും" , എന്നു പറഞ്ഞു മറഞ്ഞു.ധ്രുവന്റെ ഉള്ളം കുളിര്‍ത്തു. രാജകുമാരന്‍ നേരേ കൊട്ടാരത്തിലെയ്ക്ക്‌ നടന്നു. അവിടെ ധ്രുവനെ വരവേല്‍ക്കാന്‍ കണ്ണീരോടെ സുനീതിയും സ്വന്തം പ്രവൃത്തിയില്‍ പശ്ച്ഛാത്തപിച്ചു തുടങ്ങിയ സുരുചിയും ഉത്താനപാദനും ഉത്തമനും നിന്നിരുന്നു. അവര്‍ അവനെ വാരിപ്പുണര്‍ന്നു. രാജാവു മടിയിലിരുത്തി ലാളിച്ചു. അതുകണ്ട്‌ ഉത്തമന്‍ കൈകൊട്ടി ചിരിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. സുരുചിയും സുനീതിയും നിര്‍വൃതിയോടെ നോക്കിനിന്നു. ! പ്രായപൂര്‍ത്തി എത്തിയപ്പോള്‍ രാജാവ്‌ ധ്രുവനെ രാജഭരണം ഏല്‍പ്പിച്ചു. ധ്രുവരാജകുമാരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടരാജാവായി പലവര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം പൂര്‍വ്വാധികം അഭിവൃദ്ധിപ്പെട്ടു. എങ്ങും സന്തോഷവും സുഭിഷതയും തിങ്ങി നിന്നു. ഇഹലോകത്തില്‍ തന്റെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ധ്രുവരാജാവ്‌ സംതൃപ്തിയോടെ സ്വര്‍ഗ്ഗലോകം പൂകി. അദ്ദേഹത്തിന്റെ തീവൃഭക്‌തിയുടെ പ്രതിഫലമായി മഹാവിഷ്ണൂ അദ്ദേഹത്തിനെ നക്ഷത്രരാജ്യത്ത്ധ്രുവപദത്തില്‍ പ്രത്യേക ഇടം കൊടുത്തു. ലോകാവസാനംവരെ ഈശ്വരനെ വാഴ്ത്തിക്കൊണ്ട്‌ ഭക്‌തിയുടെ പ്രതീകമായി സത്യത്തിനും നീതിയ്ക്കും പ്രതീകമായി ധ്രുവരാജകുമാരന്റെ ആത്മാവ്‌ ഉത്തരഭാഗത്ത്‌ നമ്മെ നോക്കി നില്‍ക്കുന്നു. ധ്രുവനക്ഷത്രമായി പ്രഭതൂകിക്കൊണ്ട്‌..

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

*

Wednesday, May 9, 2007

കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍

ഞാന്‍ നോക്കിയിട്ട്‌ ലോകത്തില്‍ സത്യമായത്‌ ഒന്നുമാത്രം 'സര്‍വൈവല്‍ ഒാ‍ഫ്‌ ദി ഫിറ്റസ്റ്റ്‌'. മിടുക്കു ള്ളവര്‍ മുന്നേറുന്നു. സ്വന്ത നിലനില്‍പ്പിനായി അന്യജീവികളെ കൊന്നും, തിന്നും നശിപ്പിച്ചും ഉപയോ ഗപ്പെടുത്തിയും, ജീവികള്‍ ജീവിക്കുന്നു. മുന്നേറാന്‍ സാധ്യമല്ലാത്തവര്‍ നശിക്കുന്നു.

ചിന്തിക്കാന്‍ കഴിവുള്ള നമുക്ക് , മറ്റു ജീവികളെ ആഹരിക്കുന്നവര്‍ ക്രൂരരും വെജിറ്റേറിയന്‍കാര്‍ നല്ല വരെന്നും വിവേചിക്കാം. എന്നാല്‍ മൃഗങ്ങളിലിലും ഉണ്ടല്ലൊ വെജിറ്റേറിയന്‍കാരും നോണ്‍വെജി റ്റേറിയന്‍കാരുമൊക്കെ. ആനയും ജിറാഫ്ഫും ഒക്കെ വെജിറ്റേറിയന്‍കാരായത് അവരും നല്ലവരാകാ നാവുമോ? അവരൊക്കെ മൃഗങ്ങളിലെ ബ്രാഹ്മണരോ!

അവിടെയും പ്രകൃതി തന്റെ സംതുലിതാവസ്ത നിലനിര്‍ത്താനായി എല്ലാ ജീവജാലങ്ങളിലും ഈ വേര്‍ തിരിവ്‌ വരുത്തിയിരിക്കുന്നു.

എല്ലാം സഹിക്കുന്നത്‌ നമ്മെ താങ്ങിയിരിക്കുന്ന ഭൂമീദേവിയമ്മ മാത്രം.കൊല്ലുന്നവരെയും വെല്ലുന്നവ രെയും കൊല്ലപ്പെടുന്നവരും തോല്‍ക്കുന്നവരും ഒക്കെ അമ്മയ്ക്ക്‌ മക്കള്‍ തന്നെ. തന്റെ മാറിലേറ്റി സാന്ത്വനിപ്പിക്കുന്നു.

പിന്നെ ഭൂമികുലുക്കമോ! അത്‌ അമ്മയ്ക്ക്‌ ഇടയ്ക്കിടെ തളര്‍ച്ചയുണ്ടാകുന്നതോ, അമ്മയേയുടെമേല്‍ ആധിപത്യമുള്ള ഏതോ ശക്‌തി ചെയ്യിക്കുന്നതാകുമോ? ഭൂമികുലുക്കത്തിലും മറ്റു ഭൂമികോപങ്ങളിലും പെട്ടു പിടഞ്ഞു മരിക്കുന്നവരെ നോക്കി അമ്മയും കണ്ണീരൊഴുക്കുന്നുണ്ടാകും.

Monday, May 7, 2007

കഞ്ഞിയും കറിയും

ചെറുതിലേ നമ്മള്‍ കഞ്ഞിയും കറിയും വച്ചു കളിച്ചിട്ടില്ലേ. ഓരോരുത്തര്‍ക്ക്‌ ഓരോ റോളുകള്‍. ‘നീ അച്ഛന്‍ ഞാന്‍ അമ്മ, നിങ്ങള്‍ മക്കള്‍’ എന്നൊക്കെ പറഞ്ഞ്‌. എന്നിട്ട്‌ ചിരട്ടകളിലും ഇലകളിലും ഒക്കെ ചോറും കറിയും വച്ച്‌ മക്കള്‍ക്കും ഭര്‍ത്താവിനുമൊക്കെ കൊടുത്ത്‌ സംതൃപ്തിയടയുന്ന അമ്മ. പിന്നീട്‌ കളിച്ച്‌ മുഷിയുമ്പോള്‍ എല്ലാം തട്ടിത്തെറിപ്പിച്ച്‌ മറ്റൊരു കളിയിലേയ്ക്ക്‌, അല്ലെങ്കില്‍ അവരവരുടെ വീടുകളിലേയ്ക്ക്‌...



ചിലപ്പോഴൊക്കെ തോന്നും, ഈ ജീവിതവും അതുപോലെ ഒരു കഞ്ഞിയും കറിയുംവച്ചു കളിക്കലല്ലേ എന്ന്‌. നാമൊക്കെ ഓരോ റോളുകള്‍ അഭിനയിക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിനനുസരിച്ച്‌ ഓരോന്ന്‌ ഉണ്ടാക്കാന്‍ശ്രമിക്കുന്നു. വീട്ടിലെ ഷൊ കേസ്‌, അടുക്കള സാധനങ്ങള്‍ ഒക്കെ നമ്മുടെ രുചിയ്ക്കും ഭാവനയ്ക്കും അനുസരിച്ച്‌ നാം ചിട്ടപ്പെടുത്തുന്നു...

ഒരു ദിവസം അടുക്കിവച്ചില്ലെങ്കില്‍ അലങ്കോലപ്പെട്ടുപോകുന്ന ചിട്ടവട്ടങ്ങള്‍, താളം തെറ്റുന്ന ജീവിത ങ്ങള്‍. കളി തീരുംവരെ എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കുക എന്നത്‌ കളിയുടെ വിജയത്തിനു ആവശ്യം. അതുകഴിഞ്ഞാല്‍ ഒന്നും ശേഷിക്കില്ല. എല്ലാം തട്ടിത്തെറിപ്പിച്ച്‌ വിധി നമ്മെ നോക്കി പല്ലിളിക്കുന്നുണ്ടാകും അപ്പോള്‍...