Sunday, April 29, 2007

അവരവരുടെ കര്‍മ്മങ്ങള്‍


അവരവരുടെ കര്‍മ്മങ്ങള്‍ ചെറുതെങ്കിലും അവ ചെയ്‌തു കഴിയുമ്പോള്‍ കിട്ടുന്ന സംതൃപ്തി, മറ്റുള്ളവരുടെ കര്‍മ്മങ്ങള്‍ പിടിച്ചു വാങ്ങി ചെയ്‌തു തീര്‍ക്കുന്നവര്‍ക്ക്‌ കിട്ടുമോ? ഇല്ലേ ഇല്ല. ഒരിക്കലുമില്ല.


Tuesday, April 17, 2007

കല


മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ ചേക്കാറാനുള്ള വ്യഗ്രത. സ്വന്തം ചിന്തകളില്‍ നിന്നുദിക്കുന്ന ആശയങ്ങള്‍ തന്റെ സഹജീവികളോടൊപ്പം പങ്കിടാനുള്ള ആഗ്രഹം. താന്‍ കണ്ടെത്തിയ പ്രകൃതിസത്യങ്ങള്‍ മായാതെ കുറിച്ചു വയ്ക്കാനുള്ള ത്വര. താന്‍ തരണം ചെയ്‌ത ജീവിത പാതകള്‍, വൈതരണികള്‍, അതിനിടയില്‍ കണ്ടെത്തിയ ജീവിത രഹസ്യങ്ങള്‍ ഒക്കെ മറ്റുള്ളവരെക്കൂടി അറിയിക്കാന്‍, അതുവഴി, അവര്‍ക്ക്‌ ആ പാത പരിചയപ്പെടുത്താനുള്ള വിശാലമനസ്കത. എല്ലാറ്റിലുമുപരി, ഒരു മനുഷ്യനു മറ്റുള്ള മനുഷ്യരുമായി തന്റെ ജീവിതം പങ്കിടാനുള്ള പ്രകൃതിസഹജമായ വാസന. ഒറ്റപ്പെടുന്നവര്‍, ഏകാന്തതകളില്‍ വിരാജിക്കുന്നവര്‍, അന്തര്‍മുഖര്‍ ഒക്കെയാണു കല എന്ന മാധ്യമത്തിലൂടെ അന്യരുമായി സമ്പര്‍ക്കം പുലര്‍ത്താനാഗ്രഹിക്കുന്നത്‌.

Sunday, April 15, 2007

നിന്നെ ഞാന്‍ സ്നേഹിച്ചോട്ടെ

നിന്നെ ഞാന്‍ സ്നേഹിച്ചോട്ടെ,
എനിക്കു എന്നെ മൂടിയിരിക്കുന്ന ഏകാന്തത അകറ്റാന്‍;
എന്നെ പുനര്‍ജീവിപ്പിക്കാന്‍;
നിന്റെ സ്നേഹം ആവശ്യമാണു

ജീവിതത്തോടു മുഴുവന്‍ വിരക്‌തിയും,
ഇവിടെ ജീവിക്കുന്നവരോടു നിറയെ പകയുമായി,
ആരെയും സ്നേഹിക്കാനാകാതെ,
ആരെയും വിശ്വസിക്കാനാകാതെ
സ്വയം നശിച്ചുകൊണ്ടിരുന്ന
ഒറ്‌റപ്പെട്ട ഒരു വ്യക്‌തി
അതു ഞാനായിരുന്നു

നീ എന്നില്‍ പ്രേമം നിറച്ചു
നീ എന്നില്‍ ജീവന്റെ വെളിച്ചം കൊളുത്തിവച്ചു.
നിന്റെ സ്നേഹം എന്റെ പ്രാണവായുവാണു
നിന്റെ സ്നേഹം എന്നെ ഉയിര്‍ത്തെണീപ്പിക്കുന്നു
നിന്റെ സ്നേഹം എന്നെ ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നു
നീയാണെന്റെ വെളിച്ചം;
നീയാണെന്റെ പ്രതിബിംബം

നീയാണെന്നെ കണ്ടെത്തിയത്.
കുറെ ചവറുകളുടെ കൂമ്പാരത്തില്‍ നിന്നും-
ചീഞ്ഞു നശിക്കാന്‍ തുടങ്ങിയ എന്നെ നീ കണ്ടെടുത്തു.
നിന്നോടു ഞാന്‍ എന്നും സ്നേഹമുള്ളവനായിരിക്കും.
എന്റെ സ്നേഹം എന്നും പരിശുദ്ധവുമായിരിക്കും

[ഒരു ആത്മഹത്യാമുനമ്പില്‍ നിന്നുകൊണ്ട് (സഡണ്‍ ഡെത്ത് അല്ല-സ്ലോ ഡെത്ത്) ഒരാള്‍ മുന്‍പില്‍ കാണുന്ന ഭയാനകവും അജ്ഞാ‍തവുമായ അഗാധ ഗര്‍ത്തത്തിലേയ്ക്കും, പിറകില്‍ കാണുന്ന അനന്തസാധ്യതകളുള്ള ഭൂമിയേയും നോക്കിനില്‍ക്കുന്നു, ഒടുവില്‍, രണ്ടും തമ്മിലുള്ള വ്യത്യാ‍സം ബോധ്യം വന്ന് ജീവിതത്തെ സ്നേഹിച്ചു തുടങ്ങുമ്പോള്‍, ജീവിതത്തോട് തോന്നില്ലേ ഒരു സ്നേഹം. ആ സ്നേഹത്തെയാണ് എഴുത്തുകാരന്‍ ഉദ്ദേശിച്ചത്. ആദ്യം ജീവിതത്തെ സ്നേഹിച്ചുതുടങ്ങിയാലല്ലെ പിന്നെ അവിടെയുള്ള മനുഷ്യരെ സ്നേഹിക്കാനാവൂ]

Saturday, April 14, 2007

മൃഗയാവിനോദം

സഹയാത്രികന്റെ തോല്‍വി തന്‍ നിണം
വാര്‍ന്നൊഴുകുന്നതില്‍ നിന്നൊരു
ചിന്തെടുത്തൊരു വിജക്കുറിചാര്‍ത്തി
ഉന്മത്തനായി ചിരിക്കുന്നു
വിജയി! വിജയമോ ഇത്‌?
മിഥ്യ തന്‍ പൊന്നൊളിക്കൂട്ടില്‍ വിരാജിക്കുന്ന മര്‍ത്ത്യര്‍
ഒന്നുമേ അറിയുന്നില്ലവനീ യാത്രയില്‍,
സ്വന്തം ഹൃദയത്തിന്‍ വിതുമ്പലല്ലാതെ‌‌-
ശ്രവിക്കുന്നില്ലവന്‍ മറ്റൊരു നൊമ്പരവും തെല്ലും.
നോവുന്ന, മുറിവേറ്റു പിടയുന്ന, ഹൃദയങ്ങളുണ്ടു-
പതിനായിരക്കണക്കിനു ചുറ്റിനും!
തിരിഞ്ഞു നോക്കുന്നോനോ,
ചുവടുപിഴച്ചു താഴെവീണുപോകുന്നു-
ദയനീയമായ്‌.
നിയതിയല്ലല്ലൊ നാമാരും.
ജീവിതം തന്നെ ഒരു പടപൊരുതലല്ലേ;
ഒന്നോര്‍ക്കുകില്‍ ഇരവന്നീ ജീവികളെ ശ്രിഷ്ടിച്ചതുതന്നെ-
ക്രൂരമാം ഒരു വിനോദത്തിനായിരുന്നിരിക്കണം തീര്‍ച്ച
സ്വന്തം ജീവനെ സ്നേഹിക്കുന്നു ജീവികള്‍;
ഇരയായി കാണുന്നതിനെ മറ്റു ജീവികള്‍.
ഇങ്ങിനെ അന്യോന്യം കൊന്നുതിന്നാന്‍, നശിപ്പിക്കാനാശിക്കുന്നീ-
ജീവികളെയെല്ലാം
ഭൂമിയെന്നുള്ളൊരു ഗോളത്തിനു ചുറ്റും വിതറി ,
ക്രൂരമാം വിനോദം കാണാന്‍
ഇരവന്നിരിക്കുന്നകലെയെങ്ങോ
പാവമാം ജീവികള്‍ തന്നുയിര്‍ കാക്കാന്‍,
വിളിക്കുന്നാ ഇരവനെത്തന്നെ
കേള്‍ക്കുമോ വിളിയങ്ങു ?
മറ്റൊരു മൃഗയാ വിനോദം പാര്‍ക്കാനിരിക്കുന്നാ ഇരവന്റെ
ചെവികളിലിതുമൊരു നര്‍മ്മത്തിന്‍ ഗീതമാകാം!

Friday, April 6, 2007

ജീവന്റെ ഉല്‍പത്തി


നമ്മുടെയൊക്കെ ജീവന്റെ ഉറവിടം ഭൂമിയായി സങ്കല്‍പ്പിച്ചു നോക്കൂ. നാം കാണുന്ന സത്യങ്ങളിലൊന്ന്‌. സസ്യലതാതികള്‍, ജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന ആഹാരം (പ്രൈമറിഫുഡ്‌) ചെടി കളില്‍നിന്നല്ലേ, അവ എവിടെ നിന്നു വരുന്നു? ഭൂമിക്കടിയില്‍, വിത്തുകളില്‍ നിന്ന്‌. ഭൂമീദേവി സൂര്യന്റേയും മഴയുടെയും സഹായത്താല്‍ അവയെല്ലാം വിളയിച്ചെടുത്ത്‌ മറ്റു ജീവജാലങ്ങള്‍ക്ക്‌ ആഹാരമായി നല്‍കുന്നു.


നാം ഭൂമിയില്‍ ക്കൂടി ചലിക്കാനാവുന്ന ജീവികള്‍. ഭക്ഷണം തേടി ബഹു ദൂരങ്ങളില്‍ അലഞ്ഞ്‌ മുന്നേറി..

ഭൂമീ ദേവി ചെടികളുടെ പെറ്റമ്മയാണെങ്കില്‍ നമ്മുടേയും ആവില്ലേ?



നാമെന്തിനു ജീവന്റെ ഉറവിടം തേടി ഉയരങ്ങളിലേയ്ക്കു നോക്കുന്നു? അനന്ത വിഹായസ്സിലേയ്ക്ക്‌ സംശയനിവാരണത്തിനായി അലയുന്നു, താഴേയ്ക്ക്‌ നോക്കൂ, ഒരുപക്ഷെ, പ്രപഞ്ചരഹസ്യങ്ങളുമായി ഒരമ്മ അവിടെ ക്ഷമയോടെ നമ്മെ തോളിലേറ്റി നടക്കുന്നുണ്ടാവും. തളര്‍ന്നു വീഴുമ്പോള്‍ പുതു ഉടല്‍ പ്രദാനം ചെയ്‌ത്‌ വീണ്ടും നമ്മെ അമ്മയുടെ മേല്‍ മേയാന്‍ വിടുവാന്‍ കാത്ത്‌..


ഒരു ഉടലിന്റെ കാലാവധി തീരുമ്പോള്‍, നമ്മുടെ ഉടല്‍ അടിയുന്നത്‌ ഈ മണ്ണിലല്ലേ? തീയില്‍ എരിച്ചാലും വെള്ളത്തില്‍ മുങ്ങിയാലും, ആകാശത്തില്‍ വച്ചു മരിച്ചാലും ഒക്കെ ഉടല്‍ ഒടുവില്‍ അടിയുന്നത്‌ അടിയില്‍, മണ്ണിലല്ലേ? എന്നിട്ടുമെന്തേ സംശയം?

Thursday, April 5, 2007

ഇരുള്‍

ദു:ഖത്തിന്റെ നിറം കറുപ്പത്രെ!
സന്തോഷത്തിനു പല നിറങ്ങളും.
ഒരേ ഒരു നിറമേ ഉള്ളു എന്നതത്രെ
ദു:ഖത്തിന്റെ മേന്‍മയും.
സന്തോഷം നമ്മെ ചപലരാക്കി
പല പല നിറങ്ങളിലേയ്ക്കടുപ്പിക്കുന്നു;
ഒടുവില്‍പുറം തള്ളി ഇരുട്ടിലാക്കുന്നു.
ഇരുളോ സര്‍വ്വം സഹിക്കുന്ന പെറ്റമ്മ;
കൈനീട്ടി നമ്മെ പുണര്‍ന്നീടുന്നു;
കാര്യം നിസ്സാരമെന്നോതീടുന്നു;
കനിവിന്റെ ചാറു പകര്‍ന്നീടുന്നു.
ഇരുട്ടിന്‍ നിറമോ കറുപ്പുമാത്രം

കൃഷ്ണ തുളസി

ഒരു കൃഷ്ണ തുളസി ഞാന്‍
എന്‍ ജന്‍മനാട്ടിന്റെ കുളിര്‍ക്കാറ്റുമേറ്റു
സ്വപ്നങ്ങളൊത്തിരി കണ്ടു പരിലസിക്കേ
പിഴുതെറിയപ്പെട്ടൊരുനാള്‍
സുകൃതമെന്നും സുകൃതയഷയമെന്നും ചിലര്‍
വേദനയോടെ വിഷമത്തോടെ
വേരുകള്‍ പൊട്ടിയ വിങ്ങലോടെ
ഏകയായ്‌ മൂകയായ്‌ വന്നുവീണിങ്ങു
ആരോരുമില്ലെനിക്കൊരിത്തിരി ദാഹനീരേകാന്‍
പൊട്ടിയ വേരിന്റെ നൊമ്പരം തീര്‍ക്കാന്‍
പൊയ്പോയ നാളിന്റെ സങ്കടം കേള്‍ക്കാന്‍
സൊല്ലയൊഴിക്കുവാനെന്നോണമാരോ
വാന്‍ കുഴിയൊന്നിലിറക്കിവച്ചു
നനവില്ല;മണ്ണിനിളകമില്ല
ദാഹനീരൊട്ടും തരാനാരുമില്ല
എങ്ങിനെ ഞാന്‍ ജീവിപ്പൂ
ജീവിക്കേവേണ്ടെന്നോ?
എങ്കിലെന്തിനെന്നെ പിഴുതെടുത്തു?
മണമില്ല നിറമില്ലെന്നറിഞ്ഞിട്ടും
പതിയെപ്പതിയെ നശിച്ചു പോകാനോ?
അതിനായി മാത്രമോ
ശ്രീകൃഷ്ണതുളസിയായ്ത്തന്നെ
ദൈവമെനിക്കേകി ജീവന്‍?

മുതുകില്‍ കൂനേന്തിയ വീട്ടാമ്മമാര്‍

എന്റെ മുന്നിലൂടെ അവര്‍ കടന്നു പൊയ്കൊണ്ടിരുന്നു
മുതുകില്‍ കൂനേന്തിയ വീട്ട്മ്മമാര്
‍പ്രരാബ്ദങ്ങളുടെ കൂനേന്തിയവീട്ടമ്മമാര്‍
ചായം പൂശാത്ത ചുണ്ടുകളോടെ
ചീകിയൊതുക്കാത്ത മുടിയോടെ
അലസമായ വേഷവിധാനങ്ങളോടെ
ഭംഗിയറ്റ ചലനങ്ങളോടെ
അവര്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു

അവര്‍ പരിസരങ്ങളെപ്പറ്റിതെല്ലും
ബോധവതികളായിരുന്നില്ല
അവരുടെ ഉള്ളില്‍ നിറച്ചു ഉല്‍ക്കണ്ഠകളായിരുന്നു
മക്കളെ വളര്‍ത്തി വലുതാക്കേണ്ടതിനെപ്പറ്റിയുള്ള
ഭര്‍ത്താവിനു തങ്ങളോടുള്ള സ്നേഹത്തെപ്പറ്റിയുള്ള ,
തീര്‍ത്താല്‍ തീരാത്ത ജോലികളെപ്പറ്റിയുള്ള
ഉല്‍ക്കണ്ഠകള്‍

പതിവ്രതകാളായ ഭാര്യമാരാകാന്‍ വേണ്ടി ,
കുലീനയായ വീട്ടമ്മയാകാന്‍ വേണ്ടി,
അവര്‍ അനാകര്‍ഷമ്മയി വസ്ത്രം ധരിച്ചു
അവര്‍ വലുതായി അണിഞ്ഞൊരുങ്ങാതിരുന്നു
അവര്‍ തങ്ങളുടെ ശരീരം ത്ടിച്ചു വികൃതമാക്കി
ഒരു നല്ല കുടുമ്പത്തിനു വേണ്ടി
അവര്‍ സ്വയം ഹോമിച്ചു

അവര്‍ വളര്‍ത്തി വലുതാക്കുന്ന മക്കള്‍
ഒരുപക്ഷെ നാളെഅവരെ ഉപേക്ഷിച്ചു പോയെന്നിരിക്കാം
ഏക അശ്രയമായി കരുതുന്ന ഭര്‍ത്താവ്‌ഒരു പക്ഷെ
നാളെഅവരെ ഉപേക്ഷിചു എന്നുവരാം

രക്ഷപ്പെടാനാകാത്ത അസുങ്ങളില്
‍ഏകാന്തയില്
‍നിരാശയില്‍ ‍പെട്ടുഴലുമ്പോള്‍ ,
മുതുകില്‍ കൂനേന്തിയവീട്ടമ്മമാര്‍ കരയുന്നു
വിലയില്ലാത്ത കണ്ണീര്‍ പൊഴിക്കുന്നു
ആരും കാണാനില്ലാത്തപാഴ്ക്കണ്ണീര്‍

Wednesday, April 4, 2007

കാലം


അങ്ങയുടെ അറിവോടെയല്ലാതെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ഒരു പുല്‍ക്കൊടിപോലും അനങ്ങു ന്നില്ല. എന്റെ ശ്വാസോച്ച്വാസത്തില്‍ പോലും അങ്ങയുടെ നിയന്ത്രണമുണ്ട്‌. അങ്ങയുടെ നിയമങ്ങള്‍ മറികടന്ന്‌ ആര്‍ക്കും ഒന്നും ചെയ്യാനുമാകില്ല. ഒഴികിക്കൊണ്ടിരിക്കുന്ന ഈ കാലപ്രവാഹത്തില്‍ വീണലിയാം‍, എരിഞ്ഞമരാം.

Monday, April 2, 2007

സമ്മതിക്കേണ്ട സത്യങ്ങളിലൊന്ന്‌.




മകളുടെ കൂട്ടുകാരിയുടെ വീട്ടില്‍, അവളുടെ അമ്മയുടെ അടുത്ത്‌ സുരക്ഷിതയായി ഇരുന്നു. ആ സ്ത്രീയില്‍ ഗ്രാമീണത കണ്ടു. കളഞ്ഞുപോയ, നഷ്ടമായ എന്തൊക്കെയോതിരിച്ചുകിട്ടിയ പ്രതീതി. അവരുടെ സല്‍ക്കാരം ഹൃദയം നിറച്ചു. മക്കള്‍ക്കുവേണ്ടി, ഭര്‍ത്താവിനുവേണ്ടി, കുടുമ്പത്തിനുവേണ്ടി, ജീവിക്കുന്ന ഒരു വീട്ടമ്മ. രാവിലെ 5 മണിയ്ക്കെണീറ്റു ഭര്‍ത്താവിനും മകള്‍ക്കും പ്രാതലൊരുക്കി, ലഞ്ച്‌ ഒരുക്കി, പാത്രത്തിലാക്കി, അവരെ യാത്രയാക്കിയിട്ട്‌, മാര്‍ക്കെറ്റില്‍ പോക്ക്‌, വീടു വൃത്തിയാക്കല്‍, ചായക്കു മകള്‍ക്കായി പലഹാര‍മുണ്ടാക്കുന്നു, ഡിന്നറിനു ഭര്‍ത്താവിനു ഓരോ ദിവസവും ഓരോന്ന്‌ ഒരുക്കി വച്ച്‌ കാത്തിരിക്കുന്നു...

അമ്മാവന്റെ മകനെ വിവാഹം കഴിച്ചവള്. ‍എസ്‌. എസ്‌. എല്‍. സി. കഴിഞ്ഞ്‌ പെണ്ണിനെ പഠിപ്പിക്കാന്‍ വിമുഖത കാട്ടിയ വീട്ടുകാര്‍(പഠിച്ച്‌ കുറച്ചു കാശു സമ്പാദിച്ച്‌ സ്വാതന്ത്രം പ്രഖ്യാപിച്ചുനടക്കുന്ന മോഡേര്‍ണിസ്റ്റുകളേക്കാള്‍ എത്ര വലിയ ത്യാഗവും ധീരതയുംആവശ്യമാണു ഇവരുടെ ജീവിതത്തിനന്!

മറ്റേതുരാജ്യത്തു പോയാല്‍ ഭാരതീയ സ്ത്രീയുടെ പവിത്രതും പാതിവൃത്യവുംകാണാന്‍ കഴിയും! ഭാരതം കഴിഞ്ഞാല്‍ പിന്നെ, ഭാരതീയര്‍ കുടിയേറിപാര്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ മാത്രം.

ഭാരതീയര്‍ കമ്പ്യൂട്ടറില്‍ മാത്രമല്ല വിജ്ഞാനികള്‍. ഭാരതീയരുടെ പല നന്മകളും ഇന്ന്‌ ലോകമെമ്പാടും വിതയ്ക്കപ്പെടുകയാണു. പല വിദേശികളും ഭാരതെ സ്ത്രീയെ അറിയാന്‍ തുടങ്ങുന്നു, അല്‍ഭുതപ്പെടുന്നു. അറിയാതെ ശിരസ്സു കുനിയ്ച്ചുപോകുന്നു. ഇതാണു ഭാരതത്തിന്റെ മേല്‍ക്കോയ്മ.

ദൈവത്തിന്റെ സ്വന്ത നാട്‌ എന്ന്‌ നാം വിളിയ്ക്കുന്ന നമ്മുടെനാട്ടില്‍ നാം പോലും തിരിച്ചറിഞ്ഞിട്ടി ല്ലാത്ത നന്മകള്‍ ഉണ്ട്‌. അതിന്റെ അംശവും പേറിയാണുനാം ദൂരദേശങ്ങളില്‍ പോയി ചേക്കേറിയിരി ക്കുന്നു. ആ നന്മകള്‍ നാമറിയാതെ, നമ്മെ ചുറ്റിയിരിക്കുന്ന സമൂഹത്തില്‍ പ്രഭ പരത്തുക തന്നെ ചെയ്യും. വൈകിയെങ്കിലും ഒരിക്കല്‍ സമ്മതിക്കേണ്ട സത്യങ്ങളിലൊന്ന്‌.

അറിവ്‌



പണ്ട്‌ മനുഷ്യന്റെ അറിവ്‌ ഉള്ളിലേയ്ക്കാണ്‌ വളര്‍ന്നിരുന്നത്‌. അവര്‍ ആത്മീയമായി മനസ്സിന്റെ പ്രകൃതി രഹസ്യങ്ങളുടെ ഉള്ളിലേയ്ക്ക്‌ ഊളിയിട്ട്‌, പല സത്യങ്ങളും കണ്ടെത്തി.


ഇന്നത്തെ യുഗത്തില്‍, അറിവ്‌ ലൌകീക സുഖങ്ങളുടെ പിന്നാലേ പോയി, വളര്‍ന്ന്‌ വളര്‍ന്ന്‌ ആകാശം മുട്ടുന്ന കെട്ടിടങ്ങളും, ലോകം നശിപ്പിക്കുന്ന അണുബോംബിലും മനുഷ്യന്റെ സമാധാനവും സ്വകാര്യത കളും നശിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ലോകത്തിലും ചെന്നെത്തിയിരിക്കുന്നു



പണ്ട്‌ ആത്മീയതയിലൂടെ നാം നമ്മിലുള്ള ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു, ദൈവവും നാമും തമ്മിലുള്ള ദൂരം കുറച്ച്‌ കുറച്ച്‌ ഒടുവില്‍ ദൈവസന്നിധില്‍ എത്തിയപ്പോള്‍ ഇന്ന്‌, നാം ദൈവത്തില്‍ നിന്ന്‌ ഒട്ടുദൂരം പോയി നില്‍ക്കുന്നു.ഇനി എവിടേയ്ക്ക്‌? എന്ന ചോദ്യവുമായി മധുരം കഴിക്കാനാവാതെ കൊഴുപ്പു കഴിക്കാനാവാതെ ഗുളിക കളും വിഴുങ്ങി നടക്കുന്ന ദ്ധ്യവയസ്ക്കര്‍.കഞ്ചാവിനും മയക്കു മരുന്നിനിമടിമപ്പെട്ട്‌ നടക്കുന്ന യുവ തലമുറ. കമ്പ്യൂട്ടര്‍ ഗയിമിലും ടി വി സ്ക്രീനിലും ബാല്യം തുലയ്ക്കുന്ന കുട്ടികള്‍. ഒറ്റപ്പെടലിലും അരക്ഷിത ത്വത്തിലും പെട്ട്‌ തവിക്കുന്ന വൃദ്ധര്‍.പണം ആവശ്യത്തിലേറെ കരുതിവച്ച്‌ അത്‌ അനുഭവിക്കാനറിയാതെ , ശാന്തിയും പരസ്പ്പര വിശ്വാസവും ന‍ഷ്ടപ്പെട്ട്‌, ആരേയും സ്നേഹിക്കാനാവാതെസംശയവും അശാന്തിയിലും പെട്ടുഴ റുന്ന പണക്കാരന്‍. പണം ഇല്ലെന്ന കാരണത്താല്‍ പട്ടിണിയും ദുരിതവുമായി ഇനിയൊരു കൂട്ടര്‍.ഇതാണ്‌ ഇന്നത്തെ അറിവ്‌ വളര്‍ന്ന്‌ വളര്‍ന്നെത്തിയിരിക്കുന്നത്‌

കാലം തെളിയിക്കുന്ന സത്യങ്ങള്‍



നമ്മുടെ അച്ഛനമ്മമാര്‍ പറയുന്നത്‌ കേട്ട്‌ നടന്നിരുന്നെങ്കില്‍ വഴി എത്ര എളുപ്പമായിരുന്നേനെ. ചില അച്ഛനമ്മമാര്‍ക്ക്‌ വഴി പറഞ്ഞു കൊടുക്കാനുള്ള ക്ഷമ തീരെയില്ല. വഴി തെറ്റുമ്പോള്‍ കുറ്റപ്പെടുത്താനും അറപ്പിക്കാനും മാത്രം രംഗത്തുണ്ടാവും. മറ്റു ചിലയിടത്ത്‌ മാതാപിതാക്കള്‍ തെളിച്ചുകൊടുക്കുന്ന വഴിയേ പോകാന്‍ വിസമ്മതിക്കുന്ന സാമൂഹ്യ വിരുദ്ധ മനസ്സുമായി മക്കള്‍. വഴിതെറ്റി ഒട്ടുദൂരം സഞ്ചരിച്ചു കഴിയുമ്പോള്‍ മാത്രം പരിതപിക്കുന്നു.. അന്ന അച്ചനമ്മമാര് ‍പറഞ്ഞപോലെ ചെയ്‌തിരുന്നെങ്കില്‍.. ചെറുപ്പത്തിലെ ചോരതിളപ്പില്‍ നാം പഴയ തലമുറയെ പുശ്ചിച്ചു തള്ളുമ്പോള്‍ ഓര്‍ക്കുക, വിലമതിക്കാനാവാത്ത അനുഭവ സമ്പത്തുണ്ട്‌ അവരുടെ കയ്യില്‍. നമ്മുടെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ ത്തിനോ പണത്തിനോ പദവിക്കോ ഒന്നും തരാനാവാത്ത സുരക്ഷിതത്വമുണ്ട്‌ അവരുടെ കയ്യി ചങ്ങല പൊട്ടിച്ച്‌ വെളിയില്‍ വരുമ്പോള്‍ നമ്മുടെ ബലം ക്ഷയിക്കുന്നു.സ്വയം പാത കണ്ടെത്തി വിജയിച്ചവര്‍ പോലും ഒരിക്കല്‍ ഇത്‌ മനസ്സിലാക്കുന്നു. കാലം തെളിയിക്കുന്ന സത്യങ്ങള്‍ കാലത്തിനേ തെളിയി ക്കാനാകൂ.മക്കളെ കുറ്റം പറയേണ്ട. വെള്ളം താഴേയ്ക്കേ ഒഴുകൂ എന്നതുപോലെ മാതാപിതാക്കളുടെ സ്നേഹ വാലസല്യം നമ്മിലേയ്ക്ക്‌ ഒഴികിക്കൊണ്ടിരിക്കുന്നു. നാം അറിയുന്നില്ലെന്നു മാത്രം വാര്‍ദ്ധ ക്ക്യത്തിലും ഒറ്റപ്പെടലിലും പെട്ട്‌ നരകിക്കുമ്പോള്‍ പോലും അന്യനാട്ടില്‍ മക്കള്‍ സുഖമായിരിക്കണേ എന്നു പ്രാര്‍ദ്ധിക്കുന്നു നമ്മുടെ അച്ഛനമ്മമാര്‍. അവര്‍ മാത്രമേ ഉള്ളു താനും ഈ ഭൂമിയില്‍ നമുക്കുവേണ്ടി പ്രാര്‍ദ്ധിക്കാന്‍ അവര്‍ മാത്രമേ നേര്‍ വഴി കാട്ടുവാനും ശാസിച്ചു നേരേയാക്കാനും വെമ്പല്‍ കാട്ടൂഅവര്‍ മാത്രമേ തെറ്റു തിരുത്തി ശുദ്ധരാക്കാന്‍ മുന്നോട്ടു വരൂഅവര്‍ മാത്രമേ അസുഖം വരുമ്പോള്‍ അടുത്തിരുന്ന്‌ ശുശ്രൂഷിക്കൂഎന്നിട്ടും പലരും പിന്നോട്ടു നോക്കാന്‍ അലസത കാട്ടുന്നു??? അജ്ഞത കാട്ടുന്നു???

അറിയുന്നില്ലാ.. ഭവാന്‍ അറിയുന്നില്ലാ..


ആത്മാവിനു പ്രായമില്ല, ലിംഗവ്യത്യാസമില്ല, അത്‌ തീയില്‍ വീണാലും വെള്ളത്തില്‍ വീണാലും ഇല്ലാതാ കില്ല. അതിനെ മുറിപ്പെടുത്താനാവില്ല, ഇല്ലാതാക്കാനുമാവില്ല. അത്‌ ശാശ്വതമായ ഒരു സത്യമാണ്‌.


അതെ, നമ്മുടെ ഉള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും ചിന്തിച്ചും ചിന്തിക്കാതെയും ഒക്കെ പതിയിരിക്കുന്ന ഒരാത്മാവുണ്ട്‌. അതിനെ വഹിക്കുന്ന വെറും പേടകങ്ങളാണു നമ്മുടെ പുറമേ കാണുന്ന ഈ ശരീരം. ശരീരത്തിന്റെ ദാഹവും, മോഹവും, വിശപ്പും, വിശപ്പില്ലായ്മയും, ആഗ്രഹവും, അത്യാഗ്രഹവും, സത്ചിന്ത യും, ദുര്‍ചിന്തയും ഒന്നും ആത്മാവിലേല്‍ക്കുന്നില്ല. കാരണം ആത്മാവ്‌ നിത്യമായതും മറ്റേതെല്ലാം നീര്‍ ക്കുമിളപോലെ തോന്നി മറയുന്നതുമാകുന്നു എന്നൊക്കെ എല്ലാവര്‍ക്കും അറിയാമെങ്കിലും അറിയാ ന്‍ വിസമ്മതിക്കുന്നു . സത്യത്തെ കാണാന്‍ അറപ്പാണു. വെറുപ്പാണു. ഇന്നിന്റെ മാസ്മരികതയില്‍ മയങ്ങി ആണിന്റെ ശരീരം പേറുന്നവര്‍ പെണ്വര്‍ഗ്ഗത്തെ അധിഷേപിച്ചും പണം കൈവശമുള്ളവന്‍ പാവങ്ങ ളെ ദ്രോഹിച്ചും അറിവു കൈവശമുള്ളവന്‍ അറിവില്ലാത്തവരെ അവഹേളിച്ചും അങ്ങിനെ ആടി തിമിര്‍ ‍ത്ത്‌ മുന്നോട്ട്‌ പോകുന്നു. ഉള്ളില്‍ എല്ലാം അറിയുന്ന ഒരാത്മാവുണ്ടെന്നും. അത്‌ എല്ലാവര്‍ക്കും ഒരേപോ ലെയാണെന്നും ആരും അറിയാന്‍ വിസമ്മതിക്കുന്നു. കാരണം നാം തുഴയുന്ന തോണിയുടെ അടിയില്‍ നിലകിട്ടാത്ത വളരെ വളരെ താഴ്ച്ചയുള്ള വെള്ളമാണെന്നു ഓര്‍ത്തുകൊണ്ടിരുന്നാല്‍ കപ്പല്‍ യാത്ര ആസ്വദിക്കാന്‍ പറ്റില്ല്ലല്ലോ. വിമാനം എന്‍ജിന്‍ തകര്‍ന്നാലും വളരെ താഴെ...കീഴ്പ്പോട്ട്‌. അതും, പ്ലയിനുള്ളിലെ സുഖ സൌകര്യങ്ങളില്‍ മുങ്ങുമ്പോള്‍ നാം മറക്കുന്നു. അതുപോലെ തന്നെ ജീവിത യാത്രയും. പക്ഷെ, എല്ലാ യാത്രകള്‍ക്കും ഒരന്ത്യം കാണും. അത്‌ വെറും തറയിലായിരിക്കയും ചെയ്യും. അത്‌ മറക്കാതിരിക്കുന്നവര്‍ക്ക്‌, ഒടുവില്‍ നിലം തൊടുബോള്‍ വിഷമിക്കേണ്ടിവരില്ല എന്നുമാത്രം.

Sunday, April 1, 2007

ഇണ


തനിയേ യാത്ര ചെയ്യുമ്പോള്‍ ഏകാന്തത, വഴിയിലെ അപകടങ്ങള്‍ ഒക്കെ ഒറ്റയ്ക്ക്‌ തരണം ചെയ്യണം. കൂടെ ഒരാളെ തുണയ്ക്ക്‌ കൂട്ടിയാലോ? പുലി വരുമ്പോള്‍ ഒന്നിച്ചു പൊരുതാം സംസാരിച്ചും പറഞ്ഞും വഴക്കു കൂടിയും ഒക്കെ വിരസതയില്ലാതെ യാത്ര പൂര്‍ത്തിയാക്കാം. പക്ഷെ ഒരാളുടെ 'തുണ' മാത്രം കിട്ടില്ലല്ലോ, ഹിതങ്ങളും കൂടി നോക്കണ്ടേ...അല്‍പ്പം വിട്ടു കൊടുക്കുകയും അഡ്ജസ്റ്റ്‌ ചെയ്യുകയും ഒക്കെ വേണം.

കൂടെ ഒരാളുള്ളപ്പോള്‍ ഏകാന്തത മോഹിക്കുകയും;ഏകാന്തതയില്‍ കൂട്ടിനൊരാളെയും തേടുന്നു നമ്മള്‍