Friday, February 22, 2008

പ്രകൃതി നിയമങ്ങള്‍


ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി,
"അങ്ങെവിടെയാണ്‌?എന്തുകൊണ്ട്‌ മുന്നില്‍ വരാതെ മറഞ്ഞു നില്‍ക്കുന്നു"?

അപ്പോള്‍ അദ്ദേഹം സ്നേഹമസൃണമായി ഇങ്ങിനെ ഉരചെയ്‌തു,
"എന്നെ കാണാനാകുന്നില്ലെന്നതാണോ നിന്റെ പരാതി?

നോക്കൂ, നീ കാണുന്ന ഈ അഗ്നി, ഈ പുക, ഈ വെളിച്ചം- ഇതൊക്കെ ഞാനാണ്‌.

എനിക്കു നിന്റെ മുന്നില്‍ മറ്റൊരു രൂപത്തില്‍ വന്നുനില്‍ക്കാനാവില്ല കാരണം;

നീയും എന്നിലെ ഒരംശമാണ്‌.

നിനക്കു നിന്റെ കണ്ണിനോ ചെവിക്കോ നിന്നെ കാണിച്ചുകൊടുക്കാനാവുമോ?

അതുപോലെ തന്നെ കുഞ്ഞേ, ഞാന്‍ നിസ്സഹായനാണ്‌

ഞാന്‍ പ്രകൃതിയാണു; നിന്റെ ചുറ്റിനും കാണുന്ന പ്രകൃതി

പ്രകൃതി നിയമങ്ങള്‍ തന്നെയാണു എന്റെ നിയമങ്ങള്‍
പ്രകൃതിനിയമങ്ങളൊക്കെ ഏവര്‍ക്കും കാണാവുന്ന;

അനുഭവിച്ചറിയാവുന്നമാതിരിയാണല്ലോ

ആനമുതല്‍ ചെറിയ എറുമ്പിനും മനസ്സിലാകുന്ന സത്യങ്ങളൊഴിച്ച്‌ ഒന്നുമില്ല അറിയാന്‍
തീയില്‍ തൊട്ടാല്‍ പൊള്ളും, മഴവന്നാല്‍ നനയും;

വെള്ളം കുടിച്ചാല്‍ ദാഹം ശമിക്കും, വിശന്നാല്‍ ഭക്ഷണം കഴിക്കണം

ഒരു രാത്രി കഴിഞ്ഞാല്‍ പകലിന്റെ വരവായി

ഒരു ദുഖം കഴിഞ്ഞാല്‍ സന്തോഷവും

എല്ലാവര്‍ക്കും സുഖ ദുഃഖങ്ങള്‍ തുല്യമായി വീതിച്ചുകൊടുത്തിരിക്കയല്ലേ

പിന്നെ, ദുഃഖത്തെ മാത്രം മുറുകെപിടിക്കുന്നവര്‍ക്ക്‌ സുഖത്തെ സ്വീകരിക്കാനാവുന്നില്ല
എപ്പോഴും സുഖം മാത്രം അനുഭവിക്കണമെന്ന്‌ വാശിപിടിക്കുന്നവര്‍-

ദുഃഖത്തിന്റെ മുന്നില്‍ തളര്‍ന്നു പോകുന്നു

ഇതൊക്കെയല്ലേ സത്യങ്ങള്‍?

ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ തിരിച്ചു സ്നേഹിക്കും;

വെറുത്താല്‍ അവരും വെറുക്കും
നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ഒരു എതിര്‍ ഫലം കിട്ടുമെന്നു തീര്‍ച്ച

അത്‌ ചുറ്റിനും കണ്ണും മനസ്സും തുറന്നു ശ്രദ്ധിച്ചാല്‍ മതിയാകും
നാം ആരില്‍ നിന്നും വ്യത്യസ്തരല്ലെന്നും,

എല്ലാവരും എന്റെ (പ്രകൃതിയുടെ) അംശങ്ങള്‍ മാത്രമാണെന്നും മനസ്സിലാകും
നിനക്കും നിന്റെ ചുറ്റിനുമുള്ള പ്രകൃതിയില്‍ ഒരു സ്വാധീനം ചെലുത്താനാകുമെന്നും മനസ്സിലാക്കുക

നന്മ വിതച്ചാല്‍ നന്മ കൊയ്യാം. സ്നേഹം വിതച്ചാല്‍ സ്നേഹം കൊയ്യാം

മറിച്ചായാല്‍ ദുരിതവും ദുഃഖവും ഫലം

കാരണം അത്‌ എന്റെ പ്രകൃതിയെ ദ്രോഹിക്കലാണു

അത്‌ എന്നെ ദ്രോഹിക്കലിനു തുല്യം

എന്നെ ദ്രോഹിച്ചാല്‍ എന്നില്‍ അടങ്ങിയിരിക്കുന്ന നിനക്കും-

അത്‌ ദ്രോഹമായി പരിണമിക്കും

ഇതും പ്രകൃതിനിയമം മാത്രം."

മാനസ മാല



മനുഷ്യര്‍ മനുഷ്യരുമായി അന്യോന്യം കോര്‍ക്കപ്പെട്ടു കിടക്കുന്നു. മറ്റൊരാളെ കാണാതെ, സംസാരിക്കാതെ, ഓര്‍മ്മിക്കാതെ, ഒരു നിമിഷം കൂടി നമുക്ക്‌ ജീവിക്കാനാവില്ല. മനുഷ്യസമ്പര്‍ക്ക മില്ലാതാകുമ്പോള്‍, ചിന്തകളിലൂടെ, ഓര്‍മ്മകളിലൂടെ, നമ്മള്‍ ഭൂതകാലങ്ങളിലേയ്ക്ക്‌ ഊളിയിടുന്നു. അനുഭവങ്ങളെ പുനര്‍ജ്ജീവിപ്പിച്ച്‌, ഇന്നലെകളില്‍ നാം ജീവിക്കുന്നു. പിരിഞ്ഞു പോയവരോടൊപ്പം, അകലെ ജീവിക്കുന്നവരോടൊപ്പം, ഏകാന്തതകള്‍ നാം പങ്കിടുന്നു. ഏകാന്തതകള്‍ തിരയുന്നതും മറ്റൊരു മനസ്സിനെ തന്നെ. ചിന്തകളുടെ കണ്ണിയറ്റുപോയാല്‍ പിന്നെ ജീവിതമില്ല. ശൂന്യത മാത്രം.




പ്രകൃതിയുമായി ഇടകലര്‍ന്ന്‌, കിളികളുടെ കളകളാരവം കുരുവികളുടെ ചിലചിലപ്പും, കുളിര്‍ക്കാറ്റിന്റെ മര്‍മ്മരവും, കുളിര്‍മഴയുടെ ആരവവും, ഒക്കെ കേട്ട്‌, ഒരല്‍പ്പം സ്വച്ഛമായിരുന്നാല്‍പ്പോലും, ആ സ്വച്ഛതയില്‍ വിടര്‍ന്നുവരുന്നത്‌, നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിമിഷത്തിന്റെ മധുരിക്കുന്ന ഓര്‍മ്മ; അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു രൂപം; ഒരാളുടെ പാട്ട്‌, കൊച്ചു കുട്ടിയുടെ പാല്‍പുഞ്ചിരി, എന്നിങ്ങനെ മറ്റു മനസ്സുകളില്‍ നിന്ന്‌ നമുക്ക്‌ കിട്ടിയതോ, കിട്ടാനിടയുള്ളതോ, ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം.


പിരിഞ്ഞുപോയവരെപറ്റിയോ, കണ്ടുമുട്ടാനിടയുള്ളവരെപറ്റിയോ ഒക്കെ അങ്ങിനെ നമ്മുടെ മന‍സ്സിനെ ആ ചിന്താമാലയില്‍ നാം എങ്ങിനെയും തളച്ചിടുകയായി. പക്ഷെ, ഓരോ പ്രാവശ്യം മാല കോര്‍ക്കുമ്പോഴും മനസ്സ്‌ ഒരു വിശകലന പഠനം കൂടി നടത്തുന്നുണ്ടാവും. ‘ഈ മനസ്സ്‌ നമുക്ക്‌ സന്തോഷമാണോ വിഷമങ്ങളാണോ തന്നത്‌’. ‘അയാളെ സ്നേഹിക്കാമോ’ എന്നിങ്ങനെ അന്വേക്ഷണമായി. മനുഷ്യര്‍ പുതു പുതു സ്നേഹബന്ധങ്ങള്‍ തേടുന്നതും ഈ ജീവിതമാല ബലമായി കോര്‍ക്കപ്പെടാന്‍ തന്നെ.


ഭാര്യയുമായുള്ള ചിന്താബന്ധം അറ്റ് വരുമ്പോള്‍ ഉടന്‍ മറ്റൊരു മനസ്സില്‍/ഹൃദയത്തില്‍ തന്നെ കുടിയിരുത്താനുള്ള വെമ്പലായി. അതുമല്ലെങ്കില്‍ ഭാര്യയെ ചിത്രവധം ചെയ്‌തെങ്കിലും അവളുടെ ഹൃദയത്തില്‍ ഒരു വില്ലനായെങ്കിലും കയറിക്കൂടുകയായി. മക്കളുടെ സ്നേഹം നഷ്ടപ്പെടുമ്പോഴും ഇതുതന്നെ. കിട്ടാതാകുമ്പോള്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്‌ പണ്ട്‌ തേന്‍ ചാലിച്ച അതേ നാവില്‍ നിന്നു ഭത്സനങ്ങള്‍ കേട്ട്‌ തളരുന്ന മക്കള്‍ ഭയത്തോടെയെങ്കിലും വയസ്സായ മാതാപിതാക്കളെ സ്മരിക്കുന്നു. സ്നേഹത്തിനുള്ളതുപോലെ വെറു‍പ്പിനും മറ്റൊരു ഹൃദയവുമായി നമ്മെ ബന്ധപ്പെടുത്താ നുള്ള ശക്‌തിയുണ്ടെന്നതും അതുതന്നെ.


ഒരുപക്ഷെ രണ്ടുമനസ്സുകള്‍ക്ക്‌ കൂട്ടിമുട്ടാന്‍ പറ്റിയ നിമിഷവും ഏകാന്തതകളാകും. ‘അവന്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ’ എന്ന്‌ പതിനായിരക്കണക്കിനു മയിലുകള്‍ക്കിപ്പുറത്തിരുന്ന്‌ കാമുകിയുടെ ചിന്ത ഏകാന്തതിയിലൂടെ ഊളിയിടുന്നു. അത്‌ പതിനായിരം മയിലുകള്‍ക്കകലെയുള്ള കാമുകന്റെ ചിന്തകളുമായി ഏറ്റുമുട്ടുന്നു, അവന്‍ കാമുകിയെപ്പറ്റി അറിയാതെ ഓര്‍ത്തുപോകുന്നു.

“ആരോ എന്നെപ്പറ്റി ചിന്തിച്ചു അതാണു ഞാന്‍ തുമ്മുന്നത്‌” എന്നൊരാള്‍ പറയുമ്പോള്‍ ഒരിക്കല്‍ സയ്ന്റിഫിക്‌ ആയി കണ്ടുപിടിക്കാനിടയുള്ള ഒരു മനസ്സുകളുടെ സമ്പര്‍ക്കത്തിന്റെ മുന്നോടിയാകുമോ അത്‌?”


(പണ്ടെന്നോ എഴുതിയത്‌.)

പ്രവാസികള്‍


എനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മില്‍ ‍വേര്‍തിരിച്ചറിയാന്‍ പ്രയാസ മായിരിക്കുന്നു. ജീവിച്ചിരിക്കെ തന്നെ മരിച്ചവരായി, അന്യാധീനപ്പെട്ട ഉറ്റോരും ബന്ധുക്കളും മിത്രങ്ങളും അങ്ങകലെ ഒരു നക്ഷത്രംപോലെ തിളങ്ങി നില്‍ക്കുന്നു. മിന്നിയും മറഞ്ഞും പ്രകാശം പരത്തിക്കൊണ്ട്‌. അവരില്‍ ചിലര്‍ ഇടയ്ക്ക്‌ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞടുക്കം. മരണത്തിനുള്ളിലും മറ്റൊരു മരണമോ? അതിശയിച്ചുപോകുന്നു. ജീവിച്ചിരിക്കെതന്നെ ഞാന്‍ ഉപേക്ഷിച്ച എന്നാല്‍ ഉപേക്ഷിക്ക പ്പെട്ട മനുഷ്യര്‍. ‍ആരില്‍ നിന്നൊക്കെയാണോ ഓടി അകലണമെന്നു കരുതിയത്‌ അവരെയൊക്കെ തന്നെ ശിഷ്ടകാലം മുഴുവന്‍ മനസ്സില്‍ ധ്യാനിച്ച്‌,…എന്തു ജയം കൊയ്യണമെന്നു കരുതിയോ, ആ ജയം തന്നെ തോല്‍വിയായി പല്ലിളിച്ചു കാട്ടുന്നു. ജീവിച്ചിരിക്കെ മരിച്ചവര്‍ - പ്രവാസികള്‍

Thursday, February 21, 2008

തിരിച്ചറിവ്‌


നീതിക്കുവേണ്ടി, ന്യായത്തിനുവേണ്ടി പൊരുതി,

ഒടുവില്‍ പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോള്‍

‍നിരാശയുടെ പാതാളത്തിലേയ്ക്ക്‌ താഴ്‌ന്ന്‌ താഴ്‌ന്ന്‌ പുതഞ്ഞുപോകുന്നു

അവിടെ കിടന്ന്‌ ശേഷിക്കുന്ന പാഴ്‌ ചിന്തകള്‍ കൂടിഅഴുകി ചീഞ്ഞ്‌,

ഒടുവില്‍, കേടായതെല്ലാം ഒന്നായി അഴുകി നശിക്കുമ്പോള്‍

പുതിയ മുകുളങ്ങള്‍ മുളച്ചു പൊന്തുന്നു

പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു

ജീവിതത്തെ പുതിയ ഉണര്‍വ്വോടെ അറിവോടെനോക്കിക്കാണുന്നു,

ശത്രുക്കളെന്നു നാം കരുതിയവര്‍ മിത്രങ്ങളായിരുന്നു എന്നും

ശരികളെന്നു നാം കരുതി പോരാടിയ പലതും

തെറ്റിലേയ്ക്കുള്ള പാതയിലൂടെയുള്ള പ്രയാണമായിരുന്നെന്നും

തിരിച്ചറിയുന്നു

ശത്രുവിന്റെ ദൈന്യതകണ്ട്‌ മനസ്സലിയുന്നു

അവന്റെ വേദനയും നമ്മുടെ വേദനയും ഒന്നാണെന്നു തിരിച്ചറിവുണ്ടാകുന്നു

അത്‌ നമ്മെ പുതിയ മനുഷ്യരാക്കുന്നു

പുനര്‍ജ്ജനിച്ചവരാക്കുന്നു

നാമോരുരുത്തരം അത്തരം പല പുനര്‍ജന്മങ്ങള്‍ക്ക്‌ കടപ്പെട്ടിരിക്കുന്നു

അത്തരം പല ജനന-മരണങ്ങളുടെ ആകെത്തുകയാണുനമ്മുടെ ഓരോരുത്തരുടെയും ജീവിതം

Thursday, February 14, 2008

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

അന്നൊരിക്കല്‍ ധൃതിപിടിച്ച്‌ ഷോപ്പിങ്ങ്‌ നടത്തിയപ്പോഴാണ്‌ വഴിയരികില്‍
അവളെ (എന്റെപാരിജാത ത്തിനെ) ആദ്യം കണ്ടത്‌. ഒരു ചീനന്റെ ചെറിയ ചെടിക്കടയില്‍ നിരത്തിവച്ചിരിക്കുന്ന ചൈനീസ്‌ ചെടികളുടെ ഇടക്ക്‌ രണ്ടുമൂന്നു പൂക്കളുമായി ആരെയോ പ്രതീക്ഷിച്ചെന്നപോലെ. എന്നെയാണോ! ഒരു നിമിഷം ശങ്കിച്ചു. വേണ്ട. അത്രയ്ക്കങ്ങു അഹങ്കരിക്കണ്ട. തറയിലൊരു വീടു കിട്ടിയതല്ലേ ഉള്ളു. അതിനിടയില്‍ അങ്ങിനെ ഇപ്പോള്‍ നഷ്ടമായതെല്ലാം കൂടി ഒന്നിച്ചു നേടണ്ട. സ്വയം വിലക്കി. മനസ്സില്ലാമനസ്സോടെ അവളെയും കടന്ന്‌ പോകുമ്പോള്‍ ആശ്വസിക്കാന്‍ മറന്നില്ല. 'വരും ഞാന്‍ താമസിയാതെ. ഇന്നല്ല. വേറൊരു ദിവസം നിന്നെ ഞാന്‍ സ്വന്തമാക്കും'.

പക്ഷെ, പിന്നീടൊക്കെ അവളെ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അവള്‍ വിദഗ്ധമായി അപ്രത്യക്ഷയായി ക്കഴിഞ്ഞിരുന്നു. മറ്റാരുടെയോ വീട്ടില്‍ സുഗന്ധം പരത്തുകയാവും അവളിപ്പോള്‍. കിട്ടുകില്ലെന്നായപ്പോ ള്‍ ആഗ്രഹം ഒന്നുകൂടി കൂടി. കാണുന്ന കടകളിലൊക്കെ തിരക്കി. എങ്ങുമില്ല. ആര്‍ക്കും അങ്ങിനെ ഒരു പേരും പൂവും ഒന്നും അറിയില്ല. ഇന്ത്യന്‍ പൂവ്‌, വെളുത്ത വലിയ പൂവ്‌, നല്ല മണമുള്ള പൂവ്‌ എന്നൊക്കെ പറഞ്ഞു നോക്കി. സഹായിക്കണമെന്ന്‌ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‌ പക്ഷെ, അവര്‍ക്ക്‌ മനസ്സിലായില്ല ഞാന്‍ ഉദ്ദേശിക്കുന്ന പൂവേതാണെന്ന്‌.

ഇന്നിപ്പോള്‍, പിടിപ്പതു പണിയുണ്ടായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും ആഹാരം കൊടുത്ത്‌, എല്ലാം കഴിഞ്ഞപ്പോള്‍ എങ്ങോട്ടോ തിരക്കിട്ട്‌ പോകുന്ന ഭര്‍ത്താവിനോട്‌ ചോദിച്ചു, "എന്നെക്കൂടി ഒന്നു വഴിവ ക്കില്‍ ഇറക്കിവിടാമോ?"
"പെട്ടെന്നു റെഡിയായാല്‍ ഇറക്കിവിടാം" മറുപടി കിട്ടി.
പിന്നെ ഒട്ടും താമസിച്ചില്ല. വീട്ടുജോലികളില്‍ നിന്നും താല്‍ക്കാലികമായി ഒന്നു വിട്ടുനില്‍ക്കാന്‍ ഈ ഒരു മാര്‍ഗ്ഗമേ താന്‍ കണ്ടിട്ടുള്ളു. ജോലിചെയ്‌തു തളര്‍ന്നിരിക്കയാണെങ്കിലും, വെറുതേ പരിചയമുള്ള കടകളും കടക്കാരെയും കണ്ട്‌, ആവശ്യമുള്ള വീട്ടുസാധനങ്ങളും വാങ്ങി, ഭാരമുള്ള കെട്ടും തൂക്കിപ്പിടിച്ച്‌, മഴയത്താ യാലും വെയിലത്തായാലും നടന്ന്‌ തിരിച്ചെത്തുമ്പോള്‍, എന്തോ വലിയ കാര്യം ചെയ്‌തു തീര്‍ത്ത സംതൃപ്തിയാണു. പിന്നീട്‌ ബാക്കി കിടക്കുന്ന വീട്ടുജോലികള്‍ അറിയാതെ ചെയ്‌തു തീര്‍ക്കയും ചെയ്യും.

ഭര്‍ത്താവ്‌ തിരക്കുള്ള റോഡില്‍ വണ്ടി ഓരമായി നിര്‍ത്തി. അസഹ്യമായ ചൂട്‌. നട്ടുച്ചസമയം സൂര്യന്‍ കത്തിജ്വലിക്കയാണു. 'ബൈ ബൈ' പറഞ്ഞ്‌ നടന്നു തുടങ്ങിയപ്പോള്‍ ഇറങ്ങിയത്‌ വിഢ്ഢിത്തമായോ എന്ന സംശയം. അത്രയ്ക്കുണ്ട്‌ പുറത്തെ ചൂട്‌. തിരിച്ചു വീട്ടില്‍ പോകാനും ഈ വെയിലത്ത്‌ ആവില്ല.
ഒരു സ്വപ്നാടകയെപ്പോലെ നടന്നുതുടങ്ങി. പരിചയമുള്ള ഓരോന്നും നോക്കി നടക്കുമ്പോള്‍ 'സ്വന്തം നാട്‌ കേരളമല്ല, ഇതാണു' എന്നു തോന്നിത്തുടങ്ങി.

പരിചയമുള്ള കടകളില്‍ ഓരോന്നായി കയറി ആവശ്യമുള്ളതൊക്കെ വാങ്ങി. ഇപ്പോള്‍ വാങ്ങിയ സാധനങ്ങളുടെഭാരവും കൂടി. പക്ഷെ, ചെടിക്കടയ്ക്കരികിലെത്തിയപ്പോള്‍ പെട്ടെന്ന്‌ ഭാരമൊക്കെ കുറഞ്ഞപോലെ എന്റെ പാരിജാതം ഉണ്ടൊ! മനസ്സ്‌ പെരുമ്പറകൊട്ടും പോലെ. ഇല്ല, ഇന്നും ഇല്ല. നിരാശ വീണ്ടും കൈയ്യിലെ ഭാരം അധികരിപ്പിച്ചു. നിരാശയോടെ ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ നടക്കുമ്പോള്‍ പെട്ടെന്ന്‌ ഒരു ആശയം! പോകുന്ന വഴിക്കാണു മറ്റൊരു ചെടിക്കട. ഒരു പക്ഷെ അവിടെ കാണുമോ! അവിടെയും പലതവണ അന്വേക്ഷിച്ചു ചെന്നിട്ടുണ്ട്‌. അപ്പോഴൊക്കെ നിരാശയായിരുന്ന്‌ ഫലം.


ബസ്സ്‌ ചെടിക്കടയുടെ മുന്നില്‍ എത്തിയപ്പോള്‍ ക്ഷീണമൊക്കെ ഒരുവിധം തീര്‍ന്നിരുന്നു.എന്തെങ്കിലും ഒരു സ്വപ്നം മനസ്സിലുണ്ടെങ്കില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഒക്കെ നേരിടാന്‍ അത്‌ ബലം തരും എന്നു പറയില്ലേ. എന്റെ കൊച്ചു സ്വപ്നം എന്റെ പാരിജാതത്തെ കണ്ടുപിടിക്കയാണു. ഒപ്പം, സ്വപനങ്ങ ളില്ലാതെ ജീവിക്കേണ്ടിവരുന്ന മനുഷ്യരോട്‌ സഹതാപം തോന്നി. 'എല്ലാവര്‍ക്കും ഇതുപോലെ ദൈവം എന്തെങ്കിലും ഒരു സ്വപ്നം കൊടുക്കേണമേ' എന്നു പ്രാര്‍ത്ഥിക്കാനും മറന്നില്ല. അപ്പോള്‍ അവരുടെ മനസ്സില്‍ കിടക്കുന്ന മറ്റ്‌ ആധി വ്യാധികളൊക്കെ പമ്പ കടക്കും, അവര്‍ക്ക്‌ ജീവിതത്തെ കുറച്ചുകൂടി സന്തോഷത്തോടെ നേരിടാനും കഴിയും. അതാണു സ്വപ്നത്തിന്റെ രഹസ്യം.

നടന്നു നടന്നു ചെന്നെത്തിയത്‌ ചെടിക്കടയുടെ മുന്നില്‍ തന്നെ. എന്നത്തെയും പോലെചെറുതായി ഒരവലോകനം നടത്തി. എന്റെ കേരളത്തില്‍ എനിക്ക്‌ നഷ്ടമായ എന്റെ കൂട്ടുകാര്‍ ഇവിടെ ഇടയിലെ ങ്ങാനും ഒളിച്ചിരുപ്പുണ്ടോ. തുളസി, തെച്ചി, മുല്ല, ചെമ്പരത്തി, ചെമ്പകം, കറിവേപ്പില, വേപ്പ്‌, തുടങ്ങി എല്ലാവരും ഇവിടെയുമുണ്ട്‌. കൂടാതെ എന്റെ കിളികള്‍, മറ്റു ജീവികള്‍ ഒക്കെ ഉണ്ട്‌. ഭാഷയും പ്രകൃതവും ഒക്കെ ഒന്നു തന്നെ. മനുഷ്യര്‍ മാത്രം പല പല ഭാഷ പറയുന്നുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം ഒന്നു തന്നെ. ഇല്ല. ഇന്നാരുമില്ല. ചൈനീസിന്‌ ഭാഗ്യവും കൊണ്ട്‌ ഇരിക്കുന്ന ചെടികളാണധികവും. ഇല്ലാത്ത കീഴ്‌വഴക്കങ്ങള്‍ പുതുതായുണ്ടാക്കണ്ട. 'ഒരു ചെടി വാങ്ങി വച്ചതുകൊണ്ട്‌ എങ്ങിനെ ഭാഗ്യം വരാന്‍! ഭാഗ്യംവരാന്‍ കഷ്ടപ്പെടണം. പിന്നെ ഈശ്വരവിശ്വാസവും വേണം' എന്നു പിറുപിറുത്ത്‌ തിരിഞ്ഞ്‌ നട ക്കാന്‍ തുടങ്ങിയപ്പോള്‍, പെട്ടെന്ന്‌ ആരോ വിളിച്ചപോലെ. പരിചയമുള്ള ആ ഇലകളില്‍ കണ്ണുകളുട ക്കി. നാട്ടിലായിരുന്നപ്പോള്‍ പാരിജാതപൂക്കളെ സ്നേഹിച്ചിരുന്നു, മുകര്‍ന്നിരുന്നു, പ്രകീര്‍ത്തിച്ചിരുന്നു. പക്ഷെ, ഇലകളില്‍ ഗവേഷണമൊന്നും നടത്തിയിട്ടില്ലായിരുന്നു.എങ്കിലും എവിടെയോവച്ചു കണ്ട ഒരു പരിചയം. ഇതു പാരിജാതമാകുമോ!

എന്റെ ആകാംഷ കണ്ട്‌ ചീനന്‍ പുഞ്ചിരിയോടെ അടുത്തുവന്നു. (ചെടി വില്‍ക്കുന്ന ആള്‍ക്കാരൊക്കെ സ്വതവേ തണുത്ത പ്രകൃതക്കാരായിട്ടാണു കാണപ്പെടുന്നത്‌. പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള വ്യാപാരമായതുകൊണ്ടാകുമോ? എല്ലാവരിലും ഒരേ ഊഷ്മളതയും സരളതയും, എന്തോ സ്നേഹം വില്‍ക്കാന്‍ ഇരിക്കുന്നവരെപ്പോലെയാണു അവര്‍ അടുത്തു വരിക.) ഞാന്‍ ചോദിച്ചു, 'ഈസ്‌ ദിസ്‌ ആന്‍ ഇന്‍ഡിയന്‍ ഫ്ലവര്‍? വൈറ്റ്‌, ഫ്രാഗ്രന്റ്‌ ഒണ്‍?' (ഇവിടെ സാധാരണക്കാര്‍ പൊതുവേ ഇംഗ്ലീഷ്‌ ഗ്രാമറും ഒന്നും ശ്രദ്ധിക്കാതെയാണു സംസാരിക്കുക.) അതുകൊണ്ട്‌ ആകെ വശമുള്ള അല്‍പ്പസ്വല്‍പ്പം ഗ്രാമ്മര്‍ പരിജ്ഞ്ാ‍നവും ഇപ്പോള്‍ എന്നെ കൈവിട്ടുപോയിരിക്കുന്നു. എനിക്കിപ്പോള്‍ വശമുള്ളത്‌ ഇവരുടെ ചൈനീസീകരിച്ചിരുന്ന ഇംഗ്ലീഷുമാത്രം. ചീനര്‍ക്കു എന്റെ ഇംഗ്ലീഷ്‌ മനസ്സിലായാലേ അവരുടെ കടയിലെ സാധനങ്ങള്‍ കിട്ടു.
ചീനന്‍. പറഞ്ഞു, 'യെസ്‌ യെസ്‌. ഇന്‍ഡിയന്‍ പ്ലാന്റ്‌. ലോങ്ങ്‌ എഗോ ഇന്‍ മൈ കാമ്പൊങ്ങ്‌ ഹൗസ്‌ ഹാ..… ഐ ഗോട്ട്‌ ഹാ..… ഫ്രം ഇന്‍ഡിയന്‍ നൈബര്‍ ഹാ..… വെരി ഗൂഡ്‌ വെരി ഗൂഡ്‌' (അയാളുടെ പാരിജാത ബിസിനസ്സിന്റെ ഉറവിടം അയാള്‍ എനിക്കു നിര്‍ലോഭം വിളമ്പി.)
എനിക്കു സന്തോഷമായി. എങ്കിലും ചോദിച്ചു, 'ഈസ്‌ ഇറ്റ്‌ പാരിജാതം?''

യെസ്‌ യെസ്‌ ഇന്‍ഡ്യന്‍ ഫ്ലവര്‍, വൈറ്റ്‌, ബിഗ്‌ ഒണ്‍. നൈസ്‌ ഒണ്‍.'(പാരിജാതം എന്ന പേര്‍ അയാള്‍ക്കറിയില്ല, എങ്കിലും ചെടി പാരിജാതമാണെന്നു സ്പഷ്ടമായി.)
വില ചോദിച്ചു. കാശു കുറക്കുന്ന കാര്യത്തില്‍ സ്നേഹത്തിനു ഒരിടവുമില്ല ട്ടൊ.

'കാശിത്രയാണു, പക്ഷെ വെരി ഗുഡ്ഡ്‌ ഫ്ലവര്‍.' എന്ന്‌ പറഞ്ഞ്‌, ഒട്ടൊരു നിരാശ കാട്ടി ഞാന്‍ വാങ്ങാതെ പൊയ്ക്കളയുമോ എന്ന ഒരു തോന്നലും, വാങ്ങിയില്ലെങ്കില്‍ അതെനിക്കൊരു നഷ്ടമാണെന്നൊരു ധ്വനിയും തന്നിട്ട്‌, 'ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണാ' എന്നമട്ടില്‍ ആദ്യമിരുന്ന പോസില്‍ സ്നേഹം വില്‍ക്കാനെന്ന ഭാവത്തില്‍ അങ്ങിനെ ഇരിക്കയാണു. അയാള്‍.
എന്തു ചെയ്യാന്‍, വില പേശണോ? വേണ്ട. കേരളത്തില്‍ എനിക്കു നഷ്ടം വന്ന അപൂര്‍വ്വമായ ചെടിയു മായി ഇരിക്കുന്ന ചെടിവില്‍പ്പനക്കാരാ, ഇന്നെനിക്കല്‍പ്പം നഷ്ടം വന്നോട്ടെ. അത്‌ ഞാന്‍ മറ്റേതെങ്കിലും ഇനത്തില്‍ നികത്തിക്കോളാം. നിങ്ങളുടെ ചിരി മങ്ങിയിട്ട്‌ എന്റെ പൂന്തോട്ടം പൂത്തുലയണ്ട. അവളുടെ സംരക്ഷകനെ സന്തോഷിപ്പിച്ചിട്ടു തന്നെ എന്റെ പാരിജാതം എന്റെ വീട്ടില്‍ വരട്ടെ എന്നലേ എന്റെ വീട്ടില്‍ വരുന്ന അവളുടെ മനസ്സിലും സന്തോഷം അലതല്ലൂ. ആ സന്തോഷമാകാം വിരസമായ, ഏകാ ന്തമായ എന്റെ സന്ധ്യകള്‍ക്കും നിറം ചാര്‍ത്തുന്നത്‌.
അയാള്‍ പറഞ്ഞ കാശു കൈകളില്‍ കൊടുക്കുമ്പോള്‍ ഒരു നിധിയെന്നപോലെ എന്റെ പാരിജാതത്തെ പ്ലാസ്റ്റിക്ക്‌ കവറില്‍ ആക്കി, തന്നിട്ട്‌, ആശീര്‍വ്വദിച്ചു, "ഗൂഡ്‌ ലക്ക്‌".അവര്‍ക്ക്‌ എല്ലാ ചെടികളും ഭാഗ്യം കൊണ്ടു വരുന്നവയാണു. ഞാന്‍ തലയാട്ടി ആ ആശീര്‍വ്വാദം സ്വീകരിച്ചു. പക്ഷെ, ഉള്ളില്‍ പറഞ്ഞു, 'എന്റെ പാരിജാതപ്പെണ്ണേ, നിനക്കും ഉണ്ടോ ഭാഗ്യം കൊണ്ടുവരാനുള്ള കഴിവ്‌! നിന്റെ ചീന സംരക്ഷകന്‍ നിനക്കു നല്‍കിയ മകുടമോ!’.

പാരിജാതവുമായി നടന്നു തിരിച്ച്‌ ബസ്‌ സ്റ്റോപ്പില്‍ എത്തിയതറിഞ്ഞില്ല. മുകളില്‍ കത്തിജ്വലിച്ചു നിന്ന സൂര്യനെ കണ്ടില്ല. പുറത്തെ ചുട്ടുപൊള്ളുന്ന വെയിലറിഞ്ഞില്ല. മനസ്സും ഹൃദയവും ഒക്കെ കൈകളില്‍ ഇരുന്ന്‌ കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പാരിജാതത്തിലായിരുന്നു. എന്നോ ഒന്നുചേരാനാഗ്രഹിക്കുന്നവര്‍ ഒന്നുചേര്‍ന്നപോലെ.എനിക്കു പുതിയ ലക്ഷ്യങ്ങല്‍ കൈവന്നു. ഇനി ഇവളെ മണ്ണില്‍ നടണം, ഇവള്‍ വലുതാകുന്നത്‌ കാണണം, ഇവള്‍ പൂവിടുന്നതു കാണണം. ആ സൗരഭ്യത്തില്‍ എന്റെ അല്‍പ്പ സ്വല്‍പ്പ നിരാശകളും നഷ്ടങ്ങളും ഒക്കെ മറക്കണം.

അങ്ങിനെയാണു എന്റെ പാരിജാതം എന്റെ വീട്ടില്‍ എത്തിയത്‌. ദാ ഇപ്പോള്‍ അവള്‍ എന്റെ പൂന്തോട്ട ത്തിലെ ഒരംഗമായിക്കഴിഞ്ഞു. നട്ടുകഴിഞ്ഞശേഷവും ഇടയ്ക്കിടയ്ക്ക്‌ ഞാനവളെപ്പോയി നോക്കുന്നു. അവള്‍ സന്തോഷവതിയാണോ എന്നുറപ്പു വരുത്താന്‍. അവള്‍ മൗനമായി പറഞ്ഞു, "എനിക്കിവിടെ സന്തോഷം തന്നെ" ചേരേണ്ടിടത്ത്‌ എത്തിച്ചേര്‍ന്ന ഒരു സംതൃപ്തിയോടെ അവള്‍ തലയാട്ടി.. അതെ ഞാനുമിന്ന്‌ സംതൃപ്തയാണു. ഞാന്‍ സ്വയം പറഞ്ഞു.

ഒന്നു പറയാന്‍ മറന്നു,… ഞാനിടയ്ക്ക്‌ ഒന്നുരണ്ടു ദിവസം വീട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. മന സ്സാകെ നൊമ്പരമായിരുന്നു. എന്തോ നഷ്ടമായ പ്രതീതി. എന്റെ ചെടികളെ ഓര്‍ത്തായിരുന്നു വിഷമം. അവര്‍ക്ക്‌ ഒരാപത്തും വരല്ലേ... തിരിച്ചു വന്നപ്പോള്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ സുരക്ഷിതരാണ്‌ എന്ന്‌ തലകുലുക്കി. ഞാന്‍ പാരിജാതത്തിന്റെ അടുത്ത്‌ ചെന്നു. അപ്പോള്‍ അതാ ഒരു സൗരഭ്യം! അവള്‍ എനിക്കു നല്‍കാന്‍ ഒരു സമ്മാനവും ഒളിപ്പിച്ചു വച്ച്‌ നില്‍ക്കയായിരുന്നു!. അവളുടെ ആദ്യത്തെ കണിയായ ഒരു വെള്ള പാരിജാതപ്പൂവ്‌! ഞാന്‍ പതിയെ അവളുടെ അടുത്ത്‌ ചെന്നു. ഒരു നിധി കാണും പോലെ ആ പൂവു നോക്കി. വിശ്വസിക്കാനാവാതെ നിന്നു. പിന്നെ പതിയെ തൊട്ടുനോക്കി. പിന്നെ പതിയെ മുകര്‍ന്നു. അതെ നാട്ടില്‍ പണ്ടെങ്ങോ മുകര്‍ന്ന അതേ സൗരഭ്യം. ആ സൗരഭ്യം എന്നെ പൊതിഞ്ഞു, അറിയാതെ എന്റെ കണ്‍കളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു. ഒരു നിമിഷം ആ പരിമളത്തില്‍ ലയിച്ച്‌ സ്വയം മറന്ന്‌ ഞങ്ങള്‍ നിന്നു. "ഇതാണു ഭൂമിയിലെ സ്വര്‍ഗ്ഗം". ഞാനറിയാതെ പറഞ്ഞുപോയി.

Friday, February 1, 2008

മൃഗയാവിനോദം

നീതിക്കുവേണ്ടി, ന്യായത്തിനുവേണ്ടി പൊരുതി,
ഒടുവില്‍ പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോള്‍
നിരാശയുടെ പാതാളത്തിലേയ്ക്ക്‌
താഴ്ന്ന്‌ താഴ്ന്ന്‌ പുതഞ്ഞുപോകുന്നു

അവിടെ കിടന്ന്‌ ശേഷിക്കുന്ന പാഴ്‌ ചിന്തകള്‍ കൂടിഅഴുകി ചീഞ്ഞ്‌,
ഒടുവില്‍, കേടായതെല്ലാം ഒന്നായി അഴുകി നശിക്കുമ്പോള്‍
പുതിയ മുകുളങ്ങള്‍ മുളച്ചു പൊന്തുന്നുപുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു

ജീവിതത്തെ പുതിയ ഉണര്‍വ്വോടെ, അറിവോടെ,നോക്കിക്കാണുന്നു,
ശത്രുക്കളെന്നു നാം കരുതിയവര്‍ മിത്രങ്ങളായിരുന്നു എന്നും,
ശരികളെന്നു നാം കരുതി പോരാടിയ പലതും
തെറ്റിലേയ്ക്കുള്ള പാതയിലൂടെയുള്ള പ്രയാണമായിരുന്നെന്നുംതിരിച്ചറിയുന്നു

ശത്രുവിന്റെ ദൈന്യതകണ്ട്‌ മനസ്സലിയുന്നു
അവന്റെ വേദന നമ്മുടെ വേദനയും ഒന്നാണെന്നു തിരിച്ചറിവുണ്ടാകുന്നു
അത്‌ നമ്മെ പുതിയ മനുഷ്യരാക്കുന്നു
പുനര്‍ജ്ജനിച്ചവരാക്കുന്നു

നാമോരുരുത്തരം അത്തരം പല പുനര്‍ജന്‍മങ്ങള്‍ക്ക്‌
കടപ്പെട്ടിരിക്കുന്നു
അത്തരം പല ജനന മരണങ്ങളുടെ ആകെത്തുകയാണു
നമ്മുടെ ഓരോരുത്തരുടെയും ജീവിതം