Friday, November 28, 2008

യുദ്ധഭൂമി

ടിവിയില്‍; ഏതോ യുദ്ധഭൂവില്‍;
ഇന്നലെ ഞാനൊരു കാഴ്ച്ചകണ്ടു!
തുള്ളി വെള്ളം കുടിക്കുവാനില്ലാതെ;
ഒന്നു തലോടുവാനടുത്താരുമില്ലാതെ;
ഒരുനേരമൊരിത്തിരി ഭക്ഷണമില്ലാതെ;
വിശന്നു വലഞ്ഞു, എല്ലും തൊലിയുമായ്‌;
മനുഷ്യക്കുട്ടികള്‍ തന്നെയോ എന്നു-
സംശയിക്കുമാറൊരു ദയനീയമാവസ്ഥയില്‍,
പുഴുക്കളെപ്പോലെ, ജീവന്‍ വിടാനായ്‌ പിടയുമക്കാഴ്ച്ച!
കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെവലഞ്ഞിട്ടു-
മെന്തിനാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ജന്‍മമേകി?
കഷ്ടം! കഷ്ടം! ഈ ലോകമെത്ര ക്രൂരം!
വല്ലാതെ ഞെളിപിരികൊള്ളുന്നെന്‍ ഹൃത്ത്.
ഒന്നുമെനിയ്ക്കാകുന്നില്ലല്ലോ ആ-
പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിച്ചീടുവാന്‍!
മണ്ണിനു വേണ്ടി പടപൊരുതുന്നോര്‍;
മതത്തിനു വേണ്ടി പടപൊരുതുന്നോര്‍;
മനുഷ്യത്വമെന്തേ മറന്നിടുന്നൂ?
ഏറെക്കരയിച്ചെന്നെയക്കാഴ്ച്ച.
എന്റെ സ്വപ്നങ്ങള്‍ മോഹങ്ങളൊക്കെ
എത്ര തുച്ഛമവര്‍ക്കുമുന്നില്‍!

മുന്ന
2001

Wednesday, November 19, 2008

വേദന

സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
സഹതാപമോ കരയിക്കുന്നു
വേദന എന്നോ എനിക്കു തോഴരായിപ്പോയി
പുത്തരിയാകുന്നു സന്തോഷമിപ്പോള്‍
കരയുന്നതാണെനിക്കാശ്വാസമിപ്പോള്‍
ചിരിക്കുമ്പോഴെന്തോ അപരാധം ചെയ്‌തപോല്‍
വേദനകളെന്നെ ധീരയാക്കുന്നു
സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
[ഇതൊക്കെ പണ്ട്, ഏഴെട്ടു വർഷം മുൻപ് എഴുതിയതാണ്.]

Friday, November 7, 2008

വ്രതങ്ങളും തീര്‍ത്ഥാടങ്ങളും

കഷ്ടപ്പാടു വരുമ്പോള്‍, ദുഃഖം താങ്ങാനാവാതെയൊക്കെ വരുമ്പോള്‍ ഒക്കെ പലരും വ്രതങ്ങളെടുക്കുന്നു, തീര്‍ത്ഥാടനങ്ങള്‍ പോകുന്നു, കഠിനമായ നേര്‍ച്ചകള്‍ നേരുന്നു.
എന്തിനെന്നോ?

വിശദീകരിക്കാന്‍ ശ്രമിക്കാം...,

നാം സൂര്യന്റെ കഠിനമായചൂടിനെ കുറ്റം പറഞ്ഞുകൊണ്ട് വീശിക്കൊണ്ടിരിക്കുന്നു എന്നു കരുതുക,
ചൂട് അസഹ്യമായി തോന്നും. ‘നശിച്ച സൂര്യന്‍,’ ‘ഒടുക്കത്തെ ചൂട്’, എന്നൊക്കെ പറഞ്ഞും പരിതപിച്ചും വെപ്രാളപ്പെട്ട്, ചൂട് അധികരിപ്പിക്കുന്നു. ചൂട് സഹിക്കാനാവാതെ കഷ്ടപ്പെടുന്നു.
അതേസമയം, നമ്മെ ആരെങ്കിലും ആ സമയം ഒരുനിമിഷം ആളിക്കത്തുന്ന തീയില്‍ ഒന്നു കാട്ടുകയോ, അതിനടുത്ത് അല്പസമയം ഇരുത്തുകയോ ചെയ്തിട്ട്, തിരിച്ച് സൂര്യതാപം ഏല്‍ക്കുമ്പോഴോ!
എന്തൊരാശ്വാസം!

ചിലര്‍ തീയിലൂടെ നടക്കുന്നു.. ചിലര്‍ ശരീരത്തില്‍ നിറയെ; വായിലും, നാക്കിലും ഒക്കെ സൂചികള്‍ കുത്തി, ഭാരവും വഹിച്ച് കിലോമീറ്ററോളം നടക്കുന്നു.. എല്ലാറ്റിന്റെയും ഒടുവില്‍ കിട്ടുന്നത് മേല്‍പ്പറഞ്ഞ് ആശ്വാസമാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആര്‍ഭാടത്തിനും, സുഖലോലുപതയിലും മാത്രം ശ്രദ്ധിച്ച് മാക്സിമം സുഖിക്കുന്ന ഇന്നത്തെ മനുഷ്യരും നിരാശരാണ്, വിരക്തരാണ്. ഒടുവില്‍ തോന്നും ഒരു തീര്‍ത്ഥാടനം നടത്തിയാലോ? ഫാമിലിയേയും കൂട്ടി, മലയും കാടും ഒക്കെ കയറി ഇറങ്ങി, പ്രകൃതിയുമായി
അടുത്ത്, നിത്യാര്‍ഭാടങ്ങളില്‍ നിന്നൊക്കെ വിട്ടകന്ന്, മറ്റ് യാത്രക്കാരെപ്പോലെ അസൌകര്യങ്ങ ളൊക്കെ സഹിച്ച് , തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി വരുമ്പോഴും ഇതേ അനുഭവമാണ്.
നാം എത്രമാത്രം ആക്രാന്തരായാണ് സുഖങ്ങളുടെ പിന്നാലെ പാഞ്ഞത് എന്ന് മനസ്സിലാവുന്നു...

ഇനി മറ്റൊരു കോണില്‍ നിന്ന് നോക്കാം..
ചില ഭാര്യമാര്‍ സദാ സമയവും കമ്പ്ലൈന്റ് തന്നെ കമ്പ്ലൈന്റ്
മിടുക്കുള്ള പണ്ടത്തെ ഭര്‍ത്താക്കന്മാര്‍ (ധൈര്യമില്ലാത്തവര്‍ അല്‍പ്പം അകത്താക്കിയിട്ട് ലക്കുകേട് അഭിനയിച്ചുകൊണ്ട്) ഒരു മിനിട്ട് കൊണ്ട് കാര്യം തീര്‍ത്തുതരും. നല്ല രണ്ട് വഴക്ക്, അല്ലെങ്കില്‍ ഒരു ചവിട്ട്/അടി (സാഹചര്യം അനുവദിക്കുന്നതെന്തും). ബഹളമൊക്കെ കഴിഞ്ഞ് വീണ്ടും പഴയപോലെയാകുമ്പോള്‍ ഭാര്യയ്ക്ക് എന്തൊരു സ്നേഹം!

ഭാര്യ അപ്പോഴാണ് അറിയുന്നത് വഴക്കിനു മുന്‍പുള്ള ജീവിതവും സഹിക്കബിള്‍ ആയിരുന്നു എന്ന്

അതുപോലെ..
യധാര്‍ത്ഥ ജീവിതം ബോറാകുന്ന ചിലര്‍, ഓടിപ്പോയി ബ്ലോഗെഴുതും. അവിടെ എല്ലാവരും വിശാലമനുഷ്യരാണ് , സ്നേഹം മാത്രം, സാഹോദര്യം, എക്സട്റ.. എക്സട്റ...

ഇതുകണ്ട് മിടുക്കുള്ള ചിലര്‍ ഒറ്റ തട്ട്... ചെന്നു വീഴുന്നത്, തുടങ്ങിയേടത്തു തന്നെ!
അവിടെനിന്ന് തൂത്തുപിടഞ്ഞ് എണീറ്റുനോക്കുമ്പോള്‍ പിന്നെ യധാര്‍ത്ഥ ജീവിതം എന്തൊരു സുന്ദരം! സുരഭിലം!
പൂക്കള്‍ക്കൊക്കെ ഇതുവരെയില്ലാതിരുന്ന ഭംഗി!
മനുഷ്യരൊക്കെ വെറും സാധാരണ മനുഷ്യര്‍ ‍...
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല
എല്ലായിടത്തും ശാന്തിയും സമാധാനവും...!

Wednesday, November 5, 2008

ചെല്ലക്കിളി

ഒരു കിളി ചെറു കിളി ഓമനപ്പൈങ്കിളി
ഓമനിച്ചൊരു ചെല്ലക്കിളിയായ്‌ വളര്‍ത്തി
ഒരുദിനമമ്മയും വിടചൊല്ലിപ്പിരിഞ്ഞുപോയ്‌
ഒന്നുമതിനെ പഠിപ്പിച്ചില്ലമ്മ പറക്ക-
മുറ്റിയാലിരതേടണം പിന്നെ ഇണതേടണം
പക്ഷെ, ചിറകിനിയും ബലമായിട്ടില്ല,
തുണയായൊരിണയെ കണ്ടതുമില്ല.
തുണതേടിയലഞ്ഞെന്നൊരു നാളിലവള്‍
കണ്ടുമുട്ടിയൊരിണയെയന്നാദ്യമായ്‌
സ്നേഹമതിനില്ല സഹതാപം മാത്രം
ഉണ്ണാന്‍ ചോറുണ്ട്‌, കിടക്കാനിടമുണ്ട്‌;
ഹൃദയം മറ്റാര്‍ക്കോ പങ്കിട്ടു പോയി പോല്‍!
ചെറുകിളി വല്ലാതെ തകര്‍ന്നുപോയെങ്കിലും
ഇരതേടി, കൂടൊരുക്കി കാത്തിരുന്നു-
രാവേറെ മയങ്ങുവോളം തന്‍ തോഴനുവേണ്ടി.
സന്ധ്യകള്‍ തോറുമവന്‍ പാടും പാട്ടുകള്‍
പാവമാ പൈങ്കിളിക്കന്യമായി തീര്‍ന്നു.
ഹൃദയത്തില്‍ കാരിരുമ്പിന്‍ മുള്ളു തറയ്ക്കുമ്പോല്‍
നൊമ്പരമോടവള്‍ കേണുപലദിനം.
എന്തപമാനമാണെന്തിനീ പൊയ്‌ വേഷം
അഴിച്ചു മാറ്റാനു മാവില്ല, കാപഠ്യമാം
പുറംലോകമെന്തെന്നിനിയുമറിയി-
ല്ലൊരു പക്ഷെ, ഇതിലും കൊടൂരമാം.
ഒരുനാളൊരുദിനം കേട്ടാ പക്ഷി തന്‍
ഹൃദയത്തിന്‍ കോണിലിരുന്നാരോ പാടുന്നു
പടുപാട്ടെന്നു കരുതിയടച്ചവള്‍ ഹൃത്തും
മറക്കാനവര്‍ പാടുപെട്ടു പലദിനം
അറിയാതന്നവള്‍ തൂകിയ ചുടു കണ്ണീര്‍
ഹൃദയത്തിന്‍ വൃണത്തിലൂടൊഴുകിയിറങ്ങി
ഹൃദയത്തിന്‍ വൃണവും കരിഞ്ഞൊരു നാളില്‍,
ആശ്വാസത്തോടവള്‍ മയങ്ങും നേരം,
ആശ്രയമായാ കിളിവന്നൊരുദിനം
ഒ‍രുകുളിര്‍ തെന്നല്‍പോലവളെണര്‍ത്തി!
ആശ്രുവിന്നിടയിലൂടവള്‍ കണ്ടു തന്‍
ഗന്ധര്‍വ്വ ഗായകനെയന്നാദ്യമായ്‌.
അറിയാതെ ഹൃദയങ്ങളടുത്തുപോയ്‌
ഹൃദയങ്ങള്‍ പങ്കിട്ടിരുവരും പക്ഷെ,
മറ്റൊരു കൂട്ടിലെ പക്ഷിയാം
തിരിച്ചുപോകണമവനു മൂവന്തിക്ക്‌
പുലര്‍ത്തേണമതിനൊരു പറ്റം കിളികളെ
കര്‍ത്തവ്യ നിരതനാം ത്യാഗശീലന്‍
സ്വന്തമല്ലെന്നറിയാമവര്‍ക്കുമെങ്കിലും
ഹൃദയങ്ങള്‍വല്ലാതടുത്തുപോയി
ആകെ കുഴഞ്ഞുപോയ്‌ പക്ഷിയതിന്‍
ഹൃദയമിരണ്ടായ്‌ പങ്കുവയ്ക്കപ്പെട്ടു
ഉയിരു പങ്കിട്ടോന്‍ തന്‍ ഉടലതിനന്യം
ഉടലു പങ്കിട്ടോന്‍ തന്‍ ഉയിരതിനന്യം
വല്ലാതെ തളരുമ്പോള്‍ തലചായ്ക്കാനൊരിടമില്ല.
വല്ലാതെ കുഴങ്ങിപ്പോയാ പക്ഷി; അന്നോളം
ആരെയും വഞ്ചിച്ചു ശീലിച്ചിട്ടില്ലാത്തവ-
ളൊടുവില്‍ പെറ്റമ്മ തന്‍ മടി തേടിപ്പറന്നു പോയ്‌
പെറ്റമ്മതന്‍ മാറില്‍ തലവച്ചവള്‍ കേണു
ആരുമില്ലമ്മേ ആശ്രയമേകുക പൊന്നമ്മേ
ജീവിതയാത്രയില്‍ തോറ്റുപോയ്‌ ഞാനമ്മേ
ഭൂമിദേവിയമ്മയവളെ അന്‍പോടെ പുല്‍കി
ശാന്തത എന്തെന്നറിഞ്ഞവളന്നാദ്യമായ്‌
അമ്മതന്‍ മാറില്‍ ചായ്ച്ചവള്‍ ചെമ്മേ
അന്ത്യമായ്‌ ശ്വാസം വലിച്ചു ശാന്തമായ്‌.

[ഇതും ശൂന്യതയില്‍ നിന്നുണ്ടാക്കിയെടുത്തതാണ്. വെറും ഭാവനകള്‍..വേറേ ജോലിയില്ല]

Sunday, November 2, 2008

ഒരോണം

ഓണങ്ങള്‍ പലവട്ടം വന്നു പോയ്‌
ഓരോ ദിനവും കടന്നുപോകും വിധം
ഒന്നിലുമില്ലൊരു സന്തോഷമിന്നിനി
ഒന്നായിരുന്നവരൊക്കെ പിരിഞ്ഞുപോയ്‌

സ്വന്തങ്ങള്‍ ബന്ധങ്ങള്‍ ഒന്നിലുമില്ലിന്ന്‌ വിശ്വാ
സമെല്ലാം നശിച്ചിട്ടേരെയായ്‌ നാളുകള്‍
പാവമൊരുണ്ണിതന്‍ ശപമാകുമോ

എന്തിലുമേതിലും നിന്നെ തിരയുന്നു ഞാന്‍
ഓണമെന്നല്ലാ,ഒരിത്തിരി സന്തോഷം
ഉണരുന്ന വേളയിലെല്ലാം
ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഉണ്ണീ

നീ യില്ലാതുള്ള സന്തോഷം സന്തോഷമാകുമോ
തീര്‍ത്താല്‍ തീരാത്തൊരാ വിടവു നികത്തുവാന്‍
ഒന്നിനുമാകില്ലീ ഉലകിലെന്നുണ്ണീ
എത്ര നിസ്സാരല്ലേ കുഞ്ഞേ
മാനുഷര്‍
മൃഗങ്ങളെക്കാള്‍ കഷ്ടം

താന്താങ്ങള്‍തന്നുടെ കണ്ടുപിടിത്തങ്ങള്‍
തങ്ങള്‍ക്കു തന്നെചിതയൊരുക്കുന്നതറിയാതെ.
നശിക്കാനായ്‌ ഉയിര്‍ത്തെണീക്കുന്നീ
മാനുഷ ജന്‍മങ്ങള്‍