Tuesday, June 26, 2007

വിഢ്ഢികള്‍


ചിലകാര്യങ്ങളൊക്കെ വേദനയോടെയാണെങ്കിലും അംഗീകരിച്ചാലേ ജീവിക്കാനാവൂ. ചിലരില്‍ നിന്നും ആത്മാര്‍ഥത പ്രതീക്ഷിക്കും, പക്ഷെ ഒരു തരിപോലും ഉണ്ടാവില്ല. ചിലരില്‍ നിന്നും നീതി പ്രതീക്ഷിക്കും പക്ഷെ ഒരു തുള്ളിപോലും ഉണ്ടാവില്ല. സ്നേഹം ഭാവിക്കുന്നവരില്‍ നിന്നും ഒരു തുള്ളി സ്നേഹം പ്രതീക്ഷിച്ച്‌ വര്‍ഷങ്ങളോളം കാത്തിരിക്കും, ഒടുവില്‍ അറിയുന്നു, അവര്‍ക്ക്‌ സ്നേഹിക്കാനേ അറിയില്ലെന്നു. സത്യസന്ധരെന്ന്‌ ഭാവിച്ച്‌ നടക്കുന്ന ചിലരില്‍ നിന്ന്‌, ശുദ്ധരെന്നു തോന്നുന്ന ചിലരില്‍ നിന്നും, രക്ഷിക്കാമെന്ന്‌ വാഗ്ദാനവുമായി, കൂടെയുണ്ടാകുമെന്നു പറഞ്ഞു നടക്കുന്നവര്‍ ‍വെറും പൊയ്‌വേഷക്കാരാണെന്നു മനസ്സിലാകും. നമ്മുടെ ആത്മാര്‍ഥമായ കര്‍മ്മങ്ങള്‍ക്ക്‌ അവരൊരു കൂലി നിശ്ചയിച്ചിട്ടുണ്ട്‌. അതു തന്നു കഴിഞ്ഞാല്‍ അവര്‍ക്ക്‌ നമ്മോട്‌ ഒരു കടപ്പാടുമില്ല. അവര്‍ മറ്റു ചിലരുടെ താല്‍പ്പര്യസംരക്ഷണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണെന്ന്‌ വേദനയോടെ മനസ്സിലാക്കുന്നു. നാം ജീവിതകാലം മുഴുവന്‍ പണിയെടുക്കുന്നതു നമ്മുടെ ശ്രേയസ്സിനുവേണ്ടി, സന്തോഷത്തിനുവേണ്ടി, ഒരു നിമിഷംപോലും പാഴാക്കാന്‍ മടിക്കുന്നവര്‍ക്കാണെന്നു വേദനയോടെ തിരിച്ചറിയുന്നു. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ ചവിട്ടിമെതിക്കപ്പെടുമെന്നറിഞ്ഞിട്ടും അവരോടൊപ്പം നാം സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍ പിടിവാശിയുമായി നില്‍ക്കുന്നു. നാമല്ലേ വിഢ്ഢികള്‍?. ഒരിക്കല്‍ വീണാല്‍, അല്ലെങ്കില്‍ രണ്ടോ മൂന്നോ തവണ വീണാലെങ്കിലും നടക്കാന്‍ പഠിക്കണ്ടേ? ജീവിത കാലം മുഴുവനും വീണു വീണു ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ നടക്കൂ എന്ന പിടിവാശിയുമായി നടക്കുന്ന നാമല്ലേ വിഢ്ഢികള്‍!

No comments:

Post a Comment