Sunday, September 23, 2007

ശ്രീനാരയണഗുരു

ശ്രീനാരയണഗുരുദേവനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ടൈപ്പു ചെയ്യാന്‍ അവസരം കിട്ടിയതുവഴിയാണ്‌ ഗുരുദേവനെപറ്റി എനിക്ക്‌ കൂടുതല്‍ അറിവുണ്ടായത്‌. ഇന്ത്യാവന്‍കരയില്‍നിന്നും കൊച്ചു സിംഗപ്പൂരില്‍ എത്തിയ ഇടയ്ക്ക്‌ ഗൃഹാതുരതയോടെ നടക്കുന്ന കാലം ഒരിക്കല്‍ അവിചാരിതമായി ഓള്‍ഡേഝോം കാണാനിടയായി. സാകൂതം നോക്കിനില്‍ക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കണ്ടു. വിശ്വസിക്കാനായില്ല. അധികവും ചീനവൃദ്ധജനങ്ങളുള്ള ഈ വൃദ്ധസദനം രക്ഷി ക്കാന്‍ മലയാളനാട്ടില്‍ നിന്നും മലയാളത്തില്‍ ചിന്തിക്കു കയും സംസാരിക്കുകയും ചെയ്‌തിരുന്ന ഒരു ഗുരുവോ!

ശ്രീനാരായണഗുരുവിനെപ്പറ്റി കൂടുതലായി അന്ന്‌ അറി യില്ലായിരുന്നുവെങ്കിലും, മലയാളികളുടെ, പ്രത്യേകിച്ച്‌ ഗുരുദേവന്റെ അനുയായികളുടെ ഒത്തൊരുമയെപ്പറ്റി മതിപ്പുതോന്നി. കൂട്ടത്തില്‍ "ഞാനും മലയാളിയാണു അങ്ങയുടെ നാട്ടില്‍നിന്നും ഇവിടെ എത്തപ്പെട്ട എന്നെ ക്കൂടി രക്ഷിക്കണമേ" എന്ന്‌ പ്രാര്‍ത്ഥിക്കാനാണ്‌ ആദ്യം തോന്നിയത്‌. അത്രയ്ക്കു ദൈവചൈതന്യം ആ മുഖത്തില്‍ കണ്ടു.

പണ്ട്‌ അറിവു കുറവായിരുന്ന കുറേ ജന്മിമാര്‍ പാവപ്പെട്ടവരെ ചൂഷണം ചെതിരുന്നു. അവരെ തങ്ങളു ടെ അടിമകളാക്കാന്‍ കീഴ്ജാതിക്കാരെന്നു പറഞ്ഞു തുല്യത നല്‍കാതിരുന്നു പീഡിി‍പ്പിച്ചു. ആ അവസരത്തി ലാണു ശ്രീനാരായണഗുരുദേവന്‍ അത്മീയമായി അറി വുനേടി ഈ ഉച്ചനീചത്വങ്ങള്‍ക്ക്‌ അറുതി വരുത്തിയത്‌. അദ്ദേഹം സമൂഹത്തിന്റെ പ്രശ്നം സ്വന്തം പ്രശ്ന മായെടുത്ത്‌ ധ്യാനനിരതനായി, അതിനുള്ള പ്രതിവിധി തേടി. അദ്ദേഹം തന്റെ ഉള്ളില്‍തന്നെയുള്ള ഈശ്വര ചൈതന്യത്തെ ദര്‍ശിച്ചു, സത്യത്തെ കണ്ടെത്തി. പിന്നീട്‌ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ഒരു കൂട്ടം ജന വിഭാഗത്തെ ഉദ്ധരിക്കാനായി അവരില്‍ ഈശ്വരവിശ്വാ സം ഉണ്ടാക്കാന്‍ ക്ഷേത്രങ്ങള്‍ പണിതു, അറിവുണ്ടാക്കാ ന്‍ സരസ്വതീ ക്ഷേത്രങ്ങളും. ആത്മീയമായ ഉയര്‍ച്ചയും ലൗകീകമായ അറിവും വളര്‍ത്തി അവരെ ഉയരത്തിലേ യ്ക്കുള്ള പടവുകള്‍ കാട്ടിക്കൊടുക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അന്ധകാരം നീക്കി, ഒളിതൂകി അദ്ദേഹം മറഞ്ഞു.

ഗുരുദേവന്റെ, "അവനവനാത്മസുഖത്തിനാചരി ക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം". എന്ന വരി കളും, "ശാന്തിയും സൗഖ്യവും സ്വസ്ഥമാം ചിത്തവും സന്തതം വേണമെന്നാശിക്കുന്നോര്‍.." എന്നു തുടങ്ങുന്ന ശാന്തിമന്ത്രവും ദൈവദശകത്തിലെ"ദൈവമേ കാത്തു കൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ.." തുടങ്ങുന്ന വരികളും അദ്ദേഹത്തിന്റെ ഈശോവാസ്യോപനിഷത്തിന്റ വിവര്‍ത്തനവും ഒക്കെ ഇന്നു വഴിയറിയാതെ കൂരിരുട്ടില്‍തപ്പിത്തടയുന്ന നമുക്ക്‌ വെളിച്ചം നല്‍കുന്നു.

നമ്മള്‍ കീഴ്ജാതിക്കാരാണ്‌ അല്ലെങ്കില്‍ മേല്‍ജാതിക്കാരാണ്‌ എന്ന്‌ സ്വയംതോന്നാതിരിക്കേണ്ടത്‌ നമ്മുടെ തന്നെ ധര്‍മ്മമാണ്‌. മേല്‍ജാതിക്കാരെന്ന്‌ തോന്നുന്ന വരെയോ കീഴ്ജാതിക്കാരെന്നു തോന്നുന്ന വരേയോ അധിക്ഷേപിച്ചതുകൊണ്ട്‌ ജാതി ഇല്ലാതാവില്ല. എല്ലാവരും ഒന്നാണെന്ന വിചാരം മനസ്സിന്റെ അടിത്തട്ടില്‍ നിന്നുണരണം.ജാതികൊണ്ട്‌ ആരും ഉയര്‍ന്നവരാകുന്നില്ല. കര്‍മ്മംകൊണ്ടു മാത്രം ഉയരുന്നു. അറിവുനേടുന്നതുവഴി, ക്ഷമ, സഹനശക്‌തി, മനുഷ്യസ്നേഹം വിട്ടുവീഴ്ച്ചകള്‍ ഇവയൊക്കെയാണ്‌ ഒരാളെ വലിയവനാക്കുന്നത്‌. അതാണു ശ്രീനാരായണഗുരു നമുക്കു കാട്ടിത്തന്നതും.

പണ്ട്‌ മഹാമുനികള്‍ മനുഷ്യരെ മൂടിയിരുന്ന അന്ധകാരം അകറ്റാനായി കൊടും കാട്ടിലും വന്‍ഗുഹക ളിലും പോയി ഏകാന്തമായി ആഹാരവും മറ്റ്‌ ലൗകീക സുഖങ്ങളും ഒക്കെ വെടിഞ്ഞ്‌ ധ്യാനിച്ചതിന്റെ ഫലമായാണ്‌ ഇന്നു നാമുക്ക്‌ വരദാനമായി കിട്ടിയ നാലു വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ. ഒരു മനുഷ്യായുസ്സു മുഴുവനും മതിയാകയുമില്ല അവയിലെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാവാന്‍. ധന ലാഭത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല അവര്‍ വേദങ്ങള്‍ രചിച്ചത്‌. അതിനെപ്പറ്റി അറിയണമെങ്കില്‍ ജ്ഞാനം തേടണമെന്ന ആഗ്രഹം ഉള്ളില്‍നിന്ന്‌ ഉടലെടുക്കണം. ശ്രീനാരായണഗുരുവിനും വിവേകാനന്ദനും ശ്രീരാമ കൃഷ്ണപരമഹംസര്‍ക്കും ഒക്കെ ഉണ്ടായ ആത്മബോധം ഉണ്ടാകണം. നമ്മെപ്പോലെ ലൗകീകജീവിതത്തില്‍ മുഴുകി കഴിയുന്നവര്‍ക്ക്‌ അസാദ്ധ്യം.

ശ്രീനാരായണഗുരു ആ അറിവു തേടിയാണു ധ്യാനത്തില്‍ മുഴുകിയത്‌. വേദങ്ങളും ശാസ്ര്തങ്ങളും ഹൃദിസ്‌തമാക്കിയത്‌. അദ്ദേഹം സത്യം ദര്‍ശിച്ചു. തന്റെ ഉള്ളില്‍ തിരഞ്ഞ്‌ ഈശ്വരനെ കണ്ടെത്തി. അറിവുനേടി, ജ്ഞാനിയായി. അങ്ങിനെ അജ്ഞതയാല്‍ നശിക്കാന്‍ തുടങ്ങിയ ജനതയ്ക്ക്‌ (കീഴ്ജാതിക്കാരെന്നും മേല്‍ജാതിക്കാരെന്നും സ്വയം കരുതിവന്ന ജനങ്ങള്‍ക്ക്‌) മാര്‍ഗ്ഗ ദര്‍ശ്ശിയായി, വഴികാട്ടിയായി, ദൈവമായി, വെളിച്ചമായി.

പരസ്പരം മല്‍സരിക്കുന്നതും പഴിപറയുന്നതും മതിയാക്കി, അറിവുസമ്പാദിക്കാനും ഈശ്വരനെ പ്രാര്‍ത്ഥിക്കാനുമാണ്‌ അദ്ദേഹം ഉപദേശിച്ചത്‌. അതിനായാണ്‌ വിദ്യാലയങ്ങളും കോവിലുകളും കെട്ടിയതും. അന്ന്‌ കേരളത്തില്‍ നടമാടിയിരുന്ന അനീതിയ്ക്ക്‌ അദ്ദേഹത്തെപ്പോലെ ഒരു ദൈവചൈതന്യത്തിന്റെ ആവിര്‍ഭാവം ആവശ്യവുമായിരുന്നു.

"യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം"എന്ന്‌ ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയില്‍ പറയുന്നു ണ്ട്‌. "ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു വളര്‍ച്ച യും ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ അവതരിച്ചു കൊണ്ടി രിക്കുന്നു " എന്ന്‌.ശ്രീകൃഷ്ണനും ശ്രീയേശുവും ശ്രീബുദ്ധനും പോലെ അദ്ദേഹവും ധര്‍മ്മത്തെ നിലനിര്‍ത്താനായി അവത രിച്ചു, തന്റെ കടമകള്‍ പൂര്‍ത്തിയാക്കി മറഞ്ഞു.മറഞ്ഞു .

വളരെ വര്‍ഷങ്ങള്‍ക്കുശേഷവും താന്‍ തുടങ്ങി വച്ച സാധുജനസംരക്ഷണം, ധര്‍മ്മപരിപാലനം തുടങ്ങി യ സത്കര്‍മങ്ങള്‍ ഒരു മുടക്കവുമില്ലാതെ തുടരുവാന്‍ ഒരു മഹാത്മാവിന്റെ ആത്മാവിനേ കഴിയൂ. സിംഗപ്പൂര്‍ ശ്രീനാരായണമിഷന്‍ വൃദ്ധസദനം അതിനു ഉത്തമോദാഹരണമാണ്‌. ഇന്നും ആത്മീയഗുരുക്കള്‍ മനുഷ്യരുടെ ഇടയില്‍ ധര്‍മ്മം പുനസ്ഥാപിക്കാനായി ഉണ്ട്‌. അറിയേണ്ടവര്‍, ആവശ്യക്കാര്‍ അവരുടെ മാഹാത്മ്യമറിഞ്ഞ്‌ ആശ്രയിക്കുന്നു. ആശ്രയിക്കുന്നവര്‍ക്ക്‌ ആശ്വാസം കിട്ടുന്നു മുണ്ട്‌. പക്ഷെ, അവരൊക്കെ മനുഷ്യരെ രക്ഷിക്കാന്‍ അവതരിക്കുമ്പോള്‍ മനുഷ്യരെപ്പോലെ അന്യോന്യം പഴിപറയാനല്ല ശ്രമിച്ചത്‌. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും തെറ്റുകള്‍ ക്ഷമിക്കാനുമാണ്‌. അറിയേണ്ടവര്‍ അവരെ അറിയുന്നുമുണ്ട്‌. ശ്രീയേശുവിനെ കല്ലെറിയാനും കുറ്റം പറയാനും ആള്‍ക്കാരുണ്ടായിരുന്നപോലെ അവതാരങ്ങളെ തിരിച്ചറിയാനാവാത്ത കുറേ മനുഷ്യര്‍ അന്നും ഇന്നും എന്നും ഉണ്ടാകും. രണ്ടിലും പെടാതെ ഇന്നൊരു കൂട്ടരും.

ഇന്നു കോടിക്കണക്കിനു സ്വത്തു പൂഴ്ത്തിവച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളെകൊണ്ട്‌ ചെയ്യാന്‍ സാധി ക്കാത്ത എത്ര മഹത്കാര്യങ്ങളാണ്‌ യാതൊരു പ്രതിഫലേശ്ചയും കൂടാതെ അത്മീയഗുരുക്കള്‍ ചെയ്യുന്നത്‌. എത്രയെത്ര പാവപ്പെട്ടവന്റെ കണ്ണീര്‍ തുടയ്ക്കാന്‍, ആശ്രയമരുളാന്‍, വിശപ്പകറ്റാന്‍ അവര്‍ക്കു കഴിയുന്നു! അതൊന്നുതന്നെ അവരുടെ മഹത്വത്തിന്റെ തെളിവു കളാണ്‌.

മഹാത്മാക്കളെ മതിക്കാതെ അവരെ പഴിപറയുന്നവര്‍ എവറസ്റ്റ്‌ കീഴടക്കി ബഹുമതി നേടിയവനെ ക്കണ്ട്‌, അഭിനന്ദിക്കുന്നതിനുപകരം നമുക്ക്‌ കയറാതിരിക്കാനാണു എവറസ്റ്റിനു ഇത്രയും പൊക്കമുണ്ടാക്കിയിരിക്കുന്നത്‌, അല്ലെങ്കില്‍ ചന്ദ്രനില്‍പോയി വിജയം വരിച്ചവരെ നോക്കി, നമുക്ക്‌ അത്‌ സാദ്ധ്യമാകാതിരിക്കാനാണു ചന്ദ്രന്‍ ഇത്ര ദൂരത്തില്‍ നില്‍ക്കുന്നത്‌ എന്നു പറയും പോലെ ലജ്ജാവഹം.

ഭാരതീയാചാര്യന്മാര്‍ ധ്യാനത്തില്‍ മുങ്ങിത്തപ്പി നേടിത്തന്നതല്ലെ ഇന്ന്‌ ലോകമെങ്ങും ലൗകീകസുഖ ത്തിന്റെ പിന്നാലെ പരക്കംപാഞ്ഞ്‌ ഒടുവില്‍ പലരും ആശ്രയിക്കുന്ന; മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്ന; ധ്യാനവും (മെടിറ്റേഷന്‍) 'യോഗ' യും. ഭാരതീയാചര്യന്മാര്‍ നമുക്കു എന്നെന്നും ഭാരതത്തെപ്പറ്റി ഓര്‍ത്ത്‌ അഭിമാനിക്കാന്‍ തന്ന മുത്തുകളല്ലേ അവയെല്ലാം.

ഭാരതീയരായ നാം ഭാരതത്തിന്റെ മഹിമ മനസ്സിലാക്കാന്‍ ഒരു നല്ല ഇംഗ്ലീഷുകാരനോടു ചോദിച്ചാല്‍ മതിയാകും. ഭാരതത്തിന്റെ ആത്മീയശുദ്ധി, ഭാരതസ്ര്തീകളുടെ ഭാവവിശുദ്ധി ഒക്കെ അവര്‍ പറഞ്ഞു തരും.

ഇന്ന്‌ രാജാവു തെറ്റുചെയ്‌താലും മന്ത്രി തെറ്റു ചെയ്‌താലും തെറ്റു തെറ്റുതന്നെ. കൊലപാതകിയ്ക്ക്‌ തൂക്കുശിക്ഷ. മോഷ്ടാവിനു കഠിനതടവ്‌ എന്നിങ്ങനെ. അത്‌ പ്രധാനമന്ത്രിയായാലും കൂലിവേലക്കാരനായാലും ഒരുപോലെ അനുഭവിക്കയും വേണം. ഇന്ന്‌ തെറ്റും ശരിയും വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞു. തെറ്റിനു തക്കതായ ശിക്ഷയും ശരികള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരവും കിട്ടുന്ന ഇന്നത്തെ യുഗത്തിലും വേണോ ജാതിയെപ്പറ്റി ഇനിയും ചര്‍ച്ചകള്‍. എങ്കില്‍ അത്‌ പണ്ടെങ്ങോ പാടി പുകഴ്പെറ്റ പാട്ടിന്റെ പുനരാവര്‍ത്തനം മാത്രം. പുത്തന്‍ തലമുറയ്ക്ക്‌ അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രം.

പുത്തന്‍ തലമുറയ്ക്ക്‌ കയ്പ്പുള്ള ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കാനല്ല ശ്രീനാരായണഗുരുദേവന്‍ അവത രിച്ചത്‌. അവരില്‍ ആത്മവിശ്വാസവും ഈശ്വരവിശ്വാസവും അറിവും പകരാനാണു എന്നോര്‍ക്കുക. ജാതിയേയും മതത്തേയും പിടിച്ചു നിര്‍ത്താനല്ല, കൈവിടാനാണു നാം ശ്രമിക്കേണ്ടത്‌. ഓര്‍മ്മിക്കാനല്ല മറക്കാനാണു നാം ശ്രമിക്കേണ്ടത്‌.പണ്ട്‌ ജാതി വ്യവസ്ഥിതിയാല്‍ ഉണ്ടായിരുന്ന വേര്‍തിരിവ്‌ ഇന്നില്ല. ഇന്ന്‌ വേര്‍തിരിവ്‌ പണത്താലും പദവിയാലും ഉണ്ടാകുന്നതു മാത്രം. പണക്കാരന്‍ പാവപ്പെട്ടവന്‍ ഈ രണ്ടു വര്‍ഗ്ഗങ്ങള്‍. പണമാണു ഇന്ന്‌ മനു ഷ്യനെ ഭരിക്കുന്നത്‌. ജാതിയും മതവും അല്ല. 70% ലേറേ ഹിന്ദുക്കളുള്ള ഭാരതത്തില്‍ ജാതിക്കോയ്മ്മ ഉണ്ടായിരുന്നെങ്കില്‍, ഏവര്‍ക്കും ആരാധ്യരായി യേശുദാസും പ്രേംനസീറും മമ്മൂട്ടിയും ഷാരൂഖാനും ഒന്നും ഉണ്ടാകുമായിരുന്നില്ല. യേശുദാസ്‌ ഭക്‌തിനിര്‍ഭരമായി വായിക്കുന്ന ഗായത്രിയും ഗുരുവായൂരപ്പസ്തുതിയും അയ്യപ്പസ്തുതിയും ഏതു ഹിന്ദുഭക്‌തന്റേയും കരളു കുളിര്‍പ്പിക്കുന്നു. ഏവര്‍ക്കും പ്രിയപ്പെട്ടവനായി മമ്മൂട്ടി എത്രയോ ഹിന്ദു കഥാപാത്രങ്ങള്‍ക്ക്‌ ജന്മമേകി മനസ്സില്‍ മായാമുദ്ര പതിപ്പിച്ചിരിക്കുന്നു! ഇതൊക്കെത്തന്നെ കേരളീയ ജനതയില്‍ ജാതിമതങ്ങള്‍ മണ്ണടിഞ്ഞതിന്റെ തെളിവല്ലേ? കഴിവിനു മാത്രമേ അംഗീകാരമുള്ള എന്നതിനു തെളിവല്ലേ?

ഇന്ന്‌ ലോകത്തിന്റെ (കേരളത്തിന്റെ) ദുഃഖം മറ്റു പലതാണ്‌. ദാരിദ്ര്യം, സ്ര്തീധനം, പെണ്‍ഭ്രൂണഹത്യ തുടങ്ങി പാവപ്പെട്ടവനെ വരിഞ്ഞുമുറുക്കുന്ന എത്രയോ ചതിക്കെണികള്‍. അവയ്ക്കൊക്കെ എതിരെ ശബ്ദമുയര്‍ത്തുക. പണം മനുഷ്യന്റെ മനുഷ്യത്വം കെടുത്താതിരിക്കാന്‍ ശബ്ദമുയര്‍ത്തുക. പാവപ്പെട്ടവനെ രക്ഷിക്കാന്‍ പണിപ്പെടുക. വിശന്നുവലയുന്നവരെ രക്ഷിക്കാം, അനാധരായി അനാധാലയങ്ങളില്‍ ചെന്നടിയുന്ന പിഞ്ചു ഹൃദയങ്ങളെ രക്ഷിക്കാം, സാമ്പത്തിക പരാധീനതകള്‍ക്കും മറ്റ്‌ കുടുംബച്ഛിദ്രങ്ങള്‍ക്കും ഇടയില്‍പെട്ട്‌ പഠിച്ചു മുന്നേറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ, വൃദ്ധ സദനങ്ങളില്‍ കണ്ണീരോടെ ദിവസങ്ങളെണ്ണിക്കഴിയുന്ന നമ്മുടെ മുന്‍ഗാമികളുടെ കണ്ണീരൊപ്പാം, സ്ര്തീധനപ്പിശാചിന്റെ കയ്യില്‍ പിടഞ്ഞ്‌ ഒടുവില്‍ കൈക്കുഞ്ഞുങ്ങളേയും കൊണ്ട്‌ ആത്മഹത്യ ചെയ്യേണ്ടിവരുന്ന ഹതഭാഗ്യമാരെ, പെണ്ണായി പിറന്നു എന്ന ഒറ്റ കുറ്റംചുമത്തി മുളയിലേ ജീവന്‍ നുള്ളപ്പെടുന്ന കുരുന്നു ജീവനുകളെ ഒക്കെ സ്നേഹിക്കാന്‍, രക്ഷിക്കാന്‍ പഠിക്കാം.

ജാതി നിര്‍മ്മാര്‍ജ്ജനംചെയ്‌തു എന്ന സംതൃപ്തിയോടെ ശ്രീനാരായണഗുരുദേവന്‍ വിശ്രമിച്ചോട്ടെ. ഗുരു ദേവന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്‌തു കഴിഞ്ഞ ജാതിയെപ്പറ്റി വീണ്ടും കുത്തിപ്പൊക്കി അദ്ദേഹത്തിന്റെ ആത്മാവിനു അശാന്തിയുണ്ടാക്കാതെ, ഇല്ലാതായിക്കഴിഞ്ഞ ജാതി മതങ്ങളെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്ന സമയംകൊണ്ട്‌ കഴിവുള്ളവര്‍ സമൂഹത്തില്‍ നടമാടുന്ന മറ്റ്‌ പല അനീതികള്‍ക്കും എതിരായി ശബ്ദമുയര്‍ത്താനും പ്രയത്നിക്കാനും ശ്രമിക്കുമാറാകട്ടെ എന്നും, ശ്രീനാരയണമിഷന്‌ വൃദ്ധസദനം നന്നായി നടത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ മറ്റു ദുഃഖങ്ങള്‍ക്കും പരിഹാരം കണ്ടെ ത്താന്‍ കഴിയുമാറാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ

['വര്‍ത്തമാനം' ദിനപത്രത്തില്‍പ്ര്സിദ്ധീകരിച്ചു, ശ്രീനാരായണ മിഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു]

2 comments:

  1. നന്നായിട്ടെഴുതിയിരിക്കുന്നല്ലോ :-)

    ReplyDelete