Saturday, June 14, 2008

സ്നേഹത്തിന്റെ നിറം

പ്രാവുകളിരണ്ടു പാറിപ്പറന്നു
പ്രാണന്റെ പ്രാണനെന്നേറ്റു പറഞ്ഞു
പകലന്തിയോളവുമൊന്നായി മേഞ്ഞു
പകലിന്റെയന്ത്യത്തില്‍ കൂട്ടിലണഞ്ഞു

ഒരു നാളൊരിക്കലിരതേടിയാപ്രാക്കള്‍
ഒരു നാളും കാണാത്തൊരു ഭൂവിലെത്തി
കനിയും കതിരും ആവോളം തിന്നു രസിച്ചു
ഇനിയൊരുനാളിലും പഞ്ചമില്ലെന്നു നിനച്ചു

കൂവിവിളിച്ചു, ചിറകടിച്ചാര്‍ത്തു
കതിര്‍കുലയാവോളം തിന്നു രസിച്ചു
മതിയാകാതവര്‍ പിന്നെയും തങ്ങി
മതികെട്ടൊരാ വേടന്റെ വലയില്‍ കുടുങ്ങി

വലയില്‍ നിന്നൊരു കൂട്ടിലായ്‌ പിന്നെ
വലിയൊരാപത്തിലകപ്പെട്ട പ്രാക്കള്‍
‍പണിപതിനെട്ടും പയറ്റിയിട്ടും
വെളിയില്‍ പോവാനാവാതെ തളര്‍ന്നു

ഇരുവരും തമ്മില്‍ ഗാഢം പുണര്‍ന്നു
ഒരു ദിനമങ്ങിനെ പോയി മറഞ്ഞു
പിറ്റെ പുലരി പുലരുവോളമിരുവരും
വേടനെ കുറ്റം പറഞ്ഞു കരഞ്ഞു

രണ്ടാം ദിവസം കഴിഞ്ഞപ്പോഴോ
രണ്ടുപേരും നന്നായ്‌ തളര്‍ന്നു പോയി
സ്വാതന്ത്യ്ര മോഹം സ്നേഹത്തെ വെന്നു
ഇരുവരുമന്യോന്യം കുറ്റം പറഞ്ഞു

മൂന്നാം ദിനമോ അരിശം മുഴുത്തു
അന്യോന്യം തീരാത്ത പോരായി പിന്നെ
കൊത്തി നോവിച്ചും പഴിപറഞ്ഞും
ഇരുവരും തങ്ങളെ തന്നെ വെറുത്തു

പ്രേമം മറഞ്ഞു സത്യം തെളിഞ്ഞു
സ്വാതന്ത്യ്ര മോഹം വല്ലാതെ വാട്ടി
ഇതിലും വലുതല്ല മരണമെന്നോര്‍ത്തു
ജീവിതം തന്നെയുമൊന്നായ്‌ വെറുത്തു

സ്നേഹം മരിച്ചു, ആത്മാവു മരവിച്ചു
അന്യോന്യമേകിയ കുളിരും ചൂടും
വാത്സല്യമൊക്കെയും മായയായ്‌ മറഞ്ഞു
പച്ചയായ്‌ ജീവിതമിളിച്ചുകാട്ടി

പിറ്റേന്ന്‌ വേടന്റെ കൊലക്കത്തി താഴുമ്പോള്‍
ഉടല്‍മാത്രമായൊരാ ഇണപ്പ്രാക്കളില്‍ നിന്നും
ഒരു തുള്ളിക്കണ്ണീര്‍ തെറിച്ചുവീണാ
ചുടുരക്‌തമോടു കലര്‍ന്നു ഭൂവില്‍

No comments:

Post a Comment