Tuesday, September 23, 2008

ഒരു കവിതയുടെ ജനനം

മായ മുതിര്‍ന്ന ഒരു സ്ത്രീയായി, മായ ഒരു കവിതയും എഴുതിയിരിക്കുന്നു. ‘ആറാം തമ്പുരാനില്‍‍’ മോഹന്‍ലാലിനു മഞ്ജുവാര്യരോട് സ്നേഹം തോന്നിയപ്പോള്‍ മായക്ക് തോന്നിയ വരികളാണ് എന്ന് വേണമെങ്കില്‍ പറയാം. അതല്ലെങ്കില്‍ ഇങ്ങിനെയും പറയാം...
മായ ഒരു ശിവഭക്തയായിരുന്നു. ഒരു മിനിട്ട്, നമുക്ക് അല്‍പ്പം കൂടി പുറകോട്ട് പോകാം. അന്ന് മായക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ച് ദൈവങ്ങളില്ലായിരുന്നു. പൂജാമുറിയില്‍ കയറിയാല്‍ ആരോടാ‍ണ് പ്രത്യേകിച്ച് മായയുടെ ദുഃഖങ്ങള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ അറിയിക്കേണ്ടത് എന്നറിയാതെ പരുങ്ങി നില്‍ക്കും പിന്നീട് എന്നോ ഒരിക്കല്‍ അതുപറ്റില്ല. തനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രത്യേക രൂപം കൂടിയേ തീരൂ എന്നു കരുതി. ഓരോ ദൈവങ്ങളെയായി നോക്കി. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് മായയ്ക്ക് തോന്നിയത് പുലിത്തോലിലിരുന്ന്, കഴുത്തിലും കയ്യിലുമൊക്കെ പാമ്പുകളെയണിഞ്ഞ്, ജടപിടിച്ച മുടിയുമായി കൊടിയ തപസ്സു ചെയ്യുന്ന പരമശിവനെയായിരുന്നു. എന്തൊരു ധൈര്യം, വീര്യം! ഇദ്ദേഹം തന്നെ തീര്‍ച്ചയായും രക്ഷിക്കും എന്ന് അവളുടെ മനസ്സ് പറഞ്ഞു. ഒരു പത്ത് പതിനഞ്ചു വര്‍ഷം അങ്ങിനെ മായ ഒരു തികഞ്ഞ ഒരു ശിവഭക്തയായിരുന്നു.

മായ അന്നൊക്കെ, കള്ള കൃഷ്ണനെ കാണുമ്പോല്‍ ഒന്നു കളിയാക്കി ചിരിക്കും അത്ര തന്നെ. എന്നാലും എത്ര കാമുകിമാരായിരുന്നു നിനക്ക്! എന്നിട്ടും നിന്നെ ഭജിക്കാന്‍ നില്‍ക്കുന്ന മനുഷ്യര്‍! ആരും ശരിയല്ലാ... എന്നുകരുതും, ശിവന്റെ അടുത്ത് ചെന്ന് ബഹുമാനത്തോടേ ഭയത്തോടെ പ്രാര്‍ത്ഥിക്കും. താനും, അങ്ങും നല്ല മനുഷ്യര്‍ എന്ന് പറഞ്ഞ് വണങ്ങും.


അങ്ങിനെ ഭക്തി കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ അപ്രതീക്ഷിതമായാണ് ജടപിടിച്ചിരിക്കുന്ന ആ തലയില്‍ ഒളിച്ചിരിക്കുന്ന ഗംഗാദേവിയെ കണ്ടത്. അരികില്‍ തികഞ്ഞ പതിവ്രതാ രത്നം പാര്‍വ്വതീദേവി പുഞ്ചിരിച്ചുകൊണ്ട് അരികിലും. എതോ ഒരു പന്തികേടു താന്നി. എന്നാലും അദ്ദേഹത്തിനു ഇത്ര പതിവ്രതയായ ഒരു ഭാര്യ കൂടെയുള്ളപ്പോല്‍ എങ്ങിനെ തോന്നി ഗംഗയെ ഒളിച്ച് തലയില്‍ വയ്ക്കാന്‍? ഈ ദൈവങ്ങളൊന്നും ശരിയല്ലെന്നു തോന്നി. മായക്ക് കരച്ചില്‍ വന്നു. മനുഷ്യന്‍ ചതിച്ചാല്‍ ദൈവത്തോടു പോയി പറഞ്ഞ് കരയാം. ദൈവം ചതിച്ചാലോ? ആരോടുപോയി പറഞ്ഞ് കരയാന്‍! [ദൈവത്തിനു ന്യായീകരണങ്ങളുണ്ടായിരുന്നു. ഗംഗാദേവിയെ
സിരസ്സിലേറ്റിയത് ലോകോപകാരാര്‍ത്ഥമായിരുന്നു എന്നും ആളുകള്‍ വെറുതെ തെറ്റിദ്ധരിച്ചതാണെന്നും ഒക്കെ. ആര്‍ക്കറിയാം വാസ്തവം. മായക്ക് ഏതിനും പരമശിവന്റെ ശിരസ്സിലിരിക്കുന്ന ഗംഗാദേവിയെക്കാണുമ്പോള്‍ അസൂയപ്പെടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതായി]

എങ്കില്‍ പിന്നെ രാമഭക്തയായാലോ? അദ്ദേഹത്തിനു സീതയെക്കൂടാതെ മറ്റാരുമില്ലല്ലൊ. അപ്പോള്‍ ഓര്‍മ്മ വന്നു, ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച സംഭവം. അതും അംഗീകരിക്കാനാവുന്നില്ല.
അല്ലെങ്കിലും ഒരു മടി, താന്‍ അളവില്‍ കവിഞ്ഞ് ഇഷ്ടപ്പെട്ടാല്‍ സീതാദേവിക്ക് വിഷമം വരും. പിന്നെ അദ്ദേഹം ധര്‍മ്മ സങ്കടത്തിലുമാവും. അതു വേണ്ട.

പിന്നെ കുറേ നാള്‍ മായ പാടി പാടി നടന്നു... ‘രാജശില്‍പ്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?’
അപ്പോഴാണ് പണ്ട് കളിയാക്കി മാറ്റിനിര്‍ത്തിയ കാര്‍വര്‍ണ്ണനെപറ്റി ഓര്‍ത്തത്. എന്തുകൊണ്ട് തനിക്ക് അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചുകൂടാ? ശരിയെന്നും പെര്‍ഫെക്റ്റ് എന്നും കരുതി താന്‍ കുടിയിരുത്തിയ ദൈവങ്ങളിലൊക്കെ അംഗീകരിക്കാനാവാത്ത ചില പൊരുത്തക്കേടുകള്‍. കാര്‍വര്‍ണ്ണനോ, ‘ഞാന്‍ ഒരു വെറും കള്ള കൃഷ്ണന്‍’ എന്നു സ്വയം സമ്മതിച്ച; സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ദൈവം. പോരാത്തതിനു മഹാവിഷ്ണുവിന്റെ അവതാരവുമല്ലേ, മഹാവിഷ്ണുവല്ലേ എല്ലാ ദൈവങ്ങളുടേയും ദൈവം. ഫോട്ടോയില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണ്ണ സമ്മതം. എത്രയോ അശാന്ത മനസ്സുകളെ
രക്ഷിച്ചതാണ് കൃഷ്ണാവതാരം.

അങ്ങിനെ അദ്ദേഹം മായയെ സ്വീകരിച്ചു എന്നു തോന്നിയപ്പോള്‍ മായ കവിത എഴുതാന്‍ തുടങ്ങി. ശ്രീകൃഷണനെപ്പറ്റി. മായ മറ്റൊരു മീരയായി. കാരണം ശ്രീകൃഷ്ണ പ്രേമം നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന വെറുപ്പും കുശുമ്പുമൊക്കെ മാറ്റി നമ്മെ മനുഷ്യരെ സ്നേഹിക്കാനും അവരുടെ
തെറ്റുകുറ്റങ്ങള്‍ പൊറുക്കാനും അവരെ സ്നേഹിക്കാനും പര്യാപ്തമാക്കും എന്ന് മായ തിരിച്ചറിഞ്ഞു.

സങ്കല്‍പ്പത്തിലെ ശ്രീകൃഷ്ണനെ തന്നെ സ്നേഹിക്കണമെന്നില്ല. സ്നേഹം എന്തിനോടെങ്കിലും വേണം
എഴുത്തിനോടാവാം, അഭിനയത്തോടാ‍വാം ജീവിതത്തില്‍ എന്തെങ്കിലും ഒന്നിനോടു സ്നേഹമില്ലാതെ ജീവിക്കാനാവില്ലെന്നും മായ തിരിച്ചറിഞ്ഞു.

[ കവിത ഈ പോസ്റ്റില്‍ നിന്നും മാറ്റി( അടുത്ത പോസ്റ്റില്‍ ഉണ്ട്). കമന്റ് എഴുതിയവര്‍ ക്ഷമിക്കുമല്ലൊ? കവിതയും കഥയും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്. അതുകൊണ്ട് മാറ്റിയതാണ്. ദയവായി ക്ഷമിക്കുക]

9 comments:

  1. മായേ;
    തങ്കളുടെ മനസ്സില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന എന്തെല്ലാമോ ഉണ്ടെന്നുതോന്നുന്നു. അതെല്ലാം പുറന്തള്ളുന്നത് ഇങ്ങനെയൊക്കെയാണല്ലേ...എന്തൊക്കെയാണെങ്കിലും നന്നായിരിക്കുന്നു ഓരോ ആശയങ്ങളും...

    മായയുടെ അതേ മനസ്സായിരുന്നു കൃഷ്ണന്റേയും, പരമശിവന്റെയും കാര്യത്തിലെനിക്കും. 2002 മുതല്‍ക്കിന്നുവരെ ഞാനും പൂര്‍ണ്ണമായും ശിവഭക്തനാണ്. പിതൃതുല്യനാണ് പരമശിവന്‍ എന്നു ഞാന്‍ കരുതുന്നു. സ്വന്തം പിതാവിനോ, മാതാവിനോ വേണ്ടി ബലി ഇടാന്‍ പോകുന്നത് അദ്ദേഹതിന്റെ അടുക്കലേക്കായിരിക്കും. പിന്നെ ഇവരുടെ ഭാര്യമാരെല്ലാം നമുക്ക് അമ്മമാര്‍ക്ക് തുല്യരല്ലെ; ചോറ്റാനിക്കര അമ്മയില്‍ ഈ മൂന്നു (സരസ്വതി, ലക്ഷ്മി, ഭദ്ര) അമ്മമാരെയും കാണാം...
    കൂടുതലൊന്നും പറയുന്നില്ല, പറഞ്ഞാലെവിടെയും ഒട്ടുമെത്തുകയുമില്ല...

    ReplyDelete
  2. അയ്യേ! മായക്ക് മനസ്സില്‍ ഒരു വീര്‍പ്പുമുട്ടലുമില്ല.
    (മായ അല്ലെങ്കിലും ആ പ്രായമൊക്കെ കടന്ന് സര്‍വ്വജ്ഞപീഠത്തിലിരിക്കുന്നവളും) മായ വെറുതെ സ്നേഹത്തെപ്പറ്റി ഒരു കവിത(ഗദ്യകവിത) എഴുതി നോക്കിയതാണ് പത്തു വര്‍ഷം മുന്‍പ്.ദൈവമേ! അതിങ്ങനെയായോ?

    അപ്പോള്‍ ഈ വയലാറും പി. ഭാസ്കരനുമൊക്കെ ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ക്ക് ഇക്കണ്ട ഗാനങ്ങളൊക്കെ എഴുതാന്‍ പറ്റുമായിരുന്നൊ? ഇന്നു
    കിട്ടുന്ന അംഗീകാ‍രത്തിന്റെ ഒരു ഒരു ശതമാനമെങ്കിലും
    അവര്‍ക്ക് കിട്ടുമായിരുന്നോ?
    ‘ചക്രവര്‍ത്തിനീ നീയെനിക്കൊരു...’
    എന്നൊക്കെ അദ്ദേഹം എഴുതിയത് വെറും ഭാവനയില്‍ നിന്നല്ലേ? അല്ലാതെ വീര്‍പ്പുമുട്ടലില്‍ നിന്നൊന്നുമല്ലല്ലൊ?
    അവരെപ്പോലെ കവിഹൃദയങ്ങളുള്ള സ്ത്രീകളും കാണീല്ലേ(ഞാനല്ല് അതന്ന് നൂറു ശതമാനം സത്യം)

    പിന്നെ ദൈവത്തിന്റെ കാര്യങ്ങള്‍.
    അത് ഇനിയും പറയൂ
    അറിയാല്‍ വലിയ ആഗ്രഹമുണ്ട്.
    അറിവുകള്‍ പരസ്പരം പകരാനുംകൂടിയാകട്ടെ ബ്ലോഗുകള്‍.

    കമന്റിനു വളരെ വളരെ നന്ദി.
    ഞാന്‍ എഴുതിയതും പോസിറ്റിവ് ആയി എടുക്കുമല്ലൊ,

    ReplyDelete
  3. താഴെ എഴുതിയതു വായിച്ച ശേഷം കവിത ഒന്നൂടെ വായിച്ചപ്പോള്‍ കൂടുതല്‍ നന്നായി തോന്നി.

    ഓ.ടോ.

    “വടക്കും നാഥനില്‍ മോഹന്‍ലാലിനു മഞ്ജുവാര്യരോട് സ്നേഹം തോന്നിയപ്പോള്‍...”

    വടക്കും നാഥനില്‍ മഞ്ജു വാര്യരോ? ആറാം തമ്പുരാനാണോ ഉദ്ദേശ്ശിച്ചത്?
    :)

    ReplyDelete
  4. അതെ, ‘ആറാം തമ്പുരാന്‍’ആണ്. തെറ്റു തിരുത്തിതന്നതിനു നന്ദി ശ്രീ.

    പണ്ട് കവിത എഴുതണമെന്ന് കലശലായ മോഹം തോന്നിയപ്പോള്‍ എഴുതി നോക്കിയതാണ്.
    ഇങ്ങിനെയുള്ള കവിതകളൊന്നും എനിക്കെഴുതാനറിയില്ല. എഴുതാന്‍ തുടങ്ങുമ്പോഴേ ഒരു ഫിലോസഫര്‍ കടന്നുവരും എന്നെ നേരേയാക്കാന്‍.
    അദ്ദേഹം തന്നെ ജയിക്കുകയും ചെയ്യും.

    ReplyDelete
  5. ശ്രീ,
    കവിത നന്നായി എന്നറിയിച്ചതിനും നന്ദി!

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്‌...കവിത മാത്രമല്ലാ....ഈ ചിന്തകളും....ആശംസകള്‍...

    ReplyDelete
  7. മയില്‍പ്പീലി,
    ആശംസകള്‍ക്ക് നന്ദി.
    വന്നതിനും കമന്റ് എഴുതിയതിനും വളരെ വളരെ നന്ദി

    ReplyDelete
  8. മായെ,

    കവിതയും എഴുത്തും നന്നായിട്ടുണ്ട്‌.

    എല്ലാ ദൈവങ്ങളും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാ മായ അല്ലേ?

    അമ്മേ മഹാമായേ,ശംഭോ മഹാദേവ, നാരയണ നമഹ:... എല്ലാം ഒന്നു തന്നെ... വിളിക്കാൻ ഏതാണ്‌ എളുപ്പം അത്‌ തിരഞ്ഞെടുക്കുന്നതിൽ തെറ്റൊന്നുമില്ല.

    ആശംസകൾ...

    ReplyDelete
  9. പിന്‍,

    അഭിനന്ദനങ്ങള്‍ക്ക് നന്ദി.

    പ്രായത്തിനെക്കാള്‍ പക്വതയുള്ള അഭിപ്രായങ്ങള്‍.

    ReplyDelete