ഞാന്‍ എന്റെ ദൈവത്തെ വിളിച്ചു കരഞ്ഞു, “ദൈവമേ എനിക്കു തീരെ മനസ്സമാധാനമില്ലാതായിരിക്കുന്നു”.
ദൈവം ചോദിച്ചു, “ഉം, എന്താ മനസ്സമാധാനക്കേടിനു കാരണം?”
“ഈ ചിന്തകള്‍ തന്നെ. ഒന്നിനു പിറകേ ഒന്നായി വന്ന് എന്റെ മനസ്സമാധാനമെല്ലാം കെടുത്തുന്നു”. ഞാന്‍ പറഞ്ഞു.
“അപ്പോള്‍ ചിന്തകള്‍ മാത്രമാണു പ്രശ്നം. അല്ലാതെ കഴിക്കാന്‍ ആഹാരമില്ലാത്തതോ, കുടിക്കാന്‍ വെള്ളമോ, ശ്വസിക്കാന്‍ വായുവോ, കിടക്കാന്‍ പാര്‍പ്പിടമോ ഒന്നും ഇല്ലാത്തതല്ലല്ലോ കാരണം?”
“അല്ല. അതൊക്കെയുണ്ട്. ധാരാളം.”
അദ്ദേഹം ഗൂഢമായി പുഞ്ചിരിച്ചു, “അതെ അതും ഒരു കാരണമാണ്”.
എന്നിട്ടു ചോദിച്ചു, “ചിന്തകള്‍ മാത്രമാണ് പ്രശ്നമെങ്കില്പ്പിന്നെ ചിന്തകള്‍ അങ്ങു വേണ്ടെന്നു വച്ചാല്‍ പോരെ?”
“അതിനു സാധിക്കുന്നില്ല. ചില ചിന്തകള്‍ വളരെ മനോഹരമാണ്. അതെനിക്ക് വല്ലാത്ത സന്തോഷം തരുന്നു”. ഞാന്‍.
“അപ്പോള്‍ സന്തോഷം തോന്നുന്ന ചിന്തകള്‍ മാത്രം ചിന്തിക്കുക. വിഷമമുണ്ടാക്കുന്നത് വേണ്ടെന്നു വയ്ക്കുക. ചിന്തകള്‍ക്ക് കടിഞ്ഞാണിടുക.”ദൈവം നിര്‍ദ്ദേശിച്ചു.
ദൈവം തുടര്‍ന്നു, ചിന്തകള്‍ നിന്റെ മനസ്സില്‍ നിന്നല്ലേ ഉയരുന്നത്. അപ്പോള്‍ നിനക്കത് ആരംഭത്തില്‍ തന്നെ നുള്ളിക്കളയാനും എളുപ്പമണല്ലോ. വെറുതേ ചിന്തിച്ച് ചിന്തിച്ച് കൂട്ടിയിട്ട് എന്നെ പഴി പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ”?
“ശരി ദൈവമേ, ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാം. പാഴ്ചിന്തകള്‍ എന്നുപറഞ്ഞ് തള്ളിക്കളയാം. പക്ഷെ ഈ ഭൂമികുലുക്കത്തിലും മറ്റും പെട്ട് പാതി ഉടലും ഉറ്റോരും നഷ്ടപ്പെട്ടവരോ?
അവര്‍ക്കെങ്ങിനെ ചിന്തിക്കാതിരിക്കാനാവും?”
ദൈവം മുഖം താഴ്ത്തി, മെല്ലെ പറഞ്ഞു, “ചിന്തിക്കാതിരുന്നാലേ അവര്‍ക്കും മനസ്സമാധാനമുണ്ടാകൂ”.
“എന്നാലും മക്കളെ നഷ്ടമായ അമ്മമാര്‍, അമ്മമാരെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങള്‍... അവര്‍ക്കെങ്ങിനെ മറക്കാനാവും?”. ഞാന്‍.
ദൈവം മെല്ലെ പറഞ്ഞു, “അവര്‍ ഭൂമിയില്‍ വന്നപ്പോള്‍ തനിച്ചായിരുന്നില്ലേ? എന്റെ നിയോഗപ്രകാരം എനിക്കിഷ്ടമുള്ളിടങ്ങളില് അവര്‍ ജനിച്ചു. ചുറ്റിനും കാണുന്ന ഓരോന്നും തനിക്കു സ്വന്തമെന്നു കരുതിയതുകൊണ്ടല്ലേ ദുഃഖം അടക്കാനാവാത്തത്? താനുള്‍പ്പെടെ എല്ലാം ദൈവത്തിനവകാശപ്പെട്ടതാണെന്നു കരുതി ജീവിച്ചു നോക്കൂ. വെറുതേ അങ്ങു ജീവിച്ചു പോകാം.
ജീവിതം വളരെ ഹ്രസ്വമല്ലേ അതില്‍ നിന്റെ ഭാഗം അതിലും ഹ്രസ്വം. വെറുതേ ജീവിക്കുക. എല്ലാം ദൈവത്തിന്റെ ലീലകള്‍ എന്നുമാത്രം ചിന്തിച്ച്”.
“അപ്പോള്‍ ഞങ്ങള്‍ വിഡ്ഡികളായിപ്പോവില്ലേ? നല്ലതൊന്നും ചെയ്യാനില്ലാത്ത വിഡ്ഡികള്‍”? ഞാന്‍.
ദൈവത്തിനു നീരസം വന്നു തുടങ്ങി, “എങ്കിപ്പിന്നെ ചിന്തിച്ചോളൂ. പക്ഷെ നിന്റെ ബുദ്ധിതന്നെ നിന്നെ നിന്റെ ചിന്തകളില്‍ നിന്നും രക്ഷിക്കട്ടെ”.
“അതിനു പറ്റുന്നില്ല. പക്ഷെ, അങ്ങെന്തിനാണ് ഞങ്ങള്‍ക്കീ ചിന്താശക്തി തന്നത്? സംസാരിക്കാനും ചിന്തകള്‍ കുറിച്ചു വയ്ക്കാനുമുള്ള ഇച്ഛാശക്തി തന്നത്? വെറുതേ ഞങ്ങളെ വിഡ്ഡികളാക്കാനായിരുന്നോ? അല്ലെങ്കില്‍ ഞങ്ങളും പക്ഷികളെയും മൃഗങ്ങളെയും പോലെ വെറുതേ അങ്ങു ജീവിച്ചു പോകാമായിരുന്നല്ലോ?”
ദൈവം ഒരു നിമിഷം മൌനം പാലിച്ചു. പിന്നെ മറുപടി നല്കി. “അത്... എനിക്കു പ്രിയപ്പെട്ട
സൃഷ്ടികള്‍ നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് എന്റെ ഒരു ഗുണം കൂടി തന്നത് അതുകൊണ്ടാണ്. അത്
തെറ്റായിപ്പോയെന്നാണോ?! നിങ്ങള്‍ക്ക് ചിന്തിക്കാം, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് നിങ്ങളുടെ ഇഷ്ടത്തിനാക്കുകയും ചെയ്യാം. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. ഏതിനും പക്ഷികളെക്കാളും മൃഗങ്ങളെക്കാളുമൊക്കെ മെച്ചമായി ഇപ്പോഴും നിങ്ങള്‍ക്ക് ജീവിക്കാമെന്നാണ് എന്റെ വിശ്വാസം”.
അദ്ദേഹം നിര്‍ത്തി, മറഞ്ഞു.
ഞാന്‍ വീണ്ടും ഉയരുന്ന ചിന്തകളെ അടക്കാന്‍ നെട്ടോട്ടമോടാനും...
):
ReplyDeleteഅല്ലാതെ കഴിക്കാന്‍ ആഹാരമില്ലാതെയോ, കുടിക്കാന്‍ വെള്ളമോ, ശ്വസിക്കാന്‍ വായുവോ, കിടക്കാന്‍ പാര്‍പ്പിടമോ....
ReplyDeleteഒന്നെടുത്തുമാറ്റാമായിരുന്നു. ചിന്തിക്കാന്‍ പിന്നെ സമയമെവിടെ?
കൊള്ളാം
ഇതിലേതെങ്കിലും ഒന്നിന്റെ കുറവുണ്ടായിരുന്നെങ്കില്‍ മനുഷ്യരായ നാം ഇങ്ങനെ ദൈവത്തെ ചോദ്യം ചെയ്യാനും മറ്റും പോകാതെ, അങ്ങിനെയുള്ള നിലപില്പിനാവശ്യമായ കാര്യങ്ങള്‍ക്കായി നമ്മുടെ സമയം വിനിയോഗിച്ചേനെ. ആഹാരമില്ലെങ്കില്‍
ReplyDeleteആഹാരം തേടി പോകും, വെള്ളമില്ലെങ്കില്‍ വെള്ളത്തിനായി, പാര്പ്പിടമില്ലെങ്കില് അതിനായി ഒക്കെ
നാം സമയം വിനിയോഗിച്ചേനെ. ഇതിപ്പോള്‍, ഈ യുഗത്തില്‍ ഇതെല്ലാം എല്ലാവര്ക്കും സുഭിഷമായി കിട്ടുന്നതുകൊണ്ടാണ് ആവശ്യമില്ലാത്ത പലതിലേയ്ക്കും
മനുഷ്യന്റെ ശ്രദ്ധ തിരിയുന്നത്. ഉദാഹരണം:ആകാശം മുട്ടെയുള്ള
കെട്ടിടം കെട്ടിപ്പൊക്കുന്നതുകൊണ്ടല്ലേ, ഭൂമികുലുക്കമൊക്കെ വരുംബോള് ആരേയും രക്ഷിക്കാനാവാത്തത്-
ഇതാണുദ്ദേശിച്ചത്.
പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.
another thought-provoking post...:-)
ReplyDelete