Friday, July 18, 2008

പോരാട്ടം

സ്നേഹവും വെറുപ്പും ഒരു നാണയത്തിന്റെ ഇരുവശങ്ങളും പോലെയാണ്. ഇടയ്ക്ക് ഒരു ചെറിയ അകലമേ ഉള്ളു എന്നതാണു സത്യം. സ്നേഹം അതിന്റെ പരമോന്നതമായ സ്വാര്‍ത്ഥതയില്‍ എത്തുമ്പോള്‍ നാം സ്നേഹിക്കുന്ന വ്യക്തി നമ്മുടെ മാത്രം സ്വന്തമാകണം എന്ന ചിന്ത തലപൊക്കുന്നു. അവരുടെ ഓരോ ചിന്തയും വികാരങ്ങളും പ്രവര്‍ത്തികളും നമ്മെക്കുറിച്ചാകണം, നമുക്കു മാത്രം അവകാശപ്പെട്ടതാകണം, എന്ന് ആഗ്രഹിക്കുന്നു. തനിക്കുതകുന്ന പ്രവര്‍ത്തികള്‍ മാത്രമേ താന്‍ സ്നേഹിക്കുന്ന വ്യക്തി പ്രവര്‍ത്തിക്കൂ എന്നു വിശ്വസിക്കാന്‍ തുടങ്ങുന്നു.
ഈ വിശ്വാസമാണ് ഒരു കണക്കിന് സ്നേഹത്തിന്റെ അടിത്തറ (ചുരുക്കത്തില്‍ രണ്ടുപേരുടേയും
വ്യക്തിത്വങ്ങള്‍ ഇവിടെ മുരടിക്കാന്‍ തുടങ്ങുന്നു ). ഈ വിശ്വാസത്തിന് ഉലച്ചില്‍ തട്ടുമ്പോള്‍ അടിത്തറ
ഉലയുമോ എന്ന ഭയം ഉടലെടുക്കാന്‍ തുടങ്ങുകയായി. സ്നേഹിതന്‍/സ്നേഹിത, നഷ്ടപ്പെടുമോ എന്ന ആധിയായി. സ്നേഹം അവമതിക്കപ്പെടുമോ എന്ന ആശങ്കയായി. ഈ ഭയം ഒരു കിനാവള്ളിപോലെ സ്നേഹത്തെ അനുനിമിഷം കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നു. പിന്നെ എപ്പോഴോ ഈ ഭീതിയും ആധിയും ഒക്കെ ചേര്‍ന്ന് വെറുപ്പായി വളരാന്‍ തുടങ്ങുന്നു. വിശ്വാസം നശിച്ച സ്നേഹബന്ധങ്ങള്‍ വെറുപ്പിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞു തകരുന്നു. ഒരിക്കല്‍ ജീവനെപ്പോലെ സ്നേഹിച്ചവര്‍ അന്യോന്യം പടപൊരുതാന്‍ തുടങ്ങുകയായി. ഒരിക്കല്‍ പരസ്പരം ജീവനെക്കാളേറെ സ്നേഹിച്ചവരാണെന്നുപോലും മറന്ന് അവര്‍ പൊരുതുന്നു, ഒടുവില്‍ ‍സ്നേഹം മുഴുവനായി മരിച്ചുവീഴുന്നു, നീതികിട്ടാതെ... സ്നേഹിതര്‍
പടക്കളത്തില്‍ പകച്ചുനില്‍ക്കുന്നു...

No comments:

Post a Comment