Monday, July 14, 2008

ആത്മശാന്തി

എന്റെ നാടെന്നെ കൈവിട്ട നൊമ്പരം
ഒട്ടുനാള്‍ സൂക്ഷിച്ചു വച്ചെന്റെ ഹൃത്തില്‍
മുറ്റത്തെച്ചെടികള്‍തന്‍ തേങ്ങലെന്‍ നെഞ്ചിലും
പട്ടുപോമോ ഞാന്‍ വെള്ളമൊഴിക്കാഞ്ഞാല്‍

എന്നെ ഞാനാക്കിയൊരാ സ്നേഹ ബന്ധങ്ങളും
എന്‍ മാതൃ നാടിന്‍ വിശുദ്ധിയും ശാന്തിയും
ഒക്കെയുമൊളിപ്പിച്ചു വച്ചൊരാ സമൃദ്ധിയും
ഒക്കെയും നഷ്ടമായ്‌ ഒന്നായൊരുദിനം

എന്നും തലചായ്ച്ചുറങ്ങാനാശിച്ചമണ്ണിനെ
തണലായ്‌ കുളിരായി നിന്നൊരാ മരങ്ങളെ
എന്നും ബലമായി നില്‍ക്കുന്ന കുന്നിനെ
പച്ചവിരിച്ചു കിടന്ന വയലേലയെ

വൃഛിക കാറ്റിന്റെ നണുത്ത തലോടലും
ഓണത്തിന്‍ മുഗ്ദ്ധ സൌന്ദര്യവും
ക്രിസ്തുമസ്സ്‌ സ്റ്റാറിന്റെ വെളിച്ചവും
റംസാന്‍ മാസത്തില്‍ കുട്ടുന്ന സൌഹൃദം

കൂകിവിളിക്കും കുയിലിന്റെ കൂകലും
പുലരിയായെന്നോതും കോഴിതന്‍ 'കൊക്കരക്കൊ'
മൈനകള്‍ മഞ്ഞക്കടക്കണ്ണാല്‍ കടാക്ഷവും
പുലരിതന്‍ നേര്‍ക്കു ‘കാ കാ’ യെന്നു വിളി
ച്ചാര്‍ത്തു പറക്കുന്ന കാകനും

അമ്പലത്തിന്‍ മുഴങ്ങും ശംഖുവിളികളും
പള്ളിയിന്‍യില്‍നിന്നിടയ്ക്കിടെ ഉയരും വാങ്കു വിളികളും
ക്രൈസ്തവദേവാലയത്തിലെ മുഴങ്ങും മണിയൊച്ച
ദൈവവും മനുഷരും ഒന്നായി വാഴുമാ നാട്ടില്‍

ദൈവത്തിന്‍ സ്വന്തനാടെന്നഭിമാന്‍പൂര്‍വ്വമോതും നാട്ടില്‍
എന്തൊക്കെ നഷ്ടമായെന്നെണ്ണിയാല്‍ തീരില്ല
എന്തൊക്കെ കാണാന്‍ കഴിയാതെപോയെന്നോ
എന്നിനി ക്കാണുവാനാവുമോ എന്നുമറിയില്ല

പൊട്ടിയ വേരുകള്‍ തന്‍ നൊമ്പരത്തില്‍ നിന്നും
പുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍

ഏതൊരു പ്രവാസി തന്‍ ഉള്ളിലുമുണ്ടാകും
ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലൊരു ഹൃത്ത്‌
പാതിയിങ്ങും നേര്‍ പാതിയങ്ങുമായ്‌ പിടയ്ക്കും
ഗതികിട്ടാതെയലയുന്നൊരു പ്രാണന്‍

ഒടുവില്‍ വിടപറയാന്‍ പിടയും നിമിഷവും പ്രാണന്‍
ആത്മശാന്തിക്കായ്‌ പിടയുമ്പോള്‍ പോലും
വരിഞ്ഞു മുറുക്കുമാ നൊമ്പരം
തന്‍ പാതിയെ പിരിഞ്ഞൊരാ നൊമ്പരം

2 comments:

  1. “പൊട്ടിയ വേരുകള്‍ തന്‍ നൊമ്പരത്തില്‍ നിന്നും
    പുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
    ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
    നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍“

    നല്ല വരികള്‍

    ReplyDelete
  2. കവിത ആസ്വദിച്ചതില്‍ വളരെ സന്തോഷം!

    ReplyDelete