മനുഷ്യര്‍ മനുഷ്യരുമായി അന്യോന്യം കോര്‍ക്കപ്പെട്ടു കിടക്കുന്നു. മറ്റൊരാളെ കാണാതെ, സംസാരിക്കാതെ, ഓര്‍മ്മിക്കാതെ, ഒരു നിമിഷം കൂടി നമുക്ക് ജീവിക്കാനാവില്ല. മനുഷ്യസമ്പര്‍ക്ക മില്ലാതാകുമ്പോള്‍, ചിന്തകളിലൂടെ, ഓര്‍മ്മകളിലൂടെ, നമ്മള് ഭൂതകാലങ്ങളിലേയ്ക്ക് ഊളിയിടുന്നു. അനുഭവങ്ങളെ പുനര്‍ജ്ജീവിപ്പിച്ച്, ഇന്നലെകളില്‍ നാം ജീവിക്കുന്നു. പിരിഞ്ഞു പോയവരോടൊപ്പം, അകലെ ജീവിക്കുന്നവരോടൊപ്പം, ഏകാന്തതകള്‍ നാം പങ്കിടുന്നു. ഏകാന്തതകള്‍ തിരയുന്നതും മറ്റൊരു മനസ്സിനെ തന്നെ. ചിന്തകളുടെ കണ്ണിയറ്റുപോയാല്‍ പിന്നെ ജീവിതമില്ല. ശൂന്യത മാത്രം.
പ്രകൃതിയുമായി ഇടകലര്‍ന്ന്, കിളികളുടെ കളകളാരവം കുരുവികളുടെ ചിലചിലപ്പും, കുളിര്ക്കാറ്റിന്റെ മര്‍മ്മരവും, കുളിര്‍മഴയുടെ ആരവവും, ഒക്കെ കേട്ട്, ഒരല്‍പ്പം സ്വച്ഛമായിരുന്നാല്‍പ്പോലും, ആ സ്വച്ഛതയില്‍ വിടര്‍ന്നുവരുന്നത്, നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിമിഷത്തിന്റെ മധുരിക്കുന്ന ഓര്‍മ്മ; അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു രൂപം; ഒരാളുടെ പാട്ട്, കൊച്ചു കുട്ടിയുടെ പാല്പുഞ്ചിരി, എന്നിങ്ങനെ മറ്റു മനസ്സുകളില്‍ നിന്ന് നമുക്ക് കിട്ടിയതോ, കിട്ടാനിടയുള്ളതോ, ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം.
പിരിഞ്ഞുപോയവരെപറ്റിയോ, കണ്ടുമുട്ടാനിടയുള്ളവരെപറ്റിയോ ഒക്കെ അങ്ങിനെ നമ്മുടെ മനസ്സിനെ ആ ചിന്താമാലയില്‍ നാം എങ്ങിനെയും തളച്ചിടുകയായി. പക്ഷെ, ഓരോ പ്രാവശ്യം മാല കോര്‍ക്കുമ്പോഴും മനസ്സ് ഒരു വിശകലന പഠനം കൂടി നടത്തുന്നുണ്ടാവും. ‘ഈ മനസ്സ് നമുക്ക് സന്തോഷമാണോ വിഷമങ്ങളാണോ തന്നത്’. ‘അയാളെ സ്നേഹിക്കാമോ’ എന്നിങ്ങനെ അന്വേക്ഷണമായി. മനുഷ്യര്‍ പുതു പുതു സ്നേഹബന്ധങ്ങള്‍ തേടുന്നതും ഈ ജീവിതമാല ബലമായി കോര്‍ക്കപ്പെടാന്‍ തന്നെ.
ഭാര്യയുമായുള്ള ചിന്താബന്ധം അറ്റ് വരുമ്പോള്‍ ഉടന്‍ മറ്റൊരു മനസ്സില്‍/ഹൃദയത്തില്‍ തന്നെ കുടിയിരുത്താനുള്ള വെമ്പലായി. അതുമല്ലെങ്കില്‍ ഭാര്യയെ ചിത്രവധം ചെയ്തെങ്കിലും അവളുടെ ഹൃദയത്തില്‍ ഒരു വില്ലനായെങ്കിലും കയറിക്കൂടുകയായി. മക്കളുടെ സ്നേഹം നഷ്ടപ്പെടുമ്പോഴും ഇതുതന്നെ. കിട്ടാതാകുമ്പോള്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട് പണ്ട് തേന്‍ ചാലിച്ച അതേ നാവില്‍ നിന്നു ഭത്സനങ്ങള്‍ കേട്ട് തളരുന്ന മക്കള്‍ ഭയത്തോടെയെങ്കിലും വയസ്സായ മാതാപിതാക്കളെ സ്മരിക്കുന്നു. സ്നേഹത്തിനുള്ളതുപോലെ വെറുപ്പിനും മറ്റൊരു ഹൃദയവുമായി നമ്മെ ബന്ധപ്പെടുത്താ നുള്ള ശക്തിയുണ്ടെന്നതും അതുതന്നെ.
ഒരുപക്ഷെ രണ്ടുമനസ്സുകള്‍ക്ക് കൂട്ടിമുട്ടാന്‍ പറ്റിയ നിമിഷവും ഏകാന്തതകളാകും. ‘അവന് എന്നെ ഓര്‍ക്കുന്നുണ്ടാകുമോ’ എന്ന് പതിനായിരക്കണക്കിനു മയിലുകള്‍ക്കിപ്പുറത്തിരുന്ന് കാമുകിയുടെ ചിന്ത ഏകാന്തതിയിലൂടെ ഊളിയിടുന്നു. അത് പതിനായിരം മയിലുകള്‍ക്കകലെയുള്ള കാമുകന്റെ ചിന്തകളുമായി ഏറ്റുമുട്ടുന്നു, അവന് കാമുകിയെപ്പറ്റി അറിയാതെ ഓര്‍ത്തുപോകുന്നു.
“ആരോ എന്നെപ്പറ്റി ചിന്തിച്ചു അതാണു ഞാന്‍ തുമ്മുന്നത്” എന്നൊരാള്‍ പറയുമ്പോള്‍ ഒരിക്കല്‍ സയ്ന്റിഫിക് ആയി കണ്ടുപിടിക്കാനിടയുള്ള ഒരു മനസ്സുകളുടെ സമ്പര്‍ക്കത്തിന്റെ മുന്നോടിയാകുമോ അത്?”
(പണ്ടെന്നോ എഴുതിയത്.)
പോസ്റ്റുകള്‍ ഓരോന്നായി വായിച്ചുവരുന്നേയുള്ളൂ. വായിച്ചിടത്തോളം ഇഷ്ടപ്പെട്ടു.
ReplyDelete