Saturday, July 14, 2007

ത്രിശ്ശങ്കു

നമ്മള്‍ ആളുകളെ അവര്‍ക്കു സാധിക്കാത്ത കാര്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍ കളിയാക്കാറുണ്ട്‌, "ത്രിശ്ശങ്കു സ്വര്‍ ഗ്ഗത്തില്‍ പോയപോലാവരുതേ" എന്ന്‌. 'ത്രിശ്ശങ്കു സ്വര്‍ ഗ്ഗ'ത്തിന്റെ കഥയാണ്‌ അടുത്തത്‌. അതിപ്രകാരമാണ്‌.ത്രിശ്ശങ്കു സ്വന്തം ശരീരസൗന്ദര്യത്തില്‍ വളരെ അഹങ്കരിച്ചിരുന്ന ഒരു അസുര രാജാവായിരുന്നു. തന്റെ അതിസുന്ദരമായ ഉടലോടെ തന്നെ സ്വര്‍ ഗ്ഗത്തില്‍ പോകണ മെന്നു ത്രിശ്ശങ്കുവിനു അതിയായ ആഗ്രഹം. ആഗ്രഹം മൂത്തുമൂത്ത്‌ അടക്കാന്‍വയ്യാ തായ പ്പോള്‍ തന്റെ ആഗ്രഹവുമായി അദ്ദേഹം വസിഷ്ഠമഹര്‍ഷിയെ ചെന്നുകണ്ടു. വസിഷ്ഠമഹര്‍ഷി നടക്കാത്ത ഈ അഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ ത്രിശ്ശങ്കുവിനെ ഉപദേശിച്ചു. ത്രിശ്ശങ്കു പിന്മാറിയില്ല. വസിഷ്ഠമഹര്‍ഷിയുടെ പുത്രന്മാരെ ചെന്നുകണ്ട്‌ തന്റെ അഭിമതം അറിയിച്ചു. തങ്ങളുടെ അച്ഛന്‍ വിചാരിച്ചാല്‍ സാധിക്കാത്ത കാര്യത്തില്‍ ഇടപെടുന്ന പ്രശ്നമേ ഇല്ലെന്നു മക്കളും. നിരാശനായി ത്രിശ്ശങ്കു "കഴിവില്ലാത്തവര്‍. എന്റെ ആഗ്രഹം സാധിച്ചുതരാന്‍ കഴിവില്ലാത്തവര്‍" എന്ന്‌ അച്ഛനേയും മക്കളേയും അസഭ്യം പറഞ്ഞു.ഇതുകേട്ടു കുപിതരായ വസിഷ്ഠമക്കള്‍ ത്രിശ്ശങ്കുവിനെ "വിരൂപനായ ചണ്ടാളനായി മാറട്ടെ" എന്നു ശപിച്ചു. ശാപം ഫലിച്ചു. പിറ്റേന്ന്‌ ഉറക്കമുണര്‍ന്ന ത്രിശ്ശങ്കു അതിസുന്ദ രമായിരുന്ന തന്റെ രൂപം കൊട്ടാരവാസികള്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധം വികൃതമായി മാറിയിരിക്കുന്നതു കണ്ടു ഭയന്നു. ആകെ നിരാശനായ ത്രിശ്ശങ്കു എന്നിട്ടും "ഉടലോടെ സ്വര്‍ഗ്ഗം പൂകണം" എന്ന തന്റെ ആഗ്രഹം കൈവിട്ടില്ല. തന്റെ ആഗ്രഹവുമായി ത്രിശ്ശങ്കു നേരെ വിശ്വാ മിത്രന്റെ അടുത്തെത്തി. അതിസുന്ദരനായ ത്രിശ്ശങ്കുവിനുണ്ടായ രൂപമാറ്റത്തെപ്പറ്റി വിശ്വാമിത്രന്‍ അന്വേക്ഷിച്ചു. നിരപരാധിയും ധര്‍മ്മിഷ്ടനും ഗുണവാനുമായ രാജാവാ യിരുന്ന എന്നെ ഈ വിധമാക്കിയത്‌ വസിഷ്ഠമക്കളാണെന്ന്‌ ത്രിശ്ശങ്കു വേദനയോടെ അറിയിച്ചു. ഞാന്‍ ഇതിനുതക്ക ഒരു പാപവും ചെയ്‌തിട്ടില്ലെന്നും വിശ്വാമിത്രന്റെ കാലില്‍വീണ്‌ പറഞ്ഞു. വിശ്വാമിത്രനു തിശ്ശങ്കുവിനോട്‌ സഹതാപം തോന്നി. പെട്ടെന്നു വികാരഭരിതനാവുക എന്ന ദോഷം വിശ്വാമിത്രന്റെ ഒരു ദൗര്‍ബ്ബല്യമാണല്ലൊഅദ്ദേഹം ത്രിശ്ശങ്കുവിനെ സമാധാനിപ്പിച്ചു. എന്നിട്ടു പറഞ്ഞു ഏതിനും "ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകാനല്ലെ താങ്കള്‍ ആഗ്രഹിച്ചുള്ളു, അത്‌ ഞാന്‍ സാധിച്ചുതരാം. സമാധാനിക്കുക. ഇതേ ചണ്ടാളവേഷത്തില്‍ തന്നെ താങ്കളെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അയക്കും" എന്ന്‌ പറഞ്ഞ്‌ സമാസ്വസിപ്പിച്ചു, അതിനുവേണ്ടി യാഗംചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തന്റെ ശിഷ്യരെവിട്ടു എല്ലാ മുനിമാരേയും ശിഷ്യഗണ ങ്ങളേയും ക്ഷണിച്ചു. വിശ്വാമിത്രന്റെ ക്ഷണം ആജ്ഞയെന്നപോലെ ഭയന്ന്‌ എല്ലാ ഋഷിമാരും വന്നെത്തി. എന്നാല്‍ വസിഷ്ഠന്റെ മക്കള്‍മാത്രം ക്ഷണം നിരസിക്കയും കൂടാതെ വിശ്വാമിത്രനെ 'ക്ഷ്‌ത്രിയ'നെന്നും ത്രിശ്ശങ്കുവിനെ 'ചണ്ടാള'നെന്നും പറഞ്ഞു കളിയാ ക്കുകയും ചെയ്‌തു. ക്ഷത്രിയരാജാവായിരുന്ന വിശ്വാമിത്രന്‍ വസിഷ്ഠനോടുള്ള മാത്സര്യബുദ്ധിയാല്‍, വസിഷ്ഠനെപ്പോലെ ബ്രഹ്മഋഷിയാവണമെന്ന വാശിയാലാണ്‌ കഠിനതപസ്സിലൂടെ ഋഷിപദം നേടിയത്‌. ഇത്രയും കഷ്ടപ്പാടിലൂടെ ഋഷീപദം നേടിയ തന്നെ വീണ്ടും ക്ഷത്രിയന്‍ എന്നു വിളിച്ചത്‌ അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു. അദ്ദേഹത്തിനും വാശിയായി. ഏതിനും ത്രിശ്ശങ്കുവിനെ സ്വര്‍ഗ്ഗത്തില്‍ അയച്ചിട്ടുതന്നെ മേല്‍ക്കാര്യം എന്നു മനസ്സില്‍ ഉറപ്പിക്കയും, മൂത്തവരെ അന്യായമായി കളിയാക്കിയതിനു ശിക്ഷയായി വസിഷ്ഠമക്കളെ "മരണശേഷം പട്ടികളുടെ മാംസം ഭുജിക്കുന്ന കാട്ടുവര്‍ഗ്ഗക്കാരുടെ ഇടയില്‍ ജനിക്കട്ടെ" എന്നും ശപിച്ചു. യാഗം തുടങ്ങി. ക്ഷണിച്ചുവരുത്തിയവരെല്ലാവരും അനുകൂലമായി സ്തുതിച്ചു. ദേവന്മാര്‍ താഴെ വന്ന്‌ ഹവിസ്സ്‌ (അര്‍ച്ചന) സ്വീകരിക്കേണ്ടുന്ന സന്ദര്‍ഭം വന്നു. വളരെ നേരം കാത്തിട്ടും ഒരു ദേവനും പ്രത്യക്ഷപ്പെട്ടില്ല. യാഗം പരാജയമാകുമെന്ന സ്ഥിതി യിലായി വിശ്വാമിത്രന്‍ തോറ്റുകൊടുക്കാനൊട്ടു ഭാവവുമില്ല. അദ്ദേഹം തന്റെ അന്നുവരെ സിദ്ധിച്ച തപോബലം എല്ലാം ഉപയോഗിച്ചു ത്രിശ്ശങ്കുവിനെ സ്വയം സ്വര്‍ഗ്ഗ ത്തിലേക്കു ഉയര്‍ത്തി. ത്രിശ്ശങ്കു തന്റെ ചണ്ടാളവേഷത്തോടെ തന്നെ സ്വര്‍ഗ്ഗത്തിലേ യ്ക്കുയരുന്നത്‌ കണ്ട്‌ കൂടിയിരുന്നവര്‍ അതിശയിച്ചു. എന്നാല്‍, സ്വര്‍ഗ്ഗകവാടത്തില്‍ ചെന്ന ത്രിശ്ശങ്കുവിനെ കണ്ട്‌ "അനുവാദമില്ലാതെ ചണ്ടാളവേഷത്തില്‍ വന്ന നീ ആരു" എന്നു പറഞ്ഞ്‌ ഇന്ദ്രന്‍ വീണ്ടും താഴേയ്ക്കു തള്ളി. "അല്ലയോ വിശ്വാമിത്രാ, എന്നെ രക്ഷിക്കൂ..." എന്നു നിലവിളിച്ചുംകൊണ്ട്‌ ത്രിശ്ശങ്കു താഴേയ്ക്കു വന്നു. അതുകണ്ട്‌ വളരെ കോപത്തില്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നു കരുതി, വിശ്വാമിത്രന്‍ പറഞ്ഞു "അവിടെ നില്‍ക്കുക" എന്ന്‌. എല്ലാവരേയും വീണ്ടും അതിശയിപ്പിച്ചുകൊണ്ട്‌ ത്രിശ്ശങ്കു അതാ, സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കും ഇടയ്ക്ക്‌, ഒരു നക്ഷത്രം കണക്കെ തിളങ്ങിക്കൊണ്ട്‌ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു! വാശിയോടെ വിശ്വാമിത്രന്‍ ത്രിശ്ശങ്കു വിനുചുറ്റും പുതിയൊരു സ്വര്‍ഗ്ഗം പണിയാന്‍തുടങ്ങി. ഇതുകണ്ട്‌ ഭയചകിതരായി, ദേവ ന്മാരെല്ലാവരും കൂടി വന്ന്‌ അപേക്ഷിച്ചു, "ദയവായി മറ്റൊരു സ്വര്‍ഗ്ഗം പണിയുന്നതില്‍ നിന്നും പിന്മാറുക, ത്രിശ്ശങ്കു അവിടെതന്നെ നിന്നോട്ടെ. അങ്ങയുടെ പ്രതാപത്തിനും കീര്‍ത്തിക്കും തിലകമായി അങ്ങുനിര്‍മ്മിച്ച മറ്റു താരാഗണങ്ങളും അടുത്തായി തന്നെ തിളങ്ങിനില്‍ക്കട്ടെ. ദയവുചെയ്‌ത്‌ അങ്ങയുടെ കോപം അടക്കുക" എന്ന്‌. സംപ്രീത നായി വിശ്വാമിത്രന്‍ തന്റെ സംരംഭം നിര്‍ത്തിവച്ചു. ത്രിശ്ശങ്കു സ്വര്‍ഗ്ഗ ത്തിലുമല്ല ഭൂമിയിലുമല്ല എന്നപോലെ അന്തരീക്ഷത്തിലും. അങ്ങിനെ ത്രിശ്ശങ്കുവിനു വേണ്ടി വിശ്വാമിത്രന്‍ ഉണ്ടാക്കിയ സ്വര്‍ഗ്ഗമാണ്‌ 'ത്രിശ്ശങ്കു സ്വര്‍ഗ്ഗ'മായി അറിയപ്പെടുന്നത്‌.ഇന്നും നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയം കൈവരിക്കാത്തപ്പോഴും, അത്യാ ഗ്രഹത്താല്‍ അധികം ആഗ്രഹിച്ചു പരാജയമടയുമ്പോഴും 'ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തില്‍ പോയപോലെ' എന്നു പറഞ്ഞ്‌ കളിയാക്കാറുണ്ട്‌വിശ്വാമിത്രനാകട്ടെ, ഭ്രഹ്മഋഷീ പദം നേടാനായി തപസ്സിലൂടെ സംഭരിച്ചുവച്ച ശക്‌തിയെല്ലാം ആവശ്യമില്ലാത്ത കാര്യത്തിനായി ചിലവഴിച്ചും അനാവശ്യമായി കോപപ്പെട്ടതിനാലും നഷ്ടമായതില്‍ പശ്ചാത്തപിച്ച്‌ വീണ്ടും ഹിമാലയത്തില്‍ പോയി കഠിനതപസ്സു തുടര്‍ന്നു, ഒടുവില്‍ വസിഷ്ഠനൊപ്പം 'ബ്രഹ്മഋഷി' പദം നേടുകതന്നെ ചെയ്‌തു. ആ കഥ പിന്നീടൊരിക്കല്‍...

മുന്ന

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]

No comments:

Post a Comment