കൃഷ്ണ അന്ന് പതിവിലേറെ സന്തോഷ ത്തോടെയാണ് ഉറക്കമുണര്‍ന്നത് രാവിലത്തെ കുളിര്‍ക്കാറ്റും പുലര്‍കാലത്തിലെ ഇളവെയിലും തുളസിയെ വല്ലാതെ സന്തോഷവതിയാക്കി. ചുറ്റും പൂത്തു വിടര്‍ന്നു പരിലസിച്ചു നിന്നിരുന്ന കൂട്ടുകാരികളും സന്തോഷത്താല്‍ ഇളകി യാടുകയാണ്. എത്ര സുന്ദരികളാണ വരെന്ന് തുളസി അഭിമാനത്തോടെ ഓര്‍ത്തു. അതെ തങ്ങളെല്ലാം ഒരു കുടുംബത്തില്‍ പെട്ടവരാണ്. ഒരാളുടെ സന്തോഷം മറ്റുള്ളവരേയും സന്താഷിപ്പിക്കുന്നു. ഒരാളുടെ വിജയം മറ്റുള്ളവരേ യും അഭിമാനം കൊള്ളിക്കുന്നു. ഒരാളുടെ പരി ശുദ്ധി മറ്റുള്ളവരിലും പടരുന്നു. ഒരാളുടെ വേദന മറ്റുള്ളവരേയും വേദനി പ്പിക്കുന്നു മൂകരാക്കുന്നു.തൂമണം വീശുന്ന പിച്ചിയും, നിറവും മണവും കൊണ്ടനുഗ്രഹീതയായ റോസയും പലവര്‍ണ്ണ ങ്ങളില്‍ പൂത്തു വിടര്‍ന്നു നില്‍ക്കുന്ന മറ്റനേകം ചെടികളും തന്റെ സഹോദരിമാരാണ്. താന്‍ അവരെപ്പോലെയൊന്നും വലിയ സുന്ദരിയല്ലെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത പരിശുദ്ധിയും ഗുണവും തനിക്കുണ്ട്. ഭഗവാനര്‍ച്ചിക്കപ്പെടുന്നത് തന്നെയാണ്. അത് മറ്റുള്ളവര്‍ക്കൊക്കെ അറിയുകയും ചെയ്യാം അവരെല്ലാം തന്നെ അംഗീകരിക്കുന്നും ഉണ്ട്. തനിക്കതുമതി. മണത്തേക്കാളേറെ. നിറത്തേക്കാളേറെ.
തുളസി പെട്ടെന്ന് ഒരുശബ്ദം കേട്ടു. ഒരപരിചിതന്‍ തന്റെ വീട്ടുടമസ്ഥനോടു സംസാരിച്ചുകൊണ്ട് തോട്ട ത്തിലേക്കു നടന്നടുക്കുകയാണ്.ആളെ കണ്ടാ ലറിയാം മാന്യനാണെന്ന്. വിദ്ശിയാണെങ്കിലും ഗര്‍വ്വ് തീരെയില്ലാത്ത, പെറ്റനാടിനെ മതിക്കുന്ന ഒരു നല്ലമനുഷ്യന്‍.അദ്ദേഹം പറയുന്നകേട്ടു, "ഇപ്രാവശ്യം തിരിച്ചു പോകുമ്പോള്‍ എനിക്കൊരു തുളസിത്തൈ കൊണ്ടുപോ യെങ്കില്‍ കൊള്ളാമായി രുന്നു, ഡയറക്റ്റ് ഫളൈറ്റ് ഉള്ളതുകൊണ്ട് പെട്ടെ ന്നവിടെ എത്തിക്കാം."അതിന് തന്റെ ഗൃഹനാഥന്‍ മറുപടി പറയുന്നതും കേട്ടു. "അതിനെന്താ ഇവിടെ നല്ല ഒരു തൈ നില്‍പ്പു ണ്ട്, അങ്ങു തിരിച്ചു പോകുമ്പോള്‍ പിഴുതെടുത്ത് ഭദ്രമായി കെട്ടി തരാം."കൃഷ്ണ ഞെട്ടിപ്പോയി. 'ദൈവമേ, താന്‍ സ്വപ്നത്തില്‍ കൂടി ഭാവനകണ്ടിട്ടില്ലാത്ത ഒരെതിര്‍കാലമോ തനിക്ക്.'! ഓര്‍ത്തപ്പോള്‍ തന്നെ നടുങ്ങിപ്പോയി.
കൃഷ്ണ അച്ഛന്റേയും അമ്മയുടേയും മുഖത്തു നോക്കി. അവരും അപ്രതീക്ഷിതമായ ആ വാര്‍ത്തകേട്ടു തരിച്ചു നില്‍ക്കുകയാണ്. പക്ഷെ മുഖം കണ്ടാലറിയാം ആ വാര്‍ത്ത അവര്‍ തങ്ങള്‍ ക്കു കിട്ടിയ ഒരു ബഹുമതിയോ അംഗീകാരമോ ആയി കണക്കാക്കുകയാണ്. തന്നെ വിട്ടുപിരിയുന്ന തിലേറെ അവരില്‍ ഗൃഹസ്ഥനോടുള്ള നന്ദിയും, വിദേശിയോടുള്ള ബഹുമാനവും തെളിഞ്ഞു കണ്ടു.
കൃഷ്ണക്കു പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. തന്റെ വിധി ഇതാകും. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത്. എന്നും പറിച്ചു നടേണ്ടവരല്ലെ ചെടി കള്‍. പിരിച്ചുമാറ്റപ്പെടേണ്ടവരല്ലെ ചെടികള്‍. തന്റെ വിധി ഇതാകും. നിശ്ശബ്ദം സഹിക്കുക. തനിക്കും വിലയുണ്ടെന്ന ഒരു തോന്നല്‍ അറിയാതെ മനസ്സില്‍ എപ്പോഴോ കടന്നു കൂടി.
കൃഷ്ണയുടെ വിദേശയാത്രയില്‍ ആശ്ചര്യപ്പെട്ടു ചിലര്‍. തങ്ങള്‍ക്കൊന്നു മുണ്ടാകാത്ത വലിയ ഉയ ര്‍ച്ച. അവര്‍ കൃഷ്ണയോടു പറഞ്ഞു "നീ ഭാഗ്യ വതിയാണ് പ്ലയിനിലൊക്കെ കയറി അങ്ങു ദൂരെ പോകാം. നല്ലയാള്‍ക്കാരും വളരെ സുഖസൗകര്യ ങ്ങളുള്ള സമ്പന്ന നാട്ടില്‍ പോകുമ്പോള്‍ ഞങ്ങളെ യൊന്നും മറക്കരുതേ". കൃഷ്ണ അഭിമാനത്തോടെ തലകുലുക്കി. തെല്ല് അഹംഭാവത്തോടും.
പക്ഷെ ദിവസം അടുക്കുംതോറും മനസ്സാകെ ഉത്ക്കണ്ഠകൊണ്ട് മൂടപ്പെട്ടു. താനെവിടെ പോകു ന്നു? യാതൊരു പരിചയവുമില്ലാത്ത നാട്! ഒന്നും ഓര്‍ക്കാതിരിക്കാന്‍ കൃഷ്ണ മനസ്സിനെ വിലക്കി. കല്ലാക്കി. എന്തും സഹിക്കണം. എല്ലാം ഒരുപക്ഷെ നല്ലതിനായിരിക്കും എന്ന നേരിയ പ്രതീക്ഷ. ഒന്നു മല്ലേലും താന്‍ ദൈവത്തിന്‍ പ്രിയപ്പെട്ടവളാണല്ലോ എന്ന ചിന്ത തുളസിക്ക് ധൈര്യം നല്‍കി. എവിടെ പോയാലും താന്‍ നശിക്കില്ലെന്ന വിശ്വാസം. ഏതു പ്രതിസന്ധിിലും താന്‍ ജീവിക്കും എന്ന ഒരാത്മ ധൈര്യം.
തുളസി തന്റെ പ്രിയപ്പെട്ട തെച്ചിയോടു മാത്രം മനസ്സു തുറന്നു പറഞ്ഞു "എന്റെ തെറ്റീ, സ്വപ്ന ത്തില്‍ പോലും ഇങ്ങിനെ ഒരു ഭാവി ഇല്ലായിരുന്നു ഞാന്‍ എന്തുചെയ്യട്ടെ? നല്ലതിനോ ചീത്തയ്ക്കോ?"തെച്ചി ധൈര്യപ്പെടുത്തി, "എല്ലാം നല്ലതിനു വേണ്ടി ആണെന്നു കരുതൂ. നീ നല്ലതല്ലെ ചെയ്‌തിട്ടുള്ളു. പരിശുദ്ധിുടെ പ്രതീകമായ നിനക്കു നല്ലതേ വരൂ. നീ ദൈവത്തിനു പ്രിയപ്പെട്ടവളല്ലെ."
കൃഷ്ണ ധൈര്യം സംഭരിക്കാന്‍ തുടങ്ങി. പക്ഷെ സംഭരിക്കുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ. കടല്‍മണലില്‍ എഴുതിയ കവിതപോലെ. തിരകള്‍ മായ്ച്ചുകൊണ്ടിരുന്നു. തന്നെ വേണമെന്നു പറഞ്ഞു വന്നിരിക്കുന്ന മാന്യനോടു ഒരല്‍പ്പം ദേഷ്യം തോന്നാതിരുന്നില്ല. "എന്തേ ഒന്നു തന്റെ മുന്നില്‍ വന്ന് തന്നെ ധൈര്യവതിയാക്കുന്നില്ല?" എല്ലാവരേയും പിരിഞ്ഞു കൂടെ ചെല്ലുന്നതല്ലെ? എല്ലാം തന്റെ തലവിധി. അല്ലാതെന്തു പറയാന്‍. കൃഷ്ണ എല്ലാ സങ്കടങ്ങളും ദൈവത്തോടു പറഞ്ഞു കരഞ്ഞു.കൃഷ്ണ അച്ഛനോട ചോദിച്ചു "അച്ഛാ കൃഷ്ണ പോകുമ്പോള്‍ ഇവിടുന്ന് കുറച്ചു മണ്ണു കൂടി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകട്ടെ?അച്ഛന്‍ ചിരിച്ചു, "കൊള്ളാം ആസമ്പന്നഭൂമിയി ലേയ്ക്ക് ഇവിടെ നിന്നും മണ്ണോ! വേണ്ട. നിനക്ക വിടെ എല്ലാം ഉണ്ടാവും. നീ വിഷമിക്കണ്ട.". "അവര്‍ നല്ലവരാണ്. ഈശ്വരവിശ്വാസികളും നമ്മുടെ സംസ്ക്കാരം മറക്കാത്തെ കുലീനരുമാണ്. നിനക്ക വിടെ ഒരു വിഷമവും ഉണ്ടാകില്ല".
പിരിയേണ്ട ദിവസം അടുക്കുംതോറും. കൃഷ്ണ കൂടുതല്‍ മൂകയായി. താന്‍ ഇത് ആഗ്രഹിച്ചിരു ന്നോ? ഇത്ര വലിയ ഒരു വേര്‍പിരിവ്! ഉറ്റോരെ മാത്രമല്ല. പെറ്റമണ്ണിനെ,നാട്ടാരെ എല്ലാംവിട്ട്, അങ്ങ കലെ. കൃഷ്ണ ചിന്തിക്കാന്‍കൂടി അശക്‌തയായി.അങ്ങിനെ കൃഷ്ണതുളസിയുടെ വിധിനിര്‍ണ്ണായക ദിവസം അടുത്തു. കൃഷ്ണ തന്റെ മനസ്സിനെ കല്ലാക്കി. നിര്‍വ്വികാരതയോടെ എന്തും സഹിക്കാ നുള്ള പാകതയോടെ കണ്ണടച്ചുനിന്നു.
കൃഷ്ണ യെ പിഴുതെടുത്തപ്പോള്‍ ജീവിക്കാനാവശ്യമായ ഒരല്‍പ്പം മണ്ണുമാത്രമേ ഉടമസ്ഥന്‍ കവറിലാക്കി യുള്ളൂ. കൃഷ്ണ അതില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ശ്രദ്ധിച്ചു. എങ്കിലൂം പിഴുതെടുക്കുമ്പോള്‍ വേരുകള്‍ ചിലത് പൊട്ടിപ്പോയ വേദനയും, പ്ലയിന്‍ യാത്രയും എല്ലാം കൂടി കൃഷ്ണ വല്ലാതെ തളര്‍ന്നിരുന്നു.
കൃഷ്ണ കാറില്‍കയറി വീണ്ടും യാത്രയായി. വെളി യിലേയ്ക്കു നോക്കി മനോഹരമായി നട്ടുപിടിപ്പിച്ച ചെടികള്‍. കൃത്രിമസൗന്ദര്യം അതിന്റെ പരമോന്ന തയില്‍. കുറേ നേരം നോക്കിയിരുന്നപ്പോള്‍ തുള സിക്കു തലചുറ്റുന്നതുപോലെ. ഹൃദയം കവരുന്ന ഒരു മനോഹാരിതയും അവയ്ക്കൊന്നും ഇല്ല. ആരൊക്കെയോ കുടി പിഴുതെടുത്ത് അടുക്കി വച്ചിരിക്കുന്ന ജീവനില്ലാത്ത പ്ലാസ്റ്റിക് ചെടിയെ ഓര്‍മ്മിപ്പിക്കുന്ന ചെടികള്‍. വിനയാന്വിതരായി തന്റെ യജമാനന്റെ കല്‍പ്പനയും കാത്തു, അനു സരണയോടെ നില്‍ക്കുന്ന കാവല്‍ഭടന്മാരെപ്പോലെ തോന്നിച്ചു അവര്‍. പുഷ്പ്പിക്കാന്‍ പറയുമ്പോള്‍ പുഷ്പ്പിക്കണം, മാറ്റാന്‍ തോന്നുമ്പോള്‍ പിഴുതു മാറ്റി മറ്റൊരിടത്തേടത്തേയ്ക്ക്. ഭംഗികൂടാന്‍ വേണ്ടി ശിഖരങ്ങള്‍ വെട്ടുക, വളര്‍ച്ച നിയന്ത്രിക്കാന്‍ വേണ്ടി വേരുകളില്‍ ചിലത് വെട്ടിമാറ്റുക, ദൈവമേ ഇതൊരു ജീവിതമാണോ! കൃഷ്ണയ്ക്കവയോടു സഹതാപം തോന്നി. ശരിക്കും ഉള്ള ജീവിതം എന്തെന്നറിഞ്ഞുകൂടാത്ത, ഒരിക്കലും അറിയപ്പെടാ നിടയില്ലാതെ മണ്ണടിയേണ്ടുന്ന പാവങ്ങള്‍. യ്ക്ക്. ഭംഗികൂട്ടാന്‍ വേണ്ടി, ശിഖരങ്ങള്‍ വെട്ടുക, വളര്‍ച്ചയെ നിയന്ത്രിക്കാന്‍ വേരുകളില്‍ ചിലത് പിഴുതു മാറ്റപ്പെടുക. ദൈവമേ ഇതൊരു ജീവിത മാണോ. കൃഷ്ണക്കവയോടു സഹതാപം തോന്നി. ശരിക്കും ഉള്ള ജീവിതം എന്തെന്ന റിഞ്ഞു കൂടാത്ത, ഒരിക്കലും അറിയപ്പെടാ നിടയില്ലാതെ. പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷാദം കൃഷ്ണ യെ മൂടി.ഒരല്‍പ്പം തണലിനായി, ഒരിത്തിരി വെള്ള ത്തിനായി അവള്‍ കൊതിച്ചു. തനിക്കു വേരോടാ നുള്ള മണ്ണെവിടെ? കൃഷ്ണ ആകാംഷയോടെ വെളിയില്‍ നോക്കി. തനിക്ക് ശിഷ്ടകാലം ജീവി ക്കേണ്ടുന്ന വീട്. തനിക്ക് വേരോടേണ്ടുന്ന മണ്ണ്, ഒക്കെ കാണാനുള്ള ആകാംഷ. തനിക്ക് വെള്ളം തന്ന് ശുശ്രൂഷിക്കാന്‍ തന്റെ നന്ദിനിചേച്ചിയെ പോലെ ഒരു ചേച്ചി ഇവിടേയും ഉണ്ടാകുമോ?
തള ര്‍ന്നു വീഴാറായ ഒരു സമയം കൃഷ്ണ വീടെത്തി.പത്തുനൂറു തീപ്പെട്ടിക്കൂടുകള്‍ അടുക്കി വയ്ച്ച പോലെ ഒരു പടുകൂറ്റന്‍ കെട്ടിടം. അതില്‍ ഒരു തീപ്പെട്ടിയാണ് തന്റെ ഉടമസ്ഥന്റെ വീട്. എല്ലാ വീടിനും മുന്നിലും ചെടിച്ചട്ടികളിലായി കുറേ ചെടി കള്‍ ഉണ്ട്. ആവശ്യത്തിനു വേരോടാന്‍ മണ്ണില്ലാ തെ, ചുറ്റും കോണ്‍ക്രീറ്റിന്റെ ചൂടില്‍ ഇത്ര ഭംഗി യായി ചിരിച്ചുകൊണ്ടു നില്‍ക്കാനുള്ള അവരുടെ കഴിവിനെ കൃഷ്ണ മനസ്സാ സ്തുതിച്ചു.അതിനിടയില്‍ ആരോ തന്നെ പൊക്കിയെടു ക്കുന്നത് കൃഷ്ണ അറിഞ്ഞു. തന്നെയും ഒരു ചെട്ടിക്കുള്ളിലാക്കാനുള്ള ശ്രമമാണ്. പക്ഷെ അതി നു മുന്‍പ് അവര്‍ കൃഷ്ണയെ ആകെ ഒന്നു കുലു ക്കി, അവശേഷിച്ചിരുന്ന ഇന്ത്യന്‍ മണ്ണുകൂടി കള ഞ്ഞിട്ടാണ് അവര്‍ ചട്ടിക്കുള്ളില്‍ പൂഴ്ത്തിവച്ചത്. ഒരല്‍പ്പം വെള്ളവും തളിച്ചു ദൈവത്തിനു സ്തോത്രം. കൃഷ്ണ ദാഹം തീര്‍ത്തു.പക്ഷെ, വേരു പൊട്ടിയ വേദന, പുതിയ മണ്ണിന്റെ പ്രത്യേക ഗന്ധം, എല്ലാംകൂടി കൃഷ്ണ നന്നെ തളര്‍ന്നുപോയി.
ഒന്നു മയങ്ങി എണീറ്റു ചുറ്റിനും നോക്കി. പുതുമണ്ണില്‍ വേരോടാനുള്ള മടി. എങ്കിലും ഓടിയേ പറ്റൂ .നല്ല വൃത്തിയു ള്ള പുതുമണ്ണ് കാണും തോറും കൃഷ്ണയ്ക്ക്, തന്റെ അച്ഛനും അമ്മയും സഹോദരരോടും കൂട്ടുകാരോടും നിന്ന സ്വന്തം മണ്ണിനെപറ്റിയുള്ള ഓര്‍മ്മ വല്ലാതെ നൊമ്പരപ്പെടുത്തി. അതിനി ഒരി ക്കലും തന്റെ സ്വന്തമല്ലെന്ന ചിന്ത വല്ലാത്ത നഷ്ട ബോധം സൃഷ്ടിച്ചു. ഈ നൊമ്പരവും നഷ്ടബോധവും പേറി താനിനി ഈ ജന്മം മുഴുവനും ഇവിടെ. ദൈവമേ ഓര്‍ക്കാന്‍ കൂടി കൃഷ്ണ അശക്‌തയായി.കൃഷ്ണ നാലുവശവും നോക്കി. ചുറ്റിനും അധിക വും താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചെടികളാ ണ്. വലിയ മരങ്ങളുടെ ആകൃതിയില്‍ നില്‍ക്കുന്ന കൊച്ചു മരങ്ങളാണ്. ബോണ്‍സായി എന്നാണത്രെ അവയുടെ പേര്‍. കൃഷ്ണക്കവയോടു സഹതാപം തോന്നി. വളര്‍ച്ച നിഷേധിച്ച പാവങ്ങള്‍. എന്നാല്‍ അവരില്‍ ഒരു വിഷമവും കണ്ടില്ല. മറിച്ച് വലിയ ഗര്‍വ്വിഷ്ഠരായാണ് നില്‍പ്പ്. കൃഷ്ണക്കു പറയണ മെന്നു തോന്നി "വലിയ ഗര്‍വ്വൊന്നും കാട്ടണ്ട ട്ടോ നിങ്ങളുടെ വേരുകളൊക്കെ തോണ്ടിയെടുത്ത് മുറിച്ച്, വളരാനനുവദിക്കാതെ കുള്ളന്മാരാക്കി നിര്‍ത്തിയിരിക്കയാണ്.ഞങ്ങളുടെ നാട്ടിലായിരുന്നെ ങ്കില്‍ നിങ്ങള്‍ക്ക് മാനംമുട്ടെ വളര്‍ന്നു നില്‍ക്കാ മായിരുന്നു" പക്ഷെ, തന്നെ അവര്‍ വളരെ താഴ്‌ന്ന രീതിയില്‍ നോക്കുന്നതു കണ്ടപ്പോള്‍, കൃഷ്ണക്ക് ഒന്നും പറയാന്‍ തോന്നിയില്ല. നിനക്കെന്തു യോഗ്യതയാണ്. ഞങ്ങളുടെ സമ്പന്നഭൂമിയിലേ യ്ക്കു വരാന്‍ എന്ന അര്‍ത്ഥം നിറഞ്ഞ നോട്ടം. പുച്ഛമായ നോട്ടം കൃഷ്ണ ചൂളിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
പിന്നീടു കൃഷ്ണ കണ്ടത് കുറെ ഓര്‍ക്കിഡിനെ യാണ്. അവയ്ക്ക് വളരാന്‍ മണ്ണൊന്നും വേണ്ട. കുറെ കരിക്കട്ട മതി. എന്തു സന്തോഷത്തോടെ യാണ് പൂത്തുലഞ്ഞു നില്‍ക്കുന്നത്! അതും പല വിധ വര്‍ണ്ണങ്ങളില്‍. മാസങ്ങളോളം അവയ്ക്ക ങ്ങിനെ പൂത്തുലഞ്ഞു നില്‍ക്കാന്‍ കഴിയുമത്രെ. കൃഷ്ണയ്ക്ക വയോടൊരല്‍പ്പം ഇഷ്ടം തോന്നി കാണാന്‍ മാത്രം. മാനസികമായി ഒരടുപ്പവും തോന്നിയില്ല. തന്റെ നാട്ടിലെ പിച്ചിയ്ക്കും മുല്ല യ്ക്കും ചെമ്പകത്തിനും ഉള്ള ഹൃദയ വിശുദ്ധിയോ, നിഷ്ക്കളങ്കതയോ നൈര്‍മ്മല്യമോ ഒന്നും അതിനു ള്ളതായി തോന്നിയില്ല.
കൃഷ്ണയ്ക്കൊരല്‍പ്പം ആശാസം തോന്നിയത് അവിടെ കണ്ട തെച്ചിയെ കണ്ടപ്പോഴാണ്. പക്ഷെ അവയ്ക്കും സ്വാഭാവികതയില്ല കൃത്രിമ സൗന്ദര്യ മാണ്. ആരോ വെട്ടി നുറുക്കി, ചിട്ടപ്പെടുത്തിയിട്ട്, പൂത്തു നില്‍ക്കാന്‍ കല്‍പ്പനയിട്ടപ്പോള്‍ പൂത്തു നില്‍ക്കുന്നപോലെ. എങ്കിലും ഒരു തെച്ചിയല്ലെ, തന്നെപ്പോലെ ഭഗവാന് അര്‍ച്ചിക്കപ്പെടേണ്ടവള്‍. തന്റെ സ്ഥാനം അതിനടുത്തായിരുന്നെങ്കില്‍ എന്നുകൂടെ അവള്‍ ആശിച്ചു. അവള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കയാണ്.അവള്‍ തന്നെനോക്കി ചിരിച്ചപ്പോള്‍ എന്തോ നിധി കിട്ടിയ സന്തോഷം.
കൃഷ്ണയ്ക്കു വീണ്ടും ദാഹം തോന്നി. തളര്‍ച്ചയും. ഒരല്‍പ്പം ദാഹജലം കിട്ടിയിരുന്നെങ്കില്‍. കൃഷ്ണ തന്റെ നന്ദിനിചേച്ചിയെ ഓര്‍ത്തു. കൃത്യസമയ ത്തില്‍ പതിവുതെറ്റാതെ, തനിക്കു വെള്ളമൊഴിച്ചു പരിപാലിച്ചിരുന്ന നന്ദിനി ചേച്ചി.വളരെനേരം കഴിഞ്ഞപ്പോള്‍ അകത്ത് ആരോ വിളിച്ചു പറയുന്നതു കേട്ടു. "എടീ വെള്ളമൊഴി ക്കേണ്ടുന്ന സമയം കഴിഞ്ഞു' എന്ന്. അല്‍പ്പം കഴി ഞ്ഞ് ആരോ വന്ന് ജോലി ഒഴിക്കാനെന്ന മട്ടില്‍ നിരത്തിപ്പിടിച്ച്, ഓസ് കൊണ്ടോ മറ്റോ ധൃതിയില്‍ വെള്ളമൊഴിച്ചു. കൃഷ്ണയ്ക്ക് ആ ശക്‌തിയോടെ യുള്ള വെളളമടിയേറ്റു, താന്‍ വേരോടെ താഴെ വീണു പോകുമെന്നു തോന്നി. പിടിച്ചുനില്‍ക്കാന്‍ ആവുന്നത്ര നോക്കി. എന്നിട്ടും കുഴഞ്ഞു വീണു. പിന്നെ, എപ്പോഴോപതുക്കെ നിവര്‍ന്നു ഒരു രാത്രി മുഴുവനുമെടുത്തു നിവരാന്‍. ദൈവമേ ഇതു പോ ലെ രണ്ടു പ്രാവശ്യം കൂടിയായാല്‍ തന്റെ കഥ കഴിഞ്ഞതുതന്നെ ആരോടാണ്. സങ്കടം പറയുക
പിറ്റേ ദിവസം തോട്ടമുടമയെ കാണാന്‍ കുറേ പരിചയക്കാര്‍ വന്നു. അവര്‍ ചോദിച്ചു." ചേട്ടന്‍ നാട്ടില്‍ നിന്നു കൊണ്ടുവന്ന തുളസി. കൊള്ളാം പക്ഷെ പുതിയ മണ്ണില്‍ വേരു പിടിക്കുമോ എന്ന് സംശയമാണ്. പക്ഷെ, പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വേറെ നല്ല തുളസിതൈ കൊണ്ടു തരുമായി രുന്നല്ലോ. ഇവിടെ അടുത്തൊരിടത്ത് നല്ല തുളസി ത്തൈ ഉണ്ടായിരുന്നല്ലോ. ഏതിനും ഇതു മൂടു പിടിക്കുമോ എന്നു നോക്കട്ടെ. ഇല്ലെങ്കില്‍ ഞാന്‍ വേറേ കൊണ്ടുത്തരാം." "ആവട്ടെ" എന്നു തലകു ലുക്കുന്നതും കൃഷ്ണ കണ്ടു. കൃഷ്ണയ്ക്കു തല ചുറ്റുന്നതു പോലെ തോന്നി. ഈശ്വരാ നിന്ന നില്‍ പ്പില്‍ ഭൂമി പിളര്‍ന്ന് താഴെ പോയെങ്കില്‍. താന്‍ ഒന്നുമല്ലാതായ ഒരവസ്ഥ. തന്റെ ജീവനു പോലും ഇവിടെ വിലയില്ല. പിന്നല്ലെ അഭിമാനത്തിന്.ഇല ചെന്നു മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും ഇലയ്ക്കുതന്നെ ദോഷം. തന്റെ മാത്രമല്ല, എല്ലാ ചെടികളുടേയും അവസ്ഥ ഇതു തന്നെയാണ്. പെണ്ണായി പിറന്നതിന്റെ ശിക്ഷ. പിറന്നുവീഴുന്ന മണ്ണും ജനിച്ചു വളരുന്ന വീടും മാതാപിതാക്കളും ഒക്കെ അവള്‍ക്കുമാത്രം അന്യമാവുന്നു ഒരുകണക്കിനു പ്രത്യേകതകളൊന്നു മില്ലാത്ത കാട്ടുതുളസികളാണ് ഭാഗ്യവതികള്‍തന്നെ ഇവിടെ കൊണ്ടുവന്ന മാന്യദേഹം കൊണ്ടു വന്നതോടെ കടമ തീര്‍ന്നമട്ടില്‍ പിന്നെ തന്നെ ഒന്നു നോക്കിയിട്ടുകൂടിയില്ല. ഇതാണോ ഇവര്‍ കൃഷ്ണതുളസിയ്ക്കു കൊടുക്കുന്ന മര്യാദ. .പിന്നെ എന്തിനു കൊണ്ടുവന്നു എന്ന് ഒരിക്കല്‍ ചോദിച്ച പ്പോള്‍ "അച്ഛനു ഇഷ്ടമായതിനാല്‍" ആണ ത്രെ. (വീട്ടില്‍ ഒരു കൃഷ്ണ തുളസിയുള്ളത് ഐശ്വര്യമാണത്രെ) അതു ശരിയായിരിക്കും കാര ണം അച്ഛന്‍ തനിക്ക് സമയത്തിനു വെള്ള മൊഴിക്കുന്നുണ്ടോ എന്നൊക്കെ വല്ലപ്പോഴുമെങ്കി ലും അന്വേഷിക്കുന്നതു കണ്ടിട്ടുണ്ട്. തന്നോടുള്ള ഇഷ്ടമല്ല, മറിച്ച് ദൈവത്തിനോടുള്ള പേടിയാണെ ന്നു തോന്നുന്നു അദ്ദേഹത്തെക്കൊണ്ട് അതു ചെയ്യിക്കുന്നത്. ഏതിനും തന്റെ കാണപ്പെട്ട ദൈവം അദ്ദേഹം തന്നെ. ഈ അന്യനാട്ടില്‍ വന്നിട്ടും പാരമ്പര്യം മറക്കാത്ത യാധാസ്ഥിതികന്‍പക്ഷെ തന്റെ രക്ഷകനെന്നു ഭാവിക്കുന്ന മാന്യനു അതൊന്നും ഇല്ല. തന്നെ ഇഷ്ടമല്ലെന്നു മുഖഭാവം കണ്ടപ്പോള്‍ തോന്നി. പക്ഷെ കൃഷ്ണക്ക് ഇഷ്ടം തോന്നി തന്റെ ഉണ്ണിക്കണ്ണനെപ്പോലെ. അദ്ദേഹം തോട്ടത്തിന്റെ അടുത്തൂടെ പോകുമ്പോള്‍ ഓര്‍ക്കിഡിനേയും കുള്ളന്‍ മരത്തിനേയും ഒക്കെ വാത്സല്യവും ശൃംഗാരവും കലര്‍ന്ന മട്ടില്‍ നോക്കുന്നതു കണ്ടിട്ടുണ്ട്. കൃഷ്ണക്ക് അപ്പോള്‍ അസഹനീയമായ വിഷമം, തോന്നും. സഹിക്കും. അല്ലെങ്കില്‍ ദേഷ്യം വന്നാലോ. (പക്ഷെ മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തകരുന്നത് കൃഷ്ണ അറിഞ്ഞു. ഒരു സ്വപ്നംപോലും താലോലിക്കാ നില്ലാതെ മുരടിക്കാനോ തനിക്കു വിധി! അതിനോ താന്‍ ഇതുവരെ സ്വപ്നങ്ങളൊന്നും കാണാതെ കാത്തുനിന്നത്. കൂടുതല്‍ നല്ലവളാകാന്‍ ശ്രമിച്ചതിന്റെ ശിക്ഷയാവും) ഒരിക്കല്‍ അറിയാതെ കളയാണെന്നു കരുതി തന്നെ പിഴുതെറിയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിനു മുത്തശ്ശി കണ്ടു കൊണ്ട് "അയ്യോ എന്റെ തുളസി" എന്നൊരു വിളി. അതു കൊണ്ട് വലിയ പരുക്കുകൂടാതെ അന്നു രക്ഷപ്പെട്ടു. അതില്‍ പിന്നെ രക്ഷകന്റെ സ്നേഹത്തിനു വേണ്ടി കേണിട്ടില്ല. മറിച്ച്, അടു ത്തുവരുമ്പോള്‍ പേടികൂടിയാണ്. അതു കാണു മ്പോള്‍ ഓര്‍ക്കിഡും, കുട്ടിമരവും അടക്കി ചിരിക്കും. അവരുടെ നല്ലകാലം അല്ലാതെന്തു പറയാന്‍.
തനിക്കു വന്നുപിടിച്ച അവ്സ്ഥ തുളസിക്കു ശരിക്കും മനസ്സിലായത് അപ്പോഴാണ്. ഒരറ്റത്ത് ഉറ്റവരെ വേര്‍പെട്ട ദുഖം. മറ്റൊരറ്റത്ത് പുതു മണ്ണില്‍ വേരോടാനുള്ള മടി. അതിനിടയി തനിക്കേറ്റ ഈ അപമാനം എല്ലാം കൂടി താന്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു ഇനിയൊരിക്കലും കരകയറാനാകാത്ത വിധം. നിലനില്‍പ്പിന്റെ പ്രശ്നം. ഈശ്വരാ തന്റെ അന്ത്യം ഇതാകുമോ! ഇവിടെയാകുമോ ഈ അപരിചിതരുടെ ഇടയില്‍. തനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ആരുമില്ലാ ത്ത ഇവിടെ! തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ അച്ഛനമ്മമാര്‍ക്കെന്തു വിഷമമാകും. താനായിട്ട് നല്ല പേരുണ്ടാക്കിയില്ലെങ്കിലും ദുഷ് പേരുണ്ടാക്കണ്ട. തന്നെ ഇത്രയും വളര്‍ത്തി വലു താക്കിയതിനു അവര്‍ക്കു മരണംവരെ കണ്ണീര്‍ സമ്മാനിക്കണ്ട. ഒരു പറിച്ചുനടല്‍ കഴിഞ്ഞു മുറിവുണങ്ങുന്നതിനു മുന്‍പ് മറ്റൊന്നോ! തനി ക്കതിനു കഴിയുമോ? ജീവിതത്തില്‍ തോറ്റ് തിരിച്ചു ചെല്ലുന്ന തന്നെനോക്കി സഹതാപിക്കാനും പരിഹ സിക്കാനും ആള്‍ക്കാര്‍ കാണും. അഭിമാനിയായ മനുഷ്യന് മരണമാണ് അപമാനത്തേക്കാള്‍ ഭേദം. കൃഷ്ണയുടെ കണ്ണുകളാകെ കണ്ണീരാല്‍ മൂടി. കൃഷ്ണ ദൂരെ നില്‍ക്കുന്ന തെച്ചിയെ നോക്കി അവളും കേട്ടിരിക്കണം തോട്ടമുടമയുടേയും കൂട്ടു കാരുടേയും സംസാരം. പക്ഷെ അവള്‍ ഒന്നും അറിയാത്ത മട്ട്. ഓര്‍ക്കിഡുകള്‍ അല്‍പ്പം സഹതാ പമട്ടില്‍ നോക്കുന്നു. ബോണ്‍സായി പരിഹസി ക്കയും. ദൈവമേ! തന്റെ നാടും വീടും ഉപേക്ഷി ച്ചു വന്നതിനുള്ള ശിക്ഷയാണോ ഇത്. കൃഷ്ണക്ക് വല്ലാത്ത ആത്മനിന്ദ തോന്നി. അതുപിന്നെ അപകര്‍ഷതയായി മാറുന്നതും അവളറിഞ്ഞു. തനി ക്കും ഒരു ഓര്‍ക്കിഡോ ബോണ്‍സായിയോ ആകാന്‍ കഴിഞ്ഞെങ്കില്‍ എന്നുപോലും അവളാ ഗ്രഹിച്ചു. ഒരിക്കലും സാധിക്കാത്ത ആ മോഹം അവള്‍ മുളയോടെ നുളളിക്കളഞ്ഞു. എന്നിട്ടവള്‍ അല്‍പ്പം ആത്മവിശ്വാസമാര്‍ജജിച്ചു.
ഒരിക്കല്‍ അവള്‍ അറിയാതെ നോണ്‍സായിയോടു പറഞ്ഞു, "നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ നിങ്ങള്‍ക്കിവിടെ കിട്ടുന്നതു പോലുള്ള നല്ല വിലയും നിലയും എനിക്ക് കിട്ടിയിരുന്നു നല്ല തിട്ടയൊക്കെ കെട്ടി, ഞാനും നല്ല അന്തസ്സില്‍ ആഭിജാത്യത്തില്‍ കഴിഞ്ഞതാണ്". അതുകേട്ടു ബോണ്‍സായി വളരെ ഉച്ചത്തില്‍ പരിഹസിച്ചു ചിരിച്ചു. എന്നിട്ടു പറഞ്ഞു, "ഓ ഇന്ത്യാക്കാര്‍ അതും മലയാളികള്‍, അവര്‍ അതും പറയും അതിലപ്പുറവും ചെയ്‌തില്ലെങ്കിലേ അല്‍ഭുതമുള്ളൂ". നിറവും മണവുമൊന്നുമില്ലാത്ത നിനക്കോ തിട്ട കെട്ടി.. അവരെല്ലാവരുംകൂടി ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. എല്ലാം അറിയുന്ന തെച്ചികൂടി ആ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍ തനിക്കവളോടാദ്യ മായി പുച്ഛം തോന്നി. തന്റെ നാട്ടിനെ, നാട്ടാരെ മറന്നവള്‍. അവളും ഒരുങ്ങിയിരിക്കുന്നു. വെട്ടി നിര്‍ത്തിയ മോഡേണ്‍ ചെടികളെപ്പോലെ കുറ്റി ച്ചെടിയായി നിറയെ പൂത്തുലഞ്ഞു കൊണ്ട്. അന്യ നാട്ടിനു ചേര്‍ന്ന പരിവേഷം. ബോണ്‍സായിക്കും ഓര്‍ക്കിഡിനും ഒപ്പം എത്താന്‍ വേണ്ടിയുള്ള പരിവ ര്‍ത്തനം. പിന്നെ, പതിയെ, അവളോടുള്ള പുച്ഛം അലിഞ്ഞലിഞ്ഞില്ലാതായി. അവളെ കുറ്റം പറ ഞ്ഞിട്ട് കാര്യമില്ല. ഈ നാട്ടിനു ചേര്‍ന്ന പരി വര്‍ത്തനം. നിലനില്‍പ്പിന്റെ പ്രശ്നം. താനും മറേണ്ടിയിരിക്കുന്നു. ഇവര്‍ക്കു ചേര്‍ന്ന വിധത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറേണ്ടിയിരി ക്കുന്നു "കൃഷ്ണാ നീ തന്നെ തുണ. ഒരിറ്റ് ധൈര്യം തരൂ, ഒരിറ്റ് ആത്മവിശ്വാസം തരൂ, ഒരിട്ടു സ്നേഹം തരൂ"കൃഷ്ണ വേദനയോടെ ഓര്‍ത്തുപോയി.......സ്വന്തനാട്ടില്‍ ജീവിക്കുമ്പോള്‍ അതു നമുക്കു തരു ന്ന സുരക്ഷിതത്ത്വം സ്വാതത്ര്യം ഒന്നും നാം അറി യുന്നില്ല അക്കരപച്ചകള്‍ തേടി അന്യനാടുകളില്‍ വന്നടിയുമ്പോഴാണ്. നഷ്ടപ്പെട്ടത് വളരെ വലുതാ യിരുന്നു എന്നറിയുന്നത്. തന്റെ പൂര്‍വ്വികര്‍ എത്ര ഭാഗ്യവാന്മാര്‍ അവര്‍ അന്യനാടു കണ്ടിട്ടില്ല ആരുടേയും അടിമയായില്ല, അവര്‍ സ്വന്തം ഭൂമിയില്‍ ജീവിച്ചു, ചുറ്റുമുള്ളവരെ സ്നേഹിച്ചു, സഹായിച്ചു അവരോടൊപ്പം ഇണങ്ങിയു പിണങ്ങിയും ജീവിച്ചു മരിച്ചു. അവര്‍ മരിച്ചപ്പോള്‍ കരയാന്‍ ബന്ധുക്കള്‍ മാത്രമല്ല, വളരെപ്പേരു ണ്ടായിരുന്നു ചുറ്റിനും. താനോ? തീപ്പെട്ടിക്കൂടി നകത്ത് ഒരിക്കല്‍ പുഴുവിനെപ്പോലെ ചത്തിരിക്കു മ്പോള്‍ കരയാന്‍ സ്വന്തം മക്കള്‍ കൂടി കാണുമോ! ഒരുപക്ഷെ അവരും ഇതുപോലെ മറ്റു ക്കൂടുകളില്‍ ജീവിതം ചിട്ടപ്പെടുത്തുന്ന തിരക്കി ലായിരിക്കും അപ്പോള്‍... കൃഷ്ണ മനോഗദത്തില്‍ നിന്നുണര്‍ന്നു.ഓരോ നാട്ടില്‍ ചെന്നാല്‍ അവരെപ്പോലെയാകാന്‍ ശ്രമിക്കണം പഴംപുരാണവും പറഞ്ഞോണ്ടിരുന്നാല്‍ അവ രോടടുക്കാനാ വില്ല. നന്മയും സ്നേഹവും എല്ലാവ രിലും കാണും എന്തോ ഒന്നു തമ്മില്‍ അകറ്റുന്ന താണ് ആ എന്തോ ഒന്ന് എന്താണെന്ന് കണ്ടുപിടിക്കാനായി അടുത്ത ശ്രമം. ഭാക്ഷ യാണോ? ഒരു ഭാക്ഷ ഉടലെടുക്കുന്നതുതന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് മനസ്സു തുറന്ന് ആശയ വിനിമയം നടത്താനും ഒന്നാകാനുമലേ.്ല അന്യോന്യ മുള്ള അല്‍പ സ്വല്‍പ്പം ഭിന്നതകള്‍ (തെറ്റുകള്‍) സഹിച്ച് ഇരു കൂട്ടരും അന്യോന്യം മതിച്ചാല്‍ സ്നേഹം വളരും ഒന്നാണെന്ന ഭാവം വളരും കൃഷ്ണയ്ക്കങ്ങിനെയൊന്നും പറയാനവകാശമില്ല. ഉള്ളിലെ ആശയാണ്. ആശമാത്രമാണ്. എന്നെ ങ്കിലും ഒരിക്കല്‍ എല്ലാവരും ഒന്നാകുന്ന കാലം ഒരു സ്വപ്നമായി കൃഷ്ണ മനസ്സില്‍ താലോ ലിച്ചു,കൃഷ്ണ ഒഴുക്കിനെതിരെ നീന്താതെ ഒഴുക്കിനൊത്ത് നീന്താന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ട് ആ യാത്ര തുടര്‍ന്നുകൃഷ്ണ ഓര്‍ക്കിന്റെ ക്ഷമാശക്‌തിയും ബോണ്‍ സായിയുടെ ത്യാഗവും മതിക്കാന്‍ പഠിച്ചു. അവ രുടെ ആ നല്ല ഗുണങ്ങള്‍കൊണ്ടല്ലെ അവര്‍ക്കി വിടെ ജീവിക്കാനാവുന്നത്! അവരുടെ ക്ഷമാശക്‌തി യും വിട്ടുവീഴ്ചാമനോഭാവവും കൊണ്ടല്ലേ പലേ ഇന ചെടികള്‍ വാഴുന്ന ഇവിടെ ഒത്തൊരുമയോടെ മുന്നോട്ടു പോകാനാവുന്നത്. അവര്‍ അന്യനാടിനെ പെറ്റനാടായിക്കണ്ട് ഒത്തൊരുമയോടെ ജീവിക്കാന്‍ ശ്രമിക്കയാണ് താന്‍ അവരെ കുറ്റപ്പെടുത്തുന്ന തിലും ഭേദം സഹതപിക്കുകയായിരുന്നു വേണ്ടത് എന്ന് കൃഷ്ണയ്ക്കു തോന്നി. അവരവര്‍ക്കുള്ളതു കൊണ്ടല്ലേ അഥിതികളെ സല്‍ക്കരിക്കാനാവൂ. അവര്‍ക്കും ഇവിടെ ഇത്രയ്ക്കേ പരിഗണനയും സ്നേഹവും കിട്ടിയിട്ടുണ്ടാവൂ. തന്നെപ്പോലെ വന്ന കൃഷ്ണതുളസിമാരും ഉണ്ട്. ഇനിമുതല്‍ ഒരു പക്ഷെ, താനും അവരെപ്പോലെ, ഒരു തീപ്പെട്ടി ക്കൂടിനുള്ളില്‍ തന്റെ ലോകം പണിയണം. പിന്നെ താനും വിശാലമായ മറ്റു ഭൂമിയില്‍നിന്നു വിശാല മായ മനസ്സും ചിന്തകളുമായി വരുന്നവരെ പുശ്ചി ക്കുമായിരിക്കും. അറിയാതെ തനിക്കുള്ള മേല്‍ക്കോ യ്മകള്‍കൊണ്ട് അവരെ നിര്‍വീര്യരാക്കാന്‍ ശ്രമി ക്കുമായിരിക്കും. വേരുകള്‍പൊട്ടി അനാധരെപ്പോലെ വന്നുനില്‍ക്കുന്ന അവരുടെ നിലനില്‍പ്പിനുവേണ്ടി യുള്ള പിടച്ചില്‍കണ്ട് കൈപിടിച്ചു കരകയറ്റുന്ന തിനു പകരം നോക്കിനിന്നു രസിക്കുമായിരിക്കും പുതുതായി വരുന്ന തുളസിമാരെ കരുക്കളാക്കി ചൂതുകളിച്ച് രസിക്കുമായിരിക്കും. സനാധരായി രുന്ന അവരെ അനാധരാക്കിയിട്ട് കൈകഴുകുമായി രിക്കും. അനാധരായ അവര്‍ എല്ലാം നഷ്ടപ്പെട്ടവരാ യി മുന്നോട്ടുള്ള പാതയിലൂടെ തനിയേ ഗമിക്കു മ്പോള്‍ ഉള്ള വെട്ടംകൂടി അണച്ചു രസിക്കുമായി രിക്കും.
കൃഷ്ണ തന്റെ വിചാരങ്ങള്‍ക്ക് കടിഞ്ഞാ ണിട്ടു. അങ്ങിനെയൊന്നു മുണ്ടാവില്ല, എല്ലാം തന്റെ മനസ്സിലെ ഭയങ്ങള്‍ മാത്രമാണെന്നു പറഞ്ഞു വിലക്കി. 'എല്ലാം മറന്ന് തന്റെ മനസ്സിനെ കൃഷ്ണഭക്‌തിയില്‍ മുഴുകി കൃഷ്ണനെ മനസ്സില്‍ ധ്യാനിച്ച് ജീവിക്കാന്‍ കഴിയുമാറാക ണേ.'കൃഷ്ണ പ്രാര്‍ദ്ധിച്ചു.കൃഷ്ണ തലയെത്തി നോക്കി. ഒരോ തീപ്പെട്ടി ക്കൂടിന്റെവെളിയിലും പാറാവുകാരെപ്പോലെ കുറേ ചെടികള്‍. ചൈനീസുകാര്‍ക്കു മാതളം, മലാ യ്ക്കാര്‍ക്ക് കറിലീഫ്. ചിലര്‍ അല്‍പ്പം പഴകി യാല്‍ തൂക്കിയെറിയും ചിലര്‍ ഒരു കാരണവുമില്ലാ തെ വര്‍ഷാ വര്‍ഷം പഴയചെടികള്‍ കൊണ്ടു കള ഞ്ഞ് പുതിയവ വാങ്ങി വയ്ക്കും. ചിലര്‍ സഹതാ പാദ്രം അല്‍പ്പം ദാഹജലം ഒഴിച്ചു കൊടുക്കുമ്പോള്‍ മറ്റു ചിലര്‍ പട്ടുപോകുന്നെങ്കില്‍ പോകട്ടെ എന്നു കരുതി കണ്ടില്ലെന്നു നടിച്ചു കണ്ണടയ്ക്കും. വേറൊരു കൂട്ടര്‍ സ്വന്തം ചെടികള്‍ക്ക് ഉപദ്രവമു ണ്ടാകാതിരിക്കാനായി പിഴുതു മാറ്റാന്‍ ശ്രമി യ്ക്കയും. കളയെന്നു കരുതി പിഴുതുമാറ്റും ഇന്നൊ രു കൂട്ടര്‍. അതിനിടയില്‍ താന്‍ ഭാഗ്യവതിയാണ്. ഒന്നുമില്ലേലും ഇരിക്കാനൊരിടം കിട്ടി. വേരോടാന്‍ ഒരിത്തിരി മണ്ണും. തനിക്കതുമതി. ബാക്കിയുള്ള കാലം കൃഷ്ണനെയും സ്മരിച്ച് ജീവിക്കാന്‍..
ക്രൃഷ്ണ തന്റെ നിഴല്‍പോലും മറ്റുള്ളവര്‍ക്കു ശല്യമാകാതിരിക്കാന്‍ ശ്രദ്ധിച്ച് ജീവിച്ചു. കല്ലെടു പക്കിയെപ്പോലെ കല്ലെടുക്കാന്‍ പഠിച്ചു. "കല്ലെടു പക്കീ കല്ലെടു" എന്നു പറയുമ്പോള്‍ പക്കി കല്ലെ ടുക്കും. "മിടുക്കന്‍ പക്കി, കണ്ടോ കല്ലെടുക്കുന്ന ത്" പക്ഷെ, ആരും അറിയുന്നില്ല പ്രാണരക്ഷാര്‍ ത്ഥം പക്കി കല്ലില്‍ അള്ളിപ്പിടിക്കുമ്പോള്‍ കല്ല് അറിയാതെ ഉയരുന്നതാണെന്ന്. കൃഷ്ണയുടെ പിടച്ചില്‍ കാണുമ്പോഴൊക്കെ കൃഷ്ണയെ സൃഷ്ടി ച്ച ഈശ്വരന്‍ മുകളിലിരുന്ന് അവളെ നോക്കി മന്ദ സ്മിതം തൂകും "എനിക്ക് എല്ലാവരും ഒരേപോലെ യാണു കുട്ടീ, നിനക്കും ഞാനുണ്ട്. വിഷമിക്കേണ്ട" എന്ന് ആശ്വസിപ്പിക്കും. അപ്പോള്‍ കൃഷ്ണയുടെ ഹൃദയം കൃതജ്ഞതയാല്‍ നിറയും. അവള്‍ തന്റെ കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അപമാനങ്ങള്‍ ഒക്കെ മറ ക്കും. കൃഷ്ണ ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ, തന്റെ കടമകള്‍ മാത്രം ചെയ്‌ത് ജീവിച്ചു. അവസാനം ഒരുദിനം കൃഷ്ണപാദത്തില്‍ വീണു ജീവന്മുക്‌തി പ്രാപിച്ചു. കൃഷ്ണനില്‍ അലിഞ്ഞു ചേര്‍ന്നു..
No comments:
Post a Comment