ദൈവമൊരുനാള്‍ ചോദിക്കുമെങ്കില്‍
സംശയം കൂടാതെ ഞാനുത്തരമേകും
മര്‍ത്ത്യ ജന്മമെനിക്കിനി വേണ്ടേ വേണ്ട
കാരണം ചോദിക്കില്‍ പലതുണ്ടെനിക്കു ചൊല്ലാന്‍;
ഒന്നാമതായ്, അമ്മതന്‍ വയറ്റില്‍ കിടന്നു തന്നെ
ക്രൂരമായ്‌വധിക്കപ്പെടേണ്ടതില്ലാ തന്നെ;
പിന്നെ,അമ്മിഞ്ഞപ്പാലു കുടിച്ചു വളരാം,
അമ്മതന്നരികിലായോടിക്കളിക്കാം;
രണ്ടാം വയസ്സില്‍ ഡേകെയറില്‍ പോകണ്ട,
അമ്മക്കു പകരമായായ വേണ്ട;
ബാല്യത്തില്‍,ഓടിക്കളിച്ചിടാമാവോളം
പുസ്തകപ്പുഴുവായ്, ഹോംവര്‍ക്കിനുള്ളില്‍ തളച്ചിടില്ലാരും,
തൊണ്ണൂറില്‍ കൂടുതല്‍-മാര്‍ക്കു വാങ്ങീടില്ലെങ്കില്‍ ജീവിതമേ ഇല്ലെന്നില്ല;
യൌവ്വനത്തിലോ,സ്വപ്നങ്ങളേറെ എനിക്കു കാണാം
ജാതിയുമില്ല, മതവുമില്ല;
സ്ത്രീധനം കാണില്ല,
ജ്യോതിഷമെന്നൊരു ജാലവും കാണില്ലെന്‍
സ്വപ്നങ്ങള്‍ക്കു കുറുക്കു നില്‍ക്കാന്‍
എന്നെ സ്നേഹിക്കുമൊരിണയോടൊപ്പം
നിര്‍ഭയമെന്നുമെനിക്കു വാഴാം.
അമ്മയാകാനും ഭയമേറെവേണ്ട;
ജന്മാന്തരങ്ങളായ് എന്നെയും തേടി,
എന്നോടൊപ്പമെന്‍ മരണം വരെ
എന്‍ തുണയ്ക്കായ് വരുമൊരു ജീവനെ
പെറ്റുവളര്‍ത്താന്‍ ഭയക്കേണ്ട തെല്ലും.
ആണ്മക്കളില്ലാത്തോര്‍ക്കു ഭ്രഷ്ടു കാണില്ലവിടെ,
പെണ്മക്കളെ പെറ്റു വളര്‍ത്തുവോള്‍ അമ്മയല്ലാതാവില്ല;
അതിപാവനമായൊരാ മാതൃപദം പങ്കിലമാകില്ല.
ആണിനും പെണ്ണിനും തുല്യ വിലയയുണ്ടാമവിടെ
ഈശ്വനുണ്ടാമോ തന്‍ മക്കളില്‍ ഭേദബുദ്ധി?
വാര്‍ദ്ധക്ക്യത്തിലും കൂടി; കുറ്റബോധമൊട്ടില്ലാതെ,
അങ്ങു വിളിക്കുമ്പോള്‍ തിരിച്ചു വന്നീടാം
ഇന്റെന്‍സീവ്കെയറില്‍ പിടിച്ചിടില്ലാരും,
ഓള്‍ഡേജുഹോമിലും പോകേണ്ടതില്ല;
ആരുടെ സമ്പാദ്യങ്ങളും സമയങ്ങളും
കണ്ണീരും കൂടി എനിക്കായ് തുലയ്ക്കേണ്ട;
അങ്ങു തരുന്ന അസുഖങ്ങള്‍ വാറണ്ടുകളായെണ്ണി
പെട്ടെന്നു തന്നെ തിരിച്ചു വന്നീടാം.
No comments:
Post a Comment